മെയ് 31 ലോകപുകയില വിരുദ്ധദിനം
പുകയിലയിൽനിന്ന് നമ്മുടെ തലമുറയെ രക്ഷിക്കുകയാണിതിന്റെ ലക്ഷ്യം എന്നാണ് പറയപ്പെടുന്നത്.പുകവലിച്ചു എരിയുന്ന എത്രയോ ജീവിതങ്ങൾ ഇന്ന് നമുക്ക് ചുറ്റും ഉണ്ട്. അങ്ങനെ പുകവലിക്കുമ്പോൾ അവരുടെ ജീവിതം മാത്രമല്ല അവർക്ക് ചുറ്റുമുള്ളവരെ കൂടിയാണ് ബാധിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ഒരിക്കലും പുകവലി ഉപേക്ഷിക്കരുത്. കാരണം പു കവലിക്കാതെ ശ്വാസകോശ രോഗങ്ങൾ ഉണ്ടാകില്ല, ശ്വാസതടസ്സമുണ്ടാകില്ല, തന്റെ കുട്ടികളെ മാറാരോഗികളാക്കാൻ കഴിയില്ല. പുകവലിച്ചാൽ പതിയെ പതിയെ നരകിച്ചു മരിക്കാൻ കഴിയും. അതുകൊണ്ട് ഒരിക്കലും പുകവലി നിർത്തരുത്.
"പുകവലി പാടില്ല " എന്ന നിർദ്ദേശം ബസുകളിൽ എഴുതി തുടങ്ങിയിട്ട് 74 വർഷം പിന്നിട്ടു. പൊൻകുന്നത്തത്ത് ഉണ്ടായ ഒരു ബസ് അപകടമാണ് ഇതിന് കാരണം എന്ന് നിങ്ങൾക്കറിയാമോ?
1948മെയ് 10 പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് ഇന്ന് ജില്ല വിദ്യാഭ്യാസ ഓഫീസ് ഇരിക്കുന്ന സ്ഥലം അന്ന് ഒരു ബസ് കമ്പനിയുടെ ബുക്കിംഗ് ഓഫീസ് ആയിരുന്നു. ബസുകൾ പാർക്ക് ചെയ്യുന്നതും ട്രിപ്പുകൾ തുടങ്ങുന്നതും ഇവിടെ നിന്നായിരുന്നു. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട റൂട്ടിൽ പോകുന്ന ബസിൽ അന്ന് നിറയെ യാത്രകരുണ്ടായിരുന്നു. അക്കാലത്ത് ടിന്നുകളിൽ കൊണ്ടുവന്നാണ് ബസിലെ ടാങ്കുകളിൽ ഇന്ധനം നിറച്ചിരുന്നത്. ഇന്ധനം നിറക്കുന്ന സമയത്ത് ആരും ബീഡി കത്തിക്കരുത് എന്ന് ജീവനക്കാർ വിളിച്ചു പറയും. അന്നും പറഞ്ഞു, പക്ഷെ ഒരു മദ്യപാൻ അത് വകവെച്ചില്ല.അയാൾ അപ്പോൾ തന്നെ തീപ്പെട്ടി ഉരച്ചു. നിമിഷ നേരം കൊണ്ട് തന്നെ ബസ് ഭയാനകമായ ശബ്ദത്തോടെ ആളികത്തി. പിഞ്ചുകുഞ്ഞുങ്ങളും നവദമ്പതികളും അടക്കം ഒട്ടേറെ ആളുകൾ വെന്തു മരിച്ചു. ഒരാൾ പത്തു പന്ത്രണ്ട് പേരെ വലിച്ചിറക്കി രക്ഷപ്പെടുത്തി. ഒരു സ്ത്രീയേയും കുട്ടിയേയും രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും ചവിട്ടുപടിയിൽ മരിച്ചു വീണു. അമ്മയുടെ മാറോടു ചേർന്ന് കത്തികരിഞ്ഞിരിക്കുന്ന കുഞ്ഞിന്റെ ഉൾപ്പെടെയുള്ള കാഴ്ചകൾ ആരുടേയും നെഞ്ച് തകർക്കുന്നതായിരുന്നു അപകടത്തിൽ നിന്ന് രക്ഷപെട്ടവരിൽ മൂന്ന് വൈദികരും ഉണ്ടായിരുന്നു. അന്ന് തിരുവിതാംകൂർ മന്ത്രിയായിരുന്ന ടി എം വർഗീസ് അപകടസ്ഥലം സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് "പുകവലി പാടില്ല "എന്നുള്ള അറിയിപ്പ് ബസുകളിൽ പ്രത്യക്ഷപെട്ടത്.
പുകയില ഉപയോഗം കേവലം ആരോഗ്യപ്രശ്നം മാത്രമല്ല സാമ്പത്തികമായി കുടുംബത്തെ വളരെയധികം ബാധിക്കുന്ന വിപത്താണ്. പുകയില ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടി ഗവൺമെന്റ് എല്ലാ വർഷവും പുകയില ഉത്പന്നങ്ങക്ക് കനത്ത നികുതി ചുമത്താറുണ്ട്. ഇത് മൂലം കനത്ത സാമ്പത്തിക ഭാരമാണ് പുകയില ഉപയോഗിക്കുന്നവർ നേരിടുന്നത്. ഇത് കുടുബത്തിന്റെ വരുമാനം കുറയ്ക്കുന്നതിനോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം മുതലായവ തടസപ്പെടുത്തുന്നതിന് കാരണമാവുന്നു. കൂടാതെ പുകവലി മൂലം കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ ബാധിച്ചാൽ ആരോഗ്യ ഇൻഷുറൻസ് പോലും ലഭിക്കുന്നതല്ല. തുടർന്ന് വീട് ഉൾപ്പെടെ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. പുകയില ഉപയോഗം മൂലം സർക്കാരിനു ചികിത്സക്കായി ആയിരക്കണക്കിന് കോടി രൂപ ചിലവാക്കേണ്ടി വരുന്നു. വികസന പ്രവർത്തനങ്ങൾക്കു ഉപയോഗിക്കേണ്ട തുക ഇതു മൂലം പാഴായി പോകുന്നു.