ഒരു പൂവിൻറെ കഥ

ഗായകൻ : പത്മശ്രീ ഹരിഹരൻ

സംഗീതം : ബിജീഷ് കൃഷ്ണ

രാഗം : മധുവന്തി

രചന : ഭാസ്കര ഗുപ്ത

Song Lyrics


അരുണാദൃതം ശോണിതാഭമായണഞ്ഞു നീ-

യരുളിയിളം ചൂടെൻ കൂമ്പിയ ഹൃദന്തത്തിൽ

മെല്ലെ ഞാൻ വിടരുന്നു നിൻ ലാളനാനന്ദം നുകർ-

ന്നല്ലലൊട്ടകന്നിതാ കണ്ടതീ ലോകം മുന്നിൽ


ഞാനൊരു ചെറു പൈതലെന്നെന്നെത്തലോടുവാൻ

ഗാനതുന്ദിലനൊരു മന്ദമാരുതനെത്തി

മഞ്ഞിന്റെ നറുബിന്ദു നിന്റെ പുഞ്ചിരിയോടെ

മഞ്ജുളമുത്തായ്‌ മാറി മാലകോർത്തെന്നിൽ നീ


വളർന്നു വീണ്ടും നിന്റെ തൊട്ടിലിലനിലന്റെ

വാത്സല്യം നുകർന്നും ചിരിതൂകിയും വിടർന്നൂ ഞാൻ

യൗവ്വനം, രാഗം തുളുമ്പും യൗവനം ലോകത്തിൻ

കൈതവ മറിയാത്ത യൗവനം വികാരാർദ്രം