Genealogy

ഇപ്പോൾ നിലവിലുള്ള കേരള സംസ്ഥാനം രൂപീകൃതമായത് 1 നവംബർ 1956 ൽ ആണല്ലോ. അതിന്റെ മുന്നോടിയായി, 1 ജൂലൈ  1949 ൽ  അന്ന് നിലവിലിരുന്ന സ്വതന്ത്ര നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും കൊച്ചിയും  സംയോജിച്ച് "യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ" എന്ന പേരിൽ ഒരു സ്വതന്ത്ര നാട്ടുരാജ്യം സ്ഥാപിക്കുകയുണ്ടായി. ജനുവരി 1950 ൽ ഈ നാട്ടുരാജ്യത്തെ "സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ-കൊച്ചിൻ" എന്ന് പുനർനാമകരണം ചെയ്യുകയും "തിരു-കൊച്ചി" എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടാൻ തുടങ്ങുകയും ചെയ്തു. 1956 ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ "തിരു-കൊച്ചി" ഇല്ലാതാവുകയും ചെയ്തു. (കൂടുതൽ വിവരങ്ങൾക്ക് തിരു-കൊച്ചിയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം കാണുക.)

അങ്ങനെ 1949 –1956 എന്ന ഒരു ചെറിയ കാലം മാത്രം നിലനിന്നിരുന്ന തിരു-കൊച്ചിയിലെ തൃശൂർ താലൂക്കിലെ പാലിശ്ശേരി വില്ലേജിലെ വെങ്ങല്ലൂർ മന എന്നറിയപ്പെടുന്ന ഒരു നമ്പുതിരി ഗൃഹത്തിൽ നാരായണൻ നമ്പുതിരിയുടെ മകൻ നാരായണൻ നമ്പുതിരിയുടെയും എളവൂർ ചെത്യാട്ട് മന നീലകണ്ഠൻ നമ്പുതിരിയുടെ മകൾ ദേവസേന അന്തർജ്ജനത്തിന്റെയും ഏഴു മക്കളിൽ രണ്ടാമത്തെ സന്താനമായി   1952 മേയ് 14 ന്  ഞാൻ ജനിച്ചു. 

പുരാതനമായി നിലനിന്നിരുന്ന വെങ്ങല്ലൂർ മന 1906 ഓഗസ്റ്റ്  10 (1081 കർക്കിടകം 26) ഭാഗപത്രപ്രകാരം "വടക്കെ  വെങ്ങല്ലൂർ മന" എന്നും "തെക്കെ  വെങ്ങല്ലൂർ മന" എന്നും രണ്ട് ശാഖകളായി പിരിഞ്ഞു. ഈ ശാഖകളിൽ വടക്കെ വെങ്ങല്ലൂർ മന ശാഖയിലെ അംഗമായാണ് ഞാൻ ജനിച്ചത് . എന്റെ പുർവികരെക്കുറിച്ചുള്ള ഏതാനും വിവരങ്ങളാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത് .

നമ്പുതിരി സമുദായത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന്ന് വിക്കിപീഡിയ ലേഖനമോ നമ്പൂതിരി വെബ്സൈറ്റോ നോക്കാവുന്നതാണ് .

നമ്പൂതിരി, ഭട്ടതിരി, അടിതിരി, സോമയാജി

മലയാള ബ്രാഹ്മണരിലെ ഒരു വിഭാഗത്തിന്റെ ജാതിപ്പേരാണ്  "നമ്പൂതിരി" എന്നത്. ഈ ജാതിയിൽ ഉൾപ്പെട്ട പുരുഷന്മാരെ നമ്പൂതിരിമാർ എന്ന് വിളിക്കുന്നു. നമ്പൂതിരിമാരുടെ ഭവനങ്ങളെ "ഇല്ലം" എന്നും "മന" എന്നും വിളിക്കുന്നു. 

നമ്പൂതിരി ജാതിയിൽപ്പെട്ട ചില കുടുംബങ്ങൾ, ഇനിയും കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത ചരിത്രപരമായ കാരണങ്ങളാൽ, "ഭട്ടതിരി" കുടുംബങ്ങൾ എന്ന് അറിയപ്പെടുന്നു. 

"ആധാനം" എന്ന കർമ്മം ചെയ്ത  നമ്പൂതിരിയെ "അടിതിരി" എന്നും, "യാഗം" (അഥവാ "സോമയാഗം") ചെയ്ത നമ്പൂതിരിയെ "സോമയാജി" എന്നും വിളിക്കുന്നു. (യാഗത്തെക്കുറിച്ചുള്ള ഒരു വിവരണം ഇവിടെ ലഭ്യമാണ് .)


പൂർവികരെ കുറിച്ചുള്ള വിവരങ്ങൾ


വെങ്ങല്ലുര് ഭട്ടതിരി എന്നും അക്കൂരത്ത് നമ്പൂതിരി എന്നും പേരുള്ള വെങ്ങല്ലൂരില്ലം എന്നാണ് 1906 ലെ ഭാഗാധാരത്തിൽ പറയുന്നത്. ഈ പ്രമാണമാണ് വടക്കെ വെങ്ങല്ലൂരും തെക്കെ വെങ്ങല്ലൂരും തമ്മിലുള്ള വിഭജന ഉടമ്പടി. നിലങ്ങളും പറമ്പുകളും കൂടാതെ "ഇല്ലത്തിന്റെ വടക്കെ കെട്ടും ശ്രാമ്പിയും അടുക്കളയും" തെക്കെ വെങ്ങല്ലൂരിനുള്ള ഭാഗമായി കൊടുക്കുകയുണ്ടായി. ഈ പ്രമാണവും മറ്റു ചിലവയും പരിശോധിച്ചാണ് വംശാവലി തയ്യാറാക്കിയിരിക്കുന്നത്.

1. ശ്രീകുമാരൻ അടിതിരി (1806 - 1871)

വംശാവലിയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പുരുഷൻ: ശ്രീകുമാരൻ അടിതിരി. ഇദ്ദേഹത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങളൊന്നുമില്ല. എങ്കിലും ഇദ്ദേഹത്തിൻ്റെ മകനായ നാരായണൻ സോമയാജി ജനിച്ചത് 1836 - ലാണെന്ന് കണക്കാക്കുന്നു. ഏകദേശം 30 വയസ്സിൽ മകൻ ജനിച്ചുവെന്ന് കരുതുകയാണെങ്കിൽ അടിതിരിയുടെ ജനനം 1806 - ലാകാം. അന്നത്തെ കാലത്ത് മിക്കവരും 60 - 65 വയസ്സിനു മുകളിൽ ജീവിച്ചിരുന്നിട്ടില്ല (വെങ്ങല്ലൂർ വംശാവലിയിലുള്ളവർ പ്രത്യേകിച്ചും). അപ്പോൾ ശ്രീകുമാരൻ അടിതിരിയുടെ കാലം 1806 - 1871 എന്നു കണക്കാക്കാം. വിവാഹബന്ധങ്ങളെക്കുറിച്ചൊന്നും അറിവില്ല.

2. നാരായണൻ സോമയാജി (1836 - 1902)

ശ്രീകുമാരൻ അടിതിരിയുടെ മകൻ. 1897 - ലെ ഒഴു മുറി പ്രമാണത്തിൽ ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നു കാണുന്നു. 1897 ഒക്ടോബർ (1073 തുലാം 3) ലെ ഈ ഒഴു മുറി ആധാരമാണ് കൈവശമുള്ള ഏറ്റവും പഴയ പ്രമാണം. ഇത് വൈദ്യക്കാരൻ പറഞ്ചുവിൻ്റെ കെട്ടിയവൾ റോതമ്മ വെങ്ങല്ലൂര് ശ്രീകുമാരൻ അടിതിരി മകൻ നാരായണൻ സോമയാജിക്ക് എഴുതിക്കൊടുത്തതാണ്. ആരുടേയും പ്രായം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. (കെട്ടിയവൾ എന്ന ഭാഷ തിരുവിതാംകൂറിലാണ് ധാരാളമായി ഉപയോഗിച്ചു വരുന്നത് എന്നാണല്ലൊ അറിവ്. എന്നാൽ ഈ പ്രമാണത്തിൽ ഇവിടേയും ഉപയോഗിച്ചിരിക്കുന്നു)


കാലക്രമത്തിൽ അടുത്ത് ലഭ്യമായ പ്രമാണം 1906 ഓഗസ്റ്റ്  10 (1081 കർക്കിടകം 26) ലെ ഭാഗപത്രമാണ്. ഈ ഭാഗപത്രമാണ് വടക്കേ വെങ്ങല്ലൂരും തെക്കേ വെങ്ങല്ലൂരും തമ്മിലുള്ള ഉടമ്പടി. അന്ന് ജീവിച്ചിരുന്ന എല്ലാവരുടേയും പേരുകൾ ഈ ആധാരത്തിലുണ്ട്. പക്ഷേ നാരായണൻ സോമയാജി ഇല്ല; അദ്ദേഹത്തിൻ്റെ മകൻ നാരായണൻ അടിതിരിയാണ് ഒപ്പുവെച്ചിരിക്കുന്നത്. അതായത് നാരായണൻ സോമയാജി 1897 നും 1906 നും ഇടയിൽ അന്തരിച്ചു. ഏകദേശം 1902 ൽ അന്തരിച്ചു എന്ന് കണക്കാക്കുന്നു. സോമയാജിയുടെ ജനനത്തീയതി കണക്കാക്കുവാൻ നേരിട്ട് മാർഗ്ഗങ്ങളൊന്നുമില്ല. എങ്കിലും സോമയാജിയുടെ മകൻ നാരായണൻ അടിതിരി 1864 - ലാണ് ജനിക്കുന്നത്. അന്ന് സോമയാജിക്ക് 28 വയസ്സ് എന്നു കരുതുകയാണെങ്കിൽ സോമയാജിയുടെ ജനനം 1836 ൽ എന്നു പറയാം. സോമയാജിയുടെ ജീവിതകാലം ഏകദേശം 1836 -  1902 എന്ന് കണക്കാക്കാം. 


നാരായണൻ സോമയാജി ഗുരുവായുർ മംഗലത്തു നിന്നും വിവാഹം ചെയ്തു എന്നു കേട്ടറിവ്. പേര് : നങ്ങയ്യ. ഇവരുടെ ജീവിതകാലത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. നാരായണൻ അടിതിരിയുടെ പുത്രനായ നാരായണൻ നമ്പൂതിരി (senior) ഊട്ടേണ്ടുന്ന ശ്രാദ്ധങ്ങളുടെ ലിസ്റ്റിൽ വലിയഛൻ എന്നൊരു പേരുകാണുന്നുണ്ട് . അതായത് നാരായണൻ സോമയാജിക്ക് മറ്റൊരു പുത്രനും ഉണ്ടായിരുന്നു - നാരായണൻ അടിതിരിയുടെ ജ്യേഷ്ഠ സഹോദരൻ. അദ്ദേഹം വിവാഹപ്രായത്തിനു മുൻപ് അന്തരിച്ചു എന്നു വേണം കരുതാൻ. മേൽപറഞ്ഞ ലിസ്റ്റിൽ മുത്തശ്ശി എന്ന ഒരു പേരു മാത്രമേ കാണുന്നുള്ളു. നാരായണൻ സോമയാജിക്ക് ഒരു പത്നി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ചുരുക്കം.


നാരായണൻ സോമയാജി കൊല്ലവർഷം 1050 ൽ (1875 - 76) സോമയാഗം ചെയ്തു എന്ന് പെരുമനം ആധാനപ്രസിദ്ധീകരണത്തിൽ പറയുന്നു.

3 .നാരായണൻ അടിതിരി (1864 - 1928)

1924 ജൂൺ 26 (1099 മിഥുനം 13 ) ലെ പാട്ടശ്ശീട്ടിൽ (വടക്കേ പൂക്കാട്ടിൽ നാരായണൻ നായരുടെ പറമ്പിനെഴുതിയത്) നാരായണൻ സോമയാജി മകൻ നാരായണൻ അടിതിരിക്ക് 60 വയസ്സ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു. അതായത് അദ്ദേഹം ജനിച്ച വർഷം 1864. അടുത്ത പ്രമാണം 1933 സെപ്റ്റംബർ  27 (1109 കന്നി 2 ) ലേയാണ്. ഇത് കീരിവളപ്പിൽ ഗോവിന്ദൻ നായർക്ക് എഴുതിക്കൊടുത്ത കൊഴുവർക്ക പണയാധാരമാണ്. കൊഴുവർക്ക (കൊഴുവിറക്ക) പ്പണയാധാരം എന്നുപറഞ്ഞാൽ കൊഴു (കലപ്പ) ഇറക്കാനുള്ള, കൃഷി ചെയ്യാനുള്ള, അവകാശം നൽകുന്ന പ്രമാണമെന്നർത്ഥം. ഇതിൽ നാരായണൻ അടി തിരി ഇല്ല. അടിതിരിയുടെ മക്കളാണ് ഇതിലുള്ളത്. അതായത് നാരായണൻ അടിതിരി 1924 നും 1933 നും ഇടയിൽ അന്തരിച്ചുവെന്നു കണക്കാക്കാം, അതായത്  ഏകദേശം  1928 ൽ. നാരായണൻ അടിതിരിക്ക് മൂന്നു ഭാര്യമാർ ഉണ്ടായിരുന്നതായി കേട്ടറിവ് . രണ്ടു പേരുടെ വിവരങ്ങൾ പ്രമാണങ്ങളിൽ കാണാം: 1906-ലെ ഭാഗാധാരത്തിൽ നങ്ങേലി, ശ്രീദേവി എന്നിവരും 1918 - ലെ മുക്ത്യാറിൽ നങ്ങേലിയും.

 

നങ്ങേലിയുടേയും ശ്രീദേവിയുടേയും വിവാഹം കഴിഞ്ഞത് 1906 നു മുന്പാണെന്നു കരുതാം, ശ്രീദേവിയുടെ മരണം 1918 നു മുന്പും. കരോളിൽ മകൾ നങ്ങയ്യയുടെ വിവാഹജീവിതം വളരെ ചുരുങ്ങിയ കാലമേ ഉണ്ടായിരുന്നുള്ളൂ എന്നുതോന്നുന്നു. 1906 നു ശേഷം വിവാഹവും 1918 നു മുന്പ് മരണവും - കൂടുതൽ 12 വർഷം.

 

നാരായണൻ അടിതിരിയുടെ മക്കളായി 1906 ലെ ഭാഗാധാരത്തിൽ ഉമ, നങ്ങേലി, നാരായണൻ, വാസുദേവൻ, കൃഷ്ണൻ, കുഞ്ഞുണ്ണി (ആര്യൻ) എന്നിവരുടേയും 1933 ലെ കൊഴുവർക്ക പണയാധാരത്തിൽ മുകളിൽ പറഞ്ഞ പുരുഷന്മാരും കൂടാതെ ശ്രീകുമാരനും പ്രത്യക്ഷപ്പെടുന്നുണ്ട്. 1906 ലെ ഭാഗാധാരത്തിൽ മക്കളെല്ലാം പ്രായം തികയാത്തവരാണ്. 1933 ലെ ആധാരത്തിൽ ഉമ, നങ്ങേലി എന്നിവർ ഇല്ല. ബാക്കിയുള്ളവരുടെ പ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് അവരുടെ ജന്മവർഷം ഏകദേശം കൃത്യമായി കണക്കാക്കാം.


ഇതിൽ 1903 നും 1911 നും ഇടയിൽ മക്കളൊന്നുമില്ല എന്നു കാണുന്നു. എന്നാൽ നാരായണൻ നമ്പൂതിരി (Sr) യുടെ ശ്രാദ്ധ ലിസ്റ്റിൽ (അദ്ദേഹം ഊട്ടേണ്ടുന്ന ശ്രാദ്ധങ്ങൾ) സാവിത്രി എന്ന സഹോദരിയും പരമേശ്വരൻ, ശങ്കരൻ എന്നീ സഹോദരന്മാരും കൂടാതെ പേരില്ലാത്തൊരു സഹോദരനും ഉള്ളതായി കാണുന്നു. ഇവർ 1903 നും 1906 നും ജനിച്ച് മരിച്ചവരാകാം. (1906 ലെ ഭാഗാധാരത്തിൽ ഇവരുടെ പേരില്ലല്ലൊ). അങ്ങിനെ വരുമ്പോൾ അടിതിരിയുടെ മക്കൾ താഴെ പറയുന്നവരാണ് :



പെരുവനം ആധാനപ്രസിദ്ധീകരണത്തിൽ ഇദ്ദേഹം അഗ്ന്യാധാനം ചെയ്തകാലം കൊല്ലവർഷം 1075 (1899 - 1900) ആണ്.

4.  നാരായണൻ നമ്പൂതിരി (Sr) 

മുകളിൽ സൂചിപ്പിച്ച നാരായണൻ അടിത്തിരിയുടെ മകനായി നാരായണൻ നമ്പുതിരി (Sr) 1895 ൽ ജനിച്ചു. 

5.  നാരായണൻ നമ്പൂതിരി  

6.  കൃഷ്ണചന്ദ്രൻ 

പൂര്‍വ്വികരില്‍നിന്നു പരമ്പരയാ സിദ്ധിച്ചിട്ടുള്ള ഭവനത്തിന്റെ സ്ഥാനം.

(ഈ ഭവനത്തിൽ ഇപ്പോൾ എന്റെ സഹോദരൻ രാമചന്ദ്രനും കുടുംബവും താമസിക്കുന്നു.)

ഈഇഈ