മോഹിനിയാട്ടം (Mohiniyattam) കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നു. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു.
ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളത്. ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്റെ പിന്തുടർച്ചയായി വന്ന തേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നും വാദിക്കുന്നവരുണ്ട്. എങ്കിലും ഇതിനു ഉപോൽബലകമായ തെളിവുകൾ ചരിത്രരേഖകളിൽ തുലോം കുറവാണ്. "മോഹിനിയാട്ട "ത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി ക്രിസ്ത്വബ്ദം 1809-ൽ എഴുതിയതെന്നു കരുതപ്പെടുന്ന വ്യവഹാരമാലയിലാണ്. പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്. "ഘോഷയാത്ര" എന്ന തുള്ളൽക്കവിതയിൽ ചുറ്റുമുള്ള ഐശ്വര്യസമൃദ്ധിയെ വർണ്ണിക്കുന്നതിനിടയ്ക്ക് അദ്ദേഹം ആ കാലത്തു നാട്ടിൽ നിലവിലുള്ള എല്ലാ കലകളേയും വിവരിക്കുന്നു:
മോഹിനിയാട്ടം - വിക്കിപീഡിയ (wikipedia.org) (for more details)