ഇന്ത്യയുടെ ദേശീയ നൃത്തരൂപം എന്ന സ്ഥാനം അലങ്കരിക്കുന്ന ശാസ്ത്രീയ നൃത്തരൂപമാണ് ഭരതനാട്യം. ഭരതനാട്യം ജന്മം കൊണ്ട സ്ഥലം തമിഴ്നാട് ആണ്.ഭരതനാട്യത്തിന്റെ ആദ്യകാലനാമം ദാസിയാട്ടം എന്നായിരുന്നു ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദർപ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആറാം നൂറ്റാണ്ടു മുതൽക്കുതന്നെ പല്ലവ- ചോള രാജാക്കന്മാർ നൃത്ത-സംഗീത-ശില്പങ്ങളെ വളർത്തിയിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തഞ്ചാവൂർ സഹോദരന്മാർ എന്നുമറിയപ്പെടുന്ന ചിന്നയ്യ സഹോദരന്മാരാണ് ദാസിയാട്ടം പരിഷ്കരിച്ച് ഭരതനാട്യത്തിന് രൂപം കൊടുത്തത്. ഇന്ത്യയിലെ മറ്റെല്ലാ ശാസ്ത്രീയ നൃത്തരൂപങ്ങളുടെയും മാതാവായി വിശേഷിക്കപ്പെടുന്ന ഭരതനാട്യം ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നൃത്തരൂപമായും കണക്കാക്കപ്പെടുന്നു.
ഭാരതീയ നൃത്തങ്ങളിൽ മുഖ്യസ്ഥാനത്തുള്ളത് കൊണ്ടാവാം ഭരതനാട്യം എന്ന പേർ ലഭിച്ചത്. ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂടിചേർത്ത് ഭരതനാട്യം എന്ന പേർ ഈ നൃത്തത്തിന് സിദ്ധിച്ചുവെന്ന് വേദാന്തദീക്ഷിതരെപ്പോലുള്ള നാട്യാചാര്യന്മാർ അഭിപ്രായപ്പെടുന്നു. ഭാരതത്തിലെ എല്ലാ നാട്യങ്ങളേയും പോലെ ഭരതനാട്യത്തിന്റെ ആത്മീയമായ അടിസ്ഥാനം സുവിധിതമാണ്. നാട്യകലയിലുള്ള ഏകാഗ്രതയിലൂടെ സിദ്ധമാകുന്ന അനുഭൂതിയും, ആത്മസാക്ഷാത്കാരയത്നത്തിലൂടെയുള്ള അനുഭൂതിയും സമാനമാന്നെന്ന് നാട്യാചാര്യന്മാർ അഭിപ്രായപ്പെടുന്നു.
ഭരതമുനി, നാട്യശാസ്തത്തെ നിർമ്മിച്ചതുകൊണ്ടുമാവാം ഭരതനാട്യം എന്ന പേർ ലഭിച്ചത് എന്നും പറയപ്പെടുന്നു.ബ്രഹ്മാവ് സൃഷ്ടിച്ച നാട്യവേദത്തിന്റെ അടിസ്ഥാനത്തിൽ ഭരതമുനി നാട്യശാസ്ത്രം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം.
നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ഈ പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. പ്രപഞ്ചസൃഷ്ടിയുടെ സമയത്ത് ആദ്യം കേൾക്കുന്ന നാദം, ശിവനൃത്തസമയത്തുള്ള ശിവന്റെ ഡമരുവിന്റെ നാദമാണെന്നും. അനേകം ശിവനൃത്തങ്ങളെപ്പറ്റി പ്രകീർത്തിക്കുന്ന ശൈവഗ്രന്ഥങ്ങളുണ്ട്. എല്ലോറയിലും ഭുവനേശ്വരിലും ശിവന്റെ പത്ത് കൈകളുള്ള താണ്ഡവനൃത്തമാതൃകകൾ കാണുന്നുണ്ട്. ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്തവിഗ്രഹമാണ്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ കാണുന്ന നടരാജവിഗ്രഹങ്ങളിൽ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകൾ കാണാവുന്നതാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സംഗീതവും നൃത്തവും പാരമ്പര്യമായി അഭ്യസിക്കുകയും ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുകയും ചെയ്ത് വന്നിരുന്ന ചിന്നയ്യ സഹോദരന്മാരാണ് ഭരതനാട്യത്തെ ഇന്നത്തെ നിലയിൽ വളർത്തിയെടുത്തത്[9]. തഞ്ചാവൂരിലെ ഒരു ദേവദാസി കുടുംബത്തിലാണ് ചിന്നയ്യ, പൊന്നയ്യ, ശിവാനന്ദം, വടിവേലു എന്നീ സഹോദരന്മാർ ജനിച്ചത്. കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജനും, മുത്തുസ്വാമി ദീക്ഷിതരും, ശ്യാമശാസ്ത്രിയും ജീവിച്ചിരുന്ന കാലത്ത് മുത്തുസ്വാമി ദീക്ഷിതരുടെ പക്കൽ നിന്ന് സംഗീതം അഭ്യസിക്കാൻ ഈ സഹോദരന്മാർക്ക് ഭാഗ്യം ഉണ്ടായി. അക്കാലത്ത് തഞ്ചാവൂർ ഭരിച്ചിരുന്നത് മറാഠാ രാജാക്കന്മാരായിരുന്നു. ഇവർ കലകൾക്ക് വളരെയധികം പ്രോത്സാഹനം നൽകിവന്നിരുന്നു. തമിഴ്നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും ഈശ്വരാരാധന എന്ന നിലയിൽ സംഗീതകച്ചേരികളും നൃത്തവും നടത്തിവന്നിരുന്നു. നൃത്തം അവതരിപ്പിക്കാനുള്ള അവകാശം ദേവദാസി കുടുംബങ്ങൾക്ക് മാത്രമായിരുന്നു. ദേവദാസികൾ അക്കാലത്ത് നടത്തിയിരുന്ന നൃത്തം സദിർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രാജസദസ്സുകളിലും പ്രഭു കുടുംബങ്ങളിലും സദിർ നടത്തപ്പെട്ടിരുന്നു. ദേവദാസിക്കുടുംബത്തിലെ പാരമ്പര്യത്തിൽ വളരുകയും കലകളിൽ വിദ്വാന്മാർ ആകുകയും ചെയ്ത ചിന്നയ്യ സഹോദരന്മാർ സദിരാട്ടത്തെ പരിഷ്കരിക്കാൻ തീരുമാനിച്ചു. ശാസ്ത്രീമായ കാഴ്ചപ്പാടോടെ പുതിയ അവതരണരീതിയും അതിനാവശ്യമായ കൃതികളും അവർ തന്നെ രചിച്ച് ചിട്ടപ്പെടുത്തി. സദിരിൽ ഉപയോഗിച്ച് വന്നിരുന്ന അടവുകളും അവയുടെ പരിശീലനവും ശാസ്ത്രീയമായി പരിഷ്കരിച്ചു. അങ്ങനെ പരിഷ്കരിച്ച അവതരണരീതിയിലുള്ള നൃത്തം പിന്നീട് 'ഭരതനാട്യം' എന്ന പേരിൽ അറിയപ്പെട്ടു.
ഭരതനാട്യം - വിക്കിപീഡിയ (wikipedia.org) ( for more details )