"ശ്രീമദ് ഭാഗവതം (മലയാളം)" ആപ്പിനെപ്പറ്റി

ആമുഖം

ശ്രീമദ് ഭാഗവതം എന്ന പുണ്യ പുരാണത്തിന് ഒരു പരിചയപ്പെടുത്തൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മഹർഷി വേദവ്യാസൻ രചിച്ചതായി വിശ്വസിക്കപ്പെടുന്ന 18 മഹാപുരാണങ്ങളിൽ ഒന്നായ ഈ ഗ്രന്ഥം ഏറ്റവും മുഖ്യമായ പുരാണമായി ജനഹൃദയങ്ങളിൽ ഇടം നേടിയിട്ട് നൂറ്റാണ്ടുകളായി. ഭഗവാൻ വിഷ്ണുവിന്റെ അവതാരകഥകളും, പ്രത്യേകിച്ച് കൃഷ്ണകഥകളും, വിശദമായി ഭക്തിസാന്ദ്രമായി പ്രതിപാദിച്ചിട്ടുള്ള ശ്രീമദ് ഭാഗവതം വിഷ്ണുഭക്‌തരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഭക്തിമാർഗ്ഗത്തിലെ മുന്നോട്ടുള്ള പ്രയാണത്തിൽ ഒഴിച്ചുകൂടാനാവാത്ത വഴികാട്ടിയാണ് . ശ്രീമദ് ഭാഗവതം പാരായണം ചെയ്യുന്നതും പാരായണം ചെയ്യുന്നത് ശ്രവിക്കുന്നതും വലിയൊരു പുണ്യകർമ്മമായി കണക്കാക്കപ്പെടുന്നു. ഈ പുരാണത്തിന്റെ ഔന്നത്യം ഉദ്‌ഘോഷിക്കുന്ന വിവരങ്ങൾ "ഭഗവതമാഹാത്മ്യം" എന്ന പേരിൽ മറ്റു പല മഹാപുരാണങ്ങളിലും കാണാം.

പദ്മപുരാണത്തിൽ

ഉത്തരഖണ്ഡം എന്ന ആറാമത്തെ ഖണ്ഡത്തിൽ 193 മുതൽ 198 വരെയുള്ള ആറ് അദ്ധ്യായങ്ങളിലായി ഭാഗവതമാഹാത്മ്യം വർണിച്ചിരിക്കുന്നു. ഭാഗവത സപ്‌താഹം തുടങ്ങുന്നതിനുള്ള മുന്നോടിയായി ആചാര്യന്മാർ നടത്തിവരാറുള്ള മാഹാത്മ്യപ്രഭാഷണത്തിന്ന് ഈ ഭാഗവതമാഹാത്മ്യത്തെയാണ് കൂടുതലായും അവലംബിക്കുന്നത്.

സ്കന്ദപുരാണത്തിൽ

ഏറ്റവും ദൈർഘ്യമേറിയ മഹാപുരാണമെന്ന് ഖ്യാതിയുള്ള സ്കന്ദപുരാണത്തിൽ രണ്ടുഭാഗത്തായി ഭഗവതമാഹാത്മ്യം പ്രതിപാദിച്ചിട്ടുണ്ട് . വൈഷ്ണവഖണ്ഡമെന്ന രണ്ടാമത്തെ ഖണ്ഡത്തിലെ മാർഗശീർഷമാഹാത്മ്യം എന്ന അഞ്ചാം ഭാഗത്തിൽ അദ്ധ്യായം 16 ആയും, അതേ ഖണ്ഡത്തിൽ ഭാഗവതമാഹാത്മ്യം എന്ന പേരിൽ നാല് അദ്ധ്യായങ്ങളുള്ള ഒരു പ്രത്യേക ഭാഗമായും (ഭാഗം 6) ഭഗവതമാഹാത്മ്യ വർണന കാണാം. സ്കന്ദപുരാണത്തിലെ ഭാഗവത മാഹാത്മ്യം മൂലവും (ദേവനാഗരി ലിപിയിൽ) അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ഈ ആപ്പിലൂടെ വായിക്കാം. അതിനുള്ള ലിങ്കുകൾ ഹോം പേജിലെ മെനുവിലെ "അധികവിഭവങ്ങൾ" എന്ന് എഴുതിയതിൽ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്.

ശ്രീമദ്ഭഗവതം ഏതെങ്കിലും ഗൃഹത്തിൽ സൂക്ഷിച്ച് വെക്കുകയാണെങ്കിൽ, പാരായണം ചെയ്യുകയോ പഠിക്കുകയോ ചെയുന്നില്ലെങ്കിൽപ്പോലും, ആ ഗൃഹത്തിൽ ഈശ്വരസാന്നിധ്യം നിശ്ചയമായും ഉണ്ടാകുമെന്ന് സ്കന്ദപുരാണത്തിലെ ഭാഗവതമാഹാത്മ്യം ഉറപ്പ് നൽകുന്നു. ഗ്രന്ഥം പൂർണ്ണമായി ഇല്ലെങ്കിൽപോലും, ഒരു ശ്ലോകമോ ശ്ലോകാർദ്ധമോ ശ്ളോകപാദമോ ആയാൽപോലും, ഭഗവാന്റെ അനുഗ്രഹം അവിടെ ഉണ്ടാകുമെന്ന് ഭഗവാൻ തന്നെ അരുളിചെയ്തിരിക്കുന്നു:

"ശ്ലോകം ഭാഗവതം ചാഽപി ശ്ലോകാർദ്ധം പാദമേവ വാ

ലിഖിതം തിഷ്ഠതേ യസ്യ ഗൃഹേ തസ്യ വസാമ്യഹം."

(സ്കന്ദപുരാണം, ഖണ്ഡം 2: വൈഷ്ണവഖണ്ഡം, ഭാഗം 5: മാർഗശീർഷമാഹാത്മ്യം, അദ്ധ്യായം 16: ശ്രീമദ് ഭാഗവതമാഹാത്മ്യം, ശ്ലോകം 50)

ഈ മാഹദ് ഗ്രന്ഥത്തെ എല്ലാവർക്കും എപ്പോഴും ഹൃദയത്തോട് ചേർത്തുവെക്കുന്നതിനുള്ള ഒരു സൗകര്യം ആധുനിക സാങ്കേതികവിദ്യ നമുക്ക് പ്രദാനം ചെയ്തിരിക്കുന്നു. അത്തരമൊരുസൗകര്യമാണ് "ശ്രീമദ് ഭാഗവതം (മലയാളം)" എന്ന ഈ ആൻഡ്രോയ്ഡ് ആപ്പ് വാഗ്ദാനം ചെയ്യുന്നത്.

ആപ്പ് പ്രദാനം ചെയ്യുന്നത്

"ഭാഗവതം (മലയാളം)" ആപ്പിലൂടെ ആപ്പിന്റെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട സേവനങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം:

1 ശ്രീമദ് ഭാഗവതം സംസ്‌കൃതം മൂലം മലയാളലിപിയിൽ വായിക്കുവാനുള്ള സൗകര്യം.

ഒരു സംഘം വളണ്ടിയർമാർ കൂട്ടായി പരിപാലിച്ചുപോരുന്ന ഒരു വെബ്സൈറ്റ് ആണ് sanskritdocuments.org. "ശ്രീമദ് ഭാഗവതം (മലയാളം)" ആപ്പിൽ നൽകിയിട്ടുള്ള, മലയാളലിപിയിലുള്ള ഭാഗവതം മൂലത്തിന്റെ ഉറവിടം, ഈ വെബ്സൈറ്റ് ആണ് . വളണ്ടിയർമാരുടെ നിസ്വാർത്ഥസേവനത്തിന്ന് ഒരായിരം പ്രണാമങ്ങൾ.

വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച മലയാളലിപിയിലുള്ള ഭാഗവതത്തിൽ അക്ഷരത്തെറ്റുകൾ ഏറെ ഉണ്ടായിരിന്നു. വെബ് സൈറ്റിൽ രേഖകൾ പ്രഥമമായി അപ്‌ലോഡ് ചെയ്തിട്ടുള്ളത് ദേവനാഗരി ലിപിയിലാണ്. പിന്നീട് ആവശ്യാനുസരണം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലിപ്യന്തരണം ചെയ്തിട്ടാണ് മറ്റുലിപികളിൽ ഈ രേഖകൾ ലഭ്യമാക്കുന്നത്. ഇങ്ങനെ ലിപ്യന്തരണത്തിൽ സംഭവിച്ച അക്ഷരത്തെറ്റുകളാണ് ഏറെയും. ഗുരുവായൂർ ദേവസ്വം രണ്ട് വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവതം മൂലം ഗ്രന്ഥവുമയി ഒത്തുനോക്കി അക്ഷരത്തെറ്റുകൾ തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. അക്ഷരത്തെറ്റുകൾ പൂർണ്ണമായും തിരുത്തിയിട്ടുണ്ട് എന്ന് അവകാശപെടുന്നില്ല. തെറ്റുകൾ ശ്രദ്ധയിൽ വന്നാൽ ആപ്പിന്റെ ഡെവലപ്പറെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

2 ശ്രീമദ് ഭാഗവതത്തിലുള്ള 335 അദ്ധ്യായങ്ങളുടേയും അന്വയക്രമ പരിഭാഷ, അദ്ധ്യായക്രമത്തിൽത്തന്നെ, വായിക്കുന്നതിനുള്ള സൗകര്യം

(ഡിവൈസ് ഇന്റർനെറ്റുമായി കണക്ടഡ് ആണെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ)

വിദ്വാൻ സി. ജി. നാരായണൻ എമ്പ്രാന്തിരി (ആദ്യത്തെ 10 സ്കന്ധങ്ങൾ), സാഹിത്യ ശിരോമണി എസ്. വി. പരമേശ്വരൻ (അവസാനത്തെ രണ്ട് സ്കന്ധങ്ങൾ) എന്നീ പണ്ഡിതരാണ് ഈ പരിഭാഷ തയ്യാറാക്കിയിട്ടുള്ളത്. archive.org എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച പരിഭാഷയുടെ പി ഡി എഫ് ഫയലുകളാണ് "ശ്രീമദ് ഭാഗവതം (മലയാളം)" ആപ്പിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത് . ഇങ്ങനെ ഉപയോഗപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം വെബ്സൈറ്റ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

ദശമസ്കന്ധം (പൂർവ്വാർദ്ധം), ദശമസ്കന്ധം (ഉത്തരാർദ്ധം) എന്നിങ്ങനെ ദശമസ്കന്ധം രണ്ട് വോള്യങ്ങളായും മറ്റു സ്കന്ധങ്ങൾ ഒറ്റ വോള്യം ആയും അങ്ങനെ 13 വോള്യങ്ങളായി, ഓരോ വോള്യത്തിനും ഒരു പി ഡി എഫ് ഫയൽ എന്ന രീതിയിൽ 13 ഫയലുകളായിട്ടാണ് പരിഭാഷ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. ഈ 13 ഫയലുകൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്, ഓരോ അദ്ധ്യായത്തിനും ഒരു പി ഡി എഫ് ഫയൽ എന്ന രീതിയിൽ 335 (ആകെ ആദ്ധ്യായങ്ങളുടെ എണ്ണം) ചെറിയ ഫയലുകൾ നിർമ്മിച്ച് അവ ക്‌ളൗഡിൽ സ്റ്റോർ ചെയ്ത് ആണ് ഭാഗവതത്തിന്റെ അന്വയാക്രമ പരിഭാഷ "ശ്രീമദ് ഭാഗവതം (മലയാളം)" ആപ്പിന്റെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുള്ളത്. ഭാഗവതമാഹാത്മ്യത്തിന്റെ ആറ് അദ്ധ്യായങ്ങളുടേയും അന്വയക്രമ പരിഭാഷ ഇന്റർനെറ്റിലൂടെ ലഭ്യമല്ലാത്തതുകൊണ്ട് അത് "ശ്രീമദ് ഭാഗവതം (മലയാളം)" ആപ്പിലൂടെ ലഭ്യമാക്കാൻ സാധിച്ചിട്ടില്ലെന്നും ഖേദപൂർവ്വം അറിയിക്കട്ടെ.

പ്രസിദ്ധീകരണത്തിന്റെ വിവരങ്ങൾ:

ശ്രീമദ് ഭാഗവതം അന്വയക്രമ പരിഭാഷാ സഹിതം (13 വോള്യങ്ങൾ)

എം. എൻ. രാമസ്വാമി അയ്യർ മെമ്മോറിയൽ എഡിഷൻ

ശ്രീ റാം പബ്ലിഷേഴ്സ്

നോർത്ത് വില്ലേജ്

മേലാർകോഡ് - 678703

3 ശ്രീമദ് ഭാഗവതത്തിലുള്ള 335 അദ്ധ്യായങ്ങളുടേയും മാഹാത്മ്യത്തിലെ ആറ് അദ്ധ്യായങ്ങളുടെയും സാരസംഗ്രഹം, അദ്ധ്യായക്രമത്തിൽത്തന്നെ, വായിക്കുന്നതിനുള്ള സൗകര്യം

(ഡിവൈസ് ഇന്റർനെറ്റുമായി കണക്ടഡ് ആണെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ)

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന അഭേദാശ്രമം 1980 ൽ പ്രസിദ്ധികരിച്ച "ശ്രീമദ് ഭാഗവതം (ഭാഷാ ഗദ്യം)" എന്ന പുസ്തകമാണ് ശ്രീമദ് ഭാഗവതത്തിന്റെ സാരസംഗ്രഹം ലഭ്യമാക്കുന്നതിനുവേണ്ടി ഉപയോഗിച്ചിട്ടുള്ളത്. 2008 ൽ പ്രവര്‍ത്തനം തുടങ്ങിയ "ശ്രേയസ്സ്" എന്ന മലയാളം വെബ്സൈറ്റ് പ്രവർത്തകരാണ് ഈ ഗ്രന്ഥം ഡിജിറ്റൈസ് ചെയ്ത് ഇൻറർനെറ്റിൽ archive.org യിൽ ലഭ്യമാക്കിയിട്ടുള്ളത്. ഈ വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച പുസ്തകത്തിന്റെ പി ഡി എഫ് ഫയലാണ് "ശ്രീമദ് ഭാഗവതം (മലയാളം)" ആപ്പിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത് . ഇങ്ങനെ ഉപയോഗപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം വെബ്സൈറ്റ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

ഭാഗവത മാഹാത്മ്യത്തിലെ ആറ് അദ്ധ്യായങ്ങളുടേയും സാരസംഗ്രഹം ശ്രീമദ് ഭാഗവതം (ഭാഷാ ഗദ്യം) എന്ന പുസ്തകത്തിൽ നല്കിയിട്ടുള്ളതുകൊണ്ട് അതുകൂടി "ഭാഗവതം (മലയാളം)" ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീമദ് ഭാഗവതം (ഭാഷാ ഗദ്യം) എന്ന പുസ്തകത്തിന്റെ ഒറ്റ പി ഡി എഫ് ഫയലിനെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്, ഓരോ അദ്ധ്യായത്തിനും ഒരു പി ഡി എഫ് ഫയൽ എന്ന രീതിയിൽ 341 (മാഹാത്മ്യത്തിലെ ആറ് അദ്ധ്യായങ്ങൾ ഉൾപ്പെടെ ആകെ ആദ്ധ്യായങ്ങളുടെ എണ്ണം) ചെറിയ ഫയലുകൾ നിർമ്മിച്ച് അവ ക്‌ളൗഡിൽ സ്റ്റോർ ചെയ്ത് ആണ് ഭാഗവതത്തിന്റെ സാരസംഗ്രഹം "ശ്രീമദ് ഭാഗവതം (മലയാളം)" ആപ്പിന്റെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുള്ളത്.

4 ശ്രീമദ് ഭാഗവതം പാരായണം ചെയ്യുന്നത് ശ്രവിക്കുന്നതിനുള്ള സൗകര്യം

(ഡിവൈസ് ഇന്റർനെറ്റുമായി കണക്ടഡ് ആണെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ)

ശ്രീമദ് ഭാഗവതം ഓരോരോ അദ്ധ്യായമായി പാരായണം ചെയ്യുന്നത് ശ്രവിക്കുന്നതിനുള്ള സൗകര്യവും "ശ്രീമദ് ഭാഗവതം (മലയാളം)" ആപ്പിൽ ഒരുക്കിയിട്ടുണ്ട്. യൂട്യൂബ് വിഡിയോകളിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ശബ്ദത്തിൽ (ഒന്ന് പുരുഷന്റേയും, ഒന്ന് സ്ത്രീയുടെയും ശബ്ദത്തിൽ) രണ്ട് വ്യത്യസ്ത ശൈലികളിൽ ശ്രീമദ് ഭാഗവതം മൂലം പാരായണം ചെയ്യുന്നത് ശ്രവിക്കുന്നതിനുള്ള സൗകര്യം ഈ ആപ്പിലൂടെ ഒരുക്കിയിട്ടുണ്ട് .

  • പുരുഷ ശബ്ദത്തിന്റെ ഉടമ ശ്രീ യശോദ കുമാര ദാസ് ആണ്. മന്ത്ര ട്രാൻസ് എന്ന ഓഡിയോ കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. "ഹരേ കൃഷ്ണ" പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. അദ്ദേഹം ശ്രീമദ് ഭാഗവതം പാരായണം ചെയ്ത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട് . "Mantra Trance" എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് ഈ വിഡിയോകൾ പ്രസിദ്ധികരിച്ചിട്ടുള്ളത് .ഓരോ അദ്ധ്യായവും ഓരോ വ്യത്യസ്ത വീഡിയോ ആയിട്ടാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. മൊത്തം 335 വിഡിയോകൾ. ഈ വിഡിയോകൾ "ശ്രീമദ് ഭാഗവതം (മലയാളം)" ആപ്പിലൂടെ പ്ലേ ചെയ്ത് ശ്രീമദ് ഭാഗവതം പാരായണം ചെയ്യുന്നത് ശ്രവിക്കാവുന്നതാണ്. പാരായണ രീതിയും സംസ്കൃതപദങ്ങളുടേയും അക്ഷരങ്ങളുടേയും ഉച്ചാരണവും മലയാളികൾക്ക് പരിചിതമായതല്ല എന്ന കാര്യം "ശ്രീമദ് ഭാഗവതം (മലയാളം)" ആപ്പിന്റെ ഓരോ ഉപയോക്താവും പ്രത്യേകം ഓർക്കണമെന്ന് അപേക്ഷിക്കുന്നു.

  • സ്ത്രീ ശബ്ദത്തിന്റെ ഉടമ ശ്രീമതി ജയശ്രീ ഗോപാൽ ആണ്. മാഹാത്മ്യത്തിലെ ആറ് അദ്ധ്യായങ്ങളും ഭാഗവതം മൂലത്തിലെ 345 അദ്ധ്യായങ്ങളും ചേർത്ത് 341 അദ്ധ്യായങ്ങൾ അത്ര എണ്ണം വിഡിയോകളായിട്ടാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. "Jayashree Gopal - Krishnapriya" എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവ പ്രസിദ്ധികരിച്ചിട്ടുള്ളത് . വലിയ വാദ്യഘോഷങ്ങളുടെ അകമ്പടിയില്ലാതെ, നല്ല അക്ഷരസ്ഫുടതയോടുകൂടി ലളിതവും സുന്ദരവും ആയ ശൈലിയിൽ ശ്രീമതി ജയശ്രീ ഗോപാൽ ഭാഗവതം പാരായണം ചെയ്യുന്നത് ഈ വിഡിയോകളിലൂടെ നമുക്ക് കേൾക്കാം. കൂടാതെ പാരായണം ചെയ്യുന്നതിനോടൊപ്പം പാരായണം ചെയ്യുന്ന ഭാഗം ദേവനാഗരി ലിപിയിൽ എഴുതിയത് വിഡിയോയിൽ പ്രദർശിപ്പിക്കുന്നുമുണ്ട് . അതുകൊണ്ട് താല്പര്യമുള്ളവർക്ക് പാരായണം കേൾക്കുന്നതിനോടൊപ്പം മൂലം വായിക്കുകയും ചെയ്യാം.