Ormayil Bhaskarettan

ഓര്‍മ്മയില്‍ ഭാസ്കരേട്ടന്‍ ...

വൈപ്പൂര്‍ ബാലസുബ്രഹ്മണ്യന്‍

പാലിക്കുഴി ഭാസ്ക്കരേട്ടന്‍ (വടക്കേപ്പാട്ട് പാലിക്കുഴി കുഞ്ചുഗുപ്തന്റെ ദ്വിതീയ പുത്രനായ വടക്കേപ്പാട്ട് ഭാസ്ക്കരഗുപ്തന്‍ ഞങ്ങളുടെ ഇടയില്‍ കൂടുതല്‍ അറിയപ്പെട്ടിരുന്നത് അങ്ങനെ ആയിരുന്നല്ലൊ) നമ്മെ വിട്ടുപിരിഞ്ഞ് ഒരു വര്‍ഷം തികയുന്നു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിച്ച ശൂന്യത, സമുദായത്തിനും സമൂഹത്തിനു തന്നെയും നികത്താനാവാത്തതാണെന്നിരിയ്ക്കെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ ഏല്‍പ്പിച്ച ആഘാതത്തെപറ്റി പറയേണ്ടതില്ലല്ലൊ. എന്നിരുന്നാലും പച്ചയായ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപെടാന്‍ വിധിയ്ക്കപ്പെട്ട മനുഷ്യജന്മങ്ങള്‍ക്കു മറ്റെന്തു ചെയ്യാനാവും!

ചരിത്രം, ജ്യോതിഷം, സാമൂഹ്യം,സാഹിത്യം തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം പ്രാവീണ്യം തെളിയിയ്ക്കാനായ ഭാസ്ക്കരേട്ടന്‍ ആ അര്‍ത്ഥത്തില്‍ ഒരു സകലകലാപ്രതിഭയായിരുന്നെന്നു പറയാം. ഏത് വിഷയത്തെക്കുറിച്ചും അപഗ്രഥിച്ച്‌ ആധികാരികമായി അഭിപ്രായപ്രകടനം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയം തന്നെ. അതുകൊണ്ടുതന്നെ അദ്ദേഹം കുടുംബാംഗങ്ങളുടെയും ബന്ധുക്കക്കളുടെയും സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റിയിരുന്നു എന്നു പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലൊ. അദ്ദേഹത്തിന്റെ വല്ല്യമ്മാമയ്ക്കു (എന്റെ പിതാവായ വൈപ്പൂര്‍ കൃഷ്ണന്‍കുട്ടി ഗുപ്തന്‍) ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും തന്റെ പ്രിയ അനന്തിരവന്റെ സമീപ്യവും ഉപദേശങ്ങളും തുണയായിട്ടുണ്ട്. ജ്യോതിഷകാര്യങ്ങളില്‍ പ്രത്യേകിച്ചും. (പല സന്ദര്‍ഭങ്ങളിലും "ഭാസ്ക്കരന്‍ വരട്ടെ" എന്നു അച്ഛന്റെ നാവില്‍നിന്നും, കുട്ടിക്കാലത്ത് കേള്‍ക്കാനിടയായിട്ടുണ്ട്.)

ജാതകഗണിതവുമായി ബന്ധപ്പെട്ട്, അദ്ദേഹത്തില്‍നിന്നും അറിയാന്‍ കഴിഞ്ഞ ഒരു സംഭവം വായനക്കാരുമായി പങ്കുവെയ്ക്കുന്നു. ഒരു വ്യക്തി തന്റെ മകന്റെ ജാതകം എഴുതാനായി അദ്ദേഹത്തെ സമീപിയ്ക്കുന്നു. പ്രശ്നം ഇതാണ്. ജനിച്ച സമയം എഴുതിവെച്ചത് കൃത്യമാണെന്ന് ഉറപ്പില്ല. കൂടാതെ, ജനനം ആഴികള്‍ക്കപ്പുറത്ത് അന്യനാട്ടിലും. പല പേരുകേട്ട ജ്യോല്‍സ്യന്മാരുടെ പക്കലും പോയി നിരാശയോടെയാണ്‌ അവരുടെ വരവ്. എന്നാല്‍ അദ്ദേഹം അവരെ സമാധാനിപ്പിച്ചയച്ചു. ശരീരത്തിലെ കലകള്‍ക്കും പാടുകള്‍ക്കുജ്യോതിഷത്തില്‍ ചൊവ്വയുമായി ബന്ധമുണ്ടെന്നും ചൊവ്വയുടെ സ്ഥാനത്തു നിന്ന് ലഗ്നം ഗണിച്ചെടുക്കല്‍ സാദ്ധ്യമാണെന്നുമുള്ള അദ്ദേഹത്തിന്റെ സമയോചിതമായ തിരിച്ചറിവ് ഫലിച്ചു. ജാതകവശാലുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകളില്‍ ആ കുടുംബം തൃപ്തരായി മടങ്ങി എന്നതുതന്നെ വലിയൊരംഗീകാരമായി കണക്കാക്കാമല്ലൊ. ആധുനിക ഗവേഷണതല്‍പ്പരരുടെ ശ്രദ്ധപോലും ആകര്‍ഷിയ്ക്കാത്ത, പ്രാചീനശാസ്ത്രമായ ജ്യോതിഷത്തിന്‌, ജ്യോതിഷത്തെ ഒരിയ്ക്കലും ഒരു തൊഴിലായി കണ്ടിട്ടില്ലാത്ത ഭാസ്കരേട്ടന്റെ വക ഒരു "റിവേഴ്സ് എഞ്ചിനീയറിംഗ്" സമീപനം! ഒരുപക്ഷെ, ഇതുപോലെ ഇനിയും സംഭവങ്ങള്‍ വിവരിയ്ക്കാനുണ്ടാവും, അദ്ദെഹത്തോട്‌ അടുത്തിടപഴകാന്‍ അവസരം ലഭിച്ചവര്‍ക്ക്.

ഭാസ്ക്കരേട്ടനുമായുള്ള എന്റെ അടുപ്പത്തില്‍ വയസ്സിന്റെ അന്തരത്തേക്കാളുപരി, ഒരേ തലമുറകളുടെ പ്രതിനിധികള്‍ (സഹോദരീ സഹോദര

പുത്രന്‍മാര്‍) എന്ന സങ്കല്‍പ്പത്തിനായിരുന്നല്ലോ പ്രാധാന്യം. അത്തരമൊരു സ്വാതന്ത്ര്യം അദ്ദേഹം അറിഞ്ഞുകൊണ്ട് അനുവദിച്ചുതന്നിരുന്നു എന്നു പറയുന്നതാവും ശരി. അക്കാരണംകൊണ്ടും പിന്നെ തരക്കാരായ കുട്ടികളുടെ സാന്നിദ്ധ്യവും അവിടത്തെ അമ്മമാരുടെ സ്നേഹോപചാരങ്ങളും പലപ്പോഴും അടിയ്ക്കടിയുള്ള പാലിക്കുഴി സന്ദര്‍ശനത്തിനു കളമൊരുക്കിയിരുന്നു. (അന്നൊക്കെ, വിരുന്നായി ബന്ധുഭവനങ്ങള്‍ സന്ദര്‍ശിയ്ക്കുകയെന്നത് കുട്ടികളുടെ പതിവായിരുന്നല്ലോ.) അത്തരം പല സന്ദര്‍ഭങ്ങളിലും ഒരു സുഹൃത്തിനോടെന്നപോലെ വാഗ്വാദങ്ങളിലേര്‍പ്പെട്ടിരുന്നതും മറ്റും പിന്നീട് സ്വന്തമായ അഭിപ്രായരൂപീകരണത്തിന്‍ ഒരളവുവരെ സഹായകമായിരുന്നിരിയ്ക്കാം.

അദ്ദേഹവും അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന കാലഘട്ടത്തിലെ മനുഷ്യബന്ധങ്ങളും ജീവിതസാഹചര്യങ്ങളും ഇന്നില്ല. ലോകം തന്നെ ഒരു കൈപ്പടയിലേയ്ക്കു (സാങ്കേതികമായി) ചുരുങ്ങിയ ഇന്നത്തെ ഈ യാന്ത്രിക ജീവിതത്തിനിടയിലും അദ്ദേഹം ഊതിക്കാച്ചിയെടുത്ത ബന്ധങ്ങളുടെ ദൃഢതയും ഊഷ്മളതയും ഒട്ടും തന്നെ ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിയ്ക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കുന്നുവെന്നത് സന്തോഷപ്രദം തന്നെ. അദ്ദേഹത്തിന്റെ കുടുംബത്തിന്‌ എല്ലാ ഐശ്വര്യങ്ങളും ആശംസിച്ചുകൊണ്ടും അദ്ദേഹത്തിന്റെ ആത്‌മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ടും.

വള്ളുവനാട്ടിന്റെ ദേശമഹിമയില്‍

വടക്കേപ്പാട്‌തന്‍ താവഴിപ്പെരുമയില്‍

വശ്യമാം സാഹിത്യ-ജ്യോതിഷ നാളമായ്‌

വന്ന ശ്രീ ഭാസ്കര ജ്യോതിയ്ക്കെന്‍ പ്രണാമം...