Smarananjali

സ്മരണാഞ്ജലി

Mrs. Biju Prahlad Vadakkepat

എന്‍റെ ഭര്‍ത്താവിന്‍റെ അച്ഛന്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു. സാഹിത്യം, ജ്യോതിഷം, ഗണിതം, എന്നിവയിലെല്ലാം അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു. എന്നാല്‍ അഹം ഭാവം ഒട്ടുമില്ലാത്ത കറ കളഞ്ഞ ഒരു ഈശ്വര വിശ്വാസി കൂടിയായിരുന്നു അദ്ദേഹം.

വളരെ ചെറുപ്പത്തില്‍ തന്നെ ഭാര്യയേയും ജ്യേഷ്ഠ സഹോദരനേയും നഷ്ടപ്പെട്ട അദ്ദേഹം പൊതുജനസേവനത്തിലൂടെ ആയിരുന്നു സംതൃപ്തി കണ്ടെത്തിയിരുന്നത്. കൂട്ടുകുടുംബത്തിന്‍റെ കാരണവരായിരുന്ന അദ്ദേഹം തന്‍റെ കുട്ടികളെ ജ്യേഷ്ഠത്തിയമ്മയെയും അനുജനെയും ഭാര്യയേയും എല്പിക്കുകയായിരുന്നു. അനുജനെ വീട്ടിലെ ഭരണം ഏല്‍പിച്ച അദ്ദേഹം കുടുംബത്തിന്‍റെ ഭദ്രത ഉറപ്പിക്കുകയായിരുന്നു. പലപ്പോഴും വീട്ടില്‍ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്‍റെ സാന്നിധ്യം ആ വീട്ടില്‍ എപ്പോഴും അനുഭവപ്പെട്ടിരുന്നു.

എന്‍റെ വിവാഹത്തിനുശേഷവും തറവാട്ടില്‍ ഒന്നിച്ചു ജീവിച്ചത് പുതിയൊരു അനുഭവമായിരുന്നു. എല്ലാവര്‍ക്കും എന്നോട് സ്നേഹവും ബഹുമാനവും ആയിരുന്നു. ഏവര്‍ക്കും പലകാര്യങ്ങളിലും ഒരേ അഭിപ്രായമായിരുന്നു. എന്തെങ്കിലും കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകുമ്പോള്‍ അച്ഛനിടപെട്ട് ശരിയാക്കുമായിരുന്നു.

കാലങ്ങള്‍ കൊഴിഞ്ഞപ്പോള്‍ ഒരു മുത്തശ്ശനായി. അവസാന നാളുകളില്‍ അദ്ദേഹത്തിന് ഭാര്യ നഷ്ടപ്പെട്ടതില്‍ വളരെയധികം ദു:ഖമുണ്ടായിരുന്നു. പല്ലുകള്‍ മുഴുവനും എടുത്തതിനു ശേഷം മസ്തിഷ്കത്തിന് ഉണ്ടായ ക്ഷതം നിമിത്തം വലതുകരം നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. എങ്കിലും ജാതകം ഗണിക്കുമ്പോഴും മറ്റു ഗൌരവമായ കാര്യങ്ങളില്‍ മുഴുകുമ്പോഴും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

അദ്ദേഹത്തിന്‍റെ എഴുപതാം ജന്മദിനം സമുചിതമായി ആഘോഷിച്ചിരുന്നു. പാര്‍വത്യം എന്ന അദ്ദേഹത്തിന്‍റെ കവിതാ സമാഹാരം ഒരു കവിയരങ്ങില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഒരു നിമിഷ കവികൂടിയായിരുന്നു അദ്ദേഹം. ഒരു ഫലിത പ്രിയനായിരുന്ന അദ്ദേഹവും ജ്യേഷ്ഠത്തിയമ്മയും തമ്മിലുള്ള ചില സംഭാഷണ ശകലങ്ങള്‍ രസകരമാണ്. ഒരു ദിവസം ജ്യേഷ്ഠത്തിയമ്മ ഉണ്ടാക്കിയ ഒരു പലഹാരം കഴിക്കുമ്പോള്‍ ആ പലഹാരത്തിന്‍റെ പേര് ചോദിക്കുകയുണ്ടായി. "അതിനു ചോറ് കൊടുത്തിട്ടില്ല്ലെന്നായിരുന്നു "ജ്യേഷ്ഠത്തിയമ്മയുടെ മറുപടി. (ഹിന്ദു ആചാരപ്രകാരം ചോറ് കൊടുത്തതിനു ശേഷമാണു പേര് വെയ്ക്കുന്നത്.)

എവിടെയും ഒരു നല്ല സുഹൃത്ത് വലയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസ മില്ലാതെ എല്ലാവരെയും ഒരുപോലെ കാണുമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട്‌ തന്‍റെ അടുത്ത് വരുന്നവരെ കയ്യയച്ചു സഹായിച്ചിരുന്നു.

ജ്യോതിഷ ജ്ഞാനിയായ അദ്ദേഹത്തിന് തന്‍റെ കാലം കഴിയാറായി എന്നറിയാമായിരുന്നു. മരണദിവസം പോലും അദ്ദേഹം ഊര്‍ജസ്വലനായിരുന്നു. അന്നുരാവിലെ അടുത്തുള്ള ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തിയിരുന്നു. ശേഷം വില്ലേജ് ഓഫീസില്‍ വച്ച് ശരീരാസ്വാസ്ത്യം ഉണ്ടായപ്പോള്‍ ഡ്രൈവര്‍ അടുത്തുള്ള പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടില്‍ വന്ന് വിശ്രമിച്ചു. ഉച്ചതിരിഞ്ഞ് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്കു പോകുന്നവഴിയെ ആര്യംപാവിന് സമീപം അദ്ദേഹത്തിന്‍റെ ആത്മാവ് വിട്ടുപിരിഞ്ഞു.

മൂത്തമകനെ മക്കളില്ലാത്ത ജ്യേഷ്ഠന് നല്‍കിയ അദ്ദേഹം, ജ്യേഷ്ഠന്‍റെ ശ്രാദ്ധം നാളില്‍ ഇഹലോക വാസം വെടിഞ്ഞ്‌ തന്‍റെ ശ്രാദ്ധവും പങ്കുവെച്ചു.

തന്‍റെ പേര് അന്വര്‍ത്ഥം ആക്കിക്കൊണ്ട്, സൂര്യനെ പോലെ, തിളങ്ങി, ഓരോ ഉദയത്തിനും ഒരു അസ്തമനമെന്നപോലെ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.