വാരികാട്ട് മൂലകുടുംബത്തെക്കുറിച്ചും അതിന്റെ നാനാ തലമുറകളെപ്പറ്റിയും അറിവ് പകരുന്നതിന് വേണ്ടിയുള്ളതാണ്  ഈ വെബ്സൈറ്റ്. മീനച്ചിലാറിന്‍റെ തീരത്ത് 1800 കളില്‍ കുടിയേറിയ വാരികാട്ട് തൊമ്മൻ എന്ന പിതാവിന്റെ പിന്തുടർച്ചക്കാരാണ് ഇന്നത്തെ വാരികാട്ടുകാർ. വാരിക്കാട്ട്, വാരികാട്ട് എന്നും പിന്തുടർച്ചക്കാർ മാറിത്താമസിച്ച സ്ഥലനാമങ്ങളെ ആശ്രയിച്ചും വീട്ടുപേരുകൾ കാലക്രമേണ മിക്കവരുടെയും മാറിയിട്ടുണ്ട്. നമ്മുടെ അസ്ഥിത്തത്തെക്കുറിച്ചും ബന്ധുമിത്രങ്ങളെക്കുറിച്ചും കുറച്ചെങ്കിലും പരിജ്ഞാനം ഈ ഉദ്യമം വഴി ആർക്കെങ്കിലും കിട്ടിയാൽ നമ്മുടെ പരിശ്രമത്തിന് ഫലപ്രാപ്തിയായി എന്ന് കരുതാം

കേരളത്തിലേക്ക് AD 345-ൽ  മെസൊപ്പൊട്ടോമിയയില്‍ നിന്നും കുടിയേറിയ യഹൂദ ക്രിസ്ത്യാനികളായ ക്നാനായക്കാരിൽപ്പെട്ടതാണ് വാരികാട്ട് കുടുംബവും. തുടക്കത്തിൽ കൊടുങ്ങല്ലൂരില്‍ താമസമാക്കിയ ക്നാനായക്കാർ കാലക്രമേണ കേരളത്തിലെ ചുങ്കം, കടുത്തുരുത്തി, കോട്ടയം, ഇടയ്ക്കാട് മുതലായ സ്ഥലങ്ങളിലേക്ക് മാറിതാമസിച്ചു. അങ്ങനെ സമ്പുഷ്ടമായ ചേര്‍പ്പുങ്കല്‍  മീനച്ചിലാറിന്‍റെ തീരത്തു വാരികാട്ട് തൊമ്മനും കുടുംബവും ചേക്കേറി.  വാരികാട്ട്  തൊമ്മന് കുര്യാക്കോ, ഓന്നന്‍ (കന്നന്‍), തൊമ്മന്‍, ചുമ്മാര്‍ എന്ന നാല് ആണ്‍മക്കള്‍ ഉണ്ടായിരുന്നു. 

കുര്യാക്കോ മാറിടത്ത് പെല്ലത്താല്‍ വീട്ടില്‍ നിന്നും വിവാഹം ചെയ്തു വാരികാട്ട് തറവാട്ടിൽ തന്നെ താമസിച്ചു വന്നു. കുര്യാക്കോയ്ക്ക്  തൊമ്മൻ ചാണ്ടി എന്ന് രണ്ട് ആണ്‍മക്കളും രണ്ടു പെണ്‍മക്കളും ഉണ്ടായിരുന്നു. പെൺമക്കളിൽ ഒരാളെ കിടങ്ങൂര്‍ പിള്ളവീട്ടിലും, രണ്ടാമത്തെയാളെ മാറിടത്തു പെല്ലത്താലും (പടിയ്ക്കാലില്‍) വിവാഹം കഴിപ്പിച്ചു. മൂത്ത മകൻ തൊമ്മൻ മുല്ലപ്പള്ളില്‍ മറിയത്തെ വിവാഹം ചെയ്ത് ചേര്‍പ്പുങ്കല്‍ മഠത്തിലേക്കു താമസമായി. രണ്ടാമത്തെ മകനായ ചാണ്ടി കുമരകത്ത് എളംകുറ്റിശ്ശേരിൽ മറിയത്തെ വിവാഹം കഴിച്ചു തറവാട്ടിൽ താമസമടക്കി.

കന്നന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ഓന്നന്‍ ചേര്‍പ്പുങ്കല്‍ പതീപ്ലാക്കീല്‍ താമസമാക്കി. അദ്ദേഹത്തിനു രണ്ടു പെണ്‍മക്കള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചിന്നമ്മയും, മറിയവും. 

തൊമ്മന്‍ പൈങ്ങളത്ത് എളമ്പാശ്ശേരില്‍ മറിയത്തെ വിവാഹം ചെയ്തു ചേര്‍പ്പുങ്കല്‍ കാഞ്ഞിരത്തിനാല്‍ താമസമാക്കി. അവര്‍ക്ക് തോമ്മാ, ചുമ്മാര്‍, ഉലഹന്നന്‍ എന്ന മൂന്ന് ആണ്‍മക്കളും, മറിയം, അന്ന എന്ന രണ്ട് പെണ്‍മക്കളും ഉണ്ടായിരുന്നു. 

ചുമ്മാർ മാറിടത്തു അറയ്ക്കപടിയ്ക്കല്‍ മറിയാമ്മയെ വിവാഹം ചെയ്തു ചേര്‍പ്പുങ്കല്‍ പാണ്ടിയാംതൊട്ടിയില്‍ താമസമാക്കി.  ചുമ്മാര്‍മറിയം ദമ്പതികള്‍ക്ക് തൊമ്മന്‍ എന്ന ഒരു മകനും, ഒന്‍പതു പെണ്‍മക്കളുമാണ്. ഉണ്ടായിരുന്നത്.

വാരികാട്ടു കുര്യാക്കോ, ഓന്നന്‍, തൊമ്മന്‍, ചുമ്മാര്‍ എന്നീ നാലു പിതാക്കന്മാരുടെ പിൻതലമുറകളെക്കുറിച്ച്  സംക്ഷിപ്തമായി ചുവടെ കൊടുത്തിരിക്കുന്നു. വിശദമായ വിവരങ്ങളും ഫോട്ടോയും മുകളിൽ കൊടുത്തിരിക്കുന്ന മെനുവിലൂടെ കാണാവുന്നതാണ്. ഈ വെബ്‌സൈറ്റിൽ ഫോട്ടോ ഇടുന്നതിനോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനോ താല്പര്യമുള്ളവർക്ക് Contact Us ലിങ്കിലൂടെ ബന്ധപ്പെടാവുന്നതാണ്.