പള്ളിപെരുന്നാൾ 2022 - എൻറ്റെ കാഴ്ച്ചപ്പാട്

Mathews Jacob
20-Sep-2022

ഞാൻ എന്തുകൊണ്ട് പള്ളിപെരുന്നാളിനോട് സഹകരിക്കുന്നില്ല, നമ്മുടെ പള്ളിയുടെ പെരുന്നാൾ അഘോഷിക്കേണ്ടതല്ലെ എന്നൊക്കെ എൻറ്റെ പല സുഹൃത്തുക്കളും കഴിഞ്ഞ ദിവസങ്ങളിൽ ആരായുകയുണ്ടായി. എല്ലാവരുടെയും സംശയദൂരീകരണത്തിനും അറിവിനുംവേണ്ടി ഒരു വിശദീകരണം നൽകുകയാണ്.


ഞാൻ പള്ളിപെരുന്നാളിനു എതിരാണെന്നുള്ളത് തെറ്റിദ്ധാരണയാണ്. പള്ളിപെരുന്നാൾ ആഘോഷമായിത്തന്നെ നടത്തണമെന്ന് അഭിപ്രായമുള്ള ഒരാളാണ് ഞാൻ. എന്നാൽ, പള്ളിപെരുന്നാളുകളോട് ബന്ധപ്പെട്ടു നമ്മുടെ നാട്ടിൽ നടക്കുന്ന പല കാര്യങ്ങളേയും  ഞാൻ എതിർക്കുന്നുവെന്നത് വാസ്തവമാണ്. എനിക്കെതിർപ്പുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനു മുൻപ് എൻറ്റെ പള്ളിയിൽ - അടൂർ മലങ്കര കത്തോലിക്കാപ്പള്ളിയിൽ, പെരുന്നാൾ എങ്ങിനെയായിരിക്കണമെന്നാണ് എൻറ്റെ സങ്കൽപ്പമെന്ന് വിശദീകരിക്കാം. 


എൻറ്റെ സങ്കൽപ്പത്തിലെ പള്ളിപെരുന്നാൾ



ഇതൊക്കെയാണ് നമ്മുടെ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചു നടക്കേണ്ടതെന്ന് ഞാൻ അഗ്രഹിക്കുമ്പോൾതന്നെ ഒരിക്കലും നടക്കരുതെന്ന് ആഗ്രഹിക്കുന്ന ചില കാര്യങ്ങളും ഉണ്ട്. ഇനിയും അവയെക്കുറിച്ചു പ്രതിപാദിക്കാം.


ഞാൻ പങ്കെടുക്കുവാൻ മടിക്കുന്ന ആഘോഷപരിപാടികൾ



വാഹന ഗതാഗതം  തടസ്സപ്പെടുത്തിക്കൊണ്ടു നടത്തുന്ന റാസയിൽ ഞാൻ പങ്കെടുക്കാറില്ല. ഞാൻ മൂലം, എൻറ്റെ ഏതെങ്കിലും പ്രവർത്തി മൂലം, മറ്റൊരാൾക്ക് ഒരു രീതിയിലുമുള്ള  ബുദ്ധിമുട്ടുണ്ടാകരുതെന്നു ദൃഡനിശ്ചയമെടുത്ത ഒരു വ്യക്തിയാണ് ഞാൻ. അങ്ങിനെ ഒരു തീരുമാനമെടുക്കാനുള്ള വ്യക്‌തിസ്വാതന്ത്ര്യം എനിക്കുണ്ടെന്നുതന്നെയാണ് ഞാൻ കരുതുന്നത്. അത്യാവശ്യമായും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തു എത്തേണ്ട പലരുമായിരിക്കും റോഡിൽ വാഹനവുമായി ഇറങ്ങുന്നതും ബസ്സിൽ യാത്ര ചെയ്യുന്നതും. അവരെ ഒരു മിനിട്ടെങ്കിലും വൈകിപ്പിക്കുന്നതോ അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ കുറഞ്ഞ സമയത്തേക്കാണെങ്കിൽപ്പോലും വെല്ലുവിളിക്കുന്നതോ ആയ ഒരു പരിപാടിയിലും ഞാൻ പങ്കെടുക്കില്ലായെന്നത് വർഷങ്ങൾക്കു മുൻപുതന്നെയെടുത്ത പ്രതിജ്ഞയാണ്. വാഹനഗതാഗതം താരതമ്യേന കുറഞ്ഞ റോഡുകളിലും ഇടവഴികളിലും ക്രിസ്മസ് ദുഃഖവെള്ളിയാഴ്ച മുതലായ അവധിദിവസങ്ങളിലും ഒക്കെ എന്റെ മനസ്സാക്ഷിക്കു വിരുദ്ധമായി പല ചടങ്ങുകളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. ആ കുറ്റബോധം ഇപ്പോഴും എന്നെ കാർന്നുതിന്നുന്നു. ഇനിയും അതാവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല.



കരിമരുന്ന് പ്രയോഗം പരിസ്ഥിതിക്കു ദോഷം ചെയ്യുന്നതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്‌. (https://www.treehugger.com/are-fireworks-bad-for-the-environment-4864146)  

ഫയർവർക്ക്സിൽ സ്ഫോടനത്തിനുപയോഗിക്കുന്ന പെർക്ലോറേറ്റ് എന്ന രാസപദാർത്ഥം ഭൂഗർഭജലത്തിൽ പെട്ടെന്ന് ചേരുകയും ജലത്തെ മലിനമാക്കുകയും ചെയ്യും. (https://pubs.acs.org/doi/10.1021/es0700698) ഒരു ചെറിയ സമയദൈർഘ്യത്തിലുള്ള ഫയർവർക്സ് പോലും അത് നടക്കുന്ന സ്ഥലത്തിനടുത്ത് ജീവിക്കുന്ന മനുഷ്യരുടെ, പ്രത്യേകിച്ച് ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും, ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഫയർവർക്സ് മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെ കവർന്നെടുത്തുകൊണ്ടാകരുതെന്നു രാജ്യത്തെ ഉന്നത നീതിപീഠംപോലും പലപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്. (https://www.google.co.in/amp/s/www.news18.com/amp/news/india/celebration-cannot-be-at-cost-of-others-health-supreme-court-on-banning-firecrackers-4379966.html)


പള്ളികളിലോ അമ്പലങ്ങളിലോ ഒന്നും ഞാൻ ഇത് കാണാനായി പോകാറില്ല. ഇത് കാണുമ്പോൾ എനിക്ക് പ്രത്യേകിച്ച് യാതൊരു അനുഭൂതിയും (വിഷാദവും കുറ്റബോധവുമല്ലാതെ) ഉണ്ടാകാറുമില്ല. ഭീമമായ ചെലവിൽ നടത്താവുന്ന കുറേക്കൂടി പരിസ്ഥിതിസൗഹൃദമായ ലേസർഷോ പോലെയുള്ള ആധുനിക സങ്കേതങ്ങളും നിലവിലുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷെ, നമ്മുടെ നാടിൻറ്റേയും നമ്മുടേയും ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിക്ക് അവയൊന്നും യോജിക്കുന്നതല്ലായെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇവ നൽകുന്ന താൽക്കാലിക ഭ്രമം യഥാർത്ഥ സന്തോഷമല്ല, മറിച്ചു നമ്മുടെ സാമ്പത്തികസ്ഥിതി അറിഞ്ഞുകൊണ്ട്, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുകയും അതിൽനിന്നും ഒരു വിഹിതം കഷ്ടതയനുഭവിക്കുന്നവർക്ക്‌ കൊടുക്കകയും ചെയ്യുന്നതാണ്‌ യഥാർത്ഥ സന്തോഷമെന്ന് അനുഭവത്തിൽ അറിയുവാന്‍ 70 വർഷത്തെ ജീവിതം എന്നെ സഹയിച്ചിട്ടുണ്ട്. 


കൂടാതെ, സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചു കരിമരുന്ന് പ്രയോഗം നടത്തുവാനുള്ള സൗകര്യം നമ്മുടെ പള്ളിയിലില്ല. അതിന് വിശാലമായ ഒരു മൈതാനം ആവശ്യമാണ്. കരിമരുന്ന് പ്രയോഗം നടത്തുന്ന സ്ഥലവും കാണികൾക്കുമിടയിൽ 100 മീറ്റർ അകലമെങ്കിലും വേണമെന്നാണ് നിലവിലുള്ള സർക്കാർ നിർദ്ദേശങ്ങൾ വിവക്ഷിക്കുന്നത്. (https://keralapolice.gov.in/storage/orders/iaps/cir-10-2018.pdf)


ഹോളി ഏഞ്ചല്‍സ് സ്‌കൂളിൻറ്റെ ഗ്രൗണ്ടിൽ വെച്ചു ഫയർവർക്സ് നടത്തി പള്ളിയുടെ മുകളിലുള്ള ആകാശത്തേക്ക് റോക്കറ്റുകൾ പായിക്കാമെന്ന് ഒരു അഭിപ്രായവും കേട്ടു. പ്രായോഗികമാണെന്ന് തോന്നുന്നില്ല. ആളുകൾ താമസിക്കുന്ന വീടുകളും ഫയർവർക്സ് നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലവും തമ്മിൽ 50 മീറ്റർ ദൂരം പോലുമില്ല. 111 ആളുകൾ മരിക്കാനും 350 ഓളം ആളുകൾ ഇപ്പോഴും ജീവശ്ശവമായി ജീവിക്കാനും 150 ഓളം വീടുകൾക്ക്‌ സാരമായ തകരാറുകൾ വരുത്താനും ഇടയാക്കിയ പുറ്റിങ്ങൽ ദുരന്തം നമ്മളെ ഒരു പാഠവും പഠിപ്പിച്ചിട്ടില്ലെങ്കിൽ വളരെ ദൗർഭഗ്യകരമെന്നേ പറയുവാനുള്ളൂ. (https://en.wikipedia.org/wiki/Puttingal_temple_fire)


വർഷംതോറും ഉയരുന്ന പെരുന്നാൾ ചെലവ്

പെരുന്നാളുകളെക്കുറിച്ചു ചർച്ചചെയ്യുമ്പോൾതന്നെ പൂർവ്വാധികം ഭംഗിയായി നടത്തണമെന്ന ആവശ്യമാണ് എല്ലാ വർഷവും ഉയരാറുള്ളത്. അതായത്, ഓരോരോ പുതിയ ചടങ്ങുകൾ കൂട്ടിചേർക്കും. കൂട്ടിച്ചേർക്കലുകൾ ഇല്ലെങ്കിൽതന്നെയും കുറഞ്ഞത് 10%  വർദ്ധന എല്ലാ ചെലവുകൾക്കും വർഷാവർഷം ഉണ്ടാവും. ഫലത്തിൽ സാധാരണ ജനങ്ങൾ കൊടുക്കേണ്ട സംഭാവന ഓരോ വർഷവും കൂടിക്കൊണ്ടിരിക്കും. പൊതുജനങ്ങളിൽനിന്നും പണം പിരിച്ചു ഇത്തരത്തിൽ ധൂർത്തടിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. മറിച്ചു, ഇങ്ങിനെയുള്ള ദുർവ്യയങ്ങൾ കണക്കില്ലാതെ  വരുമാനമുള്ള ബിസിനസ്സുകാരോ രാഷ്ട്രീയനേതാക്കളോ സ്‌പോൺസർ ചെയ്ത് നടത്തുന്നത് തടയേണ്ട കാര്യവുമില്ല. ഉള്ളതുകൊണ്ട് സന്തോഷമായി ജീവിക്കാൻ ശ്രമിക്കുന്നവരെ പിഴിഞ്ഞ് അവരെ സാമ്പത്തികപ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലേക്കു തള്ളിയിടാൻ പള്ളി മുൻകൈയെടുക്കാൻ പാടില്ല. അതുകൊണ്ട് ഒരോ അംഗങ്ങളും സന്തോഷമായി തരുന്നത് സ്വീകരിച്ചു പള്ളിപെരുന്നാളിൻറ്റെ ആൽമീയ ചടങ്ങുകൾ നടത്തുകയും, റാസ, ഫയർവർക്സ് മുതലായവ അവയ്ക്ക് താൽപ്പര്യമുള്ളവരെക്കൊണ്ട് സ്പോൺസർ ചെയ്യിപ്പിച്ചു അവരുടെ ഉത്തരവാദിത്തത്തിൽ നടത്തുകയും ചെയ്യുകയെന്ന രീതിയായിരിക്കും അഭികാമ്യം. അടുത്തിടെ ആലപ്പുഴയിലെ ഏതോ ഒരു പള്ളിയിലെ പെരുന്നാൾ മോൺസൺ മാവുങ്കൽ തനിയെ നടത്തിയെന്നാണ് മനസ്സിലാക്കുന്നത്. (https://www.newindianexpress.com/cities/kochi/2021/oct/29/monson-mavunkalsplashed-money-to-gain-acceptance-police-2377028.html)


നമ്മുടെ ചുറ്റിലുമുള്ള അമ്പലങ്ങളോ പള്ളികളോ ഉത്സവം/പെരുന്നാൾ ആർഭാടമായി ആഘോഷിക്കുന്നത് കണ്ട് നമ്മൾ പ്രകോപിതരാകരുത്. സമൂഹത്തിൽ വേറിട്ട മാതൃക കാണിക്കാൻ നമ്മൾ വിവേകത്തോടെ പെരുമാറണം. 2017 ൽ അടൂരിൽ വെച്ച് നടത്തിയ നമ്മുടെ സഭയുടെ പുനരൈക്യ വാർഷികം റാസയും വെടിക്കെട്ടും ഒക്കെ ഒഴിവാക്കി, ഗ്രീൻ പ്രോട്ടോകോൾ പിന്തുടർന്ന് വളരെ  മാതൃകാപരമായിട്ടാണ് നടത്തിയത്. നമ്മുടെ സഭയുടെ തലവനും പിതാവുമായ അത്യുന്നത കർദിനാൾ ബസേലിയോസ് ക്ളീമീസ് പിതാവിൻറ്റെ ഇക്കാര്യങ്ങളിലുള്ള ഉന്നതമായ കാഴ്ചപ്പാടുകളായിരിക്കണം നമ്മളെ നയിക്കേണ്ടത്.



പള്ളിപെരുന്നാൾ നടത്തുന്നതിനു ഞാൻ എതിരല്ലെന്നും ഞാൻ എന്തിനെയാണ് എതിർക്കുന്നതെന്നും വ്യക്തമാക്കാൻ ഈ കുറിപ്പ് സഹായകമായിയെന്ന് കരുതുന്നു. ഞാൻ എതിർക്കുന്നതുകൊണ്ട് റാസയോ കരിമരുന്ന്പ്രയോഗമോ നടത്താതിരിക്കേണ്ട കാര്യമില്ല. അതിന് താല്പര്യമുള്ളവരും അതിൽ സന്തോഷം കണ്ടെത്തുന്നവരും സ്വന്തം പണം കൊണ്ട് സ്വന്തം ഉത്തരവാദിത്തത്തിൽ അതൊക്കെ നടത്തട്ടെ. അത്രമാത്രം. 

ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു കുറിപ്പുകൾ