ഭഗവദ് ഗീത ശ്രവണം പഠനം - മലയാളപരിഭാഷാസഹിതം

ആപ്പിനെപ്പറ്റി


“ഭഗവദ് ഗീത“ എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി ഒട്ടേറെ മൊബൈൽ ആപ്പുകൾ ഗൂഗ്‌ളിന്റെ പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഇനിയും ഒരു പുതിയ ആപ്പിന്നു പ്രസക്തിയുണ്ടോ എന്ന് ചിലർക്കെങ്കിലും സംശയം ഉണ്ടായെന്നു വരാം. ഇപ്പോൾ പുതുതായി അവതരിപ്പിക്കുന്ന ആപ്പിൽ എന്തെല്ലാം ഉൾക്കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഇത് മറ്റു ആപ്പുകളിൽനിന്ന് എങ്ങിനെ വ്യത്യസ്തമായിരിക്കുന്നു എന്ന് വിശദീകരിക്കാൻ ശ്രമിക്കാം.

  1. മലയാളപരിഭാഷാസഹിതം ഭഗവദ് ഗീത പൂർണ്ണമായി ശ്രവിക്കുന്നതിന്നുള്ള സൌകര്യം ഈ ആപ്പ് ഒരുക്കിയിരിക്കുന്നു. (യൂട്യൂബിലുള്ള വീഡിയോകളിലേക്ക് ലിങ്കുകൾ നൽകിക്കൊണ്ടാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്.) ഇത്തരമൊരുസൌകര്യം നിലവിലുള്ള ആപ്പുകളിൽ ലഭ്യമല്ല. ഗീതാധ്യാനവും, ആദിശങ്കരാചര്യർ എഴുതിയ ഗീതാമാഹത്മ്യവും ശ്രവിക്കുന്നതിന്നുള്ള സൌകര്യവുമുണ്ട്.
  2. ഭഗവദ് ഗീത മൂലശ്ലോകങ്ങളും അവയുടെ മലയാളത്തിലുള്ള തർജ്ജമയും വായിക്കുന്നതിന്നുള്ള സൌകര്യം ലഭ്യമാണ്. എന്നാൽ മൂലശ്ലോകങ്ങൾ മാത്രം വായിക്കാനാഗ്രഹിക്കുന്നവർക്ക് പരിഭാഷയെ മറച്ചുവെച്ചുകൊണ്ട് മൂലശ്ലോകങ്ങൾ മാത്രം കാണുന്നതിന്നുള്ള സൌകര്യവുമുണ്ട്. പരിശോധിച്ച ആപ്പുകളിലൊന്നും ഇത്തരമൊരു സൌകര്യമുള്ളതായി കാണുന്നില്ല.
  3. ഓരോ അദ്ധ്യായത്തിന്റേയും സാരാംശം പ്രത്യേകം കൊടുത്തിട്ടുണ്ട്. ഭഗവദ്ഗീതയുടെ ഏറെ പ്രശസ്തമായ ഭാഷ്യം ആദി ശങ്കരാചാര്യരുടേതാണ്. ശങ്കരാചാര്യരുടെ ഭാഷ്യത്തിലെ ആശയങ്ങളിൽനിന്ന് അല്പം പോലും വ്യതിചലിക്കാതെ, എന്നാൽ കുറെക്കൂടി ലഘൂകരിച്ചുകൊണ്ട് ശങ്കരനാനന്ദൻ എന്ന പണ്ഡിതൻ “താല്പര്യബോധിനീ” എന്നും “ശങ്കരാനന്ദീ” എന്നും പേരിൽ അറിയപ്പെടുന്ന ഒരു വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ഈ വ്യാഖ്യാനത്തെ അവലംബിച്ച് തയ്യാറാക്കിയ മലയാളഭാഷാവ്യാഖ്യാനത്തോടുകൂടി പണ്ഡിറ്റ് പി. ഗോപാലൻ നായർ പ്രസിദ്ധീകരിച്ച “ശ്രീമത് ഭഗവദ്ഗീതാ ഭാഷാവ്യാഖ്യാനസഹിതം” എന്നപുസ്തകത്തിൽ കൊടുത്തിട്ടുള്ളതാണ് ഈ ആപ്പിൽ കൊടുത്തിട്ടുള്ള അധ്യായങ്ങളുടെ സാരാംശങ്ങൾ.
  4. ഗീതോപദേശത്തിന്റെ വ്യത്യസ്തമായ ദൃശ്യാവിഷാരങ്ങളുടെ ഒരു സഞ്ചയവും ഈ ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നു.

ശ്രവണം

ഭഗവദ്ഗീതയുടെ ഓരോ അദ്ധ്യായവും ഓരോ വ്യത്യസ്ത വീഡിയോ ആയിട്ടാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഭഗവദ് ഗീതയിലെ 18 അദ്ധ്യായങ്ങൾ 18 വീഡിയോകളായും, കൂടാതെ ഗീതാധ്യാനവും, ഗീതാമാഹത്മ്യവും ഓരോ വിഡിയോ ആയും മൊത്തം 20 വീഡിയോകളിലേക്കുള്ള ലിങ്കുകളാണ് ഈ ആപ്പിൽ കൊടുത്തിട്ടുള്ളത്. ഭഗവദ് ഗീതയുടെ അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന 18 വിഡിയോകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത് ഏകദേശം എട്ടുവർഷം മുമ്പാണ്. ഈ ആപ്പിനു പിന്നിൽ പ്രവർത്തിച്ചവരല്ലാ ഇവ അപ്‌ലോഡ് ചെയ്തത്. “അണ്ടർ ടേക്കർ” (under taker) എന്ന പേരിൽ മറഞ്ഞിരിക്കുന്ന ഏതോ മാന്യവ്യക്തിയാണ് ഇതു ചെയ്തിട്ടുള്ളത്. ആ മാന്യവ്യക്തിയുടെ പരിശ്രമങ്ങളെ നന്ദിയോടെ ഈയവസരത്തിൽ സ്മരിക്കുന്നു. ശ്രീ ടി എസ് രംഗനാഥൻ 2019 ജൂലൈ മാസത്തിൽ അപ്‌ലോഡ് ചെയ്ത വീഡിയോവിലേക്കുള്ള ലിങ്ക് ആണ് ഗീതാധ്യാനം ശ്രവിക്കുന്നതിന്നുവേണ്ടി കൊടുത്തിട്ടുള്ളത്. “യോഗേശ്വർ108” (yogeshwar108) എന്നപേരിൽ ഒരു മാന്യവ്യക്തി ഏകദേശം ഒമ്പത് വർഷങ്ങൾക്കു മുമ്പ് അപ്‌ലോഡ് ചെയ്ത വിഡിയോവിലേക്കുള്ള ലിങ്ക് ആണ് ഗീതാമാഹാത്മ്യം ശ്രവിക്കുന്നതിന്ന് നൽകിയിട്ടുള്ളത്. ടി എസ് രംഗനാഥന്റേയും യോഗേശ്വർ108 ന്റേയും പരിശ്രമങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.

ഭഗവദ് ഗീതയിലെ മൂലശ്ലോകങ്ങൽ ആലപിച്ചിരിക്കുന്നത് കന്നഡ, തുളു ഭാഷകളിൽ ഒട്ടേറെ ഭക്തിഗാനങ്ങളുടെ ആൽബങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രശസ്ത ഭക്തിഗായകൻ ശ്രീ വിദ്യഭൂഷണയാണ്. 1952 ൽ ജനിച്ച ശ്രീ വിദ്യാഭൂഷണ ഏറെക്കാലം കുക്കെയിലുള്ള സുബ്രഹ്മണ്യമഠത്തിന്റെ പ്രാധാനസ്വാമിജി ആയിരുന്നു. 1997 ൽ സംന്യാസദീക്ഷ ഉപേക്ഷിച്ച് രമ എന്ന സ്ത്രീയെ വിവാഹം കഴിച്ച് ഗൃഹസ്ഥാശ്രമിയായി. ഇപ്പോൾ മുഴുവൻ സമയ സംഗീതകാരനായി ജീവിയ്ക്കുന്നു.

പഠനം

മലയാളം ഇ ബുക്സ്” എന്ന പേരിലുള്ള ഒരു ബ്ലോഗിലൂടെ ലഭ്യമാക്കിയിട്ടുള്ള “ഭഗവദ് ഗീത (അർത്ഥസഹിതം)“ എന്ന ഗ്രന്ഥമാണ് ഈ ആപ്പിലെ പഠനഭാഗത്ത് മൂലശ്ലോകങ്ങളും അർത്ഥവും നൽകുന്നതിന്ന് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. “Creative Commons Attribution-NonCommercial-NoDerivs 2.5 India License“ എന്ന ലൈസൻസിന്നു വിധേയമായിട്ടാണ് പ്രസ്തുതഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടൂള്ളത്. (ലൈസൻസിന്റെ വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ്). ഗ്രന്ഥം പൂർണ്ണരൂപത്തിൽ ഇവിടെനിന്നും ഡൌൺലോഡ്‌ ചെയ്യാവുന്നതാണ്. അങ്ങിങ്ങായി ശ്രദ്ധയിൽപ്പെട്ട ചില അക്ഷരത്തെറ്റുകൾ തിരുത്തിയിട്ടുണ്ട് എന്നല്ലാതെ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പകർത്തിയെഴുതിയതിൽ പുതിയ തെറ്റുകൾ കടന്നുകൂടിയിട്ടാണ്ടാകാം. മാന്യവായനക്കാർ പൊറുക്കണമെന്ന് അപേക്ഷിക്കുന്നു. “മലയാളം ഇ ബുക്സ്” എന്ന ബ്ലോഗിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരേയും നന്ദിപൂർവ്വം സ്മരിക്കുന്നു.