kompa

കോമ്പസ്വാമികള്‍

തെക്കന്‍തിരുവിതാംകൂറിലെ നാഗര്‍കോവിലിനുസമീപം വടശ്ശേരി താഴക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ 1865 മുതല്‍ 1925 വരെ കണ്ടുവന്നിരുന്ന അവധൂതനാണു് കോമ്പസ്വാമികള്‍. മധുരക്കു് സമീപമുള്ള കോമ്പഗ്രാമമായിരുന്നു ജന്മദേശം എന്നുകരുതപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പാണു് വീടുവിട്ടുപോയതെന്നു വിശ്വസിക്കുന്നു. ഹിമാലയത്തിലെ വസിഷ്ഠഗുഹയില്‍ ദീര്‍ഘകാലം തപസ്സനുഷ്ഠിച്ചിരുന്നതായി ചില സന്യാസിമാര്‍ രേഖപ്പെടുത്തിയിട്ടുണ്ടു്. തമിഴ്‌നാട്ടില്‍നിന്നുമുള്ള സിദ്ധപരമ്പരയില്‍പെട്ട കോമ്പസ്വാമികള്‍ കൗപീനമാത്രധാരിയായാണു് അലഞ്ഞുനടന്നിരുന്നതു്. അദ്ദേഹത്തിന്റെ അസാധാരണ സിദ്ധിവിശേഷങ്ങളും പ്രവചനങ്ങള്‍നടത്താനുള്ള ശക്തിയും ജനങ്ങള്‍ക്കനുഭവമായിരുന്നു.

ചട്ടമ്പിസ്വാമികള്‍ പലതവണ അദ്ദേഹത്തിന്റെ കൂടെ താമസിച്ചിരുന്നതായും ആശയവിനിമയം നടത്തിയിരുന്നതായും പറയുന്നു. സ്വാമി ഗുരുവിനെയും കോമ്പസ്വാമിയുടെ അടുത്തു് കൊണ്ടുചെന്നിരുന്നു. ഗുരുവും ഒന്നിലധികംതവണ അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ടു്. മനുഷ്യരോടും പക്ഷിമൃഗാദികളോടും ഒക്കെ സേ്‌നഹത്തോടെയും സമഭാവനയോടെയും വസിച്ച ജ്ഞാനിയായ കോമ്പസ്വാമി സ്വാമിയുടെയും ഗുരുവിന്റെയും ജീവിതരീതികളേയും ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും അതിയായി സ്വാധീനിച്ചിട്ടുണ്ടു്.