1948-ൽ ശ്രീ. റ്റി. എം വർഗീസ് വിദ്യാഭ്യാസമന്ത്രിയും ശ്രീ. ഏ. എൻ.തമ്പി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന സമയത്ത് സ്കൂളിന് അനുമതി ലഭിക്കുകയുണ്ടായി. തുടർന്ന് 1948- 49ൽ പ്രകൃതിരമണീയമായ ഈ കുന്നിൻ പുറത്ത് നയനമനോഹരമായ സ്കൂൾ കെട്ടിടം പണിയ പ്പെടുകയുണ്ടായി. 1949 ശ്രീ. എൻ. കുഞ്ഞിരാമൻ വിദ്യാഭ്യാസ മന്ത്രിയും ഡോ. റ്റി. കോശി വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന കാലത്ത് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിലും മാർ. ജൂലിയോസ് മെത്രാപ്പോലീത്ത, വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെയും സമുദായ നേതാക്കന്മാർ ഉൾപ്പെടെയുള്ള ഒരു വൻപിച്ച സദസ്സിന്റെ സാന്നിധ്യത്തിലും കൂടിയ മഹായോഗത്തിൽ വച്ച് അന്നത്തെ റവന്യൂ മന്ത്രിയും തിരുകൊച്ചി സംയോജന കമ്മിറ്റി മെമ്പറുമായിരുന്ന അന്നത്തെ നമ്മുടെ ബഹുമാന്യനായ അധ്യക്ഷൻ. ശ്രീ. വി. ഒ. മർക്കോസ് അവർകൾ സ്കൂൾ ഉദ്ഘാടനം ചെയ്യുകയുണ്ടായി. സ്കൂളിന്റെ പിറവിക്ക് ഏറെ പരിശ്രമിച്ച ശ്രീ. എം. ഐ. ജോസഫിനെ (ഉപ്പായി സാറിനെ) പ്രധാന അദ്ധ്യാപകനായി നിയമിച്ചു. അന്നു മുതൽ 1974 -ൽ റിട്ടയർ ചെയ്യുന്നതു വരെ ദീർഘമായ 25 വർഷം സെൻറ് തോമസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി അദ്ദേഹം ശോഭിച്ചു.
ബലവത്തായ കെട്ടിടങ്ങളും വിശാലമായ സ്റ്റേഡിയവും നല്ല ലൈബ്രറിയും ലബോറട്ടറിയും ഉള്ള ഒന്നാംകിട ഹൈസ്കൂളായി ഈ സ്ഥാപനം ഉയർന്നു ഹൈസ്കൂൾ വിഭാഗം മാത്രമുള്ള ഇവിടെ 1971-ൽ 19 ഡിവിഷൻ വരെ ഉണ്ടായിരുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനം നിലനിർത്തിപ്പോന്ന ഹൈസ്കൂൾ എന്ന ബഹുമതി സെൻറ് തോമസ് നേടിയിരുന്നു. 1955 -56 കാലഘട്ടത്തിൽ ഈ സ്കൂളിൽ ഒരു പരീക്ഷാ സെന്ററിനുള്ള അനുവാദവും ലഭിച്ചു.
ഇട്ടിയപ്പാറ ഉൾപ്പെടെ പഴവങ്ങാടി പഞ്ചായത്തിലെ ഒട്ടനവധി വിദ്യാർഥികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇതിൽ സമൂഹത്തിൽ ഉന്നത പദവിയിൽ എത്തിയ ആളുകളും ഉൾപ്പെടുന്നു. ഇപ്പോഴും ഈ പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾ ഉൾപ്പെടുത്തി വർഷങ്ങളായി എസ്.എസ്.എൽ.സി.ക്ക് നൂറുമേനി വിജയം കരസ്ഥമാക്കി ഈ വിദ്യാലയത്തിന്റെ ജൈത്രയാത്ര തുടരുന്നു......