ഒറ്റദിവസം കൊണ്ട് സുന്ദരകാണ്ഡം മുഴുവന്‍ പാരായണം ചെയ്യുന്നതിന്റെ മഹത്വത്തെ, ആദിശേഷനെ കൊണ്ടുപോലും വിവരിക്കാനാവില്ലെന്ന് ഉമാമഹേശ്വരന് വിശദമാക്കുന്നു. സുന്ദരകാണ്ഡത്തിലുള്ള ഓരോ സര്‍ഗ്ഗവും മഹാമന്ത്രശക്തികള്ക്ക് സമാനമാണെന്നാണ് ആത്മീയ ആചാര്യന്മാര് അരുളി ചെയ്തിട്ടുണ്ട്. സുന്ദരകാണ്ഡം നമ്മള് എത്രത്തോളം പാരായണം ചെയ്യുന്നുവോ അത്രത്തോളം ഭഗവാനുമായി അടുക്കുന്നുവെന്നാണ് തത്വം.സുന്ദരകാണ്ഡത്തെ പരിശുദ്ധമായ ഭക്തിയോടെയും ഏകാഗ്രതയോടെയും ആത്മാര്‍ത്ഥത്തോടെയും പതിവായി പാരായണം ചെയ്തുപോന്നാല്‍ ജീവിതത്തിലുണ്ടാവുന്ന എല്ലാ ദുഃഖദുരിതങ്ങള്‍ക്കും അറുതിയുണ്ടാവും എന്നത് അനുഭവമാണ്.
സുന്ദരകാണ്ഡം പാരായണം ചെയ്തുപ്രാര്ത്ഥിച്ചാല് ജീവിതത്തില്‍ സമ്പല്‍സമൃദ്ധിയും ഐശ്വര്യങ്ങളും ഉണ്ടാവുകയും കഷ്ടങ്ങള്‍ അകലുകയും ചെയ്യും.സുന്ദരകാണ്ഡം വീണ്ടും വീണ്ടും പല ആവര്‍ത്തി പാരായണം ചെയ്താല്‍ മനോബലം വര്‍ദ്ധിക്കും.സുന്ദരകാണ്ഡം പാരായണം ചെയ്തുവന്നാല്‍ കാലതടസ്സങ്ങള് മാറി പെട്ടെന്ന് വിവാഹം നടക്കും. ദുഃഖങ്ങള്‍ക്ക് ശമനം ലഭിക്കും.
സുന്ദരകാണ്ഡം പാരായണം ചെയ്തുകൊണ്ട് ഹനുമാനെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ ഉത്സാഹം, അറിവ്, പ്രവര്ത്തിശക്തി, കീര്‍ത്തി, ലക്ഷ്യപ്രാപ്തി, തന്റേടം, ധൈര്യം, വീരം, ആരോഗ്യം, വാക്ചാതുരി എന്നിത്യാദി സദ്ഫലങ്ങളും ഉണ്ടാവും.
സുന്ദരകാണ്ഡം മനസ്സുരുകി പാരായണം ചെയ്താല്‍ പാപങ്ങള്‍ അകലും. അസാധ്യമായ കാര്യങ്ങള്‍പോലും അനായാസം പൂര്‍ത്തിയാക്കാനാവും. ഹനുമാന് വെറ്റിലമാല ചാർത്തി വെണ്ണയും നേദിച്ച് നെയ് വിളക്ക് കത്തിച്ചുവെച്ച് സുന്ദരകാണ്ഡം പാരായണം ചെയ്താൽ സന്താനഭാഗ്യമുണ്ടാകും.
രാമനവമി ദിവസം വ്രതമനുഷ്ഠിച്ച് ശ്രീരാമന് തുളസിമാല ചാര്‍ത്തി സുന്ദരകാണ്ഡം പാരായണം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാവും.ശ്രീരാമനൊപ്പം വീണ്ടും ഒന്നിച്ചുജീവിക്കാനാവും എന്ന വിശ്വാസം സീതയ്ക്ക് നല്‍കിയത് സുന്ദരകാണ്ഡമാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ സുന്ദരകാണ്ഡം പാരായണം ചെയ്യണമെന്ന് പറയുന്നത്.
ഏഴരശനി, അഷ്ടമശനി, ശനിദശ എന്നിവയുള്ളവര്‍ നിത്യവും സുന്ദരകാണ്ഡം പാരായണം ചെയ്തുവന്നാല്‍ ദോഷദുരിതങ്ങള്‍ അകലുമെന്നാണ് വിശ്വാസം.
സുന്ദരകാണ്ഡത്തില്‍ ഹനുമാന് സീതയെ കണ്ടെത്താനായി അശോകവനത്തില്‍ ചെല്ലുന്നതിന് മുമ്പായി ജപിച്ച ശ്ലോകം പതിവായി ജപിച്ചാല്‍ നിരന്തര വിജയങ്ങളാണ് ഫലം.സുന്ദരകാണ്ഡം ദീര്‍ഘകാലം പാരായണം ചെയ്യുന്നവരില്‍ നിന്നും നവഗ്രഹദോഷങ്ങള്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കും. സുന്ദരകാണ്ഡം എന്നാല്‍ സുഖമേകുന്ന സർ ഗ്ഗം എന്നും അർഥം പറയാം.
രാമായണത്തില്‍ മൊത്തം 24000 ശ്ലോകങ്ങളുണ്ട്. ഇതില്‍ 2885 ശ്ലോകങ്ങള്‍ സുന്ദരകാണ്ഡത്തിലുണ്ട്.
ആരൊരാള്‍ സുന്ദരകാണ്ഡം ആഴത്തില്‍ പാരായണം ചെയ്യുന്നുവോ അയാള്‍ക്ക് തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ മനസ്സിലാക്കുവാനുള്ള ശക്തി ലഭിക്കുന്നു. സുന്ദരകാണ്ഡപാരായണം നമ്മുടെ ജന്മവിനകളാല് ഉണ്ടാവുന്ന സ്വസ്ഥതയില്ലായ്മയെ പരിഹരിക്കുന്നു.സുന്ദരകാണ്ഡം സമയം കിട്ടുമ്പോഴൊക്കെ പാരായണം ചെയ്തുകൊണ്ടിരുന്നാല്‍ മനസ്സ് സദാ സംതൃപ്തവും ആഹ്ളാദ പ്രദവുമായിരിക്കും. സുന്ദരകാണ്ഡത്തില്‍ ഹനുമാന് കടല്‍ താണ്ടുന്നതിന് മുമ്പായി ജപിച്ച ശ്ലോകത്തിന്ജയപഞ്ചകം എന്നാണ് പേര്. ഇത് പാരായണം ചെയ്താല്‍ വീട്ടില്‍ സമ്പത്ത് വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. സുന്ദരകാണ്ഡത്തിലെ 42 -ആം സര്‍ഗ്ഗത്തിലുള്ള 33-ആം ശ്ലോകം മുതല്‍ 37-ആം വരെയുള്ള അഞ്ചു ശ്ലോകങ്ങളാണ് ജയപഞ്ചകം. ഇത് പാരായണം ചെയ്തു പ്രാര്‍ത്ഥിച്ചാല്‍ വിവാഹാർഥികളുടെ വിവാഹം ഉടന്‍ നടക്കുമെന്നാണ് വിശ്വാസം.ഒരു സ്ത്രീ ഗര്‍ഭം ധരിച്ച നാള് മുതല്‍ 9 മാസം വരെ മുടങ്ങാതെ സുന്ദരകാണ്ഡം പാരായണം ചെയ്താല്‍ ആണ്‍കുട്ടി ജനിക്കുമെന്നാണ് ഐതിഹ്യം.ഗര്‍ഭിണികള്‍ കുറഞ്ഞത് 5- മത്തെ മാസം മുതല്‍ സുന്ദരകാണ്ഡം പാരായണം ചെയ്തുവന്നാല്‍, ജനിക്കുന്ന കുട്ടി തികഞ്ഞ ഭക്തിയും സ്വഭാവശുദ്ധിയും ഉള്ള കുട്ടിയാവും.
സുന്ദരകാണ്ഡം പാരായണം ചെയ്യുന്ന ദിവസങ്ങളില്‍ നിര്‍ബന്ധമായും മാംസാഹാരങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വീട്ടിലും മാംസാഹാരം പാചകം ചെയ്യാന്‍ പാടില്ല
സുന്ദരകാണ്ഡത്തില്‍ ഗായത്രി മന്ത്രത്തിന്റെ അളവറ്റ ശക്തി അടങ്ങിയിട്ടുള്ളതായിട്ടാണ് കരുതപ്പെടുന്നത്. പൂജാമുറിയില്‍ വിളക്കുകത്തിച്ചുവെച്ച് അതിന്റെ മുന്നിലിരുന്നുകൊണ്ട് വായിക്കുന്നതാണ് ഏറ്റവും നല്ലത്. സുന്ദരകാണ്ഡം രാവിലെയും വൈകുന്നേരവും രണ്ടുനേരവും പാരായണം ചെയ്യാം.
സുന്ദരകാണ്ഡത്തിന്റെ ഓരോ സര്‍ഗ്ഗത്തിനും ഓരോരോ ഫലങ്ങളുണ്ട്. അത് മനസ്സിലാക്കി വായിച്ചാല്‍ വളരെ എളുപ്പത്തില്‍ ഫലം നേടാം.സുന്ദരകാണ്ഡം മുഴുവന്‍ വായിച്ച ശേഷം ഹനുമാനെ പൂജിച്ച് സാധുക്കളെ സഹായിച്ചാല്‍ അളവറ്റ പുണ്യം കിട്ടുന്നു.സുന്ദരകാണ്ഡം പാരായണം ചെയ്യുന്ന ദിവസം സൗകര്യപ്പെടും വിധം ഹനുമാന് പ്രിയപ്പെട്ട നേദ്യങ്ങള്‍ സമര്‍പ്പിക്കുന്നതും ഉത്തമം.സുന്ദരകാണ്ഡത്തിന്റെ പതിനൊന്ന് പുസ്തകങ്ങള്‍ പതിനൊന്ന് പേര്‍ക്ക് വായിക്കാനായി വാങ്ങിച്ചുകൊടുത്താല്‍ യാഗം ചെയ്തതിന്റെ ഫലം കിട്ടും എന്നാണ് വിശ്വസിക്കപ്പെടുന്നത്.