ഭൂമിയിൽ ധർമം പുനഃസ്ഥാപിക്കുന്നതിനായി അവതാരമെടുത്ത മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണ ഭഗവാന്റെ വിവിധ രൂപത്തിലുള്ള ചിത്രങ്ങൾ നമ്മുടെയെല്ലാം മനസ്സിൽ കളിയാടുന്നുണ്ട്. ഓരോ രൂപവും മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിച്ചാൽ ഭഗവാൻ ഓരോ അനുഭവ ഫലങ്ങളെ പ്രദാനം ചെയ്യുന്നതാണ്. അത്തരത്തിലുള്ള ചില ശ്രീകൃഷ്ണ ഭാവങ്ങളെ പരിചയപ്പെടാം.
നവനീത കൃഷ്ണൻ - വെണ്ണ കട്ടു തിന്നുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് ആരാധിക്കുന്നത് സന്താന സൗഖ്യത്തിന് ഫലപ്രദമാണ്.
ആലില കണ്ണന്റെ ചിത്രം ഗൃഹത്തിൽ വച്ച് ആരാധിക്കുന്നത് സന്താന സംബന്ധമായ അരിഷ്ടതകൾ നീങ്ങാൻ സഹായകമായിരിക്കും.
പശുവിന്റെ അകിടിൽ നിന്നും പാൽ കുടിക്കുന്ന കൃഷ്ണചിത്രം വച്ച് പ്രാർത്ഥിച്ചാൽ സന്താനങ്ങളുടെ ആരോഗ്യക്ലേശങ്ങളും രോഗങ്ങളും അകലും.
രാധാകൃഷ്ണന്മാരുടെ ചിത്രം വയ്ക്കുന്നത് ദാമ്പത്യ ക്ലേശങ്ങൾ മാറുന്നതിനും ദമ്പതിമാർ തമ്മിലുള്ള മാനസിക ഐക്യം ഉറപ്പിക്കുന്നതിനും സഹായകരമാകും.
മുരളികയൂതുന്ന ഭഗവാന്റെ ചിത്രം ആരാധിക്കുന്നത് കുടുംബ ഭദ്രതയ്ക്കും ശ്രേയസ്സിനും കലഹ നിവൃത്തിക്കും അത്യുത്തമമാണ്.
കാളിയ മർദ്ദന കൃഷ്ണരൂപം വച്ചാരാധിക്കുന്ന ഗൃഹങ്ങളിൽ ശത്രു ദോഷവും നാഗദോഷങ്ങളും ബാധിക്കുകയില്ല.
ദുരിതങ്ങളിൽ നിന്നും മോചനം നേടാനും ഏതു പ്രതിസന്ധികളെയും അതിജീവിക്കുവാനും ഗോവർദ്ധന ഗിരിധാരിയായ ശ്രീകൃഷ്ണരൂപം ആരാധിച്ചാൽ മതി.
മംഗല്യ ദോഷം മാറി വിവാഹയോഗമുണ്ടാകുവാൻ രുഗ്മിണീ സ്വയംവര ഭാവത്തിലുള്ള ശ്രീകൃഷ്ണനെ ആരാധിച്ചാൽ മതി.
ജ്ഞാന വർദ്ധനയ്ക്കും ശത്രു ജയത്തിനും മാർഗ വിഘ്ന പരിഹാരത്തിനും പാർത്ഥ സാരഥിയായ കൃഷ്ണ രൂപം ധ്യാനിച്ച് ആരാധിച്ചാൽ മതിയാകും.
ദാരിദ്ര്യ നാശത്തിനും കടബാധ്യതകൾ ഒഴിയാനും സുഹൃത് ബന്ധങ്ങൾ നിലനിൽക്കാനും കൃഷ്ണ കുചേല ചിത്രം വച്ച് ആരാധിച്ചാൽ മതി.
എല്ലാ വിധ ഐശ്വര്യവും ഭാഗ്യവും ലഭിക്കാൻ ഗുരുവായൂരപ്പ ചിത്രം വച്ച് ധ്യാനിച്ച് ആരാധിക്കുക. ഫലം നിശ്ചയം.
ഐശ്വര്യ വർദ്ധനവിനും കുടുംബ ഐക്യം നിലനിൽക്കുവാനും ലക്ഷ്മീ നാരായണ രൂപം ധ്യാനിച്ചു പ്രാർത്ഥിക്കുക. എല്ലാ ഹിന്ദു ഭവനങ്ങളിലും കാണേണ്ട ഒരു ചിത്രം തന്നെയാണ് ലക്ഷ്മീ നാരായണന്റേത്.