എന്തിനാണ് OHM ക്ഷേത്ര നിർമ്മാണ പദ്ധതിയിൽ ഏർപ്പെടുന്നത്?
കേരളീയ ഹൈന്ദവ ആചാരപ്രകാരമുള്ള ഒരു ക്ഷേത്രം നിലവിൽ OHM എന്ന സംഘടനയ്ക്ക് അല്ലാതെ മറ്റൊരു ഗ്രൂപ്പിനും സാധ്യമായി കാണുന്നില്ല. സനാതൻ ഹിന്ദു സൊസൈറ്റിയുടെ ബൃഹത്പദ്ധതിയിലെ ഒരംശം പൂർണ്ണ സ്വാതന്ത്ര്യത്തോടുകൂടി ഉപയോഗിക്കുവാൻ സാധിക്കുന്നത് വഴി വളരെ ചെലവ് ചുരുങ്ങിയ, എന്നാൽ നമുക്കാവശ്യമായതെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട്, ഒരു അമ്പലം പണികഴിപ്പിക്കുവാൻ ഇപ്പോൾ കിട്ടിയ അവസരം തീർത്തും പര്യാപ്തമാണ്. ഉദാഹരണത്തിന്, 12 ഏക്കർ ഭൂപ്രദേശത്തിന്റെ ഒത്ത നടുവിൽ ഒരു വലിയ ബിൽഡിങ്ങിന്റെ നല്ലൊരു അംശം നമ്മുടെ അമ്പലം നിലനിൽക്കത്തക്ക വണ്ണവും, അതുവഴി ആ പ്രദേശം മുഴുവനും, അമ്പലവും അതിനോട് ചേർന്നിരിക്കുന്ന ബിൽഡിംഗും കൾച്ചറൽ സെൻററും, ധാരാളം പാർക്കിംഗ് സൗകര്യങ്ങളുമെല്ലാം നമുക്ക് ഉപയോഗിക്കുവാൻ സാധ്യമാകുന്ന രീതിയിലാണ് ഈ പദ്ധതി രൂപപ്പെട്ടു വരുന്നത്. സ്വന്തമായി ഒരു അമ്പലം നാം വാങ്ങുന്ന മണ്ണിൽ പണി കഴിപ്പിക്കുമ്പോൾ വളരെ ചെറിയ ഭൂപ്രദേശത്ത് ഒരു ചെറിയ അമ്പലവും കുറച്ച് പാർക്കിംഗ് സൗകര്യവുമായി അത് ചുരുങ്ങുകയും, ഇപ്പോൾ ആവശ്യമായ തുകയേക്കാൾ അധികം വേണ്ടിവരികയും ചെയ്യും. കൂടാതെ സൗകര്യങ്ങളുടെ വിപുലീകരണം പിൽക്കാലത്ത് തടസ്സപ്പെടുവാനുള്ള സാധ്യതയും അധികമാണ് ഈ രീതിയിൽ നമ്മൾ ചിന്തിക്കുകയാണെങ്കിൽ. ഈ വൈവിധ്യമാണ് പ്രധാനമായും ഇപ്പോഴുള്ള പ്രോജക്ടിനെ വളരെ ആകർഷകമാക്കുന്നത്.
ക്ഷേത്ര നിർമ്മാണം എങ്ങനെ സാധ്യമാകും?
OHM സംഘടനയുടെ ഏകോപനത്തിൽ തീവ്ര പരിശ്രമത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. അതിലേക്കായി ഒട്ടനവധി ആളുകളെ പ്രോജക്റ്റിലേക്ക് ആകർഷിക്കപ്പെടേണ്ടതായിട്ടുണ്ട്. കാൽഗറിയിലെ ബഹുഭൂരിപക്ഷം ഹൈന്ദവ സമൂഹം ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഇത് കയ്യെത്തും ദൂരത്ത് തന്നെയാണ്. കൂടാതെ Alberta മുഴുവനായും, Canada, US, Middle East, കേരളം എന്നീ ദേശങ്ങളിൽ സുമനസ്സുകളെ ഈ പദ്ധതിയെ കുറിച്ച് ബോധവൽക്കരിച്ച് ധനസമാഹാരണം നടത്തുകയും വേണ്ടതായിട്ടുണ്ട്. കൃത്യമായ നടപടിക്രമങ്ങളിലൂടി ഗവൺമെൻറ് ഗ്രാൻഡ്സ്/ലോൺസ്, പ്രൈവറ്റ് ലോൺസ്, ബാങ്ക് ലോൺ എന്നീ മാതൃകകളും അവലംബിക്കുവാൻ ഉദ്ദേശമുണ്ട്.
ഈ ക്ഷേത്ര നിർമ്മാണം കൊണ്ട് നമുക്ക് എന്ത് പ്രയോജനമാണുണ്ടാവുക?
കാൽഗറി മലയാളി ഹൈന്ദവ സമൂഹത്തിന് ഒരു ആസ്ഥാനം (മറ്റു സമുദായങ്ങൾക്ക് ഇതുപോലെ നിലവിലിവിടെ ഉണ്ട് എന്ന് മനസ്സിൽ ഓർക്കുക), കേരളീയ പൈതൃകത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കുന്ന രീതിയിലുള്ള ക്ഷേത്രാചാര വിധികൾ, നമ്മുടെ ഓണം, വിഷു, തുടങ്ങിയ ആഘോഷങ്ങൾക്ക് ഒരു സ്ഥിരം വേദി, ക്ഷേത്രകലകളെ വികസിപ്പിക്കുവാനുള്ള അവസരം, പുതിയ തലമുറയ്ക്ക് കേരളീയ കലാസാംസ്കാരിക വിഷയങ്ങൾ പകർന്നു നൽകുവാനുള്ള ഒരു ആസ്ഥാനം, എന്നീ അവസരങ്ങളാണ് ഈ പദ്ധതിയിലൂടെ സംജാതമാകുന്നത്.
ഈ ബൃഹത്പദ്ധതിയിൽ എനിക്കെന്താണ് ചെയ്യാൻ സാധ്യമാകുന്നത്?
ഈ പദ്ധതിയെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് ശരിയായ രീതിയിൽ മനസ്സിലാക്കിക്കൊണ്ട് ആദ്യമായി ചെയ്യേണ്ടത് മനസ്സിരുത്തി ഗാഢമായി ചിന്തിക്കുക " *എനിക്ക് ഈ പദ്ധതിയിൽ ക്രിയാത്മകമായി എന്താണ് നൽകാൻ കഴിയുക എന്നുള്ളത്* ." ആ ചിന്താധാരയിൽ നിന്നും ഉരുത്തിരിയുന്ന വിഷയങ്ങളെ അക്കമിട്ട് എഴുതി പ്രാവർത്തികമാക്കാൻ സജ്ജമായ ഒരു മനസ്സോടുകൂടി മുന്നോട്ട് വരുക എന്നുള്ളതാണ് ആദ്യപടി.
ഈ പദ്ധതി നടപ്പിലാക്കാൻ ധനം ആണ് പ്രധാനം. ആയതിനാൽ, തങ്ങളാൽ കഴിയുന്ന ധനസഹായം എത്രയാണെന്ന് നിശ്ചയിക്കുക, അതിൽ നിന്നും ഒന്നോ രണ്ടോ പടി മുകളിലേക്ക് പോകാനുള്ള അവസരം ഉണ്ടോ എന്ന് തിരയുക, അതുകൂടാണ്ട് ധനസമാഹരണത്തിനുള്ള മറ്റ്അവസരങ്ങൾ സ്വയം കണ്ടെത്തി വിനിയോഗിച്ച് പ്രോജക്റ്റിലേക്ക് ധനസമാഹരണത്തിനുള്ള അവസരങ്ങൾ രൂപപ്പെടുത്തുകയോ, പ്രോജക്ട് fundraising-ന്റെ ഭാഗമായി ധനസമാഹരണത്തിനു വേണ്ടി പ്രവർത്തിക്കുക എന്നതൊക്കെയാണ്.
മുൻവിധികളോ ഉപാധികളോ ഇല്ലാതെ പ്രോജക്ടിന് ആവശ്യമായ സമയങ്ങളിലിലെല്ലാം തങ്ങളാൽ കഴിയും വിധം കഠിനമായി പ്രവർത്തിക്കുവാനുള്ള ഒരു മനസ്സ് സജ്ജമാക്കി മുമ്പോട്ട് വരിക എന്നുള്ളതും ഗുണകരമായി കാണുന്നു.