പതിനഞ്ച് വർഷക്കാലമായി കിനാലൂർ എ യു പി സ്കൂളിലെ പ്രധാനാദ്ധ്യാപകനായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ഉപ്പയും, നാട്ടിലെ സകലമാന ചെറുകിട സ്ഥാപനങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുന്ന പഞ്ചായത്ത് പ്രെസിഡന്റായ ഉമ്മയും, കേരളത്തിലെ പേര് കേട്ട ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എം ബി ബി എസിന് പഠിക്കുന്ന അനിയനും, പ്ലസ് ടു കഴിഞ്ഞതിന് ശേഷം മാമൂൽപ്രകാരമുള്ള നാഴികക്കല്ലുകളൊന്നു പോലും പിന്നിടാനുള്ള ഭാഗ്യം സിദ്ധിക്കാത്ത, നാട്ടിലെ മുപ്പത് കഴിഞ്ഞ തൊഴിൽരഹിതരും തദ്വാരാ അവിവാഹിതരുമായ ചെറുപ്പക്കാരുടെ സ്വയം പ്രഖ്യാപിത സംഘത്തലവനായ റയ്ഹാനും. ഗർഭാശയത്തിൽ വെച്ച് തന്റെ ആത്മാവിലെ നല്ലതെന്ന് തോന്നുന്ന ജനിതകപദാർത്ഥങ്ങളൊക്കെയും അപഹരിച്ച പടച്ചോനോട് റയ്ഹാന് എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു. രക്ഷപ്പെടാൻ പലവിധ അടവുകളും പയറ്റി നോക്കി - അങ്ങാടിയിലെ വയോധികരുടെ സംഗമകേന്ദ്രമായ മുറുക്കാൻ കടക്ക് സമീപം വെറൈറ്റി ജ്യൂസ് കട തുടങ്ങിയത് മുതൽ തലസ്ഥാന നഗരിയിൽ അലക്കുയന്ത്രം ശെരിപ്പെടുത്താനുള്ള സാങ്കേതിക സഹായം കൊടുക്കുന്ന കസ്റ്റമർ കെയർ പ്രതിനിധിയായി ജോലി ചെയ്തത് വരെ, പരാജയങ്ങളുടെ പട്ടിക ഒത്തിരി വലുതാണ്.
മുപ്പത് തികഞ്ഞതിൽ പിന്നെ റയ്ഹാന് വീട്ടിൽ നിന്ന് പണം ചോദിക്കാൻ ചെറുതായൊരു ബുദ്ധിമുട്ട്- ഈ ബുദ്ധിമുട്ട് എട്ട് വർഷങ്ങൾക്ക് മുൻപ് തന്നെ മറ്റു വീട്ടങ്കങ്ങൾക്ക് തോന്നിയിരുന്നത് കൊണ്ട് ക്രയവിക്രയങ്ങൾക്ക് തടസ്സങ്ങളൊന്നുമുണ്ടായില്ല. എങ്കിലും എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന് റയ്ഹാൻ മനസ്സിലുറപ്പിച്ചു. തീരുമാനമെടുത്തിട്ട് രണ്ട് വർഷക്കാലമായി- തലച്ചോറിൽ ഉദയം കൊണ്ട ഈ വിചിത്ര ചിന്ത ജന്മനാ മടിയന്മാരായ നാഡികൾ നാലുപാടുമെത്തിക്കാനെടുത്ത കാലയളവാണതെന്ന് വേണം ഗ്രഹിക്കാൻ.
ഫെബ്രുവരി 22, 2024. വൈകുന്നേരം സ്കൂൾ വിട്ട് കഴിഞ് മൈതാനത്തിലെത്തുന്ന ഇതരപ്രായക്കാരുമായി പന്ത് കളിയ്ക്കാൻ പോകുന്ന വഴിമധ്യേ റെയ്ഹാന് അഞ്ച് ലക്ഷം രൂപയടങ്ങുന്ന തുകൽപ്പെട്ടി വീണുകിട്ടി. അന്നേ ദിവസം ഉപ്പ ഉദ്യോഗത്തിൽ നിന്നു വിരമിച്ചു, ഉമ്മയെ എതിർസ്ഥാനാർത്തി അട്ടിമറിച്ചു, അനിയനെ ഒന്നാം വർഷക്കാരനായ നായർ യുവാവിനെ പരസ്യമായി അവഹേളിച്ചെന്ന പേരിൽ സ്ഥാപനത്തിൽ നിന്നും പുറത്താക്കി.
ശുഭം.