വെളിച്ചം കണ്ടതോടെ കരിയാത്തന്കാവുകാര്ക്ക് രാമനുണ്ണി പുണൃപുരുഷനായി. ഫെബ്രുവരി രണ്ടാം തീയ്യതി ഉച്ച തിരിഞ്ഞ് ഏകദേശം 3 മണിയായി കാണും- അറവുശാല നടത്തുന്ന അലിയാരാണ് രാമനുണ്ണിയെ കവലയില്‍ വെച്ച് അര്ദ്ധദേവനായി അവരോധിച്ചത്. പിന്നീടങ്ങോട്ട് രാമനുണ്ണി സൌമ്യമായല്ലാതെ സംസാരിച്ചില്ല, വര്‍ണ്ണാഭമായ വസ്ത്രം ധരിച്ചില്ല, പഴങ്ങളും പച്ചക്കറികളുമല്ലാതെ ഭക്ഷിച്ചില്ല. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ കൊണ്ട് മുപ്പത് പോലീസ് കേസുകള്‍ സമ്പാദിച്ച് കൂട്ടിയ രാമനുണ്ണിയെ പിന്നീട് ഒരു സംശയത്തിന്റെ പേരില്‍ പോലും ഒരു കാക്കിക്കാരനും വിളിപ്പിച്ചില്ല. സ്ത്രീ വിഷയത്തിലും അല്‍പ്പസ്വല്‍പ്പം കുപ്രസിദ്ധനായിരുന്ന രാമനുണ്ണിയുടെ അടുക്കലേക്ക് അനുഗ്രഹം വാങ്ങാനായി ഭാര്യമാരെ ഒറ്റക്കയക്കാന്‍ പോലും കരിയാത്തന്‍കാവിലെ പുരുഷകേസരികള്‍ ധൈര്യം കാണിച്ച് തുടങ്ങി.
രാമനുണ്ണിയുടെ ആശീര്‍വ്വാദം എന്തിനും പോന്നതാണെന്നുള്ള വിശ്വാസം കരിയാത്തന്കാവുകാര്ക്കുള്ളില് ഉടലെടുത്തു. രാമനുണ്ണിയുടെ അനുഗ്രഹത്തിന്റെ അമാനുഷികത സമര്‍ത്ഥിക്കാന്‍ ഒരുപാടുദാഹരണങ്ങള്‍ പീടികത്തിണ്ണകളില്‍ ചര്‍ച്ചയായി; ചുഴലിദീനക്കാരന്റെ രോഗം ശമിച്ചതും, വിരൂപന് വീരരാഘവന്റെ മംഗലമുറച്ചതും, പൊട്ടന് ചന്തുവിന്റെ മകന് പത്താം തരം പാസ്പായതും, എന്തിനധികം, ചെങ്കൊടി പാറിക്കൊണ്ടിരുന്ന കരിയാത്തന്കാവിന്റെ മണ്ണില്‍ റസാഖ് മാഷ് കൈപ്പത്തി നാട്ടിയതിന് പിന്നില്‍ വരെ രാമനുണ്ണിയുടെ അനുഗ്രഹവും ആശിര്വാദവുമാണെന്ന് കഥകള്‍ രചിക്കപ്പെട്ടു.
ദൂരെയുള്ള ഗ്രാമങ്ങളില്‍ നിന്ന് പോലും രാമനുണ്ണിയുടെ അനുഗ്രഹം വാങ്ങാനായി ആളുകളെത്തി തുടങ്ങി. രാമനുണ്ണി എന്നാല്‍ 'നന്നായി വരട്ടെ' എന്ന് ഹൃദയം കൊണ്ട് പറയുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. ഒരു നയാ പൈസ പോലും ഇതിന്റെ പേരില്‍ ആരില്‍ നിന്നും വാങ്ങിയില്ല. താന്‍ മഹാത്മാവാണെന്നോ ആള് ദൈവമാണെന്നോ പാടി നടന്നില്ല. പക്ഷെ, വര്‍ഷം രണ്ട് കഴിഞ്ഞപ്പോഴേക്കും കരിയാത്തന്‍കാവ് അറിയപ്പെടുന്നത് തന്നെ രാമനുണ്ണിയുടെ പേരിലായി.
അങ്ങനെ ഒരു ഞായറാഴ്ച്ച സന്ധ്യ കഴിഞ്ഞപ്പോള്‍, 'ബീ ബീ സീ കേരള' എന്ന് വലുതായെഴുതിയ ഒരു വെളുത്ത ഓമ്നി വാനില്‍ നിന്നും മുദ്രക്കടലാസ്സില്‍ 'സ്റ്റീഫൻ' എന്ന് പേരുള്ള ഈപ്പന്, രാമനുണ്ണിയെ തേടി കരിയാത്തന്കാവിലെത്തി. ലക്ഷ്യം രാമനുണ്ണിയുടെ അമാനുഷികതക്ക് പിന്നിലെ കാരണം കണ്ടെത്തുക. ഒട്ടും പ്രയാസപ്പെടാതെ തന്നെ ഈപ്പന് രാമനുണ്ണിയുടെ താവളം കണ്ടെത്തി. അനുവാദം ചോദിച്ചു കൂടെ കൂടി. രണ്ട് മൂന്ന് ദിവസം ഊണും ഉറക്കവുമെല്ലാം ഒരുമിച്ചായി. അസാധാരണമായി ഒന്നും തന്നെ കണ്ടില്ല. കാലം കുറേയായി ഈപ്പന് നാലാള് വായിക്കുന്ന നല്ലൊരു ലേഖനമെഴുതീട്ട്. ഇത് ഈപ്പന്റെ പ്രെസ്റ്റീജിന്റെ പ്രശ്മമാണ്. മൂന്നാം നാൾ ഈപ്പൻ രാമനുണ്ണിയുടെ കണ്ണ് വെട്ടിച്ച് മുറിയിലെ അലമാരകളും കട്ടിലിനടിയിലെ പെട്ടികളുമെല്ലാം പരിശോധിച്ചു. നിരാശ തന്നെ ഫലം. നാലാം നാള് ഈപ്പന് നാട് നീളെ നടന്ന് രാമനുണ്ണിയെ കുറിച്ച് സര്വേയെടുത്തു - എന്നിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. ഒടുക്കം മനസ്സുകൊണ്ട് തോല്‍വി സമ്മതിച്ച് ഈപ്പന് അഞ്ചാം നാള് തിരിച്ച് പോകാമെന്നുറച്ചു. വെള്ളിയാഴ്ച്ച ഉച്ചക്ക് രാമനുണ്ണിയുമായി അവസാനമൊരു നടത്തം കൂടിയാവാമെന്ന് കരുതി കൂട്ടിന് പോയ ഈപ്പന് പക്ഷെ തിരിച്ച് വന്നത് ഒരുഗ്രന്‍ ലേഖനവുമായാണ്.
അടുത്ത ഞായറാഴ്ച പ്രസിദ്ധീകരിക്കപ്പെട ബി ബി സി യുടെ ആഴുപ്പതിപ്പില് രാമനുണ്ണിയെ കുറിച്ച് ഈപ്പനെഴുതിയ ലേഖനമുണ്ട്. ഒപ്പം ഫെബ്രുവരി ഒന്നാം തീയ്യതി നിര്യാതയായ രാമനുണ്ണിയുടെ അമ്മയുടെ പേര് ആലേഖനം ചെയ്യ ഒരു കല്ലറയുടെ ഛായാപടവും.