മേശപ്പുറത്ത് നിറച്ചും കത്തുകളാണ്- കാലക്രമമനുസരിച്ച് അടുക്കിവെച്ചിരിക്കുകയാണ്. ഒരേ കൈപ്പട- എല്ലാ കത്തുകൾക്കൊടുക്കവും അനാവശ്യമായ ഒരു നീണ്ട വര. കാലമങ്ങനെ കടിഞ്ഞാൺ പൊട്ടിച്ചോടുന്ന വഴിക്ക് കടലാസിന്റെ കളർ മങ്ങിത്തുടങ്ങുന്നുണ്ട്, മഷിക്ക് സ്വത്വം കൈവരുന്നുണ്ട്- അത് ലേഖകന്റെ ആജ്ഞക്ക് വിപരീതമായി പരക്കാനാരമ്പിച്ചിട്ടുണ്ട്. വെള്ളക്കടലാസിനും എഴുത്താണിക്കും വില കൂടിയാതാകാം- അതല്ലെങ്കിൽ നിരന്തരമായ തപാലാപ്പീസിലേക്കുള്ള യാത്രകൾ നിവേദകനെ ദരിദ്രനാക്കിയതാകാം. അവസാനത്തെ രണ്ട് മൂന്നു കത്തുകളിൽ ചുവന്ന മഷിയാണുപയോഗിച്ചിട്ടുള്ളത്- അത് പരന്നിട്ടില്ല- മഷിക്ക് ചെറുതല്ലാത്ത ഒരു സൗരഭ്യം - മാർക്കറ്റിലെ മുന്തിയ ഇനം പേന കൊണ്ടെഴുതിയതാവണം. കൂമ്പാരം കണക്കേ കിടക്കുന്ന കത്തുകളെയും പതിനൊന്നരയെന്ന് സമയം കാണിക്കുന്ന നാഴികമണിയുടെ ചുവട്ടിലിരുന്ന് ഉച്ചയൂണ് കൊണ്ടുവന്ന ചോറ്റ് പാത്രം മേശമേൽ കൊട്ടുന്ന മേലുദ്യോഗസ്ഥരെയും ബുകോസ്കി മാറി മാറി നോക്കി. തപാലാപീസിലെ ഉദ്യോഗസ്ഥനായി ബുകോസ്കി ഇന്ന് നിയമിതാനായെ ഉള്ളൂ. എങ്കിലും കാര്യമന്വേഷിച്ചു. 'ഏതോ ഭ്രാന്തനെഴുതിയ പ്രണയ ലേഖനങ്ങളാണ്' എന്ന് മറുപടി കിട്ടി.
എല്ലാ ആഴ്ചയും ആശാനെഴുതും- എഴുതുന്നതെപ്പോളും ഒരാൾക്ക് തന്നെ- എന്നാൽ മേൽവിലാസം വ്യത്യസ്തമായിരിക്കും - ഈ ആഴ്ച ബോസ്റ്റനിലേക്കെങ്കിൽ അടുത്തയാഴ്ച സിയാറ്റൽ, പിന്നെ ന്യൂയോർക്, ചിക്കാഗോ, അങ്ങനെയങ്ങനെ. ഇവിടെ നിന്ന് കൊടുത്തയക്കുന്ന കത്തുകളെല്ലാം മേൽവിലാസത്തിൽ ഇങ്ങനെയൊരാളില്ലെന്ന് പറഞ് തിരികെയെത്തും. ഇവിടെ നിന്ന് കത്ത് കർത്താവിന്റെ തന്നെയടുക്കലെത്തിക്കാൻ ഭ്രാന്തൻ മേൽവിലാസമൊന്നുമെഴുതീട്ടുമില്ല. പീറ്ററാണ് ഈ സമ്പ്രതായം തുടക്കം കുറിച്ച കലാകാരൻ. എല്ലാ കത്തുകളും ഈ മേശപ്പുറത്ത് പ്രദർശിപ്പിക്കാനാരമ്പിച്ചു- കത്തുകളെല്ലാം എഴുതപ്പെട്ടവളാലല്ലെങ്കിലും വായിക്കപ്പെട്ടു. തപാലാപ്പീസിലെ നിരക്ഷരരെല്ലാം ആ വരികൾ കാമുകികാമുകന്മാർക്ക് സമ്മാനിച്ചു- തപാലാപ്പീസിലെ പൊടിപിടിച്ച കടലാസ്സുപെട്ടികൾക്കിടയിൽ തളച്ചിടപ്പെട്ട കലാകാരന്മാർക്ക് അവർ പ്രണയം പകരം നൽകി. എന്നാൽ ഒരു മാസമായി കത്തുകൾ വന്നിട്ട്. പ്രണയികൾ പുതിയ വരികൾക്ക് വിശക്കുന്നതായി സൂചന കിട്ടി തുടങ്ങീട്ടുണ്ട്. അഗ്നെ നയിച്ച ഒരു തിരച്ചിൽ സ്ക്വാഡ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി അലച്ചിലിലാണ്- ഇത് വരേക്കും വിവരമൊന്നും കിട്ടിയിട്ടില്ല. വിശദമായ ഈ വിവരണം അഞ്ചു മാസം മുൻപ് ജോലിയിൽ പ്രവേശിച്ച വില്ലിന്റേതായിരുന്നു.
തപാലാപ്പീസിലെ പ്രധാന പരിപാടി കാപ്പി കുടിയും ഗോസിപ്പടിയുമാണെന്ന് ബുകോസ്കിയുറപ്പിച്ചു. കാപ്പിക്ക് കൂട്ടാൻ കടിയൊന്നുമില്ലാതിരിക്കെ അയാൾ കത്തുകളെടുത്തു വായിച്ചു തുടങ്ങി- പുലരുവോളം വായിച്ചു- രണ്ടോ മൂന്നോ ആവർത്തി. വീട്ടിലെത്തിയ ബുകോസ്കിക്ക് കണ്ണടക്കാൻ കഴിഞ്ഞില്ല. കടലാസും പേനയുമായി ബെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ എന്തെക്കെയോ കുത്തിക്കുറിച്ചു. കത്തുകളിൽ കണ്ട അതേ പേര് തന്നെ പുറത്തെഴുതി- ഇത്തവണ സാൻ ഫ്രാൻസിസ്കോയിലേക്കാണ്. ഒടുക്കം ഒരു നീണ്ട വരയും. അടുത്ത ദിവസം സ്ക്വാഡ് തിരച്ചിലവസാനിപ്പിച്ചു.