ചരിത്രവഴിയിലൂടെ



ശ്രീമൂലംതിരുന്നാള്‍ മഹാരാജാവിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തിക്കൊണ്ട് ശ്രീമൂലനഗരം എന്നറിയപ്പെടുന്ന ഈ കൊച്ചുഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന നാടിനും നാട്ടുകാര്‍ക്കും അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ശ്രീമൂലനഗരം ഗവ. എല്‍. പി. സ്കൂള്‍. 125 വര്‍ഷം പഴക്കമുള്ള ഈ സരസ്വതിക്ഷേത്രം പിന്നിട്ട ചരിത്രവഴികള്‍ ഏറെയാണ്.

1895 ലാണ് വെള്ളാരപ്പിള്ളി പ്രവൃത്തി പാഠശാല എന്നപേരില്‍ ഈ വിദ്യാലയം കൈപ്രകുന്നില്‍ സ്ഥാപിതമായത്. അന്ന് ഈ പ്രദേശമാകെ വെള്ളാരപ്പിള്ളി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മറ്റു വിദ്യാലയങ്ങളൊന്നും ഇന്നാട്ടിലില്ലാതിരുന്ന ആ കാലഘട്ടത്തില്‍ ബഹു. പുതുശ്ശേരി മത്തായിയച്ഛനാണ് ഇങ്ങനൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്.

1957 ല്‍ ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥലത്തേക്ക് മാറ്റപ്പെടുകയും ശ്രീമൂലനഗരം ഗവ. എല്‍. പി. എസ്. എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. കണ്വാശ്രമം എന്ന ഓമനപേരില്‍ അറിയപ്പെട്ടിരുന്ന വിജനവും ഹരിതസുന്ദരവും ആയ ഒരു പറമ്പാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്.

പില്‍ക്കാലത്തു കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ പിന്നെയും കെട്ടിടങ്ങള്‍ അനിവാര്യമായിത്തീര്‍ന്നു. അങ്ങനെ 1985 ല്‍ ഒരു കെട്ടിടം പണിയുകയും അതുവരെയുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം മാറി 10-4 സമയം നിലവില്‍ വരികയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള അപാകത മൂലം പിന്നീട് അ കെട്ടിടം ഉപയോഗയോഗ്യമല്ലാതായി.

ഗ്രമപഞ്ചായത്തിന്റേയും ബ്ലോക്ക്പഞ്ചായത്തിന്റേയും സഹായത്തോടെ പണികഴിപ്പിക്കപ്പെട്ട 6 ക്ലാസ്സ്മുറികളോട് കൂടിയ കെട്ടിടം 1997ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ബഹു. ആലുവ നിയോജകമണ്ഡലം എം. എല്‍. എ. ശ്രീ. അന്‍വര്‍സാദത് അവര്‍കളുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ച് മറ്റൊരു കെട്ടിടവും മനോഹരമായ ഒരു സ്റ്റേജും നിര്‍മ്മിക്കുകയും 2016ല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള 1 കോടി രൂപ വിനിയോഗിച്ചു നിര്‍മിച്ച രണ്ടുനില കെട്ടിടത്തിലെ ക്ലാസ്സ്മുറികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി സുഗമമായി തീരും. കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ആധുനിക രീതിയിലുള്ള ക്ലാസ്സ്റൂം ഉപകരണങ്ങളും നൂതന സാങ്കേതിക വിദ്യകളുമാണ് ഇവിടെ ഒരുക്കികൊണ്ടിരിക്കുന്നത്.

പഴമയും പ്രൗഢിയും വിളിച്ചോതുന്ന ആ പഴയ കെട്ടിടം നമ്മില്‍ നിന്നും അടര്‍ത്തി മാറ്റപ്പെടുകയാണെങ്കിലും, പകരം നൂതനവും സാങ്കേതികവുമായ പുതിയ കെട്ടിടവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും വരും തലമുറകളെ കൂടുതല്‍ കൂടുതല്‍ വിജയത്തിലേക്ക് നയിക്കും എന്ന ശുഭ പ്രതീക്ഷയോടെ.........