ചൊവ്വുള്ള ചൊല്ലുകള്‍

വൈക്കം ഉണ്ണി ( Vaikom Unni )

ചൊവ്വുള്ള ചൊല്ലുകള്‍ - (യുധിഷ്ഠിര വാക്യം)

01. അമ്മ - അച്ഛന്‍ - മനസ്സ് - ചിന്ത

ഭൂമിയേക്കാളും ഗുരുത്വമാണമ്മയ്ക്ക്;

ഉയര്‍ന്നുനില്‍ക്കുന്നച്ഛനാകാശ മോളിലും. കാറ്റിനേക്കാള്‍ വേഗമോടുന്നതീ മനം. തൃണത്തിനെക്കാളും ബഹുതരം ചിന്തയും.02. മിത്രംപ്രവാസിക്കുമിത്രം സുഹൃത്തായിടുന്നു.

ഗൃഹസ്ഥന്നു ഭാര്യ മിത്രം: രോഗി-വൈദ്യനും.

ചാകാന്‍ കിടക്കുന്നവന്‍ തന്‍റെ മിത്രമോ...?

ദാനമെന്നുള്ളതായീടുന്ന കര്‍മ്മവും.

03. ചലനം-നിശ്ചലം

ഉറക്കത്തിലും കണ്ണടക്കില്ല മത്സ്യം:

ചലിക്കില്ലയണ്ഡമുണ്ടായതിന്‍ ശേഷം.

ഹൃദയമില്ലാത്തതീ കല്ലെന്നു ചൊല്ലുന്നു:

വേഗത്തില്‍ വര്‍ദ്ധിച്ചിടുന്നു നീര്‍ച്ചാലതും.

04. അതിഥി-മോക്ഷം-പാല്‍ - വായു.

സര്‍വ്വഭൂതങ്ങള്‍ക്കുമതിഥിയാണഗ്നി:

മോക്ഷത്തിന്‍ ഹേതുവോ ധര്‍മ്മം-സനാതനം.

ആയിടുന്നമൃതമീ പശുവിന്‍റെ നല്ല പാല്‍ .

ഈ ജഗത്തൊട്ടുക്കതുള്ളതോ...? വായുവും.

05. സൂര്യന്‍ - ചന്ദ്രന്‍ - അഗ്നി - ഭൂമി.

ഏകനായ് ചുറ്റിക്കറങ്ങുന്നു സൂര്യന്‍ .

പിറന്നതിന്‍ശേഷം പിറക്കുന്നു ചന്ദ്രന്‍ .

തീയായിടുന്നു ഹിമമായതിന്നൌഷധം.

വിള-വിളഞ്ഞീടുമീ ഭൂമിയാകും മഹാന്‍ .

06. ആശ്രയം

ധര്‍മ്മത്തിനാശ്രയം 'ദാക്ഷ്യ'മായീടുന്നെ-

ശസ്സിന്നു ദാനമീ സത്യമോ സ്വര്‍ഗ്ഗത്തി-

നാശ്രയം പിന്നെയീ ശീലത്തെയാശ്രയി-

ച്ചീടുന്നു മര്‍ത്ത്യന്‍റെ സൌഖ്യങ്ങളാകയും.

07.പുത്രന്‍ - ഭാര്യ - മേഘം - ദാനം.

പുത്രനായീടുന്നു മര്‍ത്ത്യന്‍റെയാത്മാവ-

വന്നു ദൈവം നല്‍കിടും സഖി ഭാര്യ താന്‍...

മഴ പെയ്തിടും മേഘമുപജീവനം മര്‍ത്യ-

നാകുന്നു ദാനം പരായണം മര്‍ത്യനും.

08. ശ്രേഷ്ഠം

ധന്യങ്ങളില്‍ ശ്രേഷ്ഠമാകുന്നു ദക്ഷത:

വേദപാരായണം ശ്രേഷ്ഠമാകും ധനം.

ലാഭങ്ങളില്‍ ശ്രഷ്ഠമാരോഗ്യമായിടും:

സന്തുഷ്ടി ശ്രേഷ്ഠം സുഖത്തില്‍വച്ചേറ്റവും.

09. ധര്‍മ്മം - ബന്ധനം - സന്ധി

പരമമാം ധര്‍മ്മം പരദ്രോഹ വര്‍ജ്ജനം.

പ്രണവത്തിലെ ത്രയീധര്‍മ്മം സദാ ഫലം.

ചിത്തത്തിന്‍ ബന്ധനം ദുഃഖവിനാശനം.

സജ്ജനത്തോടുള്ള സന്ധി വിനാശനം.

10. താജ്യം.

ദേഹാഭിമാനം ത്യജിക്കുകിലിഷ്ടനാം;

ക്രോധം ത്യജിക്കുന്നവന്‍ ദുഃഖമുക്തനും.

അര്‍ത്ഥമുണ്ടായിടും കാമം ത്യജിക്കുകില്‍ ;

ലോഭത്തെപ്പോക്കിലോ സിദ്ധിച്ചിടും സുഖം.

11. ബ്രഹ്മം-സൂര്യന്‍ - സത്യം.

ബ്രഹ്മമാണേന്തുന്നതാദിത്യനെ; ബ്രഹ്മ-

മായതിന്നനുചരന്മാരതും ദേവകള്‍ .

ധര്‍മ്മത്തിനാലസ്തമിക്കുന്നിതാദിത്യന്‍ :

ആണവന്‍തന്‍റെ നിലനില്‍പ്പുസത്യത്തിലും.

12. ശ്രോത്രിയന്‍

ആചാര്യമൊഴിയാലെ വേദാര്‍ത്ഥമവധാര-

ണം ചെയ് വതില്‍നിന്നു ശ്രോത്രിയനുണ്ടാ-

യിടുന്നൂ; ശ്രുതാര്‍ത്ഥം തപസ്സുകൊണ്ടവലോക-

നം ചെയ്തറിവൂ ... മഹത്തു ബ്രഹ്മം.

13. ഭാവങ്ങള്‍ (ബ്രാഹ്മണന്‍ )

ബ്രാഹ്മണര്‍ തന്‍റെ ദേവത്വമായീടുന്നു; വേദപാരായണം:

ആണവന്‍ തന്‍ സദാചാരം തപസ്സതും.

മാനുഷത്വം; ജനനമരണങ്ങളെന്നതും:

ദുഷ്ടമാം ധര്‍മ്മ-മപവാദങ്ങള്‍ ചൊല്ലലും.

14. ഭാവങ്ങള്‍ ( ക്ഷത്രിയന്‍ )

അസ് ത്രശാസ് ത്രം ക്ഷത്രിയന്‍റെ ദേവത്വവും:

യജ്ഞങ്ങളോ സദാചാരങ്ങളായതും.

ഭയമായിടുന്നവന്‍ തന്‍ മര്‍ത്യഭാവവും:

ദുഷ്ടന്‍റെമട്ട്-ശരണാര്‍ത്ഥരെ കൈവിടല്‍ .

15. യജ്ഞം.

യജ്ഞത്തില്‍ സാമമോ പ്രാണനായീടുന്നു:

യെജുസ്സായിടുന്നെജ്ഞമായതിന്‍ ചിത്തവും.

ഋക്കിനെ സ്വീകരിച്ചീടുന്നിതെജ്ഞങ്ങള്‍ :

അതിലംഘനം മൂനിവകളെജ്ഞങ്ങളില്‍ .

16. ദാനം

ബ്രഹ്മണന്നുള്ള ദാനം ധര്‍മ്മമായിടും:

ആയിടും ദാനം നടന്നു കീര്‍ത്തിക്കുമായ്.

ഭൃത്യന്നു ദാനം ഭരിപ്പതിന്നായിട്ട്:

രാജാവിനുള്ള ദാനം ഭയം കൊണ്ടതും!

17. അജ്ഞാനം-ബുദ്ധി-ലോഭം-സംഗം

ലോകത്തെ മൂടുന്നതജ്ഞാനമായിടും:

ലോകം തെളിഞ്ഞുവന്നീടുന്നു ബുദ്ധിയാല്‍.

ലോഭത്തിനാല്‍ വെടിഞ്ഞീടുന്നിതിഷ്ടരെ:

സംഗത്തിനാലെയപ്രാപ്യമീ സ്വര്‍ഗ്ഗവും.

18. മരിച്ചത്.

ദരിദ്രനാകും പുമാന്‍ മൃതനായ് ഭവിക്കു-

ന്നരാജകമായിടും രാഷ് ട്രം മരിച്ചതും.

ശ്രോത്രിയനില്ലാത്ത ശ്രാദ്ധം മരിച്ചതും;

ദക്ഷിണ കൂടാത്ത യജ്ഞമോ ചത്തതും.

19. ദിക്ക്‌-ഉദകം-അന്നം-വിഷം-ശ്രാദ്ധകാലം.

മാര്‍ഗ്ഗങ്ങള്‍ കാട്ടിടും സജ്ജനം ദിക്കുകള്‍:

ഉദകമാണാകാശ-മന്നം തരും പശു.

യാചനം തന്നെ വിഷമായി ഭവിപ്പതും:

ശ്രാദ്ധമുഹൂര്‍ത്തമോ...ജ്ഞാനിതന്‍ ലഭ്യത.

20. ലക്ഷണം.

സ്വധര്‍മ്മ വര്‍ത്തനം തപസ്സിന്‍റെ ലക്ഷണം:

മനസിന്റടക്കം തമസ്സിന്‍റെ ലക്ഷണം:

ദ്വന്ദ്വഭേദങ്ങളില്ലായ്മ ക്ഷമ ലക്ഷണം:

കൃത്യമല്ലാത്തതിന്‍ വര്‍ജ്ജനം ഹ്രീയതും.

ജ്ഞാനമായീടുന്നു തത്ത്വാര്‍ത്ഥബോധവും:

ചിത്തപ്രശാന്തിയോ ശമമായിടുന്നതും.

സര്‍വ്വത്തിനും സുഖഃമിച്ഛിപ്പതോ ദയ:

സമചിത്തമാകുന്നിതാര്‍ജ്ജവം മര്‍ത്ത്യന്.

21. ശ്രേഷ്ഠം.

ആവപത്തിന്നു ശ്രേഷ്ഠം വര്‍ഷമായിട്ടും:

നിവപത്തിന്‍ ശ്രേഷ്ഠമായീടുന്നു വിത്തുകള്‍.

സുഖജീവിതത്തിന്നു ശ്രേഷ്ഠം പശുക്കളും:

പ്രസവത്തില്‍ ശ്രേഷ്ഠമോ പുത്രനെത്തന്നെയും.

( ആവപം = വിത ; നിവപം = വിള )

22. ബലി.

ദേവകള്‍ക്കും പിന്നതിധികള്‍ക്കും; ഭൃത്യ-

വൃന്ദത്തിനും; പിതൃക്കള്‍ക്കും തനിക്കുമായ്

ബലിനല്‍കിടാത്തവന്‍ ജീവിച്ചിടുന്നില്ല-

യുച്ഛ്വസിച്ചീടുന്നതുണ്ടവനെങ്കിലും.

23. ക്രോധം-ലോഭം-സാധു-അസാധു.

ദുര്‍ജ്ജയനാകുന്ന ശത്രുതാന്‍ ക്രോധവും:

അക്ഷയമായിടും വ്യാധിയോ ലോഭവും:

സാധുവോ ഹിതനായിടുന്നിതേവര്‍ക്കുമേ:

ദയവിട്ടവന്‍തതന്നെയാകുന്നസാധുവും.

24. മോഹം-മാനം- ആലസ്യം-ശോകം.

മോഹം പിഴപ്പിച്ചിടുന്നു ധര്‍മ്മത്തിനെ:

ആത്മാഭിമാനമായീടുന്നു മാനവും.

കര്‍ത്തവ്യമാചരിക്കാത്തതാലസ്യവും:

അജ്ഞാനമാകുന്നു ശോകമെന്നുള്ളതും.

25. സ്ഥൈര്യം- ധൈര്യം-സ്നാനം-ദാനം.

സ്വധര്‍മ്മ നിഷ്ടയെ സ്ഥൈര്യമെന്നോതുന്നു.

ഇന്ദ്രിയനിഗ്രഹം ധൈര്യമെന്നുള്ളതും.

മലിനചിത്തം വൃത്തിയാക്കലോ സ്നാനവും:

ജീവജാലത്തെരക്ഷിപ്പതോ ദാനവും.

26. പണ്ഡിതന്‍-മൂര്‍ഖന്‍-കാമം-മത്സരം.

ധര്‍മ്മജ്ഞനെചൊല്ലിടുന്നു നാം പണ്ഡിതന്‍:

നാസ്തികന്‍തതന്നെയോ മൂര്‍ഖനെന്നുള്ളതും.

കാമമോ കാരണം സംസാരമായതിന്‍:

ഉള്ളിലെത്താപമായീടുന്നു മത്സരം.

ചൊവ്വുള്ള ചൊല്ലുകള്‍ (വിദുര വാക്യം) ഉറക്കം വരാത്തവര്‍

ബലമുള്ളവന്നോടിടഞ്ഞവന്നും;

ഉപജീവനത്തിന്നു വകയില്ലാത്തവന്‍:.

ധനം കൈവിട്ടവന്നും; ബലഹീനനും;

ചോരനും, കാമിയായുള്ളവന്നും

ഉണ്ടാകയില്ല-ഉറക്കമൊട്ടും.

ചൊവ്വുള്ള ചൊല്ലുകള്‍ (വിദുര വാക്യം) പണ്ഡിതന്മാര്‍

ചെയ്ത കര്‍മ്മങ്ങളെ ചൊല്ലിടാവൂ:

ചെയ്യുവാന്‍പോകുന്നതോതിടൊല്ല:

ചെയ്തതിന്‍ ശേഷമൊട്ടറിയും വിധം-

കര്‍മ്മമാചരിച്ചീടുവോന്‍ പണ്ഡിതന്നും.

തല്‍ക്ഷണം കാര്യം ധരിച്ചിടേണം:

ക്ഷമയോടെ കേട്ടര്‍ത്ഥമുള്‍ക്കൊള്ളണം:

നിഷ്കാമാനായി നല്‍കീടണം ദാങ്ങള്‍ :

ആയിട്ടും പൂരുഷന്‍ പണ്ഡിതന്നും.

കിട്ടാത്തവസ്തുവിലാശയുണ്ടായിടാ:

നഷ്ടമായ്പ്പോയത്തില്‍ ദുഃഖമുണ്ടായിടാ:

ആപത്തിലൊട്ടും പരിഭ്രമിച്ചീടൊലാ:

ഇപ്രകാരത്തില്‍വര്‍ത്തിപ്പവന്‍ പണ്ഡിതന്‍ .

ചിന്തിച്ചുറച്ചതിന്‍ ശേഷം തുടങ്ങുക:

മദ്ധ്യത്തിലായിട്ടു നിര്‍ത്താതിരിക്കുക:

പാഴാക്കിടൊല്ല വിലയുള്ളകാലത്തിനെ:

ഇപ്രകാരത്തില്‍വര്‍ത്തിപ്പവന്‍ പണ്ഡിതന്‍ .

ശ്രേയസ്സിലുന്മത്തനാവുകില്ല:

അവമാനമായതില്‍ ദുഃഖമില്ല:

നദിതന്റെ കയമൊത്ത ചിത്തത്തിനൊത്തു-

വര്‍ത്തിക്കുന്നവന്‍തന്നെ പണ്ഡിതന്നും.

ഭംഗിയായ്‌ ഭാഷണം ചെയ്യുന്നവന്‍ : തന്‍റെ-

കര്‍ത്തവ്യമൊന്നുമേ വിസ്മരിക്കാത്തവന്‍ :

താന്‍ഗ്രഹിച്ചുള്ളഗ്രന്ഥാര്‍ത്ഥങ്ങ-ളറിയാത്ത-

വന്നെ ഗ്രഹിപ്പിപ്പവന്‍ തന്നെ പണ്ഡിതന്‍ .

പ്രജ്ഞക്കതൊത്ത ശാസ് ത്രത്തിന്‍റെ ജ്ഞാനവും:

ശാസ് ത്രാനുസാരിയായീടുന്ന പ്രജ്ഞയും:

ചേര്‍ത്തുതന്‍ മര്യാദയൊത്തു വര്‍ത്തിക്കുന്ന

മര്‍ത്ത്യനോ-പണ്ഡിതന്‍ ; മൂഢനല്ലാത്തവന്‍ .

ക്രോധ-ഹര്‍ഷം; ദര്‍പ്പം; ലജ്ജ; സ്തംഭം;

മാന്യരെ മാനിക്കലെന്ന വൃത്തി:

അര്‍ത്ഥനാശം വരുത്താതെ വര്‍ത്തിച്ചിടും

മാനുഷന്‍ പണ്ഡിതനായിടുന്നു.

ചൊവ്വുള്ള ചൊല്ലുകള്‍ (വിദുര വാക്യം) മൂഢന്മാര്‍

അറിവില്ലയെങ്കിലും ഉണ്ടെന്ന ഗര്‍വ്വതും;

ബോധമില്ലെങ്കിലും ഉണ്ടെന്ന ഭാവവും;

ഒന്നുമേ കയ്യിലില്ലെങ്കിലും ആകയും-

തന്റെയെന്നുള്ളതാം തൃഷ്ണയാലാശയും:

വേലചെയ്യാതൊട്ടു വേതനം കിട്ടുവാന്‍ -

ആഗ്രഹിക്കുന്നവര്‍തന്നെയോ മൂഢരും.

സ്വന്തമായുള്ളതാമര്‍ത്ഥം വെടിഞ്ഞിട്ടും

അന്ന്യന്‍റെയര്‍ത്ഥത്തിലാശയുണ്ടാകയും;

മിത്രമുണ്ടാകുവാന്‍ പാഴ്വേലചെയ്കയും-

ചെയ്യുന്നവര്‍ തന്നെ മൂഢരെന്നുള്ളതും.

തന്നിലൊട്ടും പ്രേമമില്ലാത്തവര്‍കളെ-

പ്രേമിച്ചു പിന്നാലെ കൂടിനടക്കയും;

തന്നെയും പ്രേമിച്ചിടുന്നതാം മര്‍ത്ത്യരെ

ദാക്ഷിണ്യമില്ലാതുപേക്ഷിച്ചിടുന്നവര്‍ ;

ബലമുള്ളവര്‍കളില്‍ വിദ്വേഷമുണ്ടാ-

ക്കിടുന്നവര്‍ തന്നെയും മൂഢരെന്നുള്ളതും.

ശത്രുവെ മിത്രമായ്ക്കണ്ടിട്ടു കൂട്ടുക;

മിത്രത്തെ ശതൃവായ്ക്കണ്ടു ദ്വേഷിക്കുക;

ദുഷ്ക്കര്‍മ്മമായ കര്‍മ്മങ്ങളെ ചെയ്യുക;

ഇപ്രകാരത്തില്‍ വര്‍ത്തിപ്പവര്‍ മൂഢരും..

ചെയ്യേണ്ട കര്‍മ്മത്തില്‍ സംശയിച്ചീടുക;

സര്‍വ്വഭൂതങ്ങളേം സംശയിച്ചീടുക;

ഇന്നുചെയ്യേണ്ടവ നാളേക്കതാക്കുക;

മൂഢരായീടുന്നിതായതാം മാനുഷര്‍ .

ശ്രാദ്ധം പിതൃക്കള്‍ക്കു നല്‍കാതിരിക്കുക;

ദേവകള്‍ക്കര്‍ച്ചനം ചെയ്യാതിരിക്കുക;

സുഹൃത്തായിടും മിത്രമില്ലാതിരിക്കുക;

ആയവര്‍ മൂഢരായീടുന്നറിയുക.

അന്യന്‍റെ വീട്ടില്‍ വിളിക്കാതെ ചെല്ലുക;

ചോദിച്ചിടാതെ മദ്ധ്യത്തിലായ് ചൊല്ലുക;

വിശ്വാസയോഗ്യമല്ലാത്തതായുള്ളോരെ-

വിശ്വസിച്ചീടുന്നവര്‍തന്നെ മൂഢരും.

ദാതാവതല്ലാത്തവന്നെ സേവിക്കുക;

ശിഷ്യനൊട്ടല്ലാത്തവന്നെ ശാസിക്കുക;

ലുബ്ധനെത്തന്നേഭജിച്ചോണ്ടിരിക്കുക;

ആയതാം മൂഢരെ ദൂരെയാക്കീടുക.

ഇഷ്ടഭോജ്യം കൊതിച്ചീടുന്നൊരാശ്രിതര്‍ -

ക്കൊട്ടും കൊടുക്കാതെ ഭോജിച്ചിടുന്നവര്‍ ;

നല്ലവസ്ത്രം തന്‍റെയാശ്രിതര്‍ക്കൊന്നുമേ-

നല്‍കാതെ മോടികൂട്ടിച്ചമഞ്ഞീടുവോര്‍ ;

ആയുള്ള മൂഢരെ ചൊല്ലുന്നപേരതാ-

യീടുന്നതുണ്ടു 'ദുഷ്ടാത്മാക്ക'ളെന്നുപേര്‍ .

രാജന്‍ (വിദുരവാക്യം)

കാമക്രോധങ്ങള്‍ ത്യജിക്കണം രാജന്‍; ധനം-

നല്‍കിടേണ്ടതോ നല്ല പാത്രങ്ങളില്‍. 01

വിശ്വസ്തര്‍ തന്‍റെ നേരറിയണം രാജാവ്;

ദോഷങ്ങളെ ദണ്ഡനത്താലൊതുക്കണം.

തെറ്റിന്‍റെ തൂക്കത്തിനൊത്തു ദണ്ഡം-ക്ഷമ-

യാചരിക്കുന്ന രാജന്‍ പ്രശോഭിപ്പതും. 02

ദുര്‍ബ്ബലന്മാരിലവജ്ഞയുണ്ടായിടാ;

ഛിദ്രത്തെ നോക്കി സേവിക്കണം ശത്രുവെ;

ബലമുള്ളവന്നോടു പൊരുതുവാന്‍ പോയിടാ;

കാലത്തെ നോക്കിയായീടണം വിക്രമം. 03

ആപത്തിലൊട്ടുമേ ചഞ്ചലപ്പെട്ടിടാ-

തുദ്യമം തുടരേണ്ടതുണ്ടപ്രമാത്തനായ്.

ദുഃഖത്തെക്കെട്ടിയീ രാജ്യഭാരം സഹി-

ച്ചീടുന്ന രാജന്‍ ജയിക്കുന്നു ശത്രുവെ. 04

പാര്‍ത്തിടാ വീടുവിട്ടന്ന്യദേശങ്ങളില്‍

കാര്യങ്ങള്‍ കൂടാതെ രാജനായീടുകില്‍.

പ്രപിച്ചിടാ പരദാരത്തെ രാജനും;

പാപികളോടൊത്തുചേരാതിരിക്കണം. 05

വാശിക്കധര്‍മ്മത്തെയാചരിച്ചീടൊലാ;

തത്വമോതീടൊല്ല വേണ്ടാത്തവന്നൊടും.

മിത്രങ്ങളോടു വാദത്തിനായ് പോയിടാ;

കോപിച്ചിടൊല്ല പൂജിക്കാത്തവന്നൊടും. 06

അനസൂയനായനുകമ്പയോടൊത്തുവര്‍-

ത്തിക്കെതിര്‍ത്തീടൊല്ല ദുര്‍ബലാവസ്ഥയില്‍.

വായാടിയാകാതിരിക്കണം ക്ഷമയോടെ-

വാദ-പ്രതിവാദവേള വര്‍ത്തിക്കണം. 07

ഉദ്ധതനായിട്ടു മോടികൂട്ടിച്ചമ-

ഞ്ഞൊട്ടും നടന്നിടാ; ചൊല്ലിടാ ദുര്‍മ്മൊഴി.

അടക്കിയ വൈരമുയര്‍ത്തിടാ; ചാടാ-

തിരിക്കഹങ്കാരത്തിനാലെയൊന്നിങ്കലും. 08

ദുര്‍ഗ്ഗതിയായീടുമെങ്കിലും പോകാ-

തിരിക്കണം കാര്യമല്ലാത്ത കാര്യങ്ങളില്‍.

തോഷിച്ചിടൊല്ലൊട്ടു തന്‍റെ സൗഖ്യത്തി-

ലന്ന്യന്‍റെ ദുഖത്തിലും വേണ്ട സന്തോഷവും. 09

പശ്ചാത്തപിക്കൊല്ല നല്‍കിക്കഴിഞ്ഞതാ-

യീടുന്ന നിന്‍റെതായീടും ധനത്തിലും.

ഉത്തമ ധര്‍മ്മ വിചാരത്തൊടൊത്തുയര്‍-

ത്തീടുക വേണ്ടതുണ്ടാചാരമാകയും. 10

സഖ്യം; വിവാഹം; വ്യവഹാര വ്യാപാരങ്ങ-

ളൊക്കെ സമന്മാരൊടൊത്തു ചെയ്തീടണം. 11

പങ്കിട്ടു നല്‍കേണമാശ്രിതന്മാര്‍ക്കുമേ:

മിതമായി ഭക്ഷിക്കണം; ജോലി ചെയ്യണം.

മിതമായുറങ്ങണം; ശത്രുപോലും വന്നു-

യാചിക്കുകില്‍ നല്‍കിടേണമവന്നുമായ്. 12

വിരുദ്ധമായ് വല്ലകര്‍മ്മങ്ങളും ചെയ്യേണ്ടി-

വന്നാല്‍ രഹസ്യമായ് സൂക്ഷിക്കവേണ്ടതും.

പറഞ്ഞിടൊല്ലൊന്നുമാരോടുമെന്നിട്ടൊത്ത-

വണ്ണം പ്രവര്‍ത്തിക്കുകിലില്ലൊട്ടു നാശവും. 13

തന്‍റെ തെറ്റില്‍ സ്വയം ലജ്ജിച്ചിടുന്നവന്‍;

തന്‍റെ തേജസ്സിനാല്‍ത്തന്നെ ശോഭിച്ചിടും. 14

ചൊവ്വുള്ള ചൊല്ലുകള്‍ (വിദുരവാക്യം) 'ഒന്നുകള്‍ '

01.

ഏകമാം ധര്‍മ്മമോ പരമമാം ശ്രേയസ്സ്:

ഏകമാകും ക്ഷമ-യുത്തമം ശാന്തിയും:

ഏകമാകും വിദ്യ-പരമമാം തൃപ്തിയും:

ഏകമഹിംസനല്‍കും പരമ സൌഖ്യവും.

02.

'ബുദ്ധി'മാനെയ്യുന്ന ബുദ്ധിയാകും ശരം

ഭേദിച്ചിടും ബുദ്ധിമുട്ടാതെ ലക്ഷ്യവും.

03.

'ക്ഷമ'യെന്ന ധനമതോ ഗുണമതും ശക്തനും:

ശക്തന്നു ഭൂഷണംതന്നെ ക്ഷമയെന്നതും.

ചൊവ്വുള്ള ചൊല്ലുകള്‍ (വിദുരവാക്യം) 'രണ്ടുകള്‍ '

01.

ശത്രുവേ നിഗ്രഹിക്കാത്ത രാജാവിനേം;

ദേശാടനം ചെയ്തിടാത്തതാം ബ്രാഹ്മണര്‍ :

ഈരണ്ടുകൂട്ടരേം മൂഷികന്നെ സര്‍പ്പ-

മെന്നപോലെ വിഴുങ്ങീടുന്നു ഭൂമിയും.

02.

പരുഷമാം വാക്കുച്ചരിക്കാതിരിക്കുക:

ദുര്‍ജ്ജനത്തെപ്പൂജ ചെയ്യാതിരിക്കുക:

ഈരണ്ടു കര്‍മ്മങ്ങളാചരിച്ചീടുന്ന

മര്‍ത്ത്യന്‍ പ്രശോഭിച്ചിടുന്നു ലോകത്തിലും.

03.

കാമിയെ കാമിച്ചിടുന്നതാം നാരിമാര്‍ ;

പൂജ്യരെ പൂജിച്ചിടുന്നതാം മാനുഷര്‍ :

ഈരണ്ടുകൂട്ടരെ ചൊല്ലുന്ന പേരതാ-

യീടുന്നതുണ്ടു-'പരവിശ്വാസകാരികള്‍ ' .

04.

വൃത്തി ചെയ്യാത്ത ഗൃഹസ്ഥനും; വൃത്തികള്‍ -

ചെയ്യുന്ന ഭിക്ഷുവും നിഷ് പ്രഭരായിടും.

05.

'ക്ഷമയുള്ള പ്രഭു' : 'ദാനശീലന്‍ ദരിദ്രനും' :

എത്തിടുന്നൂ സ്വര്‍ഗ്ഗലോകത്തിനപ്പുറം.

06.

വേണ്ടാത്ത പാത്രത്തിലുള്ളതാം ദാനവും;

വേണ്ടുന്ന പാത്രത്തിലില്ലാതിരിക്കലും;

രണ്ടുമതിക്രമം തന്നെയാകുന്നു നീ-

ന്യായമായ് നേടിയ ദ്രവ്യമാമെങ്കിലും.

07.

അധമന്റെ കാമ-മപ്രഭുവിന്റെ കോപമിവ-

രണ്ടതും തീഷ്ണം; ക്ഷയിപ്പിപ്പു ദേഹവും.

08.

അദ്ധ്വാനിക്കാത്ത ദരിദ്രനും; ദാനങ്ങള്‍ -

ചെയ്യാത്ത ധനികനും മരണം വിധിക്കണം.

09.

യോഗാരൂഢരാകുന്ന സന്ന്യാസിമാര്‍ ;

യുദ്ധക്കളത്തില്‍ മരിച്ച യോദ്ധാക്കളും;

ഈ രണ്ടുകൂട്ടരുയര്‍ന്നുയര്‍ന്നാദിത്യ-

ബിംബിം പിളര്‍ന്നുയര്‍ക്കും മഹത്തുക്കളും.

ചൊവ്വുള്ള ചൊല്ലുകള്‍ (വിദുര വാക്യം) 'മൂന്നുകള്‍ '

01.

ഉത്തമന്‍, മദ്ധ്യമന്‍, അധമനെന്നുള്ളതാം

മൂവര്‍ക്കു കര്‍മ്മങ്ങള്‍ വെവ്വേറെ തന്നെയും.

02.

ഭാര്യ, പുത്രന്‍, ദാസനെന്നിവര്‍ നിര്‍ദ്ധനര്‍ :

എത്തുന്നവന്റെ സമ്പാദ്യങ്ങള്‍ നാഥനില്‍ .

03.

കാമ-ക്രോധം-ലോഭ മാകെ ത്യജിക്കണം;

ആത്മനാശം-നരക മാര്‍ഗ്ഗങ്ങള്‍ മൂന്നതും.

04.

ഭക്തന്‍ ; ഭജിക്കുന്നവന്‍ ; ഭഗവാന്റെയാ-

യീടുന്നു ഞാനെന്നു ചൊല്ലുന്ന മൂവരും;

ആശ്രയിച്ചാലുപേക്ഷിക്കൊല്ലെയാപത്തില്‍ -

രക്ഷിക്കവേണ്ടതായീടുന്നു ധര്‍മ്മവും.

ചൊവ്വുള്ള ചൊല്ലുകള്‍ (വിദുര വാക്യം) 'നാലുകള്‍ ' മുതല്‍ 'പത്തുകള്‍ ' വരെ.

അഗ്നിഹോത്രം; മൌന-മദ്ധ്യായനം; യജ്ഞ-

മായതാം നാലിനാല്‍ നീങ്ങിനില്‍ക്കും ഭയം:

ആയകര്‍മ്മങ്ങള്‍ മാനത്തിനായ് ചെയ്കില-

ത്ത്യന്തം ഭയാനകമായ് ഭവിക്കും ഫലം.

മുഖസ്തുതി ചൊല്ലുന്നവന്‍; സൂത്രശാലികള്‍;

അല്‍പജ്ഞരും, തരളഹൃദയരീ നാല്‍വരേം

കൂട്ടിടാ രാജാവ് കാര്യമാലോചന-

ക്കല്ലയ്കിലോ മുടിഞ്ഞീടുന്നു രാജ്യവും.

ഇഷ്ടത്തെ ചെയ്യും ദരിദ്രന്‍; ദരിദ്രനായീടും കുലീനനെ;

ജ്ഞാനിയാം വൃദ്ധനെ; പുത്രരില്ലാത്തുടപ്രേന്നോളെ നാല്‍വരേം

തന്‍ഗൃഹത്തില്‍ വസിപ്പിക്കുന്ന മര്‍ത്ത്യരോ-

വര്‍ത്തിച്ചിടുന്നു ‘ശ്രീമാന’തായെപ്പോഴും.

ദേവസങ്കല്‍പ്പവും; ധീമന്‍റെ വൈഭവം:

ജ്ഞാനിതന്‍ വിനയവും; പാപിതന്‍ നാശമിവ

നാലതുണ്ടെങ്കിലോ ഫലസിദ്ധി ശീഘ്രമാ-

മെന്നു ചൊല്ലുന്നിന്ദ്രനോടായ് ബ്രഹസ്പതി.

അഞ്ചുകള്‍.

മാതാ-പിതാവ് പിന്നഗ്നി-യാത്മാ-ഗുരു;

ആയ പഞ്ചാഗ്നികള്‍ പൂജിച്ചിടേണ്ടവ.

പിതൃക്കള്‍, ദേവന്മാ-ഋഷി-ഭിക്ഷുക്കള്‍ പാന്ഥരെ-

ന്നുള്ളതാമഞ്ചുമേ പൂജിച്ചിടേണ്ടവര്‍.

മിത്രമമിത്രമദ്ധ്യസ്ഥര്‍ ഗുരുക്കളീ-

ഭൃത്യരെന്നുള്ളഞ്ചനുഗമിച്ചീടുവോര്‍.

എപ്രകാരത്തിലീയോട്ടക്കുടത്തിന്‍റെ-

യുള്ളിലെ നീരുവാര്‍ന്നില്ലാതെയായിടും:

അപ്രകാരത്തിലീ പഞ്ചേന്ദ്രിയങ്ങളി-

ലൊന്നു ഛിദ്രിക്കുകില്‍ വാര്‍ന്നുപോം ബുദ്ധിയും.

ആറുകള്‍.

കാര്യങ്ങളെ ചൊല്ലിടാത്തയാചാര്യനേം;

തെല്ലുമേ വേദം പഠിക്കാത്ത വൈദികന്‍;

പ്രജകളെ രക്ഷിച്ചിടാത്ത രാജാവിനേം;

ഇഷ്ടത്തെയൊന്നുമേ ചെയ്യാത്ത ഭാര്യയേം;

നാട്ടിലായ് പാര്‍ക്കാന്‍ കൊതിക്കുന്നിടയനേം;

കാട്ടിലെ പാര്‍പ്പിനായ് പോകും ക്ഷുരകനേം;

തള്ളിക്കളയേണ്ടതുണ്ടാറുകൂട്ടരെ-

തുളവീണ തോണിയെക്കടലിലേക്കെന്നപോല്‍.

സത്യ-ദാനം പിന്നനാലസ്യ-മനസൂയ;

ക്ഷമ-ധൈര്യമാറിനേം കൈവെടിഞ്ഞീടൊല.

കാമ-ക്രോധം; ശോക-മോഹം; മദം; മാന-

മാറുമടക്കുന്നവന്നില്ലനര്‍ത്ഥവും.

പ്രമത്തനെക്കൊണ്ടുതന്നാകുന്നു ചോരനും;

രോഗിയെക്കൊണ്ടതായീടുന്നു വൈദ്യനും;

കാമികളാലെയാകുന്നതീക്കാമിനി;

യജമാനനാലെയോ യാഗപുരോഹിതന്‍;

വാദികളാലാണുവാദിച്ചിടുന്നവന്‍ ;

മൂര്‍ഖരെക്കൊണ്ടിന്നു പണ്ഡിതന്മാരുമാ-

യീടുമാറും സുഖം ജീവിച്ചിടുന്നതും.

പഠിച്ച ശിഷ്യന്‍ തന്‍റെ ഗുരുവിനെ;

വേളി കഴിച്ച ശിഷ്യന്‍ തന്‍റെയമ്മയെ;

കാമം കഴിഞ്ഞതാം കാമുകന്‍ കാമുകിയെ;

ധനം കിട്ടിക്കഴിഞ്ഞവന്‍ നല്‍കിയോനെ;

കരക്കെത്തിക്കഴിഞ്ഞവന്‍ തോണിയേയും;

പിന്നെ രോഗം ശമിച്ചവന്‍ വൈദ്യനേയും

വിസ്മരിച്ചീടുന്നതുണ്ടാറുകൂട്ടരും

തന്നെ സഹായച്ചതായുള്ളവര്‍കളെ.

നിദ്ര-തളര്‍ച്ച; ഭയം; ക്രോധ-മാലസ്യം;

ദീര്‍ഘസൂത്രം ദോഷമാറും ത്യജിക്കണം.

ഗോധനം; ഭാര്യ; കൃഷി; ശൂദ്രസംഗം; സേവ;

വിദ്യയാറും കണ്ണുതെറ്റിയാല്‍ കെട്ടുപോം.

രോഗങ്ങളില്ലായ്മയും കടംകൊള്ളായ്മ;

കടല്‍കടന്നുള്ളതാം യാത്രയില്ലയ്മയും;

നിര്‍ഭയവാസവും; സജ്ജനസംസര്‍ഗ്ഗം;

തന്‍റെ വിശ്വാസത്തിനൊത്തുള്ള വൃത്തിയും;

ആറിതും സുഖ-ലോകജീവിതത്തിന്നതും.

ഈര്‍ഷ്യയൊട്ടുള്ളവര്‍; നാണംകുണുങ്ങികള്‍;

ശങ്കിതര്‍; ക്രോധത്താല്‍ സന്തുഷ്ടരാകുവോര്‍;

അന്യന്‍റെ ഭാഗ്യത്തിനാലെ ഭുജിപ്പവര്‍;

ആയിടുന്നാറിതും നിത്യവും ദുഃഖിതര്‍.

ഏഴുകള്‍

സ്ത്രീസേവ; നായാട്ടു-ചൂതാട്ടവും മദ്യ-

സേവ; വാക്ക്പാരുഷ്യവും കൊടും ശിക്ഷയും;

പരദൂഷണങ്ങളിവയേഴതും മര്‍ത്യന്‍-

മരിക്കാന്‍ തുടങ്ങുന്നതിന്‍റെ ഛിഹ്നങ്ങളും.

എട്ടുകള്‍

ഹര്‍ഷത്തില്‍ സത്തായതെട്ടെണ്ണ-

മിഷ്ടജനസംസര്‍ഗ്ഗവും; ധനം കിട്ടലും;

പുത്രന്‍റെ കെട്ടിപ്പിടിക്കലും; ഇഷ്ടമാം സിദ്ധിയും;

പ്രിയമുള്ള ചൊല്ലുകള്‍; മൈധുനയോഗവും;

സ്വന്തം ജനത്തിന്‍റെുയര്‍ച്ചയും; സഭകളില്‍

മാനിക്കലിവയെട്ടുമാത്മസുഖമായതും.

ബുദ്ധിയും; വംശത്തിന്‍ ശുദ്ധിയും; വിദ്യയും:

ദമവും; പരാക്രമം; വേണ്ടുന്ന ചൊല്ലലും:

ശക്തിക്കതൊത്തദാനങ്ങള്‍; കൃതജ്ഞത:

ഗുണമെട്ടുമേ ശോഭയേറ്റുന്നു മര്‍ത്ത്യനും.

ഒന്‍പതുകള്‍

ഒന്‍പതുവാതിലങ്ങുള്ളതാം വീടിന്നു

തൂണുകള്‍ മൂന്നാണ്; സാക്ഷകളഞ്ചതും:

ഈ ഗൃഹത്തേയും ഗൃഹസ്ഥനേത്തന്നെയും

വേണ്ടപോലറിയുന്നവന്‍ താന്‍ മഹാകവി.

പത്തുകള്‍

മദ്യത്തില്‍മത്ത-നാസക്തന്‍ പ്രമത്തനും;

കോപിപ്പവന്‍; വിശക്കുന്നവന്‍; ഭ്രാന്തനും;

വെമ്പലൊട്ടുള്ളവന്‍; ലോഭി; ഭ്രാന്തന്‍; ഭയ-

പ്പെട്ടങ്ങിരിക്കുന്നവന്‍: പത്തധാര്‍മ്മികള്‍.

വിദുര വാക്യങ്ങള്‍ (ഗ്രൂപ്പ് ചെയ്യാത്തവ)

കൂട്ടുകച്ചവടത്തിന് കൂട്ടാന്‍ കൊള്ളാത്തവര്‍.

ദയയുള്ള രാജനേം, രാജന്‍റെ ഭൃത്യനേം,

കുടലനേം; സോദരന്‍; പുത്രനേം, പിന്നെയീ

മക്കളോടൊത്തുള്ള വിധവയേം, സ്വത്തുക്ക-

ളൊക്കെത്തുലഞ്ഞവന്‍; പടയാളി പിന്നെയധി-

കാരമൊഴിഞ്ഞവരെന്നെട്ടുകൂട്ടരെ

കൂട്ടിടാ കൂട്ടുവ്യാപാരത്തിനായിട്ട്‌.

പുരുഷനെ പ്രശോഭിപ്പിക്കുന്ന എട്ടുകൂട്ടങ്ങള്‍.

പ്രജ്ഞ; കുലം; നല്ല ജ്ഞാനം; ദമം പിന്നെ

ദാനം; പരാക്രമം; മിതമായ ഭാഷണം;

പരന്‍റെ ദാനത്തിന്നു കൂറുകാട്ടീടുകെ-

ന്നെട്ടു ഗുണങ്ങളാല്‍ ശോഭിച്ചിടും പുമാന്‍.

കുളി

നിത്യം കുളിക്കുകിലെത്തും ഗുണം പത്ത-

താകും ബലം; സ്വരവര്‍ണ്ണാദി ശുദ്ധി; രൂപം;

ലക്ഷ്മി; ശുദ്ധി, ഗന്ധം; സ്പര്‍ശനം; നല്ല-

ലാവണ്യവുംനല്ല നാരിമാരെന്നതും.

ദ്രവ്യം.

ദ്രവ്യമുണ്ടങ്കില്‍ സഹായിച്ചിടാം; ലഭ്യ-

മാകുന്നു ദ്രവ്യം സഹായത്തിനാലിവ-

രണ്ടുമേ കൂടിപ്പിണഞ്ഞിരിക്കുന്നവ-

രണ്ടുമേ ചേരാതെ ലഭ്യമല്ലൊന്നുമേ.

ഗൃഹസ്ഥന്‍.

ഗൃഹസ്ഥന്‍റെ സര്‍വ്വാര്‍ത്ഥ സിദ്ധിക്കതായിട്ടു

പുത്രന്നു ജന്മം കൊടുത്തു തന്നാത്മീയ-

മാകും കടങ്ങളെ വീട്ടണം; പുത്രന്നു-

വൃത്തികള്‍ നല്‍കണം; പുത്രിതന്‍ കൈപിടി-

പ്പിക്കണം ശേഷം വനത്തിലും പാര്‍ത്തുമുനി-

വൃത്തിയാലാകയര്‍പ്പിക്കേണമീശനില്‍.

വ്യാഘ്രവും വനവും.

കൌരവര്‍ നൂറതായീടും വനം-

വ്യാഘ്രമാകുന്നു പാണ്ഡവര്‍:

വെട്ടിടൊല്ലേ വ്യാഘ്രമൊത്തുള്ള കാടുകള്‍;

ഒടിച്ചിടൊല്ലവ വെട്ടി വ്യാഘ്രങ്ങളെ:

വ്യാഘ്രങ്ങളില്ലെങ്കിലില്ലയീ കാടുകള്‍;

കാടതൊട്ടില്ലങ്കിലില്ല വ്യാഘ്രങ്ങളും:

കാടുരക്ഷിപ്പതീ വ്യാഘ്രത്തെ, വ്യാഘ്രമോ-

രക്ഷിച്ചിടുന്നതീ കാനനം തന്നെയും.

പുരുഷന്‍റെ അഞ്ച് ബലം.

പുരുഷന്‍റെ ബലമഞ്ചിലേറ്റവും ശ്രേഷ്ഠ-

മല്ലാത്തതായീടുന്നു ബാഹുബലം:

നാലാമാനാകു-‘മമാത്യലാഭം’ ബലം;

മൂന്നാമതാകുന്നു ‘വിത്തലാഭം’:

പിതൃ-പൈതാമഹമായൊ-‘രാഭിജാത്യം’ ബലം-

രണ്ടാമനും പിന്നെ നാലിനെയും

താങ്ങിനിര്‍ത്തീടുന്നിതൊന്നാമനായുള്ള

ശ്രേഷ്ഠമാകും ബലം ‘പ്രജ്ഞ’തന്നെ.

വിശ്വാസം.

ബുദ്ധിമാന്‍ വിശ്വസിക്കില്ല രാജാവിനേം;

പാമ്പിനേം, പെണ്ണിനേം, ശത്രുക്കളേം:

വിശ്വാസമില്ലവനായുസ്സിലും; സുഖം-

തന്നിലും വിശ്വസിച്ചീടുകില്ല.

ഗൃഹാസ്ഥാശ്രമിയുടെ കര്‍മ്മം.

ഗൃഹസ്ഥനോ ഭാര്യയെ രക്ഷിച്ചു പൂജിക്ക-

വേണമന്തപ്പുരം നല്‍കണം താതനും.

അമ്മക്കഅടുക്കള നല്‍കിടേണം; തന്നെ-

യെന്നപോല്‍ രക്ഷിക്കവേണം പശുക്കളെ.

കാര്‍ഷിക വൃത്തികള്‍ ചെയ്തിടേണം സ്വയം;

ഭൃത്യരെക്കൊണ്ടു ചെയ്യിക്കണം വാണിഭം.

ബ്രാഹ്മണ പൂജകള്‍ ചെയ്യിച്ചിടേണ്ടതോ

പുത്രരെക്കൊണ്ടതായീടുന്നു ധര്‍മ്മവും.

അറിവ്.

ബ്രാഹ്മണനാരെന്നതറിയുന്നു ബ്രാഹ്മണന്‍:

ഭാര്യ ഭര്‍ത്താവിനെ; പ്രജകളെ രാജനും:

രാജാവിനേയറിയേണ്ടവന്‍ രാജാവു-

മാത്രമാണന്നറിയുന്നവന്‍ രാജനും.

ദുഷ്ടന്‍.

ദുഷ്ടനെന്നാകിലും തോഷിപ്പിച്ചീടണം

യോഗക്ഷേമത്തിന്നു ഹാനിയായീടുകില്‍.

ഗ്രഹിക്കല്‍.

ഗ്രാഹ്യം ഗ്രഹിക്കാതിരിക്കലും; വിദ്വാന്‍-

ഗ്രഹിച്ചവ ചെയ്യാതിരിക്കലും പാപമാം.

നഷ്ടം.

വേദത്തിന്‍ ജ്ഞാനമോ; വൃദ്ധനെത്തന്നെയോ-

കൂടാതെ ധര്‍മ്മാര്‍ത്ഥമൊന്നും ഗ്രഹിക്കുകി-

ല്ലാരും ബൃഹസ്പതിക്കൊത്തവനെങ്കിലും:

നഷ്ടമായ്പ്പോകുന്നിതാഴിയില്‍ വീണതും;

നഷ്ടം ഗുരുമുഖത്തീന്നു കേള്‍ക്കാത്തതും:

നഷ്ടമീ മൂഢന്‍റെ കാതിലായ് ചൊല്ലലും;

കെട്ടതാം ഹോമാകുണ്ഡത്തിലെ ഹവ്യവും;

ആത്മാവുകെട്ടവന്നുള്ളുപദേശവും.

നാശകന്‍.

വിനയമകീര്‍ത്തിതന്‍ നാശകന്‍ തന്നെയും;

വീര്യത്തിനാലെ നശിപ്പനര്‍ത്ഥങ്ങളും:

ക്ഷമതന്നെ നാശകന്‍ ക്രോധത്തി-നശുഭമി-

ല്ലാതെയാകുന്നതാചാരമായീടുന്നു.

കുലമഹിമ.

കുലമഹിമയറിയുവാനറിയണം പരിജന-

മേതെന്നു-ജന്മദേശം; വേഷഭൂഷണം:

ചെയ്യുന്ന വേലകളെന്തെന്നുമറിയേണ-

മാഹരിച്ചീടുന്നതെന്തതെന്നുള്ളതും.

മൈത്രി.

ചിത്തവും, കര്‍മ്മവും ബുദ്ധി-യാനന്ദവും-

തമ്മിലായുള്ള മൈത്രിക്കില്ല നാശവും.

വിഷമം.

വിഷയം ത്യജിക്കുവാന്‍ വിഷമമുണ്ടേറെയൊ-

ട്ടത്രയില്ലാ വിട്ടു പിരിയുവാന്‍ മൃത്യുവെ.

നയം.

ന്യായമായ് നേടുന്നതന്യായമായിട്ടു-

നഷ്ടമാകില്‍ വീണ്ടെടുക്കാം നയത്തിനാല്‍.

ഫലം

വേദത്തിനാലെയാണഗ്നിഹോത്രം ഫലം;

വിദ്യതന്നാലെയും ശീലവൃത്തം ഫലം:

നാരിയില്‍നിന്നുരതി-പുത്രലാഭം ഫലം;

‘ദത്തഭുക്തം’ ധനത്താലെ നേടും ഫലം.

ബലം.

താപസര്‍തന്‍ ബലം തപസ്സായിടുന്നതും;

വേദമാകും ബലം ബ്രാഹ്മണര്‍ക്കാകയും.

ദുര്‍ജ്ജനത്തില്‍ ബലമാകുന്നഹിംസയും;

ക്ഷമയായിടും ബലം ഗുണവാന്‍റെയും.

ജയം.

ക്രോധവാനെ ക്രോധമില്ലയ്മയാലുമ-

സാധുവിനെ സാധുവായും ജയിക്കണം.

ലുബ്ധനെ ദാനത്തിനാലെ-യസത്യവാ-

നെജയിച്ചീടണം സത്യത്തിനാലെയും.

ശോച്യം.

വിദ്യയില്ലാത്തതാകും പുമാല്‍ ശോച്യനും;

പ്രസവിചിടാത്തവളൊത്തുള്ള മൈഥുനം;

ഭക്ഷണം കിട്ടാത്ത നാട്ടിലെ പ്രജകളും;

രാജനില്ലാത്തതാം രാജ്യവും ശോച്യമാം.

ജര.

ദേഹികള്‍ക്കൊക്കെയും വഴിയതാകും ‘ജര’:

ജലമതായീടുന്നു മലതന്‍റെ ‘ജര’യതും.

നാരിക്കു സംഭോഗമില്ലായ്മയും ‘ജര’:

വാക്ക്ശൈല്യമാകും മനസ്സിന്‍റെ ‘ജര’യതും.

മലം.

അഭ്യാസമില്ലായ്മതാന്‍ ‘മലം’വേദത്തി-

നാക്കും മലം വൃതമില്ലായ്മ ബ്രാഹ്മണര്‍-

ക്കൂഴിക്കു ബാല്‍ഹീകരാകും മലം; മലം-

പുരുഷന്നനിഷ്ടവും-സാധ്വിക്കു കൌതുകം:

പ്രവാസമാകും മലം നാരിക്കു; സ്വര്‍ണ്ണ-

ത്തിനാകും മലം വെള്ളി; വെള്ളിക്കു പിച്ചള;

പിച്ചളക്കീയമാകും മല-മീയത്തി-

നാക്കും മലം കറയെന്നതോ സത്യവും.

ജയം.

ഉറങ്ങി ജയിക്കുവാനാകില്ല നിദ്രയെ-

ക്കാമസംഭോഗത്തിനാകില്ല നാരിയെ:

വിറകിനാലഗ്നിയും കീഴടങ്ങീടില്ല-

പാനത്തിനാലെയാകില്ല മദ്യത്തെയും.

വര്‍ജ്ജ്യം.

വിദ്യയര്‍ത്ഥിപ്പവന്‍ വര്‍ജ്ജിക്കണം സുഖം;

സൌഖ്യമര്‍ത്ഥിപ്പവന്‍ വര്‍ജ്ജിപ്പു വിദ്യയെ.

അതൃപ്തി.

വിറകിനാലഗ്നിക്കു തൃപ്തിയുണ്ടായിടാ;

നദികളാല്‍ നിറയുന്നതില്ലാ സമുദ്രവും:

കൊലചെയ്തു മതിയില്ല യമനുമീ നാരിമാര്‍-

തൃപ്തരായീടുകില്ലാ നരനാലുമേ.

ചൊവ്വുള്ള ചൊല്ലുകള്‍ (സനത്സുജാതവാക്യം)

മഹാഭാരതം-ഉദ്യോഗപര്‍വ്വം-സനത്സുജാതപര്‍വ്വം

അദ്ധ്യായം 42

(സനത്സുജാതവാക്യം)

വൈശമ്പായന ഉവാച:

“തതോ രാജാ ധൃതരാഷ്ട്രോ മനീഷി

സംപൂജ്യ വാക്യം വിദുരേരിതം തല്‍

സനല്‍സുജാതം രഹിതേ മഹാത്മാ

പപ്രച്ഛ ബുദ്ധിം പരമാം ബഭൂഷന്‍ ” (01)

വൈശമ്പായനന്‍ പറഞ്ഞു:

“ധാര്‍ത്തരാഷ്ട്രന്‍ തന്‍റെ സോദരന്‍ വിദുരന്‍റെ

വാക്യങ്ങള്‍ കേട്ടു മാനിച്ചു തന്‍ പ്രജ്ഞയെ

വീണ്ടും പ്രകാശിപ്പതിന്നായ് ‘സനത്സു-

ജാത’മുനിതന്നൊടേകാന്തെ ചോദിച്ചു.” (01)

ധൃതരാഷ്ട്ര ഉവാച:

സനല്‍സുജാത യദിദം ശ്രുണോമി

ന മൃത്യുരസ്തീതി തവപ്രവാദം

ദേവാസുര ഹ്യാചരന്‍ ബ്രഹ്മചര്യം

അമൃത്യവേ തല്‍ കരതന്നു സത്യം? (02)

ധൃതരാഷ്ട്രര്‍ പറഞ്ഞു:

മരണമെന്നൊന്നതില്ലെന്നങ്ങുചൊല്ലിയെ-

ന്നോതുന്നു വിദുരാദിയായുള്ള യോഗികള്‍

പിന്നെയെന്തിന്നതായമൃതരായായീടുവാന്‍

ദേവാദി-ദീക്ഷിച്ചു ബ്രഹ്മചര്യത്തെയും? (02)

സനത്സുജാത ഉവാച:

ആപൃച്ഛഃ കര്‍മ്മണാ യച്ച

മൃത്യുര്‍ന്നാസ്തീതി ചാപരം

ശ്രുണു മേ ബ്രുവതോ രാജന്‍,

യഥൈതത്മാ വിശങ്കിഥാഃ (03)

സനത്സുജാതമഹര്‍ഷി പറഞ്ഞു:

വേദോക്തകര്‍മ്മങ്ങളാല്‍ മൃത്യു നീങ്ങുമെ-

ന്നോതുന്നിതൊട്ടുപേ-രപരനോ ചൊല്ലുന്നി-

തില്ലതും മരണമെന്നൊന്നതില്ലൊന്നതു-

തന്നെയായീടുന്നു രണ്ടുമെന്നെന്‍ മതം. (03)

ഉഭേ സത്യേ ക്ഷേത്രിയൈതസ്യ വിദ്ധി

മോഹാന്മൃത്യുഃ സമ്മതോയം കവീനാം

പ്രമാദം വൈ മൃത്യുമഹം ബ്രവീമി

തഥാ ഽ പ്രമാദമമൃതത്വം ബ്രവീമി. (04)

രണ്ടതും സത്യമജ്ഞാനമോ മൃത്യുവും

ജ്ഞാനമാകുന്നതാണമൃതമെന്നുള്ളതും.

ആകും പ്രമാദമോ മൃത്യുവായീടുന്നി-

തമൃതമാകുന്നതാണപ്രമാദത്വവും. (04)

പ്രമാദാദ്വൈ അസുരാഃ പരാഭവ-

ന്നപ്രമാദാല്‍ ബ്രഹ്മഭൂത്വാ ഭവന്തി

നൈവ മൃത്യുര്‍വ്യാഘ്ര ഇവാത്തി ജന്തൂന്‍

ന ഹസ്യ രൂപമുപലഭ്യതേ ഹി. (05)

പ്രമാദത്തിനാലെയുണ്ടാകുന്നതസുരത്വ-

മപ്രമാദംതന്നെ ബ്രഹ്മസ്വരൂപവും

മൃത്യു വ്യാഘ്രംപോലെയാക്രമിക്കില്ലജ-

ന്തുക്കളെ; സംഭവിക്കും, കണ്ടുകിട്ടിടാ. (05)

യമം ത്വേകേ മൃത്യുമതോ / ന്യമാഹൂ-

രാത്മാവസന്നമമൃതം ബ്രഹ്മചര്യം

പിത്രുലോകേ രാജ്യമനുശാസ്തിദേവ

ശിവഃശിവാനാമശിവോ ഽ ശിവാനാം. (06)

മൂഢര്‍ചൊല്ലുന്നിതജ്ഞാനമല്ലാ മൃത്യു-വാകുന്നു

പുണ്യപാപത്തിനൊത്തസുഖ-സൗഖ്യം വിധിക്കും

പിതൃലോകം ഭരിക്കുന്ന, ജീവികള്‍ക്കുള്ളിലങ്ങുള്ളതാകും

ബ്രഹ്മചര്യന്‍ യെമനതായീടുന്നു മൃത്യുവും. (06)

അസ്യാദേശാന്നിസ്സരതേ നരാണാം

ക്രോധഃ പ്രമാദോ ലോഭരൂപശ്ച മൃത്യുഃ

അഹം ഗതേ നൈവ ചരന്‍ വിമാര്‍ഗ്ഗാ-

ന ചാത്മനോ യോതുമപൈതി കശ്ചില്‍. (07)

കോപം, പ്രമാദ-മോഹങ്ങളായ് മൃത്യുവര്‍ -

ത്തിപ്പതുണ്ടെമരാജശാസനത്താലെയെ-

ന്നിട്ടഹങ്കാരത്തൊടൊത്തധര്‍മ്മത്തിന്‍റെ

മാര്‍ഗ്ഗേചരിച്ചു യോഗത്തെ ത്യജിപ്പതും. (07)

തേ മോഹിതാ സ്ത്വദ്വശേ വര്‍ത്തമാനാഃ

ഇതഃ പ്രേതാസ്തത്ര പുനഃ പതന്തി

തതസ്താന്‍ ദേവാ അനുവിപ്ലവന്തേ

അതോ മൃത്യുര്‍മരണാഖ്യാമുപൈതി. (08)

അജ്ഞാനമാമഹംദേഹസംബുദ്ധിയാല്‍

ബന്ധിതനായിന്ദ്രിയത്തിലാസക്തനായ്

പിന്നെയും, പിന്നെയും മൃത്യുജന്മങ്ങളെ

പ്രാപിച്ചിടുന്നതീ മര്‍ത്ത്യനജ്ഞാനിയായ്. (08)

കര്‍മ്മോദയേ കര്‍മ്മഫലാനുരാഗാ-

സ്തത്രാനു തേ യാന്തി ന നരന്തി മൃത്യും

സദര്‍ത്ഥയോഗാനവഗമാല്‍ സമന്താല്‍

പ്രവര്‍ത്തതേ ഭോഗയോഗേന ദേഹീ. (09)

കാമ്യകര്‍മ്മങ്ങളാല്‍ ഫലസിദ്ധിനേടുവാന്‍

യത്നിച്ചുവര്‍ത്തിച്ചു വിസ്മരിക്കും ദേഹി-

മൃത്യുവെ വെല്ലുവാനുള്ള മാര്‍ഗ്ഗങ്ങളെ

വര്‍ത്തിച്ചിടുന്നവന്‍ ഭോഗയോഗത്തിലും. (09)

തദ്വൈ മഹാമോഹനമിന്ദ്രിയാണാം

മിത്ഥ്യാര്‍ത്ഥയോഗസ്യ ഗതിര്‍ഹി നിത്യാ

മിത്ഥ്യാര്‍ത്ഥയോഗാഭിഹതാന്തരാത്മാ

സ്മരന്നുപാസ്തേ വിഷയാന്‍ സ്മരന്താന്‍ (10)

ഇന്ദ്രിയത്തിന്‍മഹാമോഹം നിമിത്തമായ്

നിത്യമായ്തോന്നുന്നു നിത്യമല്ലാത്തതും.

മിത്ഥ്യസത്യംതന്നെയെന്നബോധം നശി-

ക്കേണമാത്മാവിലെയാത്മനെക്കാണുവാന്‍ (10)

അഭിത്യാ വൈ പ്രഥമം ഹന്തി ലോകാന്‍

കാമക്രോധാവനുഗൃഹ്യാശു പശ്ചാല്‍

ഏതേ ബാലാന്‍ മൃത്യവേ പ്രാപയന്തി

ധീരാസ്തു ധൈര്‍യ്യേണ തരന്തി മൃത്യും. (11)

വിഷയസൌഖ്യത്തിലുള്ളാശതന്‍ ഹേതുവാ-

യുണ്ടായിടും ക്രോധ, കാമ, രാഗങ്ങളാല്‍

മൃത്യുവെ പ്രാപിചിടുന്നൂ മനോജയം-

നേടാത്ത ബാലരായീടുന്ന ലോകരും. (11)

സോഭിദ്ധ്യായന്നുല്‍പ്പതിതാന്നിഹന്യാ

ദനാദരേണാപ്രതിബുദ്ധ്യമാനഃ

നൈനം മൃത്യുര്‍മ്മൃത്യുരിവാത്തി ഭൂത്വാ

ഏവം വിദ്വാന്‍ യോ വിനിഹന്തി കാമാന്‍ (12)

മൃത്യുവേവെന്നമൃതമാകുവാന്‍ യോഗികള്‍

ആത്മതത്വങ്ങള്‍ തന്‍ ചിന്തയാം വാളിനാല്‍

മൃതമാക്കണം കാമരാഗാദി മൃത്യുവെ:

ആത്മസ്വരൂപത്തിനൊപ്പം ചരിക്കണം. (12)

കാമാനുസാരീ പുരുഷഃ കാമാനനു വിനശ്യതികാമാന്‍

വ്യുദസ്യ ധുനുതേ യല്‍ കിഞ്ചില്‍ പുരുഷോ രാജഃ (13)

കാമത്തിനൊപ്പം ചരിക്കുന്ന പൂരുഷന്‍ -

കാമത്തിനാല്‍ നശിക്കുന്നതും നിശ്ചയം.

കാമമാകുംഗുണം‘രാജസം’ വെന്നവ-

ന്നില്ല നാശം, സ്വയം രക്ഷനേടുന്നവന്‍. (13)

തമോ/പ്രകാശോ ഭൂതാനാം നരകോ/യം പ്രദൃശ്യതേ

മുഹ്യന്ത ഇവ ധാവന്തി ഗച്ഛന്തഃ ശ്വഭൂവല്‍ സുഖം. (14)

തമസാകുമന്ധകാരം പഞ്ചഭൂതങ്ങള്‍

നരകമീ ഭൂതങ്ങള്‍ മൂടുന്നു ബുദ്ധിയെ.

ആകയാലാഗ്രഹമേറുന്നവന്നില്ല-

ശാശ്വതമാകുമീയാത്മസൌഖ്യങ്ങളും. (14)

തുടരും....

തുടരും...