ബാല്യകാലം

✒️ലബാബ കെ സി

(2020-21 BATCH)


ഭൂമിയെ സ്പർശിച്ചു കുഞ്ഞു മഴത്തുള്ളിക്കെന്തോരം നോവുമെന്നോർത്ത്,

സ്നേഹത്തിൻ കൈവെള്ള കുമ്പിളായ്‌ നീട്ടി -

സ്വന്തനമേകിയിരുന്ന കാലം.

അത്യാർത്തി മൂത്ത നിമിഷത്തിലെപ്പോഴോ അന്നനാളത്തി- ലൂടങ്ങിറങ്ങിപ്പോയ,

പുളിങ്കുരുക്കൾ പുനർജന്മമെടുക്കുമോ,

എന്നു ഭയപ്പെട്ടിരുന്ന കാലം.

ഒട്ടുമേ നീളാത്ത പരിഭവങ്ങൾ,

മിഠായിയിൽ തീരുന്ന പിണക്കങ്ങൾ.

കാപട്യമെന്നൊരു ലോകമേ തന്നെ,

അന്യമായിരുന്ന നല്ല കാലം.

പൂമ്പാറ്റകൾ പിന്നെ പൂക്കളും ചേർന്ന്

വർണാഭമാക്കിയ കൊച്ചു കാലം.

തൂവലും ചോദിച്ചു കിളികൾക്ക് പിന്നാലെ

യാചിച്ചു യാചിച്ചു പോയ കാലം.

എന്നെല്ലാം ഞാനെന്റെ ഓർമ്മതൻ തീരത്ത്-

ഒറ്റക്കിരിക്കുവാൻ ചെന്നിരുന്നോ....

അന്നെല്ലാം കണ്ടുമുട്ടി ഞാനാ കാലത്തെ

തിരകളും മായ്ക്കാത്ത ചിത്രമായി.

എത്ര വളർന്നാലും എത്ര ഉയർന്നാലും

ഓർക്കാതിരിക്കുമോ പോയ കാലം.

നഷ്ട വസന്തമായ് മാറിയെന്നറിയാം,

ഇനിയും തിരികെ വരില്ലെന്നുമറിയാം.

എങ്കിലും......

എന്നെന്നുമോർത്തോർത്തിരിക്കാൻ -

രസമുള്ള,

നല്ല കാലം എന്റെ ബാല്യകാലം.