പുണ്യ നബി (സ)സ്നേഹത്തിന്റെ തിരുവസന്തം
✒️ലബാബ കെ സി
ഓമാനൂർ
.1495 വർഷങ്ങൾക്കു മുമ്പ് അന്ധമായ അനാചാരങ്ങൾ കൊടികുത്തി വാണിരുന്ന മക്ക മണലാരണ്യത്തിലേക്കാണ് പുണ്യ റസൂൽ കരീം (സ )സ്നേഹദൂദുമായി കടന്നു ചെന്നത്. പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന, വാളിന്റെ മൂർച്ച അന്യന്റെ ശരീരത്തിൽ പരീക്ഷിച്ചിരുന്ന, കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന ഒരു സമൂഹത്തിലേക്കാണ്, ഒരു റബീഉൽ അവ്വൽ 12 ന്റെ പുലരിയിൽ അദ്ദേഹം ഭൂജാതനായത്. അനാഥനായി ജനിച്ച അദ്ദേഹത്തിന് ആറാം വയസ്സിൽ പ്രിയ മാതാവിനെയും നഷ്ടപ്പെട്ടു. പിന്നീട് പിതൃവ്യന്റെ വാത്സല്യത്തണലിൽ വളർന്ന അദ്ദേഹത്തെ അൽ അമീൻ എന്ന് ഏവരാലും വിളിക്കപ്പെട്ടു. സ്വഭാവ മഹിമ കണ്ടു കദീജ ബീവി വിവാഹാന്വേഷണം നടത്തിയപ്പോൾ,40 വയസ്സുള്ള ആ മഹിളാ രത്നത്തെ 25 വയസ്സു കാരനായ നബി ജീവിതത്തിലേക്ക് സ്വീകരിച്ചു. സ്നേഹപൂർണ്ണമായിരുന്നു ആ ദാമ്പത്യം. ആ കാലത്താണ് നാഥന്റെ സന്ദേശവുമായി ജിബ്‌രീൽ (അ ) നബിയെ തേടിയെത്തുന്നത്. അല്ലാഹുവിന്റെ മാർഗത്തിലേക്ക് തന്റെ സഹോദരങ്ങളെ ക്ഷണിക്കാൻ ഇറങ്ങിയ നബി നേരിട്ടത് സങ്കടകരമായ അവഗണന. പരിഹസിക്കാനും ചീത്ത പറയാനും മുന്നിൽ നിന്നത് അൽ അമീൻ എന്ന് സ്നേഹത്തോടെ വിളിച്ച അതേ സമൂഹം. നബി അവരോടൊന്നും മുഖം കറുപ്പിച്ചില്ല. അവർക്കെതിരെ പ്രാർത്ഥിച്ചില്ല. സ്നേഹത്തിന്റെ ഭാഷയിൽ മാത്രം വീണ്ടും വീണ്ടും അവരെ നേർവഴിക്കാക്കാൻ യത്നിച്ചു കൊണ്ടേയിരുന്നു. മുഹമ്മദിനെ കൊല്ലുമെന്ന് പറഞ്ഞു വളോങ്ങിയിറങ്ങിയ എത്രയോ പേർ തിരിച്ചു പോയത് ഇസ്‌ലാമിന്റെ മധുരം നുകർന്ന്. അതായിരുന്നു നബിയ്യുനാ മുഹമ്മദ് (സ ) ആക്ഷേപിച്ചവർ ആട്ടിയോടിച്ചവർ അവഗണിച്ചവർ എല്ലാം പതിയെ ആ സ്നേഹതണലിലേക്ക് നടന്നടുത്തു. സത്യദീനുമായി കടന്നു വന്നപ്പോൾ മുഖം തിരിച്ചവർക്ക് പിന്നെ ആ മുഖം കണ്ടില്ലെങ്കിൽ സമാധാനമിലല്ലെന്നായി. സ്നേഹം കൊണ്ട് മുത്ത് നബി അവരുടെയെല്ലാം ഹൃദയങ്ങളെ അത്ര മേൽ കീഴടക്കിയിരുന്നു. ത്വാഇഫിലേക്ക് പ്രബോധനത്തിനായി നബി പോയ ഒരു ചരിത്രമുണ്ട്, അല്ലാഹുവിന്റെ ദീനിനെയും അവന്റെ പ്രവാചകനെയും ഉൾകൊള്ളാൻ കഴിയാത്ത അന്നാട്ടുകാർ നബിയെ കല്ലെടുത്തെറിഞ്ഞു. നിണം പരന്ന കാലുമായി സങ്കടപ്പെട്ടിരുന്ന നബിയുടെ അടുത്തേക്ക് ജിബ്‌രീൽ വന്നു "അങ്ങൊന്നു പറഞ്ഞാൽ മതി ഇന്നാട്ടുകാരെ ഞാൻ നശിപ്പിക്കാം " നബി പക്ഷെ അതിന് സമ്മതിച്ചില്ല അവരോട് ക്ഷമിക്കുകയാണ് ചെയ്തത്. എന്തും ഉൾകൊള്ളാനും സഹിക്കാനും ക്ഷമിക്കാനും കഴിയുന്നത്ര വിശാലമായിരുന്നു നബി തിരുമേനിയുടെ ഹൃദയം. ആ അനുഗ്രഹത്തെക്കുറിച്ച് ഖുറാനിൽ അള്ളാഹു ചോദിക്കുന്നുണ്ട് الم نَشرَح لَكَ صَدرَكَ (നബീ ) താങ്കളുടെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലയോ. ആ ഹൃദയ വിശാലതക്കുമുന്പിലാണ് പല വിദ്വേഷങ്ങളും അടിയറവു പറഞ്ഞത്. ലോകർക്ക് കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ലെന്ന് സർവ്വ ശക്തൻ പറഞ്ഞിട്ടുണ്ടല്ലോ, എന്താണതിന്റെ സാരം? കരുണയും സ്നേഹവും കൊണ്ട് സഹജീവികളുടെ മനസ്സ് കീഴടക്കുകയാണ് നബി ചെയ്തത്. മനുഷ്യരുടെ മാത്രമല്ല നിസ്സഹായരായ മിണ്ടാപ്രാണികളുടെയും സങ്കടം നബിക്കറിയാനാവുമായിരുന്നു. വേട്ടയാടപ്പെട്ട തള്ളമാൻ, ജോലിയെടുത്തു തളർന്ന ഒട്ടകം, കുഞ്ഞു നഷ്ടപ്പെട്ട തള്ളക്കിളി എല്ലാം ആ സ്നേഹത്തിന്റെ ചൂടറിഞ്ഞു.
സ്നേഹത്തിന്റെ കരകാണാ ബഹ്റായിരുന്നു മുത്ത് നബി (സ ) കാരുണ്യം അതിലെ തിരമാലയും. ദുഃഖ സ്പന്ദനങ്ങളെയും പേറി നടക്കുന്ന സഹജീവികളുടെ മനസ്സറിയാനും അവരിൽ സമാധാനത്തിന്റെ അലകളുയർത്താനും മുത്ത് നബിയുടെ ഒരു നോക്കോ വാക്കോ മതിയാകുമായിരുന്നു. മുത്തു നബിയും സ്വാഹബാക്കളും കേവലം നേതാവും അണികളുമായിട്ടല്ല ജീവിച്ചത്. മറിച്ചു പരസ്പര സ്നേഹത്തോടെ കണ്ടും കേട്ടുമാണവർ ജീവിച്ചത്. പിൻ കാലക്കാർക്ക് പകർത്താവുന്ന ഒരുദാത്ത മാതൃക. മുത്ത് നബിയോടുള്ള അനുരാഗം കൊണ്ട് അവർ സ്വയം മറന്നു. സ്നേഹിക്കുന്ന നേതാവിന് ചങ്കു പറിച്ചു കൊടുത്ത അനുയായികൾ. മുത്ത് നബിയെയും സത്യ ദീനിനെയും രക്ഷിക്കാൻ അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മ സമരം നടത്തി രക്ത സാക്ഷികളായവർ.
ഒരു സമൂഹത്തെ മുഴുവൻ സത്യ മാർഗത്തിലേക്ക് കൊണ്ട് വരികയെന്ന വലിയൊരു ദൗത്യമായിരുന്നു നബിക്കു മുന്നിൽ, നിരക്ഷരനായ നബിയെ സംബന്ധിച്ചിടത്തോളം നുബുവ്വത് ഒരു വലിയ ഭാരം തന്നെയാകേണ്ടതായിരുന്നു, പക്ഷെ സർവ്വ ശക്തൻ ആ ഭാരത്തെ നബിക്ക് എളുപ്പമാക്കിക്കൊടുത്തു.
وَوَضَعنَا عَنكَ وِزرَك.الَّذِي اَنقَضَ ظَھرَك(سورة:شرح)
(താങ്കളുടെ മുതുകിനെ ഞെരുക്കിയിരുന്ന ഭാരം താങ്കളിൽ നിന്ന് നാം ഇറക്കിവെക്കുകയും ചെയ്തില്ലേ ).
ഈ ചരിത്ര ദൗത്യം പൂർത്തിയാക്കുന്നതിനിടയിൽ നബി തന്റെ കുടുംബത്തെ എങ്ങനെയാണ് നോക്കിയത്? ജനങ്ങളുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്ന, സ്വന്തം കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ ഉഴറുന്ന ചില രാഷ്ട്രീയ നേതാക്കന്മാരുടെ അവസ്ഥയല്ല നബിയിൽ കാണാനാവുക. നബിയുടെ ഭാര്യമാരിൽ ആഇഷ(റ) മാത്രമായിരുന്നു കന്യക. മറ്റുള്ളവർ ഒരു വട്ടം വിവാഹിതരായവരോ പ്രസവിച്ചവരോ ആയിരുന്നു. ഭർത്താവ് നഷ്ടപ്പെട്ടത്തിൽ മനം വിങ്ങി കഴിഞ്ഞിരുന്ന മഹിളാരത്നങ്ങളെയാണ് നബി സ്നേഹപൂർവ്വം തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്. ഭാര്യമാരിൽ ഒരാൾക്കും തർക്കമില്ലാത്ത വിധം നീതി പൂർവ്വകമായിരുന്നു അദ്ദേഹത്തിന്റെ കുടുംബ ഭരണം. അദ്ദേഹം അവരോടൊപ്പം സംസാരിച്ചിരിക്കുകയും ജോലികളിൽ സഹായിക്കുകയും ഓരോ ഭാര്യമാരുടെയും ഊഴമനുസരിച്ചു അവരുടെ അടുക്കൽ പോവുകയും ചെയ്തിരുന്നു. മുത്തു നബിയും നബിയുടെ കരളിന്റെ കഷ്ണമായ മകൾ ഫാത്തിമയും തമ്മിലുള്ള സ്നേഹം ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടവയാണ്. ഒരു പിതാവും മകളും തമ്മിലുള്ള സ്നേഹം, പിൻ കാലക്കാർക്ക് മാതൃകയക്കാവുന്ന ഒന്ന്. മകളുടെ മക്കളോടോ? ഹസനും ഹുസൈനും പ്രിയപ്പെട്ട ഉപ്പാപ്പയായിരുന്നു മുത്ത് നബി (സ). അവരെ ചുംബിക്കാനും അവരോടൊത്ത് കളിക്കാനും അദ്ദേഹം സമയം കണ്ടെത്തി.ശദ്ദാദ് പറയുന്നു :ഒരിക്കൽ പ്രവാചകൻ നിസ്കരിക്കാൻ വന്നത് ഒക്കെത്ത് പേരക്കിടാവ് ഹസനു (റ) മായി. നമസ്കാരം ആരംഭിച്ചു. സുജൂദ് വല്ലാതെ നീണ്ടപ്പോൾ കാരണമറിയാൻ എന്റെ പിതാവ് തലയുയർത്തി നോക്കി. അപ്പോഴുണ്ട്, സുജൂദ് ചെയ്യുന്ന പ്രവാചകന്റെ മുതുകിൽ ഹസൻ കയറിയിരിക്കുന്നു!നമസ്കാരനാന്തരം ആളുകൾ സുജൂദ് ദീർഖിചതിന്റെ കാരണമന്വേഷിച്ചപ്പോൾ നബി പറഞ്ഞു:'എന്റെ മോൻ പുറത്തു കയറിയിരുന്നു കളഞ്ഞു. അവന്റെ ജോലി പൂർത്തിയാകുന്നത് വരെ അവനെ ശല്യപ്പെടുത്തേണ്ടെന്ന് ഞാൻ കരുതി'. (നസാഇ). മുത്ത് നബി പേരകുഞ്ഞിനെ ചുംബിക്കുന്നത് കണ്ടപ്പോൾ ഒരാൾ പറഞ്ഞു. എന്റെ പത്തു കുട്ടികളിൽ ഒരാളെപ്പോലും ഞാനിന്നേവരെ ചുംബിച്ചിട്ടില്ലെന്ന്. അന്നേരം നബി പറഞ്ഞു.'മറ്റുള്ളവരോട് കരുണ കാണിക്കാത്തവരോട് അല്ലാഹുവും കരുണ കാണിക്കുകയില്ല. ഒരു കുടുംബനാഥനെങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ മാതൃകയായിരുന്നു നബി കരീം (സ)
മുത്ത് നബി വളരെ നല്ല സ്വഭാവത്തിനുടമയായിരുന്നു. സ്നേഹവും കരുണയും ക്ഷമയും സഹനുഭൂതിയും അതിന്റെ മാറ്റു കൂട്ടി. പത്തു വർഷം നബിയെ പരിചരിച്ച അനസ് (റ)പറയുന്നു :ഒരിക്കൽ പോലും അദ്ദേഹം എന്നോട് ഛെ എന്നോ, നീ ഇതെന്തിന് ചെയ്തു? അങ്ങനെ ചെയ്യാമായിരുന്നില്ലേ? എന്നോ പറഞ്ഞിട്ടില്ല (മുസ്‌ലിം). ഇതിൽ നിന്ന് തന്നെ മനസിലാക്കാം നബി എത്ര നല്ല സ്വഭാവത്തിനുടമയായിരുന്നെന്ന്. ഇസ്‌ലാമിന്റെ ആദ്യ കാലത്ത് എത്രയെത്ര യുദ്ധങ്ങളാണ് നടന്നത്. സഹോദരങ്ങൾ സഹാദരങ്ങൾക്കെതിരെ യുദ്ധം ചെയ്യുന്നു. മുസ്ലിംകൾ പൊറുതി മുട്ടിയ നാളുകൾ.സ്വന്തം നാട്ടുകാർ തങ്ങൾക്കെതിരെ ഉപരോധംമേർപ്പെടുത്തിയിരിക്കുന്നു. ഇസ്‌ലാമിന്റെ വരവോടെ മക്കയിൽ പുതിയൊരു പ്രകാശം പരക്കുകയായിരുന്നു. മുത്ത് നബിയുടെ നൂറ് ലോകത്തിന് പുതിയൊരു പാത വെട്ടുകയായിരുന്നു. പക്ഷെ ആ പ്രകാശത്തിന്റെ പ്രഭയിൽ വിഭ്രാന്തി പൂണ്ടവർ നബിക്കെതിരെ കള്ള പ്രചരണം തുടങ്ങി. അദ്ദേഹത്തിൽ വിശ്വസിച്ചവരെ കഠിനമായി പീഡിപ്പിച്ചു. അദ്ദേഹത്തെ കൊല്ലാൻ വാളുമായി ഇറങ്ങി. അവിശ്വാസികളുടെ അക്രമണങ്ങളിൽ പൊറുതി മുട്ടിയ നബിക്കും സ്വാഹാബത്തിനും ആശ്വാസമായി അല്ലാഹുവിന്റെ ഉത്തരവ് വന്നു. അതെ ഹിജ്‌റ, ആ പലായനം ചരിത്രമാണ്. ജനിച്ച നാട്, വളർന്ന മണ്ണ്, പ്രബോധനത്തിനായി പ്രതിസന്ധികളെ നേരിട്ട് താൻ താണ്ടിയ വഴികൾ, അൽ അമീനെന്ന് വിളിച്ച, അവസാനം കൊടിയ പീഡനങ്ങളും പരിഹാസങ്ങളും സമ്മാനിച്ച സ്വന്തം നാട്ടുകാർ. ആരോടും പരാതിയില്ല പരിഭവമില്ല, അവരോടൊക്കെ ക്ഷമിച്ചിരിക്കുന്നു ആ മനസ്സ്. പക്ഷെ സർവ്വ ശക്തന്റെ ഉത്തരവ് ശിരസ്സാ വഹിക്കേണ്ടതുണ്ട്. പ്രിയപ്പെട്ട മക്കയോട് വിട പറയുകയാണ്. ഇനിയെന്നാണ് ഈ മണ്ണിലേക്ക് തിരിയെ വരാൻ സാധിക്കുക? പ്രിയപ്പെട്ട നാടിനോട് വിട പറയുമ്പോൾ ആ വേദന അസഹനീയമാണ്. നബി യാത്രയാവുകയാണ്, പ്രിയ കൂട്ടുകാരൻ അബൂബക്കറിന്റെ (റ) കൈ പിടിച്ച്, ഇരുട്ടിന്റെ മറ തേടി, സ്നേഹമുള്ള, സ്നേഹിക്കാനറിയാവുന്ന ഒരു നാട്ടിലേക്ക് യാത്രയാവുകയാണ്. ആ നാടായിരുന്നു മദീന, പണ്ട് യസ്രിബ്. പിന്നീട് നബിയുടെ കർമ്മ മണ്ഡലമായി മാറി,മദീന. സ്നേഹമുള്ള നാട്ടുകാരോടൊപ്പം കഴിഞ്ഞു വരുമ്പോൾ അതാ ആദ്യ യുദ്ധത്തിന്റെ കാഹളം മുഴങ്ങുന്നു, ബദർ, മുസ്ലിംകളെ രോമാഞ്ചം കൊള്ളിക്കുന്ന വിജയ കഥ. ബദ്റിൽ മുത്ത് നബി കണ്ണീരോടെ പ്രാർത്ഥിച്ചു. അല്ലാഹുവേ മുസ്ലിംകൾ ആകെ 313 ഇവർ നശിച്ചു പോയാൽ പിന്നെ ഈ ഭൂമുഖത്തു നിന്റെ ദീനെങ്ങനെ നിലനിൽക്കും?ഉടനെ അല്ലാഹുവിന്റെ സഹായമെത്തി. വനലോകത്തു നിന്നും ബദറിൽ പൊരുതാൻ മലക്കുകൾ ഇറങ്ങി വന്നു. അതു കണ്ട് ഇബ്‌ലീസ് പേടിച്ചോടി. മുസ്ലിംകൾക്കായിരുന്നു വിജയം. അവിശ്വാസികൾ അടങ്ങിയിരിക്കുമോ? വരുന്നു അടുത്ത യുദ്ധം. മുസ്ലിംകളുടെ അടവ് തെറ്റി. കുറെ സ്വാഹാബികൾ രക്തസാക്ഷികളായി . പിതൃ സഹോദരൻ ഹംസ (റ)യുടെ മരണം മുത്ത് നബിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ശരീരമാകെ വികൃതമാക്കപ്പെട്ടിരിക്കുന്നു.കരൾ മുറിച്ചെടുത്തിരിക്കുന്നു.മുത്ത് നബിയുടെ ഹൃദയം നൊമ്പരപ്പെട്ടു.പിൻ കാലത്ത് ഹംസ (റ)യുടെ ഘാതകൻ തിരു സന്നിധിയിൽ ചെന്ന് സത്യ സാക്ഷ്യം വരിച്ചു. നബിക്കദ്ദേഹത്തോട് പ്രതികാരം ചെയ്യാമായിരുന്നു. പക്ഷെ അദ്ദേഹമത് ചെയ്തില്ല. പിന്നീട് എത്രയോ യുദ്ധങ്ങളിൽ നബിയും അനുയായികളും വിജയക്കൊടി പാറിച്ചു. അന്നേരം യുദ്ധതടവുകാരായി കിട്ടിയവരെ കുടുംബക്കാരാണെങ്കിൽ ഒരുമിച്ചു നിർത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു, കുടുംബം വഴിപിരിയാതിരിക്കാനുള്ള അദ്ദേഹത്തിന്റെ കരുതലായിരുന്നു അത്.
പിന്നീടൊരു കാലം വരുന്നുണ്ട്. അന്ന് മുസ്ലിംകളുടെ അംഗ ബലം കൂടി. അവർ ഒരുമിച്ച് മക്കയിലേക്ക് പോയി. ചരിത്രം അതിനെ ഫത്ഹു മക്ക എന്ന പേരിൽ രേഖപ്പെടുത്തി. ഒരിക്കൽ വിരഹ വേദനയോടെ വിട പറഞ്ഞു പോന്ന മണ്ണിലേക്ക് ഐശ്വര്യ പൂർണ്ണമായൊരു തിരിച്ചു പോക്ക്. നബിയുടെയും സ്വാഹാബത്തിന്റെയും വരവിനെക്കുറിച്ചറിഞ്ഞ മക്ക നിവാസികൾ ഭയവിഹ്വലരായി. അബൂ സുഫിയാൻ ആ മഹാ സൈന്യത്തെ കണ്ട് പേടിച്ചു വിറച്ചു. ഉടനെ തിരു സാനിധിയിലാണഞ്ഞു, സത്യ സാക്ഷ്യം മൊഴിഞ്ഞു. അന്നേരം മുത്ത് നബി പറഞ്ഞു "ഇന്ന് മസ്ജിദുൽ ഹറമിലും, അബൂ സുഫിയാന്റെ വീട്ടിലും, സ്വന്തം വീട്ടിലും അഭയം തേടിയവർ സുരക്ഷിതരാണ്. ഇതു കേട്ടിട്ടും ചിലരുടെ ആശങ്ക വിട്ടൊഴിയുന്നില്ല. അതിലൊരാളായിരുന്നു ഹിന്ദ്, നബിയുടെ പ്രിയപ്പെട്ട ഹംസ (റ)കരൾ കടിച്ചു തുപ്പിയ സ്ത്രീ. പക്ഷെ സത്യ സാക്ഷ്യം വരിച്ചവർക്കൊക്കെ മാപ്പ് കൊടുത്ത കൂട്ടത്തിൽ ഹിന്തും പെട്ടു. മറ്റൊരാൾ അബൂജലിന്റെ പുത്രൻ ഇക്രിമ. അബൂജലിനെക്കുറിച്ചറിയാത്തവർ ആരുണ്ട്? മുഹമ്മദ് നബിയുടെ കൊടിയ ശത്രു. നബിയുടെ മാർഗം മുടക്കുവാൻ തുനിഞ്ഞിറങ്ങിയ അബൂജഹലിന് കിട്ടിയതാകട്ടെ നിന്ദ്യമായ മരണവും. ആ അബൂജലിന്റെ മകൻ ഇക്രിമ മക്ക വിജയത്തെ തുടർന്ന് യമനിലേക്ക് രക്ഷപ്പെട്ടു. അദ്ദേഹത്തിന് അഭയം നൽകാൻ ഭാര്യ നബിയോട് അഭ്യർത്ഥിച്ചു. അതദ്ദേഹം സ്വീകരിച്ചു. വിവരമറിഞ്ഞു യമനിൽ നിന്ന് തിരിച്ചു വന്ന ഇക്രിമ ഇസ്ലാം ആശ്ളെശിക്കുകയും പിൽകാലത്ത് പ്രസിദ്ധരായ മുസ്‌ലിം സേനാനായകരിൽ ഒരാളായിത്തീരുകയും ചെയ്തു. (ഇബ്നു ഹിഷാം ). ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമായി മാറി മക്ക വിജയം. പരിഹസിച്ചു ആട്ടിയോടിച്ച നാട്ടുകാർക്കിടയിലേക്ക് വൻ സേനയുമായി വന്ന മുഹമ്മദ് നബി, എല്ലാവർക്കും മാപ്പ് കൊടുത്തു കൊണ്ട് ആ വിജയം പരിപൂർണ്ണമാക്കി. ഒരു തുള്ളി രക്തം പോലും ചിന്താത്ത പിടിച്ചടക്കലിന് ചരിത്രത്തിൽ വേറെ ഉദാഹരണങ്ങളുണ്ടോ? അതും പൊതു മാപ്പ് നൽകിക്കൊണ്ട്. ഒരു കാലത്ത് പിറന്ന മണ്ണ് വിട്ട് പലായനം ചെയ്യാൻ കാരണക്കാരായ സ്വന്തം നാട്ടുകാരോട് നബി പ്രതികാരം ചെയ്തില്ല. കാരണം അവർ തന്നോട് ചെയ്ത അതിക്രമങ്ങൾ നബി ക്ഷമിച്ചിരുന്നു. ആ സ്നേഹക്കടലിൽ വെറും മണൽത്തരി പോലെ അവ അപ്രസക്തങ്ങളായി.
മുത്ത് നബി എന്ന സ്നേഹ സാഗരം തന്റെ ഉമ്മതിനെ അതിരറ്റു സ്നേഹിച്ചു മരണ സമയത്തു പോലും തന്റെ ഉമ്മത്തിനു വേണ്ടി പ്രാർത്ഥിച്ചു. ഏല്പിക്കപ്പെട്ട ദൗത്യം അദ്ദേഹം ഭംഗിയായി പൂർത്തീകരിച്ചു. ക്ഷമയും കാരുണ്യവും സ്നേഹവും കൊണ്ട് മനുഷ്യ ഹൃദയങ്ങളെ അദ്ദേഹം കീഴടക്കി.അതിനൊരുദാഹരണം പറയാം. ഒരിക്കൽ നബി (സ)കഅബ പ്രദക്ഷിണം ചെയ്യുമ്പോൾ അദ്ദേഹത്തെ വധിച്ചു കളയാൻ ഫദാല പദ്ധതിയിട്ടു. അങ്ങനെ അയാൾ അടുത്തെത്തിയപ്പോൾ നബി വിളിച്ചു :ഫദാലാ, എന്താ? നീ എന്താണ് പിറുപിറുത്തു കൊണ്ടിരിക്കുന്നത്? ദിക്ർ ചൊല്ലുകയാണ്. അപ്പോൾ നബി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു അല്ലാഹുവോട് മാപ്പിന്നപേക്ഷിച്ചു കൊള്ളുക (അയാളുടെ ഉദ്ദേശം നബി മനസ്സിലാക്കിയിരുന്നു )ഇതും പറഞ്ഞു നബി തന്റെ കൈ അയാളുടെ നെഞ്ചിൽ വെച്ചു. ഇതിനെക്കുറിച്ചു ഫദാല പിന്നീട് പറയുകയുണ്ടായി : നബി തന്റെ കൈ എന്റെ നെഞ്ചിൽ വെച്ച സമയമത്രയും ആ സ്പർശം ലോകത്തിലെ മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതായി എനിക്ക് തോന്നി (ഇബ്നു ഹിഷാം ). ആ മുത്ത് നബിയെ തന്റെ സ്വാഹബാക്കളും അതിരറ്റു സ്നേഹിച്ചു. മുത്ത് നബി വഫാത്തായ ശേഷം ആ ദുഃഖം താങ്ങാനാകാതെ ബിലാൽ (റ) നാടു വിട്ടു. നബിയില്ലാത്ത മദീന ബിലാൽ (റ)വിന് സങ്കൽപ്പിക്കാൻ പോലുമായിരുന്നില്ല. പിന്നീടൊരിക്കൽ അദ്ദേഹം തിരിച്ചു വരുന്നുണ്ട് അതും തന്റെ സ്നേഹഭാജനം പരിഭവം പറഞ്ഞതിനാൽ. മദീനയിലെത്തിയ ബിലാലിനെ മുത്ത് നബിയുടെ പേരക്കിടങ്ങൾ ബാങ്ക് വിളിക്കാൻ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹം ബാങ്ക് വിളിച്ചു പക്ഷെ പൂർത്തിയാക്കാൻ പറ്റുന്നില്ല പൊട്ടിക്കരഞ്ഞു പോവുകയാണ്. മദീന ഒന്നടങ്കം സങ്കടക്കടലായി. മുത്ത് നബിയുടെ കാലം തിരിച്ചു വന്ന പ്രതീതി. എത്രയെത്ര അനുരാഗികളെക്കുറിച്ചാണ് ചരിത്രതാളുകളിൽ നമുക്ക് കാണാനാവുക. വിശ്വ പ്രസിദ്ധമായ തിരു പ്രണയ കാവ്യം ബുർദയുടെ രചയിതാവ് ഇമാം ബുസ്വരി (റ). പിന്നെയും എത്രയോ പേർ.അവർ അല്ലാഹുവിനെയും റസൂലിനെയും അതിരറ്റു സ്നേഹിച്ചു. അതിൽ ധാരാളം പേർക്ക് ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്നു. പക്ഷെ അവയ്ക്കൊന്നും സത്യ വിശ്വാസികളെ ഭയപ്പെടുത്താൻ കഴിഞ്ഞില്ല. സുമയ്യ (റ) രക്തസാക്ഷിയായ ധീര വനിത. കണ്ണീരണിയാതെ ഒരാൾക്കും അവരുടെ ചരിത്രം വായിച്ചു തീർക്കാനാവില്ല. അവരുടെ സ്ഥിതിയറിഞ്ഞ നബി കണ്ണീർ വാർത്തു. അവരുടെ നന്മക്കായി പ്രാർത്ഥിച്ചു.
നാളെ പരലോകത്തു എല്ലാവരും ഒരുമിച്ചു കൂട്ടപ്പെട്ട് വിചാരണ നടക്കുന്ന ഒരു ദിവസമുണ്ട്. ലോകാവസാനം വരെ ഭൂമിയിൽ ജനിച്ച സർവ്വ മനുഷ്യരും അന്നവിടെ ഹാജരാക്കപ്പെടും. മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കാനാവാത്തവിധം നഫ്‍സി നഫ്‍സി എന്ന് പറഞ്ഞു ഭയവിഹ്വലരായിരിക്കും അന്നെല്ലാവരും. എന്നാൽ അന്ന് നബിയ്യുനാ മുഹമ്മദ് (സ )തന്റെ ഉമ്മത്തിന് വേണ്ടി അല്ലാഹുവിന്റടുക്കൽ ശുപാർശ ചെയ്യും. എത്ര ആശ്വാസകരമായ കാര്യം. ഈ പുണ്യ ഹബീബ്നെ സ്വന്തത്തെക്കാളേറെ വേറെ എന്തു കാര്യമാണ് നമുക്ക് വേണ്ടത്?
ഒരാൾ ചോദിച്ചു:അന്ത്യ നാൾ എപ്പോഴാണ്? അപ്പോൾ പ്രവാചകൻ തിരിച്ചു ചോദിച്ചു. അതിനുവേണ്ടി നീ എന്തൊക്കെ ഒരുക്കങ്ങൾ ചെയ്തുവെച്ചിട്ടുണ്ട്? അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു എന്നതിലപ്പുറം മറ്റൊന്നും ഒരുക്കി വെച്ചിട്ടില്ല. നബി :അത് മതിയല്ലോ. നീ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും അന്ന് നീ (ബുഖാരി )
ഒരിക്കൽ ബഹുദൈവ വിശ്വാസികൾക്കെതിരെ പ്രാർത്ഥിക്കാൻ നബി (സ )യോട് ഒരാൾ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു :ഞാൻ നിയോഗിക്കപ്പെട്ടത് ശപിക്കാനല്ല കാരുണ്യമായിട്ടാണ് (മുസ്‌ലിം).
അല്ലാഹുതആലാ പറയുന്നത് കാണുക
لَقَد جَاءَکُم رَسُولٌ مِن اَنفُسِکُم عَزِيزٌ عَلَيهَ مَا عَنِتُّم حَرِيصٌ عَلَيکُم بِالمُٶمِنِينَ رَءُوفُ رَّحِيم
(നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു ദൂതൻ നിങ്ങളുടെ അടുത്തേക്ക് ഇതാ വന്നിരിക്കുന്നു. നിങ്ങൾ ക്ലെശിക്കുന്നത് അദ്ദേഹത്തിന് അസഹനീയമാണ്. നിങ്ങൾ സന്മർഗത്തിലാവുന്നതിനെ അതിയായി ആഗ്രഹിക്കുന്ന ആളുമാണദ്ദേഹം. സത്യ വിശ്വാസികളോട് കൃപയും കാരുണ്യവും ഉള്ള ആളും.)
അള്ളാഹു സുബ്ഹാനഹുവതആലാ പറഞ്ഞതിനെ പൂർണ്ണമായും ശരി വെക്കുന്നതായിരുന്നു മുത്ത് നബിയുടെ ജീവിതവും പ്രവർത്തനവും. സ്വന്തം സഹാദരങ്ങൾ അവിശ്വാസികളായി മരിച്ചു പോവുന്നത് കാണാൻ ഇഷ്ടപ്പെടാത്ത അദ്ദേഹം പ്രബോധന വഴിയിൽ പല തിരിച്ചടികളും നേരിട്ടെങ്കിലും അവയെ തരണം ചെയ്യുക തന്നെ ചെയ്തു.
ചുരുക്കത്തിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുപമ മാതൃകയായിരുന്നു മുത്ത് നബി (സ)
"നക്ഷത്രങ്ങൾക്കിടയിലെ
പൗർണ്ണമി പോൽ തെളിവുള്ളോരേ
അതിനേക്കാൾ ഷറഫുറ്റോരെ
സയ്യിദീ ഖൈറന്നബീ"
എന്ന് കവി പാടിയത് എത്ര അർത്ഥ ഗർഭം. മുത്ത് നബി എന്നാ ഇഷ്‌ഖിന്റെ ബഹ്‌റിനെക്കുറിച്ചു എത്ര എഴുതിയലാണ് മതിയാവുക?. ആ പ്രേമഭാജനത്തെക്കുറിച്ചെഴുതാൻ ഭൂമിയിലെ ജലമത്രയും മാഷിയായി ഉപയോഗിക്കാൻ സാധിക്കുമായിരുന്നെങ്കിൽ, അതും മതിയാവാതെ വരുമെന്ന് പറയുന്നതിൽ അതിശയോക്തി ഒട്ടുമേ ഇല്ല. സ്നേഹത്തിന്റെ പുണ്യ വസന്തമായിരുന്നു മുത്ത് നബി (സ), ഇന്നും ലോകത്തിന് വഴികാട്ടിയായിക്കൊണ്ടിരിക്കുന്ന നിത്യ വസന്തം. മാറിയ കാലത്ത് വർധിച്ച ശവം നാറിപ്പൂക്കളുടെ ദുർഗന്ധത്തിനുമേൽ ഒരു വഴികാട്ടിയായി അല്ലെങ്കിൽ ഒരു ചൂണ്ടു പലകയായി ആ പരിമളം നിത്യ യൗവനത്തോടെ, ഇന്നും നിലനിൽക്കുന്നു. നമ്മെ അതിരറ്റു സ്നേഹിച്ച മുത്ത് നബിയെന്ന ആ തിരു വസന്തത്തിലേക്ക് പറന്നടുക്കാൻ നമുക്കെവർക്കും നാഥൻ തൗഫീഖ് നൽകട്ടെ. നാളെ മുത്ത് നബിയുടെ ഷഫാഅത്ത് ലഭിക്കുന്ന നല്ലവരായ അടിമകളുടെ കൂട്ടത്തിൽ അള്ളാഹു നമ്മളെയും ഉൾപെടുത്തുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.