ലേഖനം

പൊതിച്ചോറ്

✒️ഫാത്തിമ റാഹിന എം, കൊണ്ടോട്ടി

(2020-21 OSA വിദ്യാർത്ഥി)


അങ്ങാടിയുടെ ഇടുങ്ങിയ തെരുവിലൂടെ ഓടി കിതച്ചുകൊണ്ടു ഞാൻ ആ ഹോസ്പിറ്റലിലേക്ക് ഓടിക്കയറി.കൈയ്യിൽ മുറുക്കി പിടിച്ച പൊതിയുമായി ഞാൻ ICU വിന്റെ അടുത്തേക്ക് ചെന്നു അത് നീട്ടി.

*****************************************

പ്ലസ് വൺ ക്ലാസ് തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് എന്നെ തേടി ഉമ്മയുടെ വിയോഗമെത്തിയത്.ഉപ്പ ഉപേക്ഷിച്ചു പോയതിൽ പിന്നെ ഉമ്മ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്.ഒരു ദിവസം സ്കൂൾ വിട്ട് വന്നപ്പോൾ കണ്ടത് ബോധമറ്റ് കിടക്കുന്ന ഉമ്മയെയാണ്.ഹോസ്പ്പിറ്റലിലെത്തിയപ്പോഴാണ് അറിഞ്ഞത് ഉമ്മാക്ക് ബ്രെയിൻ ട്യൂമറാണെന്ന്.

ചലനമറ്റ് കിടക്കുന്ന ഉമ്മയുടെ ശരീരത്തിലേക്ക് നിർവികാരതയോടെ നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.താനെന്ന അധികപറ്റിനെക്കുറിച്ച് നടക്കുന്ന ചർച്ചയിൽ നിർകൃഷ്ട ജീവിയെ പോലെ നിന്നു.ബാധ്യതകൾക്കുമുമ്പിലാരുടെയും മനസ്സലിഞ്ഞില്ല. വിശപ്പ് കഠിനമായപ്പോൾ അടുത്ത ഹോട്ടലിൽ പോയി പാത്രം കഴുകി വിശപ്പടക്കി.

*****************************************

ക്ലാസ് തുടങ്ങിയപ്പോൾ പോയി തുടങ്ങി. രണ്ട് പീരിയഡ് കഴിഞ്ഞപ്പോഴുണ്ട് ഒരുത്തൻ ഓടിക്കിതച്ച്.അവൻ എന്റെ അടുത്ത് വന്നു ഇരുന്നു ഇളിച്ചു.

"നീയെതാ നിന്നെ ഇവിടെ മുമ്പ് കണ്ടിട്ടില്ലല്ലോ" (അവൻ)

"അതിന് നിനക്ക് മുമ്പ് ക്ലാസ്സുണ്ടായിരുന്നോ"(ഞാൻ)

"ഉണ്ടായിരുന്നല്ലോ ഞാൻ പത്തിലായപ്പോൾ"(അവൻ)

"ഓ ഞാൻ വേറെ സ്കൂളിലായിരുന്നു"(ഞാൻ)

"ഓ അപ്പോ അതാണ് ഞാനും വേറെ ആയിരുന്നു.അല്ലെങ്കിൽ നമുക്ക് കാണായിരുന്നൂലെ" (അവൻ)

"ങേ എന്താ" (ഞാൻ)

"അതൊക്കേ പോട്ടെ ഞാൻ ഫാസിൽ"(അവൻ)

"ഹോ ഞാൻ ഫൈസൽ"(ഞാൻ)

രണ്ട് പേരും കൈ കൊടുത്ത് കൂട്ടായി.അവൻ വാ തുറന്നാൽ പൊട്ടത്തരം മാത്രമേ പറയൂ.ഒരു പാവം പയ്യൻ.ലഞ്ച് ബ്രേക്ക് ആയപ്പോൾ ഞാൻ ക്ലാസ്സീന്ന് ഇറങ്ങി.ഞാനൊന്നും കൊണ്ടുവന്നിട്ടില്ലായിരുന്നു.

" ടാ നീ എവിടെ പോവാ വാ ഫുഡ് കഴിക്കാം"(ഫാസി)

"ഞാനില്ലെടാ എനിക്ക് വിശപ്പില്ല".

പിറ്റേ ദിവസവും ഓരൊ കാരണം പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി.ഫാസി ഒരുപാട് നിർബന്ധിച്ചിരുന്നു അവന്റൊപ്പം കഴിക്കാൻ.

ഞാനും ഫാസിയും ഒരു മരത്തിന്റെ ചുവട്ടിലിരിക്കുകയായിരുന്നു.

" നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഫൈസ്"(ഫാസി)

"ഏയ് ഇല്ല"

"അല്ല എന്തോ ഉണ്ട് എന്നോട് പറയൂലെ"

അവൻ അങ്ങനെ പറഞ്ഞപ്പോ എന്റെ ഉള്ളിൽ കിടന്ന് നീറി പുകഞ്ഞത് ഞാൻ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞ് പറഞ്ഞു.ഈ ലോകത്ത് എനിക്ക് പേരിന് പറയാൻ ഒരു കൂടപ്പിറപ്പ് പോലുമില്ലാന്ന്.

"നിനക്ക് ഞാനില്ലെടാ ഇനിയും നീ കരയുവാണോ ഇനീം കരഞ്ഞാൽ കണ്ണുനീര് വറ്റി പിന്നെ നീരായി ജലമായി പിന്നെ ചോര വന്ന് ഹോ ഓർക്കാൻ കൂടി വയ്യ ഡേയ്ൻജർർ" എന്നൊക്കെ പറഞ്ഞു ഫാസി നെഞ്ചിൽ കൈ വെച്ച് നെടുവീർപ്പ് ഇടുന്നത് കണ്ട് ഞാൻ അവന്റെ നടുപുറം നോക്കി ഒന്ന് കൊടുത്തു.

"നിക്കെടാ അവിടെ" അത് കിട്ടി അവൻ അവിടന്ന് ഓടിയപ്പോ ഞാനും അവന്റെ പുറകെ ഓടി.

*****************************************

പിറ്റെ ദിവസം ലഞ്ചിന് അവൻ എനിക്ക് നേരെ ഒരു പൊതിച്ചോറ് നീട്ടി."ഇതെന്താടാ"

"ഇത് നിനക്ക് എന്റെ ഉമ്മ തന്നുവിട്ടതാ" അത് തുറന്നപ്പോൾ ഫാസിയുടെ പൊതിയിലുള്ളതിനെക്കാൾ മുട്ട പൊരിച്ചത് എന്റെതിലുണ്ട്."എടാ ഇത് നിനക്കുള്ളതാവും"

"അല്ല ഫൈസ് ഇത് നിനക്കുള്ളത് തന്നെ ആണ്.ഉമ്മക്കിപ്പോൾ നിന്നെയാ കൂടുതൽ ഇഷ്ടം" അത് കേട്ടപ്പോൾ എന്തോ സന്തോഷമായി.പിന്നീട് അത് പതിവായി.എന്നും എനിക്കെന്തെങ്കിലും സ്പെഷ്യൽ ഉണ്ടാവും.ആ പൊതിച്ചോറിലൂടെ എനിക്കൊരു മാതൃസ്നേഹം കിട്ടി തുടങ്ങി.ദിവസങ്ങൾ പൊഴിയെ എന്റെയും അവന്റെയും സൗഹൃദം വർദ്ധിച്ചു.

*****************************************

രണ്ടു ദിവസമായി അവൻ സ്കൂളിൽ വന്നിട്ടില്ല.അവനില്ലാഞ്ഞിട്ട് വല്ലാത്തൊരു ഏകാന്തത.പെട്ടെന്ന് ഒരു അനൗൺസ്മെന്റ് വന്നു.അത് കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ക്ലാസ്സീന്ന് ഇറങ്ങി ഓടി.

ഫാസി ...ന്റെ ഫാസി അവന് ഒന്നും സംഭവിച്ച് കാണില്ല.ഹോസ്പിറ്റലിൽ ചെന്ന് ICU വിന്റെ ഗ്ലാസ്സ് ഹോളിലൂടെ അവനെ നോക്കിയപ്പോൾ വയർകൾക്കും യന്ത്രങ്ങൾക്കും ഇടയിൽ അവൻ കിടക്കുന്നത് കണ്ട് എന്റെ ഹൃദയം നുറുങ്ങുന്നതുപോലെ തോന്നി.

"മോനെ അവൻ ന്റെ കുട്ടി ബ്ലഡ് കാൻസറാ ലാസ്റ്റ് സ്റ്റേജാണ്." എന്ന് പറഞ്ഞു അവന്റെ ഉപ്പ വിതുമ്പി.അവനോന്നും വരില്ലെന്ന് പറഞ്ഞു ഞാൻ അവരെ ആശ്വാസിപ്പിച്ചു.പെട്ടെന്ന് ഒരു ഡോക്ടർ വന്നിട്ട് ചെറിയ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു. പണം തികയാതെ വന്നപ്പോൾ എന്റെ അടുത്തുള്ളത് എടുക്കാൻ വേണ്ടി വീട്ടിലേക്ക് ഓടി.ഓരൊ പണിയെടുത്ത് കൂട്ടിവെച്ചതാണ്.അതും കൊണ്ട് തിരികെ വന്ന് ഉപ്പാക്ക് നേരെ നീട്ടി.

"ഇനിയിതിന്റെ ആവിശ്യമില്ല മോനെ അവൻ പോ.. പോയി ന്റെ കുട്ടി പോയി"

ആ ഉപ്പ വിതുമ്പി. ഞാൻ അവിടെ തറഞ്ഞ് നിന്നു.

ഫാസി ന്റെ ഫാസി....എന്റെ കാലുകൾ നിലത്തുറക്കുന്നില്ല.ഒരു ബലത്തിന് വേണ്ടി ഞാൻ ചുമരിൽ ചാരി ഊർന്നിരുന്നു.പോവല്ലെടാ നീ എന്നെ ഒറ്റക്കാക്കി പോവല്ലെടാ.......

******************************************

മയ്യിത്ത് ഖബറടക്കാൻ കൊണ്ടുപ്പോയപ്പോഴാണ് ഞാൻ അത് അറിഞ്ഞത് അവന്റെ ഉമ്മ രണ്ട് വർഷം മുന്നെ ഒരു ആക്സിഡന്റിൽ മരിച്ചതാണെന്ന്.അപ്പോ പൊതിച്ചോറ്....അത് അവൻ തന്നെ ചെയ്തത് ആയിരുന്നു.ആ പൊതിച്ചോറിലൂടെഅവൻ എനിക്ക് തന്ന മാതൃസ്നേഹം.....

ഫാസീീീീ......എന്ന് അലറി ഞാൻ അവന്റെ ഖബറിന്റെ അതുത്തേക്ക് പോയി.

പോയില്ലെടാ നീ എന്നെ ഒറ്റക്കാക്കി പോയില്ലെ...ഈ ജന്മം മുഴുവൻ തരാനുള്ള സ്നേഹവും തന്ന് പോയില്ലെ.....ഒരു വാക്ക് പറയാർന്നില്ലെ.....എന്തിനാ എന്നോട്......

എന്തൊക്കെയോ പുലമ്പി ഞാൻ അവിടെ മുട്ട് കുത്തിയിരുന്ന് മുഖം പൊത്തിക്കരഞ്ഞു.അപ്പോ അവന്റെ അനിയത്തിക്കുട്ടി ഫിദു വന്ന് എനിക്കൊരു പേപ്പർ തന്നു.ഞാൻ അത് തുറന്ന് നോക്കി.

"*ഫൈസ്

എനിക്കറിയാം നീ നല്ല സങ്കടത്തിലാണെന്ന്.സാരമില്ലെടാ എല്ലാം നല്ലതിനായിരിക്കും.എന്നോട് ദേഷ്യം തോന്നല്ലെ.

ഞാൻ പാവല്ലെ നിന്റെ ഫാസിയെല്ലെടാ

എന്റെ ഉപ്പയും എന്റെ ഫിദുവും ഇപ്പോ ഒരു മൂലയിലിരിക്കുന്നുണ്ടാവും.നീ ചെല്ല് അവരെ ചേർത്ത്പിടിച്ച് ഞാനുണ്ടാവുമെന്ന് പറ.ഇനിയെല്ലാം നീ നോക്കണെ.ന്റെ അനിയത്തിക്കുട്ടിനെ നോക്കണെടാ.എപ്പോഴും കാക്കു കാക്കു എന്ന് വിളിച്ച് എന്റെ കൈയ്യിൽ തൂങ്ങുന്നവളാ.പൊന്നുപോലെ നോക്കണെ ഞാൻ ഏൽപ്പിക്കുവാ നോക്കിക്കൊണെടാ..

ഇനിയും നീ എന്താടാ കണ്ണും നിറച്ച്.ഇനിയും നിറച്ച ഡാം പൊട്ടി വെള്ളം വരുവേ പിന്നെ ജില്ല മൊത്തം വെള്ളത്തിലാവുംട്ടോ ഒന്ന് ചിരിക്കെടാ.

പിന്നെയ്.....

ഞാൻ കാത്തിരിക്കുംട്ടോ ലീവ് കഴിഞ്ഞ് മോൻ പെട്ടെന്ന് തന്നെ വന്നേക്കണേ എന്നു കരുതി അത്ര പെട്ടെന്നോന്നും വന്നേക്കല്ലെ..

പിന്നെ പിന്നെയ്....

ഞാൻ ചത്തെന്ന് കരുതി സന്തോഷിക്കണ്ട നിന്നെ ഞാൻ പ്രേതമായി വന്ന് പേടിപ്പിക്കും നോക്കിക്കോ.അപ്പോ ശെരിടാ

എന്ന് നിന്റെ സ്വന്തം

ഫാസി*"

ദാ ഇതാണെന്റെ ഫാസി.ഏത് തണുപ്പാണെങ്കിലും അവൻ ഫാൻ മുതൽ ഏസി വരെ ഓണാക്കി നോക്കും.അമ്മാതിരി ടൈപ്പ് ആണ്.അപ്പോ എന്റെ തോളിലൊരു കൈ പതിഞ്ഞു.ഉപ്പയായിരുന്നു.ഞാൻ ഉപ്പാനെ കെട്ടിപ്പിടിച്ചു.അപ്പോ കണ്ടു കണ്ണും നിറച്ച് നോക്കിനിൽക്കുന്ന ഫിദൂനെ.അവളെയും ഞാൻ ചേർത്ത്പിടിച്ചു.അതിലൂടെ ഞാൻ പറയാതെ പറഞ്ഞു ഇനി ഞാനുണ്ടാവുമെന്ന്.അന്നേരം ഞങ്ങളെ തഴുകിപ്പോയ മന്ദമാരുതന് വല്ലാത്തൊരു സുഗന്ധമായിരുന്നു.