കവിത
കളിച്ചും ചിരിച്ചും
✒️ഹംന
(2020-21 OSA വിദ്യാർത്ഥി)
ബാല്യകാലം, ഏതൊരാളുടെയും മനസ്സിൽ വസന്തം വിരിയുന്ന കാലം! പൂമ്പാറ്റകളും വണ്ടുകളും പാറിക്കളിക്കുന്ന നിറപ്പകിട്ടാർന്ന ഒരു ഉത്സവകാലം. കളങ്കമില്ലാത്ത കുരുന്നു മനസ്സുകൾ തമ്മിൽ കലഹിച്ചും കളിച്ചും ചിരിച്ചും കെങ്കേമമാക്കുന്ന ബാല്യം നമുക്ക് കാണാവുന്നതാണ്. തൊട്ടടുത്ത മാവിൽ കല്ലെറിയുന്നതും, അതിൽ വലിഞ്ഞു കയറുമ്പോൾ പുളിയുറുമ്പ് കടിക്കുന്നതും, മാമ്പഴച്ചാറ് കയ്യിലൊലിപ്പിച്ച് മാങ്ങയണ്ടി ഊമ്പുന്നതും, എല്ലാം ബാല്യത്തിലെ മാത്രം സ്വത്താണ്. എന്തിനെന്നില്ലാതെ കണ്ണീരും വഴക്കും പൊട്ടിച്ചിരികളും കലഹവും കളിയാക്കലുകളും എല്ലാം ബാല്യത്തിന്റെ തമാശകൾ മാത്രം. ഇവ തികച്ചും ബാല്യകാലം മൂകമല്ല എന്ന് തെളിയിക്കുന്നു. ഇങ്ങനെ ഒരു പിടി ജീവസുറ്റ ഓർമ്മകൾ.
എന്നാൽ ഇതെല്ലാം ഇന്നലെകൾക്ക് മാത്രം അവകാശപ്പെടാവുന്നതാണ് എന്നത് പച്ചയായ യാഥാർത്ഥ്യം മാത്രം. തികച്ചും വ്യത്യസ്തമായ ഒരു ബാല്യകാലം ആണ് ഇന്നത്തെ മനുഷ്യ ജീവിതത്തിൽ പ്രകടമാകുന്നത്.മണ്ണിന്റെ മണം ഇല്ലാത്ത ഇരുട്ടു കലർന്ന ഒരു ബാല്യകാലമാണ് പുതിയ തലമുറയുടെത്. ടെലിവിഷനുകൾക്കും കമ്പ്യൂട്ടറുകൾക്കും മറ്റും അടിമപ്പെട്ട് അത് സൃഷ്ടിക്കുന്ന ഒരുതരം ഉന്മാദാവസ്ഥയിൽ കെട്ടഴിഞ്ഞ പട്ടം പോലെ ഓരോ മനസ്സും പാറിപ്പറക്കുന്നു. ആധുനികതയുടെ മായാവലയത്തിൽ അകപ്പെട്ട വിലയേറിയ ബാല്യകാല അനുഭവങ്ങൾ ആണ് അവർ തട്ടി തെറിപ്പിക്കുന്നത്. ഇന്ന് കൂട്ടുകുടുംബവ്യവസ്ഥ യോ മറ്റു കൂട്ടായ്മകൾളോ നമുക്ക് കാണാൻ സാധിക്കുകയില്ല.
കുരുന്നു മനസ്സുകൾ പടുകൂറ്റൻ വീടിനുള്ളിൽ സ്വന്തം അയൽക്കാർക്ക് പോലും അപരിചിതരായി ജീവിക്കുന്നു. ഇത്തരത്തിൽ ദൈനംദിനം മാറിക്കൊണ്ടിരിക്കുന്ന മനുഷ്യന്റെ അഭിരുചികളും ചിന്താഗതികളും വലിയ വിപത്തിലേക്കാണ് നയിക്കുന്നത് എന്ന് നാം തിരിച്ചറിയണം. ഏതൊരാളുടെയും ജീവിതത്തിലെ വിലയേറിയ സ്വത്ത് എന്നത് പ്രകൃതിയോടിണങ്ങിയ, കളങ്കമില്ലാത്ത ഒരു കുട്ടിക്കാലം ആണ്. അതിനാൽ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ മാറിക്കൊണ്ടിരിക്കുന്ന ജീവിതാവസ്ഥകളിൽ പഴമയുടെ പ്രാധാന്യം നാം ഉയർത്തി കാണിക്കണം. ഓരോ കുരുന്നു ജീവിതവും വസന്തം വിരിയുന്ന, പൂമ്പാറ്റകൾ പാറിക്കളിക്കുന്ന ഒരു ഉത്സവകാലമാക്കി നാം മാറ്റണം.