ലേഖനം
അവളും പഠിക്കട്ടെ
✒️ലബാബ കെ സി, ഓമാനൂർ
(2020-21 OSA വിദ്യാർത്ഥി)
ഓരോ പുരുഷന്റെയും ജീവിതത്തിൽ നിർണായക പങ്കു വഹിക്കുന്നവളാണ് സ്ത്രീ.ഏത് ഉന്നത സ്ഥാനത്തിലെത്തിയ പുരുഷനാണെങ്കിലും, മാതാവായോ, ഭാര്യയായോ,മകളായോ,സഹോദരിയായോ, ഒരു സ്ത്രീ അവന്റെ പിന്നിലുണ്ടാകും.പുരുഷന്മാർ വിശാലമായ ലോകത്ത് നടക്കുമ്പോൾ, അവന്റെ വിജയ രഹസ്യമായ സ്ത്രീകൾ അടുക്കളയെന്ന കൊച്ചു ലോകത്ത് എന്നെന്നേക്കുമായി ഒതുങ്ങിക്കൂടുന്നത് ശരിയാണോ? അല്ല. ഒരു കുഞ്ഞിനെ സമൂഹത്തിനുതകുന്നവനാക്കി വളർത്തിയെടുക്കുക എന്ന പുണ്യ പ്രവർത്തി ചെയ്യുന്നവളാണ് സ്ത്രീ. ഒരു കുഞ്ഞിന്റെ ആദ്യത്തെ വിദ്യാലയം അവന്റെ മാതാവിന്റെ മടിത്തട്ടാണ്, അപ്പോൾ തന്റെ കുഞ്ഞിന് അറിവിന്റെ ആദ്യക്ഷരം പറഞ്ഞുകൊടുക്കാൻ അവൾ വിദ്യാസമ്പന്നയാവേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനെന്താണ് നമുക്ക് ചെയ്യാനാവുക?
തന്റെ ലോകം അടുക്കള മാത്രമായി ചുരുക്കാതെ, അനുവദനീയമായ മാർഗത്തിൽ അറിവ് നേടാൻ അവൾ ശ്രമിക്കേണ്ടതുണ്ട്.
المرأة راعية فی بيت زوجھا
(സ്ത്രീ അവളുടെ ഭർത്താവിന്റെ വീട്ടിലെ ഭരണാധികാരിയാണ് ). എങ്ങനെയാണ് ഈ വീട് ഭരണത്തിനിടയിൽ ഒരു സ്ത്രീക് പഠിക്കാനാവുക? അതാണ് നമ്മൾ ചർച്ച ചെയ്യാൻ പോവുന്ന വിഷയം.
പെണ്മക്കൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന വർഷങ്ങൾക്ക് മുൻപുള്ള അവസ്ഥയല്ല ഇന്നുള്ളത്. സർവ്വ മേഖലകളിലും പെൺകുട്ടികൾ കടന്നു വരുന്ന കാലം കൂടിയാണിത്.സംവരണങ്ങളും സ്ക്കോളർഷിപ്പുകളും ഓരോ മേഖലയിലും സ്ത്രീ പ്രാധിനിത്യം കൂട്ടി, പക്ഷെ ഇവിടെ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്.അതയാത് ഇന്ന് എത്രയോ അതികം മുസ്ലിം പെൺകുട്ടികൾ പേരുകേട്ട കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്നവരാണ്, അവരുടെയൊക്കെ പഠനം അനുവദനീയമായ മാർഗത്തിലൂടെയാണോ? ദീനീ ശാസനകൾ അനുസരിച്ചു ജീവിക്കുന്ന വളരെക്കുറച്ചുപേരെങ്കിലും കാണും. ഭാവിയിൽ മാതാവെന്ന മഹനീയ സ്ഥാനം അലങ്കരിക്കേണ്ട എത്ര മക്കളാണ് ദീനീ വഴിയിൽ നിന്നും വ്യതിചലിച്ചു പോകുന്നത്? ഇത്തരം കോളേജുകൾക്കും, പെൺകുട്ടികൾക്കും ഒരു ചൂണ്ടു പലകയായി നിൽക്കുന്ന എത്രയോ ദീനീ സ്ഥാപനങ്ങൾ ഇന്ന് വളർന്നു വന്നിട്ടുണ്ട്, അൽഹംദുലില്ലാഹ്.
കുറെയധികം മിടുക്കികൾ ഇവിടെ നിന്നും പഠിച്ചിറങ്ങി സമൂഹത്തിന് നേർവഴി കാണിക്കുന്നുമുണ്ട്.
പക്ഷെ വേറൊരു സമൂഹമുണ്ട്, പഠന മോഹങ്ങളൊക്കെ എന്നേ മടക്കിവെക്കേണ്ടി വന്ന നമ്മുടെയെല്ലാം ഉമ്മമാരും വലിയുമ്മമാരും. ഇവരിലെത്ര പേർക്ക് ഖുർആൻ തെറ്റുകൂടാതെ ഓതാൻ കഴിയും?
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവൻ പഠിക്കേണ്ടത് ഖുർആനും ഹദീസും അവ മനസ്സിലാക്കിയെടുക്കാൻ നിർബന്ധമായ അറബി ഭാഷയുമാണ്. പഠനം പൂർത്തീകരിക്കാനാവാതെ അല്ലെങ്കിൽ പഠിക്കാനേ കഴിയാതെ, പഠന മോഹവും ഉള്ളിൽ നിറച്ച് ജീവിക്കുന്ന എത്രയോ ഉമ്മമാരെ നമ്മുടെ ചുറ്റും നോക്കിയാൽ കാണാൻ കഴിയും. നേരത്തെ എഴുതിയ പോലെ വീട് ഭരിക്കാനുള്ള തത്രപ്പാടിനിടയിൽ അവർ അതിനെക്കുറിച്ചെല്ലാം മനഃപൂർവം മറന്നതായിരിക്കണം. ഇങ്ങനെ അറിവിനായി ദാഹിക്കുന്ന, ഖുർആനെങ്കിലും തെറ്റില്ലാതെ അർത്ഥമറിഞ്ഞ ഓതാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ച ഒട്ടേറെ സ്ത്രീകൾക്ക് അനുഗ്രഹമായിരിക്കുകയാണ് ഈ ലോക്കഡോൺ കാലം. എത്രയോ സങ്കടനകളും സ്ഥാപനങ്ങളും അറിവിനായി കാത്തിരിക്കുന്ന സ്ത്രീകൾക്ക് അറിവിന്റെ വാതയനങ്ങൾ തുറന്നിട്ട് കൊടുക്കുകയാണ്. എല്ലാവർക്കും വീട്ടിനകത്തിരുന്ന് മുഷിഞ്ഞപ്പോൾ, എന്നുംവീടിനകത്തായിരുന്ന സ്ത്രീകൾക്കിത് അറിവിന്റെ മുത്തുകൾ പെറുക്കിയെടുക്കാനുള്ള സുവർണ്ണാവസരമായി.
വർഷങ്ങളായി വിറകും വിളക്കും പിടിച്ചു നടന്ന കൈകൾ പേനയെടുത്തു.
പക്ഷെ എത്ര പേര് ഈ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് നമ്മൾ ചിന്തിക്കണം. അറിവ് വിശ്വസിയുടെ കളഞ്ഞു പോയ മുത്താണ് അതെവിടെ കണ്ടാലും പൊറുക്കിയെടുക്കണം, അതിന് എത്ര ബുദ്ധിമുട്ടിയാലും ശരി.
ഇന്ന് മൊബൈൽ ഇല്ലാത്തവരോ അത് ഉപയോഗിക്കാൻ അറിയാത്തവരോ ആയിട്ട് ആരും തന്നെ ഉണ്ടാവാൻ സാധ്യതായില്ല. അതു കൊണ്ടുതന്നെ അറിവ് നമ്മുടെ വിരൽത്തുമ്പിലാണുള്ളത്. തീരെ ബുദ്ധിമുട്ടാതെ തന്നെ അത് നമ്മിലേക്കെത്തുകയും ചെയ്യും. നമ്മൾ വിചാരിക്കണം എന്നു മാത്രം. എത്ര കഷ്ടപ്പെട്ടായാലും അറിവ് നേടണം എന്നു പഠിപ്പിച്ച മുത്ത് നബിയുടെ ഉമ്മത്തുകളാണ് നമ്മൾ. അറിവ് നേടൽ പുരുഷന്മാരുടെ മാത്രം ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അതിനാൽ തന്നെ അറിവില്ലായ്മയുടെ പേരിൽ നമ്മൾ സ്ത്രീകളാരും തന്നെ അവിവേകം പ്രവർത്തിച്ചു പോവാൻ ഇട വരരുത്. കാരണം അത്ര അടുത്താണ് ഇന്ന് അറിവിന്റെ ലോകം. പഠിക്കാനുള്ള വിഷയത്തിൽ സമയക്കുറവിന്റെയും പ്രായക്കൂടുതലിന്റെയും മുടന്തൻ ന്യായം അവതരിപ്പിക്കുന്നവരോട് ചോദിക്കട്ടെ, എത്ര സമയമാണ് നിങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചിലവഴിക്കുന്നത്? എത്ര സമയമാണ് നിങ്ങൾ അനാവശ്യ വീഡിയോകൾ കാണാൻ ചിലവഴിക്കുന്നത്? നാളെ നിങ്ങൾ ചെയ്തൊരു തെറ്റിനെക്കുറിച്ചു പരലോകത്തുവെച്ചു ചോദിക്കപ്പെടുമ്പോൾ എന്തു കാരണമാണ് നിങ്ങൾക്ക് പറയാനുണ്ടാവുക?
അതു കൊണ്ട് നമ്മൾ സ്ത്രീകൾ പഠിക്കണം വിശേഷിച്ച ദീനിനെ അറിയാനുള്ള സംവിധാനങ്ങൾ ഇത്ര അടുത്തുള്ളപ്പോൾ. ഡോക്ടറാവാലോ ടീച്ചറവാലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വൈറ്റ് കോളർ ജോലി നേടലല്ല ഞാനീ പറയുന്ന അറിവുനേടൽ കൊണ്ടുദേശിക്കുന്നത്. അതി പ്രദാനമായി ഒരു മുസ്ലിമിന് വേണ്ടത് തന്റെ ദീനിനെ അറിയലാണ്. ദീനി ബോധമില്ലാത്ത കുറെ ഡോക്ടർമാരും ടീച്ചർമാരും മറ്റും ഉണ്ടായിട്ട് സമൂഹത്തിനെന്തുപകാരം. പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന, മറ്റുള്ളവരെ മനസ്സിലാക്കുന്ന ഒരു നല്ല സമൂഹം ഉണ്ടായിതീരണമെങ്കിൽ അവർക്ക് ദീനീ വിദ്യാഭ്യാസം കിട്ടിയേ തീരു. ഈ നല്ല സമൂഹത്തെ ഉണ്ടാക്കിയെടുക്കേണ്ടത് ഓരോ മാതാക്കളുടെയും ചുമതലയാണ്. പിതാവിനെക്കളേറെ മക്കളോടൊപ്പം ചിലവഴിക്കാൻ സാധിക്കുന്നത് മാതാവിനാണ് അതു കൊണ്ട് തന്നെ മാതാവിനെക്കണ്ടാണ് മക്കൾ വളരുന്നത്. അപ്പോൾ മാതാവ് ദീനീ വിജ്ഞാനം കൂടിയുള്ള ആളാണെങ്കിലോ? ആ മക്കൾക്ക് നേര് പറഞ്ഞു കൊടുത്ത് അവരെ സ്വർഗത്തിലേക്ക് വഴികാട്ടാൻ പുറമെ നിന്നൊരാൾ വരേണ്ടതില്ല, ദുനിയാവിന്റെ വഞ്ചനയിൽ പെട്ട് അവർ ദുഷിച്ചു പോകുമെന്ന ഭയവും വേണ്ട.
ചുരുക്കത്തിൽ നമ്മുടെ അടുക്കളകളിൽ ഒരു സ്റ്റഡി ടേബിൾ കൂടി ഒരുക്കി വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഒരു ദിവസം നമുക്കുള്ള 24 മണിക്കൂറിൽ നിന്നും അര മണിക്കൂറോളം പരിശുദ്ധ ദീനിനെ അറിയാൻ മാറ്റിവെച്ചാൽ പതിയെ നമുക്ക് എല്ലാം പഠിച്ചെടുക്കാൻ സാധിക്കും. ഇൻശാഅല്ലാഹ്.
ഇന്ന് നമ്മുടെ സമൂഹത്തിന്റ അവസ്ഥയെന്താണ്? ഭർത്താവിനെ അനുസരിക്കാത്ത ഭാര്യ. മാതാവിനെ അനുസരിക്കാത്ത മകൻ. ദിനം പ്രതിയെന്നോണം വർധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾ, ഒരു നിയന്ത്രണവുമില്ലാതെ തോന്നിയ പോലെ പ്രവർത്തിക്കുകയാണിന്ന് നമ്മുടെ സമുദായം. എവിടെയാണ് നമുക്ക് പിഴച്ചദ്?
ശരിയായ മത വിദ്യാഭ്യാസമില്ലായ്മ അല്ലെങ്കിൽ അവസരമുണ്ടായിട്ടും ദീൻ പഠിക്കാൻ സമ്മതിക്കാത്ത മനസ്സ് അല്ലെങ്കിൽ പഠിച്ചതനുസരിച് ജീവിക്കാനുള്ള മടി ഒക്കെയാണിവിടെ വില്ലൻ. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സഹോദരിമാർ അറിവ് നേടാനുള്ള ഒരവസരവും പാഴാക്കാതിരിക്കുക. അറിവുനേടൽ നമ്മൾ സ്ത്രീൾക്കും നിർബന്ധമാണെന്നറിയുക. അറിവില്ലായ്മ എന്നത് തെറ്റിനെ ന്യായീകരിക്കാനുള്ള ഒരു കാരണമല്ലെന്നറിയുക,അത്രക്കവസരങ്ങളാണ് അറിവ് നേടാൻ നമുക്കുള്ളത്. ഹലാലായ രീതിയിൽ മാത്രം പഠിക്കാനും ജീവിക്കാനും ശ്രമിക്കുക. അല്ലാഹു നാഫിആയ ഇൽമ് നൽകി നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ. സ്വാലിഹതായ സ്ത്രീയായി ജീവിക്കാൻ അല്ലാഹു സുബ്ഹാനഹുവത്തആലാ നമുക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.