പുണ്യ നബിﷺ സ്നേഹത്തിൻ്റെ തിരുവസന്തം
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
റൈഹാനത്ത് കുട്ടശ്ശേരി [1ST PRIZE]
(Reg. no:1026)
بسم الله الرحمان الرحيم
الحمد لله رب العالمين
الصلاة والسلام على اشرف المرسلين وعلى اله وصحبه اجمعين
വസന്തം ഒരിക്കൽകൂടി വിരുന്നെത്തിയിരിക്കുകയാണ്. വിശ്വാസിയുടെ ഹൃദയത്തിൽ അനുരാഗത്തിൻ കുളിർമഴ കോരിയിട്ടു കൊണ്ടാണ് ഓരോ റബീഉൽ അവ്വൽ മാസവും ആഗതമായിക്കൊണ്ടിരിക്കുന്നത്. പുണ്യ നബിﷺ തങ്ങളുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ പവിത്ര മാസത്തെ മൗലിദിൻ്റെയും സ്വലാത്തിൻ്റെയും മാന്ത്രിക വചനങ്ങൾ കൊണ്ട് ധന്യമാക്കുക യാണ് വിശ്വാസി സമൂഹം.
അന്ധത മുറ്റിയ ആറാംനൂറ്റാണ്ടിലെ ജനതയിലേക്ക് ഇസ്ലാമിൻറെ വെളിച്ചവുമായി വന്നു മനുഷ്യത്വത്തിൻ്റെ ബാലപാഠം മുതൽ സംസ്കാരത്തിൻറെ അധ്യായങ്ങൾ ഒക്കെയും പഠിപ്പിച്ച നബിﷺതങ്ങളുടെ ജീവിതമാണ് നാം എന്നും മാതൃകയാക്കേണ്ടത്.
നബിയെﷺ സ്നേഹിക്കുക എന്നത് സത്യവിശ്വാസിയുടെ കടമയാണ്. നബി ﷺ തങ്ങളെ നമുക്ക് ഉള്ളറിഞ്ഞ് സ്നേഹിക്കണം എങ്കിൽ, പുണ്യ റസൂൽﷺ നമ്മെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് നാം മനസിലാക്കണം..
മാത്രമല്ല നബി ﷺ തങ്ങൾ തൻ്റെ കുടുംബത്തെയും കൂട്ടുകാരെയും അന്യമതസ്ഥരെയും മറ്റു ജീവജാലങ്ങളെയുമെല്ലാം എത്രമാത്രം സ്നേഹിച്ചുവെന്നത് നാം മനസ്സിലാക്കേണ്ടതാണ്.
സ്നേഹത്തിൻ്റെ പര്യായമായിരുന്നുവല്ലൊ നബിﷺ തങ്ങൾ.... വഫാത്തിൻ്റെ സമയത്ത് പോലും തൻ്റെ ഉമ്മത്തിനെ കുറിച്ചോർത്ത് കരയുന്ന റസൂൽﷺ തങ്ങളുടെ സ്നേഹത്തെക്കുറിച്ച് എഴുതിയാലൊ പറഞ്ഞാലൊ വർണ്ണിച്ചാലൊ തീരുന്നത് അല്ലെങ്കിലും
അവിടുത്തെﷺജീവിതത്തിലെ ചില ഏടുകൾ ഇവിടെ തുറന്നു കാണിക്കുന്നുവെന്ന് മാത്രം.
ഉമ്മത്തിനോടുള്ള സ്നേഹം
---------------------------
ഒരിക്കൽ നബിﷺതങ്ങൾ സന്തോഷത്തിൽ ആയിരിക്കുന്ന ഒരു സമയം ;ആയിശ ബീവി(റ) അടുത്തു വന്നിരുന്നു കൊണ്ട് ചോദിച്ചു: ഓ നബിയെﷺ അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.....
നബിﷺ സന്തോഷത്തോടെ അത് സ്വീകരിച്ചു ,അല്ലാഹു വി ലേക്ക് കൈകളുയർത്തി പ്രാർത്ഥിച്ചു .അത് കണ്ട ആയിശ ബീവി(റ) സന്തോഷത്താൽ പുഞ്ചിരിച്ചു.
നബിﷺ ചോദിച്ചു: ഞാൻ ദുആ ചെയ്തത് ഇത്ര സന്തോഷമായോ.....
ആയിശ ബീവി(റ) അതെയെന്ന് പ്രത്യുത്തരം നൽകുകയുണ്ടായി.
ആ സമയം പുന്നാര നബിﷺ പറയുകയാണ്: ഇതിലെന്താണിത്ര ആശ്ചര്യപ്പെടാൻ ... എല്ലാ വഖ്തിലും എൻ്റെ ഉമ്മത്തിന് വേണ്ടി ഞാൻ ചെയ്യാറുള്ള പ്രാർത്ഥന തന്നെയാണിത്....
ഇസ്റാഅ മിഅറാജ് രാത്രി... ആകാശലോകത്തെത്തി അല്ലാഹുവിനെ നേരിൽ കണ്ട സമയത്ത് നാഥൻ നബിﷺതങ്ങൾക്ക് 50 വഖ്ത് നിസ്കാരം സമ്മാനമായി നൽകുന്നു. അത് സ്വീകരിച്ച് മടങ്ങുന്ന പുണ്യ നബിﷺ തങ്ങളോട് മൂസാ നബി(അ) ഇത് നിങ്ങളുടെ സമുദായത്തിന് ഒരു പ്രയാസമാവുകില്ലെ എന്ന് ചോദിച്ചപ്പോൾ ഉമ്മത്തിൻ്റെ പ്രയാസം കണക്കിലെടുത്ത് പലതവണ മടങ്ങിച്ചെന്ന് 50 വഖ്ത് വെറും 5 വഖ്താവുന്നത് വരെ നടന്നെങ്കിൽ,, അതെല്ലാം സ്വന്തം ഉമ്മത്തിനോടുള്ള സ്നേഹമല്ലാതെ മറ്റെന്താണ് ചൂണ്ടിക്കാണിക്കുന്നത്.
ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ ....
ഈ സ്നേഹം മരണത്തോടെ പോലും അവസാനിക്കുന്നില്ലെന്ന് കാണുമ്പോഴാണ് നാം ഈ സ്നേഹത്തിൻ്റെ ആഴം തിരിച്ചറിയുക. എന്തെന്നാൽ മഹ്ശറ വൻ സഭയിൽ ഒരുമിച്ച് കൂട്ടപ്പെടുന്ന സന്ദർഭം ... തലക്കു മുകളിൽ ഒരു ചാണകലത്തിൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ ... എന്താണ് സംഭവിക്കാൻ പോവുന്നതെന്നറിയാതെ നെട്ടോട്ടമോടുന്ന ദിനം ...എങ്ങനെയെങ്കിലും അവിടുന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് മാത്രം ഓർക്കുന്ന ആ രംഗം... ഓരോ സമുദായവും അവരവരുടെ പ്രവാചകന്മാർക്കു മുന്നിൽ കേഴുമ്പോൾ
അല്ലാഹുവിൻ്റെ മുന്നിലേക്ക് ചെല്ലാൻ പേടിച്ച് പിന്മാറുന്ന നബിമാർക്കിടയിൽ നിന്നും നമ്മുടെ മുത്ത് ത്വാഹാ തങ്ങൾ ജനങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യും. ആ ശഫാഅത്തിൽ മാത്രമായിരിക്കും ജനങ്ങളുടെ ഏക പ്രതീക്ഷ....
നബിﷺ തങ്ങൾ തന്നെ പറഞ്ഞു വല്ലൊ...
" എല്ലാ പ്രവാചകന്മാർക്കും ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള ഒരു പ്രാർത്ഥനക്കവസരമുണ്ട്. എൻ്റെത് ഞാൻ നാളെ മഹ്ശറയിലേക്ക് നീട്ടിവെച്ചിരിക്കുകയാണ്..."
കാണണം നാം ആ സ്നേഹത്തെ...
അറിയണം നമ്മൾ...
ഭാര്യമാരോടുള്ള സ്നേഹം..
------------------------
മികച്ച കുടുംബ നാഥനായിരുന്നു നബിﷺ തങ്ങൾ. ഭാര്യമാരോട് അങ്ങേയറ്റത്തെ കാരുണ്യം കാണിക്കുന്ന ഒരു ഭർത്താവിനെ നബിﷺ തങ്ങളിൽ ദർശിക്കാമായിരുന്നു.
വീട്ടുജോലികളിൽ ഭാര്യമാരെ സഹായിക്കുന്ന തോടൊപ്പം അവരുമായി സല്ലപിച്ചിരിക്കുന്നതും കളിതമാശകളിലേർപ്പെട്ടിരുന്നതുമെല്ലാം നാം വായിച്ചറിഞ്ഞവ തന്നെയാണ്. കുളിക്കുമ്പോൾ ഒരു പാത്രം കൊണ്ട് വെള്ളം കോരി ഒപ്പം കുളിക്കുന്നതും കുടിക്കുമ്പോൾ ആയിശ ബീവിയുടെ ചുണ്ട് തട്ടിയ ഭാഗത്ത് കൂടെ തന്നെ പാത്രത്തിൽ നിന്ന് കുടിക്കുന്നതുമായ ചരിത്ര ശകലങ്ങളിൽ നിന്ന്
ഒരു ഉത്തമ സ്നേഹസമ്പന്നനായ ഭർത്താവായിരുന്നു നബിﷺ തങ്ങളെന്ന് മനസിലാക്കാം.
വാത്സല്യ നിധിയായ പിതാവ് ..
-----------------------------
മക്കൾക്ക് നല്ലൊരു ഉപ്പയായിരുന്നു നബിﷺ തങ്ങൾ.. ഒരു പിതാവിൻ്റെ റോൾ എത്രത്തോളം മനോഹരമായാണ് റസൂൽﷺ തങ്ങൾ നിറവേറ്റിയിരുന്നത്. മക്കൾക്ക് സ്നേഹവും ബഹുമാനവും നൽകിയാൽ അത് തിരിച്ചും ലഭിക്കുമെന്ന് ആധുനിക മനശാസ്ത്രജ്ഞർ മനസിലാക്കിയെങ്കിൽ തൻ്റെ പ്രിയ പുത്രി ഫാത്വിമ ബീവി(റ) വീട്ടിലേക്ക് കയറി വരുമ്പോൾ ആദരവോടെ ബഹുമാനത്തോടെ എണീറ്റു നിന്ന് വരവേറ്റ റസൂൽﷺ എങ്ങനെ മക്കളെ സ്നേഹിക്കണമെന്ന് ജീവിതം കൊണ്ട് വ്യക്തമാക്കുമ്പോൾ നമ്മളും ആ മാതൃക പിന്തുടർന്നാൽ നമ്മുടെ മക്കൾക്കും നല്ല മാതാപിതാക്കളെ ലഭിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
സ്നേഹത്തിൻ സൗഹൃദം.
---------------------------------------
കൂടെ നടക്കുന്നവരെപ്പോലും വഞ്ചിക്കാനറക്കാത്ത കാലത്താണ് നബിﷺ തങ്ങൾ സൗഹൃദത്തിൻ്റെ വില മതിക്കാനാവാത്ത നേട്ടങ്ങളുമായി കടന്നു വന്നത്.
അല്ലാഹു വിൻ്റെ മാർഗത്തിൽ സ്നേഹിക്കുന്ന സുഹൃത്തുക്കൾക്ക് അളവറ്റ പ്രതിഫലമുണ്ടെന്ന് പഠിപ്പിച്ച റസൂൽﷺ തങ്ങൾ സ്വഹാബാക്കളുടെ നല്ല ഒരു സുഹൃത്തായിരുന്നു. സ്നേഹം കൊണ്ട് സുഹൃദ് ബന്ധം കെട്ടുറപ്പുള്ളതാക്കാമെന്ന് ജീവിച്ചു കാണിച്ചു നബിﷺ.
അനാഥരോടും അഗതികളോടും കാണിച്ച സ്നേഹം...
----------------------------------------
യത്തീമിൻ്റെ മുന്നിൽ വെച്ച് തങ്ങളുടെ മക്കളെ ലാളിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻﷺ. യത്തീ മുകളെ സംരക്ഷിക്കുന്നവനും ഞാനും ഇത് പോലെയെന്ന് രണ്ട് വിരലുകൾ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു വല്ലൊ...
ഉപ്പയില്ലാത്ത മക്കളെയും ആലംബഹീനരെയും അശരണരെയും വല്ലാതെ സ്നേഹിച്ചിരുന്നു മുത്ത് നബിﷺ. യത്തീമിന്നത്താണിയായിരുന്നവർ.
കുട്ടികളോടുള്ള സ്നേഹം
---------------------------------------
കുട്ടികളോട് വല്ലാത്തൊരിഷ്ടമായിരുന്നു നബിﷺ തങ്ങൾക്ക്.
നിസ്കാരത്തിൽ സുജൂദിൽ ആയ സമയത്ത് മുതുകിൽ കയറിയിരുന്ന പേരമക്കൾ ഇറങ്ങുന്നത് വരെ സുജൂദിൽ തുടർന്നതും
തൻ്റെ മക്കളെ ചുംബിക്കാറില്ലെന്ന് പറഞ്ഞ ഒരു അഅറാബിയോട് ദേഷ്യപ്പെട്ടതു മെല്ലാം ചരിത്രങ്ങൾ തുറന്ന് കാണിക്കുമ്പോൾ നമുക്ക് മനസിലാക്കാം നബിﷺ തങ്ങൾ കുഞ്ഞുങ്ങളെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന്, നമ്മൾ എങ്ങനെ കുട്ടികളെ സ്നേഹിക്കണമെന്നും ....
ജീവജാലങ്ങളോട് ഉള്ള സ്നേഹം..
--------------------------------
നബിﷺ ഒരിക്കൽ ഒരു അൻസ്വാരി സ്വഹാബിയുടെ തോട്ടത്തിൽ വെച്ച് ഒരൊട്ടകത്തെ കാണുകയുണ്ടായി. നബിﷺയെ കണ്ട മാത്രയിൽ ആ ഒട്ടകം കരഞ്ഞ് കൊണ്ട് നബിﷺയുടെ അരികിൽ വന്നു. നബിﷺ അതിൻ്റെ മൂർദ്ധാവിൽ തടവി. ഒട്ടകം കരച്ചിൽ നിർത്തി. അപ്പോൾ ആ ഒട്ടകത്തിൻ്റെ ഉടമയെ വിളിച്ച് ഒട്ടകത്തെ ബുദ്ധിമുട്ടിക്കരുതെന്ന് താക്കീത് ചെയ്യുകയുണ്ടായി.
ഭക്ഷണാവശ്യത്തിന് വേണ്ടി മൃഗത്തെ അറുക്കുകയാണെങ്കിൽ അതിനോട് മയം കാണിക്കണമെന്ന് പഠിപ്പിച്ചു പ്രവാചക പ്രഭുﷺ..
മൊത്തത്തിൽ എല്ലാത്തിനോടും വല്ലാത്ത സ്നേഹമായിരുന്നു നബിﷺ തങ്ങൾക്ക്.
അത്രമാത്രം സ്നേഹം നിറഞ്ഞ ഒരു നേതാവിൻ്റെ കീഴിൽ അണിനിരക്കാനായത് തന്നെ നമ്മുടെയൊക്കെ വലിയൊരു ഭാഗ്യമാണ്.
മുത്ത് നബിﷺയെ സ്നേഹിക്കാനും അവിടുന്ന് സ്നേഹിക്കുന്നവരിൽ പെടാനും നമുക്കെല്ലാം നാഥൻ തൗഫീഖ് ചെയ്യട്ടെ. ആമീൻ
اللهم ثبِّتْ قُلُوبَنَا عَلَی مَحَبّ رسول اللهﷺ... وَارْزُقْنَا زِيَارَتَهُ وَفِي الْقَلْبِ مَحَبَّتَهُ *وفِي الْمَنَامِ رُٶْيَتَهُ*
ا مين يا الله...🤲