ജീവിതാനുഭവം

ക്വാറന്റൈൻ

✒️ലബാബ കെ സി, ഓമാനൂർ

(2020-21 OSA വിദ്യാർത്ഥി)


വരാൻ പോകുന്ന പരീക്ഷയെക്കുറിച്ച് ആധിയോടെ ആലോചിച്ചിരിക്കുമ്പോഴാണ് അൻഹ വന്നു പറഞ്ഞത്, ഡീ എല്ലാരേം വാർഡൻ വിളിക്കുന്നു. എന്തുപുകിലാണാവോ വരാൻ പോകുന്നന്തെന്ന് ചിന്തിച്ചു കൊണ്ട് താഴെ ഇറങ്ങി എത്തിയപ്പോഴേക്കും എല്ലാവരും ഹാജരായിരുന്നു. എന്തിനാണ് ഈ നട്ടുച്ചക്ക് വിളിപ്പിച്ചത് ഇവിടെ നിന്ന് വെയിലു കൊള്ളിക്കാനാണോ? മാർച്ച്‌ മാസമാണ്, സൂര്യൻ നിന്നു കത്തുന്നു. വന്നവരോരോരുത്തരും ഓരോ ചെറിയ കൂട്ടമായിരുന്ന് കുശുകുശുക്കാൻ തുടങ്ങി.

എടീ എല്ലാ ഹോസ്റ്റലും അടക്കണമെന്ന് ഇന്നലെയല്ലേ പത്രത്തിൽ കണ്ടത്?

അതിന് നിനക്കെവിടുന്നാ പത്രം?

അതൊക്കെ ഞാനൊപ്പിച്ചു. ലാമിയ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

സാധാരണ മാസാവസാനം ലീവിന് വീട്ടിൽ പോകുമ്പോ എല്ലാ അതു വരെയുള്ള പത്രം ഒരുമിച്ചു വായിക്കാറാണ് പതിവ്. മെഡിക്കൽ എൻട്രൻസിന് ട്രൈ ചെയ്യുന്നവരായ ഞങ്ങൾ പത്രം പോലും വായിക്കാതെ തല കുത്തി നിന്ന് പഠിക്കണമെന്നാണ് വാർഡന്മാരുടെ ചിന്ത. അതിനിടയിൽ അവരുടെ കണ്ണിൽ പെടാതെ പത്രം വായിക്കാൻ കഴിഞ്ഞെങ്കിലായി. എല്ലാവരും എത്തിയെന്നുറപ്പായപ്പോൾ ഓഫീസ് മുറിയിൽ നിന്നും വാർഡന്മാർ ഇറങ്ങി വന്നു. സരസു എന്ന സരസ്വതി മിസ്സ്‌, സുഹ്‌റ മിസ്സ്‌, രാവിലെ എണീറ്റിട്ടില്ലെങ്കിൽ തെറി പറഞ് അന്നത്തെ ദിവസം മുഴുവനും നശിപ്പിക്കുന്ന ലത മിസ്സ്‌. പറയാൻ പോകുന്നത് എന്തോ ഗരവമുള്ളതാണെന്ന് അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം.

സരസു പറഞ്ഞു തുടങ്ങി. അതേയ് നമ്മളെ ഹോസ്റ്റൽ അടക്കണം എന്ന് പറഞ്ഞു ഹെൽത് ഡിപ്പാർട്മെന്റിൽ നിന്നും നോട്ടീസ് വന്നിട്ടുണ്ട്.

"വളരെ നല്ല കാര്യം"അടുത്ത് നിന്നിരുന്ന അനാമിക എന്നോട് പതുക്കെ പറഞ്ഞു. നാടൊട്ടുക്കും അടച്ചുപൂട്ടാൻ തുടങ്ങിയിട്ടും ഇവർക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല ഇപ്പൊ ഇതാ ഹെൽത് ഡിപ്പാർട്മെന്റ് കുലുക്കിയിരിക്കുന്നു.

ഞങ്ങളുടെ സന്തോഷത്തിനധിരുണ്ടായിരുന്നില്ല. മാസങ്ങളായി വീട്ടിൽ പോവാത്തവരുണ്ട്. ഇനി NEET കഴിഞ്ഞിട്ട് വീട്ടിൽ കയറിയാ മതി എന്ന് പറഞ്ഞാണ് പല രക്ഷിതാക്കളും ഉണ്ട്, ഹോസ്റ്റൽ അടക്കുന്നു നാളെ പിക്ക് ചെയ്യാൻ വരണം എന്നു പറഞ്ഞപ്പോ അവരെപ്പോഴേ റെഡി. പത്രം വായിക്കാത്ത ഞങ്ങളെപ്പോലെയല്ലല്ലോ അവർ. ഞാനൊക്കെ ചൈനയിൽ കൊറോണ തുടങ്ങിയ അന്ന് പത്രം വായിച്ചതാണ്.

അന്ന് രാത്രി ഒരാഘോഷമായിരുന്നു എല്ലാം തട്ടിപ്പെറുക്കിയെടുക്കുന്നു,പാക്ക് ചെയ്യുന്നു, അപ്പുറത്തെയും ഇപ്പുറത്തെയും ഫ്ലാറ്റിലേക്ക് ഒരൊന്നന്വേഷിച്ചു ഓടുന്നു. ഒന്നുകിൽ ഒരു കവർ, അല്ലെങ്കിൽ ലൈബ്രറി ബുക്ക്‌ അങ്ങനെയിരിക്കുമ്പോഴാണ് അറിയുന്നത് തമിഴ്നാട് അതിർത്തികളൊക്കെ അടച്ചിട്ടുണ്ടത്രേ. ഞങ്ങളുടെ കൂടെയുള്ള ഫാത്തിമ തമിഴ്നാട്ടുകാരിയാണ്. അവളതു കേട്ടപ്പോഴേ കരച്ചിൽ തുടങ്ങി. നാളെ വഴിയുണ്ടാക്കാമെന്ന് പ്രിൻസിപ്പൽ വന്നു പറഞ്ഞെങ്കിലും ഞങ്ങൾക്കായാളെ വിശ്വാസമില്ലാത്തതിനാൽ പോം വഴികളെക്കുറിച്ചായി പിന്നെ ചിന്ത.

ഈ ഇൻസ്റ്റിറ്റ്യൂട്ട്കാര് എന്തിനാണ് അടക്കൽ ഇത്ര ലേറ്റ് ആക്കിയത്? അതു കൊണ്ടല്ലേ ഇപ്പൊ ഇങ്ങനെയൊരു അവസ്ഥ വന്നത്?

ഉറങ്ങാൻ പോവുന്നതിനുമുമ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ച്, കുറെ പറഞ്ഞ ശേഷമാണ് ഞങ്ങൾക്ക് കാലിയടങ്ങിയത്. പിറ്റേന്ന് ഞങ്ങളെ ഹോസ്റ്റലിന്റെ കൊച്ചു മുറ്റം നിറയെ കാറുകളുടെ ഒരു പ്രളയമായിരുന്നു. വരുന്നവരെല്ലാം മാസ്ക് ഇട്ടിരിക്കുന്നു!പുറംലോകവുമായി ബന്ധമില്ലാത്ത ഞങ്ങൾ ആ കാഴ്ച കണ്ട് അമ്പരന്നു.

മൂന്നാമത്തെ നിലയിലായിരുന്നു ഞങ്ങളെ ഫ്ലാറ്റ്. എല്ലാവരും പരസ്പരം സഹായിച് എല്ലാവരുടെയും ബാഗുകൾ താഴെയെത്തിച്ചു. എന്തൊരു കനമാണത്തിനൊക്കെ.

അങ്ങനെ,

പിരിയുന്നു കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ എന്നു പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. ഇനിയെന്ന് കാണണവും എന്നൊരുഊഹം പോലുമില്ല.

തലേന്ന് ഫാനിന്റെ നേരെ താഴെ കിടന്നതിനാലും, ജനലുകൾ തുറന്നിട്ടതിനാലും എനിക്ക് ജലദോഷം ബാധിച്ചിരുന്നു. കൂട്ടിനു തൊണ്ടവേദനയും. എനിക്കതിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ വീട്ടിലെത്തിയപ്പോഴല്ലേ പുകില്. നിനക്ക് ശ്വാസം കഴിക്കാതെ നിൽക്കാണ് പറ്റുന്നുണ്ടോ. പുറത്തെവിടെയെങ്കിലും പോയിരുന്നോ തുടങ്ങി ചോദ്യങ്ങളുടെ നീണ്ട നിര. പോരാത്തതിന് റൂമിൽ നിന്നും പുറത്തിറങ്ങിയാൽ ആശാ വർക്കറോട് പറയുമെന്നും ക്വാറന്റീൻ സെന്ററിൽ പോവേണ്ടി വരുമെന്നും ഭീഷണി. എല്ലാം അടച്ചുപൂട്ടണമെന്ന പ്രഖ്യാപനം വന്നതോടെ ആങ്ങളമാരൊക്കെ വീട്ടിലാണ്, പോരാത്തതിന് നാത്തൂന്മാരും, കൊച്ചു കുട്ടികളുമായി പത്തു പതിനഞ്ചു പേരുണ്ട് വീട്ടിൽ. അവർക്കൊക്കൂടി ഞാൻ മൂലം കൊറോണ വന്നാലുള്ള അവസ്ഥ? അതുകൊണ്ട് റൂമിലിരിക്കാമെന്നു തന്നെ തീരുമാനിച്ചു. ഭക്ഷണം സമയത്തിന് റൂമിലെത്തും. രാജകീയ ജീവിതം. പക്ഷെ പുറത്തിറങ്ങാതെയുള്ള ഈ ഇരുത്തം മടുത്തു പോയി. ഹോസ്റ്റലിൽ നിന്നും വീടിനെക്കുറിച്ചാലോചിക്കുമ്പോ ഒരു കുളിരാണ്. പക്ഷെ വീട്ടിലെത്തിയപ്പോ ഹോസ്റ്റല് മാതിരിയായിപ്പോയി.


പഠിക്കാനുള്ള ഒരു ലോഡ് ബുക്ക്സ്സുമായിട്ടാണ് ഞാൻ വന്നത് പക്ഷെ മനസ്സിനെ പിടിച്ചിടത് കിട്ടുന്നില്ല. ജനലിന് പുറത്ത് എല്ലാവരും പണിയെടുക്കുന്നത് കാണാം. വര്ഷങ്ങളായി കൈകോട്ട് തട്ടിയിട്ടില്ലാത്ത തെങ്ങിൻ ചുവടുകൾ കിളച്ചു മറിച് തടമെടുത്തിരിക്കുന്നു. ചിലർ കൃഷി തുടങ്ങിയിരിക്കുന്നു. എന്തൊരു മാറ്റം

മുറ്റത്തെ ആപ്പിൾ ചാമ്പക്ക മരത്തിൽ പേരറിയാത്ത കിളികൾ വിരുന്നു വരുന്നു. മനുഷ്യർ ലോക്കഡോൺ ആയപ്പോൾ പ്രകൃതി സ്വാതന്ത്രയായി. ക്വാരണ്ടീൻ ഭയമില്ലാതെ പക്ഷികളും മൃഗങ്ങളും സ്വൈര്യവിഹാരം നടത്തി.

ചിന്തകൾക്കിടയിലാണ് ഉപ്പ പത്രം വായിക്കുന്നത് ശ്രദ്ധിച്ചത്. ലോക്കഡോൺ ഇനിയും നീട്ടുകായാണത്രെ.

അപ്പൊ നമ്മൾ ഇനിയും ക്വറന്റീനിൽ കിടക്കണം. മൂത്ത ആങ്ങളയുടെ വക കമന്റ്‌.

ഇതൊക്കെകേട്ട ഉമ്മയുടെ വക

അടുക്കളയിൽ നിന്നും കമന്റ്‌

"നിങ്ങളൊക്കെ ഇപ്പോഴല്ലേ ലോക്കയത് നമ്മൾ പെണ്ണുങ്ങൾ എന്നും ക്വാറന്റീനില

അപ്പൊ എല്ലാവരുടെയും കൂട്ടചിരിയുയർന്നു.