ലേഖനം

മധുരമുള്ള ബാല്യം

✒️നുസ്രത്ത്, എരുമാട്

(2020-21 OSA വിദ്യാർത്ഥി)

ഒരിക്കലും തിരിച്ചു കിട്ടാത്തതും എന്നാൽ ഏറ്റവും കൂടുതൽ മധുരമുള്ളതുമായ ഒന്നാണ് നമ്മുടെ കുട്ടിക്കാലം....


നമ്മളിൽ ഓരോരുത്തരും ഇന്നും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ബാല്യത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക്...


മാങ്ങയിൽ കല്ലെറിഞ്ഞും, മഴ വെള്ളത്തിൽ ചാടിക്കളിച്ചും, നോട്ടു ബുക്കിന്റെ പേജു കീറി തോണിയുണ്ടാക്കി വെള്ളത്തിൽ ഒഴുക്കി വിട്ടും,അതിന്റെ പേരിൽ ഒരുപാട് തല്ലുകൾ കൊണ്ടിട്ടുള്ളതുമായ മധുരമുള്ള ബാല്യം ....


അതെ ഞാനും ആഗ്രഹിക്കുന്നുണ്ട് സഹോദരങ്ങളുമൊത്ത് വയൽ വരമ്പിലൂടെ മദ്രസ്സയിലേക്ക് പോയിരുന്ന ആ ബാല്യകാലം...


മഴ കാലത്ത് വരമ്പിൽ നിറയെ ചെളിയായിരിക്കും.കാലിൽ മുഴുവൻ ചെളിയായിട്ട്, അതു കഴുകാൻ അടുത്തുള്ള ഒരു ചെറിയ അരുവിയിൽ ഇറങ്ങും ,അതിൽ കാൽ കഴുകി ഓടി കിതച്ച് മദ്രസ്സയിൽ എത്തുമ്പോഴേക്കും ബെൽ അടിച്ചിട്ടുണ്ടാവും. ഫാത്തിഹ ഓതി കഴിഞ്ഞ് സദർ ഉസ്താദ് വടിയും പിടിച്ച് വരാന്തയിൽ നിൽക്കുന്നുണ്ടാവും നേരം വൈകി വരുന്നവരെ പിടിക്കാൻ. പൂച്ചയെ പോലെ പതുങ്ങി പതുങ്ങി വന്ന് ഉസ്താദിന്റെ അടുത്ത് കൈ നീട്ടും. ഉസ്താദിന്റെ മൂട് പോലെയുണ്ടാവും ഞങ്ങളുടെ അന്നത്തെ അടി.....


ക്ലാസ്സിൽ എത്തിയാൽ കഥ പറച്ചിലും വഴിയിൽ നിന്ന് കിട്ടിയ മാങ്ങ പങ്കു വെക്കലും. ഉസ്താദ് ചോദ്യം ചോദിച്ചാൽ ഇടം കണ്ണിട്ട് അടുത്തുള്ളവരെ നോക്കലും, ഉസ്താദിന്റെ ചൂരൽ കഷായത്തിന്റെ വേദനയും എല്ലാം ഇന്നും മധുരിക്കുന്ന ഓർമകളായിത്തന്നെ കിടക്കുകയാണ് .....