കഥ

കാതിൽ അലയടിക്കുന്ന തേങ്ങൽ


ശഹനാസ് മരുത

(2020-21 OSA വിദ്യാർത്ഥിനി )


മൂന്നു നില കെട്ടിട്ടങ്ങളുള്ള വിശാലമായ ജൂനിയർ അറബിക് കോളേജ്..

കോളേജിനു മുന്നിൽ വിശാലമായ ഗ്രൗണ്ട്. അതിന്റെ സൈഡിലൂടെ തലയുയർത്തി നിൽക്കുന്ന പല തരത്തിലുള്ള മരങ്ങളും ചെടികളും. അതിൽ മാവുകളും പ്ലാവുകളുമുണ്ട്. മാങ്ങാക്കാലമായാൽ കുട്ടികൾക്ക് നല്ല ഹരമാണ്.

കല്ലുകൊണ്ടുറിഞ്ഞും കേറി പറിച്ചും അവർ തിന്നു രസിക്കും. ഒഴിവു സമയങ്ങളിൽ അവർ അതിന്റെ ചുവട്ടിൽ സൊറ പറഞ്ഞിരിക്കും.


ആ കോളേജിലേക്ക് പുതുതായി ചാർജെടുത്തതാണ് ശാഹുൽ ഹമീദുസ്താദ്.എല്ലാവരെയും ആകർഷിക്കുന്ന സ്വഭാവ ശൈലി. കുട്ടികൾക്കും അദ്ദേഹത്തെ വലിയ കാര്യമാണ്.ഓരോ കുട്ടികളെയും അദ്ദേഹം വീക്ഷിക്കുന്നുണ്ട്. അവരുടെ പഠനത്തിലും കളികളിലും മറ്റും.


ഒരു സായാഹ്നത്തിൽ കുട്ടികളെല്ലാം ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. ഒരാൾ മാത്രം മാവിൻ ചുവട്ടിൽ ചിന്താനിമാഗ്നനായി കൊണ്ട് ഇരിക്കുന്നു.

സഹലല്ലേ അത് ´ ഉസ്താദ് അങ്ങോട്ട് ചെന്ന് അവനോട് ചോദിച്ചു. നീ എന്താ കളിക്കുന്നില്ലേ. അവൻ പെട്ടന്ന് എണീറ്റ് മൂകനായി നിന്നു. ഉസ്താദ് ചോദിച്ചു : എന്താ നിനക്കൊരു വിഷമം പോലെ...

ഒന്നുമില്ല

എന്നാലും എന്നോട് പറയൂ.

അവൻ പറഞ്ഞു. എന്റെ കൂട്ടുകാരൻ അനസ്..... അവനെ ഓർത്തുപോയി.

ഉസ്താദിന് സംഭവമറിയില്ല. പുതിയതായി വന്നതല്ലേ.

അനസോ, അവനിപ്പോൾ എവിടെയാണ്? സഹൽ വിതുമ്പികരയാൻ തുടങ്ങി. ഉസ്താദവനെ തലോടിക്കൊണ്ട് പറഞ്ഞു. മോൻ കരയല്ലേ.സാരമില്ല. എന്താണ് സംഭവമെന്ന് എന്നോട് പറയൂ..


സഹൽ തന്റെ ഉള്ളിലെ സങ്കടം അടക്കിപ്പിടിച്ചു കൊണ്ട് കഴിഞ്ഞകാല ഓർമ്മകൾ ഉസ്താദിനോട് പറയാൻ തുടങ്ങി..


അവനീലോകത്തോട് വിട പറഞ്ഞിട്ട് ഏകദേശം ഒരുവർഷമാകാറായി. എന്നാലും അവന്റെ ഓർമ്മകൾ മനസ്സിൽ നിന്നും മായുന്നില്ല. അവൻ ഒന്നാം വർഷവിദ്യാർത്ഥിയും ഞാൻ രണ്ടാംവർഷാവിദ്യാർത്ഥിയുമായിരുന്നു. ഒന്നാം വർഷം കഴിഞ്ഞ് കോളേജ് പൂട്ടിതുറന്ന സമയത്താണ് ഞാനവനെ ആദ്യമായി കാണുന്നത്. അവനാകൊല്ലം കോളേജിൽ ചേർന്നതായിരുന്നു. നല്ല സ്വാഭാവത്തിനുടമയായിരുന്നു അവൻ. ആദ്യമൊന്നും ഞങ്ങൾ തമ്മിൽ വലിയ കൂട്ടില്ലായിരുന്നു. ദിവങ്ങൾക്ക് ശേഷം അവന്റെ സ്വഭാവം കൊണ്ടോ, എന്തോ അറിയില്ല. ഞങ്ങൾ അറിയാതെ അടുത്തു പോയി. പഠനസമയത്ത് മാത്രം ഞങ്ങൾ വേറെ ക്ലാസ്സായിരുന്നു. അല്ലാത്ത സമയത്തെല്ലാം എന്റെ സ്വന്തം അനിയനെ പോലെ ഞാൻ അവനെ കൊണ്ട് നടന്നു. ഞങ്ങൾ സന്തോഷങ്ങളും സങ്കടങ്ങളും അങ്ങോട്ടുമിങ്ങോട്ടും പങ്കു വെക്കും.


ഒരു ദിവസം അവൻ ചെറിയ പനിയും തൊണ്ടവേദനയും. അവനതത്ര കാര്യമാക്കിയില്ല. പിറ്റേന്ന് അസുഖം കുറച്ചു കൂടിയപ്പോൾ ഇവിടത്തെ ഉസ്താദുമാർ എന്നെയും അവനെയും അടുത്തുള്ള ഹോസ്പിറ്റലിലേക്കയച്ചു.

അവിടെച്ചെന്ന് ഡോക്ടറെ കണ്ടു. ഡോക്ടർ പരിശോധിച്ചു. പ്രശ്നമൊന്നുമില്ല. ടോൺസസ് ആണ്. ചെറിയ പനിയുണ്ട്. അത് സാരമില്ല. മാറിക്കോളും. മരുന്ന് കുറിച്ച് തരാം.


അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. മരുന്നെല്ലാം കൃത്യമായി കഴിച്ചിട്ടും അസുഖത്തിന് പ്രത്യേകിച്ച് കുറവൊന്നുമില്ല. അവന്റെ വിഷമം കണ്ട് എനിക്കും വല്ലാത്ത വിഷമമായി. അവന് ഭക്ഷണം കഴിക്കാനൊന്നും കഴിയുന്നില്ല. തൊണ്ടയിൽ മുള്ളുകുത്തുന്നത് പോലെ വേദനയുണ്ടന്ന് പറയും. ഉറക്കമില്ലാത്ത രാത്രികളിൽ അവന് കൂട്ടായി ഞാനും നിന്നു. രാത്രിയിൽ അവന്റെ വിഷമം കണ്ട് ഞാൻ ചോദിച്ചു.

നിന്റെ വീട്ടിലേക്ക് ഫോൺ ചെയ്താൽ നിന്റെ ഉമ്മയും ഉപ്പയും കൂട്ടാൻ വരില്ലേ ?

അപ്പോളവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി. ഞാൻ ചോദിച്ചു. എന്തിനാണ് കരയുന്നത് !

വിങ്ങി പ്പൊട്ടി ക്കൊണ്ട് അവൻ പറഞ്ഞു ` എന്റെ ഉമ്മാക്ക് വലിയ ആഗ്രഹമാണ് ഞാൻ നല്ലൊരു മതപണ്ഡിതനായി കാണണമെന്നുള്ളത്. അതുകൊണ്ട് ഞാൻ പോകുന്നില്ല ´´ ഇതുകേട്ട് ഞാനും അറിയാതെ കരഞ്ഞു പോയി. ഞാനവനെ സമാധാനിപ്പിച്ചു. സാരമില്ല.അതുമാറിക്കൊള്ളും.


പിറ്റേ ദിവസം നേരം വെളുത്തപ്പോൾ അവന്റെ അസുഖം കൂടി. ചോര ഛർദിക്കാൻ തുടങ്ങി. ഇതുകണ്ട കോളേജിലെ ഉസ്താദുമാർ അവന്റെ വീടിലേക്ക് ഫോൺ വിളിച്ചു. അവന്റെ ഉപ്പ കൊണ്ടുപോകാൻ വന്നു.

അവൻ ഞങ്ങളോടെല്ലാം സലാം പറഞ്ഞത് ഉപ്പാന്റെ കൂടെ വീട്ടിലേക്ക് പോയി. ആ സമയത്ത് തീരെ പ്രതീക്ഷിച്ചില്ല. ഇതവന്റെ അവസാനത്തെ യാത്രപറച്ചിലാവുമെന്ന്.

അവൻ പോയതിൽ പിന്നെ ഞാനും വളരെ വിഷത്തിലായി .അവന്റെ അസുഖം ശിഫയാവാൻ വേണ്ടി അല്ലാഹുവിനോട് അഞ്ചു നേരവും ദുആ ചെയ്തു.



അവന്റെ മാതാപിതാക്കൾ അവനെ നേരെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.

ഡോക്ടർ പരിശോദിച്ചു. ടെസ്റ്റുകളെല്ലാം ചെയ്തു. ഡോക്ടർ പറഞ്ഞു. ഡിഫ്തീരിയ ( തൊണ്ടമുള്ള് ) ആണ് കുറച്ച് സീരിയസാണ്. നമുക്ക് ഒരു കൈ നോക്കാം., അവന്റെ മാതാപിതാക്കൾ ആകെ വിഷമത്തിലായി. അവർ എല്ലാം അള്ളാഹുവിൽ തവക്കുൽ ചെയ്തു. മാതാപിതാക്കളും ഡോക്ടർമാരും അവനെ നല്ലതു പോലെ പരിചരിച്ചു.

പക്ഷേ,

അവന്റെ അസുഖത്തിന് ഒരു കുറവും വന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അള്ളഹുവിന്റെ വിധിയെന്ന് പറയാം.. അവനീലോകത്തോട് വിടപറഞ്ഞു.


انا للله وانا الیه راجعون


ഇത്രയും പറഞ്ഞപ്പോഴേക്കും സഹലാകെ തളർന്നിരുന്നു.

ഉസ്താദവനെ ആശ്വസിപ്പിച്ചു.

കണ്ണ് തുടച്ചു കൊണ്ട് സഹൽ പറഞ്ഞു.

പിറ്റേന്ന് സുബ്ഹിക്കാണ് ഞങ്ങൾ അനസിന്റെ മരണവാർത്തയറിയുന്നത്.അങ്ങനെ ഉസ്താദുമാരും ഞങ്ങളും അവന് വേണ്ടി ദുആ ചെയ്തു. എന്റെ മനസ്സാകെ തകരുന്നത് പോലെ തോന്നി. അവനന്ന് പറഞ്ഞ വാക്കുകൾ ഞാനോർത്തു. *``ഇന്റുമ്മാക്ക് ഞാനൊരു മത പണ്ഡിതനായി കാണണമെന്നാണഗ്രഹം ´´* അള്ളാഹ് അവന്റെ ആഖിറം വെളിച്ചമാക്കി കൊടുക്കണേ. ഇതുപോലെ ഞങ്ങളെ സ്വർഗത്തിൽ ഒന്നിപ്പിക്കണേ...

ഞാനങ്ങനെ ദുആ ചെയ്തുകൊണ്ടിരുന്നു.



അങ്ങനെ ഉസ്താദുമാരുടെയും മറ്റു കുട്ടികളുടെയും കൂടെ കരയുന്ന മനസ്സും തളരുന്ന ശരീരവുമായി ഞാനും അവന്റെ വീട്ടിലേക്ക് പോയി.

അവിടെ എല്ലാവരും ഖുർആൻ ഓതുകയാണ്. അങ്ങനെ ദുനിയാവിലെ അവസാന കാഴ്ചയായി അവന്റെ ആ സുന്ദരമായ മുഖം ഞാനും കണ്ടു. സങ്കടം മനസ്സിൽ അടക്കിപ്പിടിച്ചു. അള്ളാഹു അവന്റെ ഉപ്പക്കും ഉമ്മക്കും ക്ഷമ നൽകിയതാവാം.

എല്ലാവരും ഖുർആൻ ഓതലും ദുആയുമായി സമയം കഴിഞ്ഞു.


അവസാനം മയ്യിത്ത് കുളിപ്പിക്കലും കഫൻ ചെയ്യലും ദുആയുമൊക്കെ കഴിഞ്ഞ് മയ്യിത്ത് പള്ളിയിലേക്കെടുക്കുകയാണ്. എല്ലാവരും അടക്കിപ്പിടിച്ച് കരയുകയാണ്. അപ്പോഴതാ വീടിന്റെ ഉള്ളിൽ നിന്നും ഒരു കുട്ടിയുടെ ഭയങ്കരമായ കരച്ചിൽ. അനസിന്റെ അനിയനാണ്. എന്റെ ഇക്കാക്കാനേ കൊണ്ടു പോവല്ലേ..

മനസ്സ്തകരുന്ന പോലെ. എല്ലാം അല്ലഹുവിലർപ്പിച്ച് ഞാനും എന്റെ കൂട്ടുകാരന്റെ ജനാസയുടെ കൂടെ പള്ളിയിലേക്ക് നടന്നു. അവിടുന്ന് മയ്യിത്ത് നമസ്കാരം കഴിഞ്ഞ് മയ്യിത്ത് മാറവുചെയ്യുന്നതെല്ലാം കണ്ടു. മനസ്സിനെയും ശരീരത്തെയും താങ്ങി നിർത്താനാവുന്നില്ല.എല്ലാ നിയന്ത്രണങ്ങളും കൈ വിട്ടു പോകുന്നു.എല്ലാവരുടെയും പോലെ ഞാനും മൂന്ന് പിടി മണ്ണ് ആ ഖബറിൻ മേൽ വാരിയിട്ടു.


منها خلقناکم و فیها نعیدکم ومنها نخرجکم تارة اخری



ഇപ്പോഴും അനസിന്റെ ആ കുഞ്ഞനുജന്റെ തേങ്ങൽ കാതിൽ മുഴങ്ങുന്നു.


``ഇന്റക്കാക്കനെ കൊണ്ടുപോകല്ലേ ´´_ഇത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും സഹൽ ഉസ്താദിന്റെ മടിയിലേക്ക് തളർന്നു വീണു.

..