കഥ

കാതിൽ അലയ്ക്കുന്ന തേങ്ങൽ

റൈഹാന കുട്ടശ്ശേരി

(2020-21 BATCH)


മനസാകെ അസ്വസ്ഥമാണ് ..

കണ്ണടച്ചാൽ മുന്നിൽ കാണുന്ന ഒരേ രൂപം.. ഒരു സ്ത്രീയുടെ മുഖം ... കാതിൽ അലക്കുന്ന തേങ്ങലടികൾ ...

സജീർ കയ്യിലുണ്ടായിരുന്ന പത്രം വലിച്ചു കീറി... കീറിപ്പറിഞ്ഞ പത്രക്കഷ്ണങ്ങൾ തന്നെ നോക്കി പുച്ഛിക്കുന്ന പോലെ .. തുണ്ടുകടലാസുകൾക്ക് മുകളിൽ കീറി മുറിച്ചിട്ടും പോറലേൽക്കാത്ത ആ പിഞ്ചോമനയുടെ മുഖം നിഷ്ളങ്കതയാൽ ചിരിച്ചോണ്ടിരിക്കുന്നു ..

സജീർ തളർന്ന് നിലത്തേക്കിരുന്നു .. പതിയെ ആ ഫോട്ടോയെടുത്ത് മാറോടു ചേർത്ത് പൊട്ടിക്കരഞ്ഞു...


തണുത്തു മരവിച്ച എയർ കണ്ടീഷൻ റൂമിൽ സജീറിൻ്റെ കരച്ചിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു..


******

ഗൾഫിലേക്ക് പോരാനിരിക്കുന്നതിൻ്റെ തലേന്ന് പകലായിരുന്നല്ലൊ ആ സംഭവം...

അത്യാവശ്യം കൊണ്ടു പോവേണ്ട സാധനങ്ങളൊക്കെ അങ്ങാടിയിൽ നിന്നും വാങ്ങി വരുന്ന വഴി പെട്ടെന്നാണ് ബൈക്കിനു കുറുകെ ഒരു മൂന്നു വയസൊക്കെ പ്രായം തോന്നുന്ന ഒരു കുട്ടി ഓടിയതും, ബ്രേക്ക് കിട്ടാതെ ബൈക്ക് ആ കുഞ്ഞിൻ്റെ ശരീരത്തിൽ തട്ടി കുഞ്ഞ് തെറിച്ച് ഒരു പാറക്കല്ലിൽ പോയി തലയിടിച്ചതും ..

കുഞ്ഞിൻ്റെ പിന്നാലെ വരുന്ന അമ്മ ഇതെല്ലാം കണ്ട് അമ്പരന്ന് മോനേ.. '' എന്ന് വിളിച്ച് തേങ്ങുന്നതും.


എല്ലാം കൂടെ മുന്നിൽ കണ്ട സജീർ ഷോക്കേറ്റ് ഒരു പോക്കായിരുന്നു 140 സ്പീഡിൽ പറപ്പിച്ചു വിട്ട ബൈക്ക് വീടിൻ്റെ മുറ്റത്തെത്തിയിട്ടാണ് ഒന്നു നിന്നത്.

എന്താണ് സംഭവിച്ചതെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ സജീർ റൂമിൽ കയറി വാതിലടച്ചു ഒരൊറ്റ ഇരിപ്പായിരുന്നു.


ഉപ്പ വന്ന് വാതിലിൽ മുട്ടിയപ്പോൾ കതക് തുറന്ന പാടെ ഉപ്പാൻ്റെ മാറിലേക്ക് ചാഞ്ഞ് അവൻ ഉണ്ടായതെല്ലാം പറഞ്ഞൊപ്പിച്ചു.


നടന്നതെല്ലാം നടന്നു. പക്ഷേ നീയായിട്ടത് ആരോടും പറയാൻ നിൽക്കണ്ട.. കേസും പ്രശ്നമൊക്കെ ആയാൽ ഗൾഫിലേക്കുള്ള യാത്ര മുടങ്ങുമെന്ന് പറഞ്ഞ്

ഉപ്പ അവനെ സാന്ത്വനിപ്പിച്ചു'

ഒപ്പം യാത്രയാക്കാനുള്ള ഒരുക്കങ്ങളും ചെയ്ത് തുടങ്ങി.


സജീർ ആകെ ധർമ്മസങ്കടത്തിലായിരുന്നു.

തൻ്റെ കൈയബദ്ധം കാരണം ആ കുഞ്ഞ്..

ഒന്ന് വണ്ടി നിർത്താൻ പോലും തനിക്ക് ആയില്ലല്ലൊ എന്നോർത്തു അവന് അവനോട് തന്നെ വെറുപ്പ് തോന്നി.


മനസിനൊരു സ്വസ്ഥതയും കിട്ടാതായപ്പോൾ സംഭവം എന്തായി എന്നറിയാൻ അവിടെ വരെ പോകുക തന്നെ എന്നുറച്ച് സജീർ കിടക്കയിൽ നിന്നെണീറ്റു.

പക്ഷേ...


"നീയിനി ആ കാര്യമോർത്ത് തല പുണ്ണാക്കണ്ട. ഞാൻ പോയി അന്വേഷിച്ചിരുന്നു അവിടെ.. ആ കുട്ടിക്ക് വലിയ കുഴപ്പൊന്നുമില്ല.

തലക്ക് ചെറിയ ഒരു മുറിവുണ്ടെന്നേ ഉള്ളൂ.. "

പോവാൻ നേരം വിലക്കിക്കൊണ്ട് ഉപ്പ പറഞ്ഞ വാക്ക് അവൻ്റെ മനസിൽ കുളിർമഴ പെയ്യിച്ചു.. സമാധാനത്തോടെ അവ നന്ന് ഉറങ്ങി

രാവിലെ എട്ടു മണിയുടെ വിമാനത്തിൽ കയറി ഗൾഫിലേക്ക് തിരിക്കുമ്പോഴും ഉപ്പ പറഞ്ഞത് സത്യമാവണേ.. എന്ന് മാത്രമായിരുന്നു പ്രാർത്ഥന..



എന്നാൽ ഇപ്പോൾ....



ബൈക്കിടിച്ച് മരണപ്പെട്ട ആ കുഞ്ഞിൻ്റെ ഫോട്ടോയും വാർത്തയും

പത്രത്തിൽ കണ്ടപ്പോൾ

വീണ്ടും തളർന്നു പോയി...


എങ്ങനെയൊക്കെയോ ധൈര്യം വീണ്ടെടുത്ത് ഉപ്പയെ വിളിച്ചു...

എന്തിനാ ഉപ്പാ നിങ്ങളന്ന് എന്നോട് കളവ് പറഞ്ഞെതെന്ന് ചോദിച്ച് ഫോണിലൂടെ പൊട്ടിക്കരയുമ്പോൾ ഉപ്പക്ക് പറയാൻ വാക്കുകളില്ലായിരുന്നു ...



പെട്ടെന്നാണ് ഓണാക്കി വെച്ച ടെലിവിഷൻ വാർത്തകളിൽ ആ രംഗം നിറഞ്ഞത്.

"ഇടിച്ചിട്ട് നിർത്താതെ പോയ ആ ബൈക്ക് നമുക്ക് അന്വേഷിച്ച് കണ്ടെത്തണ്ടേ ... " എന്ന ചാനലുകാരുടെ ചോദ്യത്തിന് തേങ്ങലോടെ

ആ അമ്മ പറയുന്നത് ..'


'ദൈവം ഞങ്ങൾക്ക് നൽകിയത് ദൈവം തന്നെ തിരിച്ചെടുത്തു...

അതിന് ഞങ്ങൾക്ക് ആരോടും പരാതിയില്ല ...

ബൈക്കുകാരൻ ആരാണെന്ന് കണ്ടു പിടിച്ചാലും ഞങ്ങൾക്ക് ഞങ്ങളുടെ മോനെ തിരിച്ചു കിട്ടില്ലല്ലൊ... "

എന്ന് ...


സജീർ തളർന്ന്

വീണു...


തനിക്ക് കിട്ടാവുന്ന തിൽ വെച്ച് ഏറ്റവും വലിയ ശിക്ഷയാണ് ആ വാക്കുകളെന്നറിഞ്ഞ് സജീർ

പൊട്ടിപൊട്ടി കരഞ്ഞു ....