എന്റെ മുത്തു നബി സ്നേഹത്തിന്റെ തിരുവസന്തം

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


അബ്ദുൽ ലത്തീഫ് - കാപ്പാട്

Reg. No. 1041

(2020-21 BATCH)


ലോകം മുഴുക്കെ പുണ്യ നബിയെ കീർത്തിക്കുന്ന ഈ വേളയിൽ നബി സ്നേഹ സാഗരിത്തിന്റെ മുകൾ പരപ്പിലൂടെ ചെറിയൊരു സഞ്ചാരം.


എന്നെ പ്രസവിക്കപ്പെട്ടപ്പോൾ ഞാനാദ്യമായി കേൾക്കുന്ന ശബ്ദം സൃഷ്ടാവായ അള്ളാഹുവിന്റെതാണ് കൂടെ തന്നെ എന്റെ മുത്തു നബിയുടേതും.

എന്റെ ഉമ്മ എന്നെ താലോലിച്ചുറക്കുമ്പോൾ ഞാൻ നിദ്രയിലേക്ക് വഴുതി വീഴുന്നതും മുത്തു നബിയുടെ സവിശേഷ സുഗന്ധ പൂരിതമായ വരികൾ കേട്ടു കൊണ്ടു തന്നെ.


ഞാൻ നടക്കാൻ പ്രായമായപ്പോൾ എന്റെ വീടിന്റെ അരികെ പള്ളിയിൽ നിന്നും അഞ്ചു നേരവും സൃഷ്ടാവിന്റെ കൂടെ ഈ മുത്തിന്റെ നാമം കേട്ടപ്പോൾ ഞാനറിയാതെ അതുരുവിടാൻ പഠിച്ചതും വിസ്മയം.

ഓത്തിനിരുത്തുന്നതിന് മുമ്പ് എന്റെ പൊന്നുമ്മ മടിയിലിരുത്തി പറഞ്ഞു തന്നതും പുണ്യ നബിയുടെ പേരും മാതാ പിതാക്കളുടെ ചരിത്രങ്ങളും .


ആദ്യമായി മദ്രസയിൽ ചേർത്തിയപ്പോഴും ഉസ്താദിനും പറയാനുണ്ടായിരുന്നത് എന്റെ മുത്തായ നബി തങ്ങളെ കുറിച്ചു തന്നെ.

പിന്നീട് നിസ്കാരം പഠിച്ചപ്പോഴും സ്വലാത്തും സലാമും ഞാൻ നേരെ ചൊല്ലാൻ തുടങ്ങിയതും ഈ മുത്തിനു തന്നെ.


അതെ, ഇതെന്റെ മണി മുത്താണ് ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന മാണിക്യക്കല്ല്.



എന്റെ നബി സർവ്വ ലോക സൃഷ്ടാവിന്റെ ആത്യുത്കൃഷ് ട സൃഷ്ടിയാണ്. പാവങ്ങളുടെ അത്താണിയും മർദ്ദിതർക്ക് രക്ഷകനും ലോകർക്ക് അനുഗ്രഹവുമായാണ് പുണ്യ നബി ലോകത്തിലേക്ക് കടന്നു വന്നത്.

തന്റെ ശത്രുക്കളെ പോലും അത്ഭുതപ്പെടുത്തിയ സ്നേഹ സ്വരൂപനായ മുത്തു നബിയെ നമുക്കൊന്ന് പരിചയപ്പെടാം.


എന്റെ പുണ്യ നബിയുടെ മുഖത്തേക്ക് ആരെങ്കിലും നോക്കിയാൽ അവർ മുഖം തിരിക്കും വരേ മുത്തു നബി മുഖം തിരിക്കില്ലത്രെ.

ആരെങ്കിലും മുസ്വാഫഹത്ത് ചെയ്താൽ അദ്ദേഹം കൈ ഊരുന്നതു വരെ പുണ്യ നബി കൈ വലിച്ചിരുന്നില്ല.


ഉറുമ്പും കൂട്ടത്തെ കരിച്ചു കൊന്നപ്പോൾ ദേഷ്യപ്പെട്ടതും ഉടമസ്തനിൽ നിന്ന് ഒട്ടകത്തിന് നീതി വാങ്ങി ക്കൊടുത്തതും തള്ളപ്പക്ഷിയിൽ നിന്നും കുട്ടികളെ പിടിച്ചു കൊണ്ടു പോയപ്പോൾ അരുതെന്നു പറഞ്ഞതും മാൻ പേടയെ കെണിയിൽ വീഴ്ത്തി പിടിച്ചപ്പോൾ അതിന്റെ പരാതി കേട്ട് കുട്ടികൾക്ക് പാൽ കൊടുത്തു വരാം എന്ന് പറഞ്ഞപ്പോൾ ജാമ്യം നിന്നതും വേടൻ മാരിൽ നിന്നും അതിനെ മോചിപ്പിച്ചതും പക്ഷി മൃഗാദികളോടുള്ള എന്റെ ഹബീബിന്റെ സ്നേഹത്തിന്റെ കഥകളിൽ ചിലത് മാത്രം.


അയൽ വാസി പട്ടിണി കിടന്നാൽ വയർ നിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ലെന്നും അയൽവാസിയെ ദ്രോഹിക്കരുതെന്നും നിന്റെ ഇടതും വലതും മുന്നും പിന്നുമുള്ള 160 അയൽവാസികളുടെ സ്ഥിതിഗതികൾ നീ അറിയണമെന്നും സ്വത്തവകാശം പോലും അവർക്ക് കൊടുക്കാൻ മാത്രം ബാധ്യതകൾ അയൽവാസികൾക്കുണ്ടാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു എന്നും എന്റെ നബി ഉണർ ത്തുമ്പോൾ ആ സ്നേഹ സാഗരത്തിന്റെ ആഴത്തിന്റെ അളവുകോൽ എത്ര ശ്രമകരം.


ത്വാഇഫിൽ നിന്നു സഹായം കിട്ടുമെന്ന പ്രതീക്ഷയിൽ നേതാക്കളുമായി സംസാരിച്ചപ്പോൾ , ഭ്രാന്തൻമാരെയും കുട്ടികളെയും കൊണ്ട് കൂക്കി വിളിപ്പിച്ചു എന്റെ ഹബീബിനെ കല്ലെറിഞ്ഞോടിക്കുകയും കാലിൽ നിന്ന് രക്തം വാർന്ന് ക്ഷീണിച്ചവശരായി തളർന്നിരുന്നപ്പോൾ പർവ്വതങ്ങൾ അവരുടെ മേൽ ഇട്ടു ആ നാട്ടുകാരെ നശിപ്പിക്കട്ടേയെന്ന് സമ്മതം ചോദിച്ച മലക്കുകളോട് അരുത് എന്ന് പറഞ്ഞ എന്റെ മുത്ത്.


വഴികൾ തടസ്സപ്പെടുത്തെരുതെന്നും മുള്ളുകൾ നീക്കം ചെയ്യണമെന്നും അത് ഈ മാനിന്റെ ഭാഗമായി എണ്ണുകയും ചെയ്ത പ്രവാചകൻ .

വലിയവരെ ബഹുമാനിക്കുക, ചെറിയവരോട് കരുണ കാണിക്കുക, കുടുംബ ബന്ധം പുലർത്തുക, ഭക്ഷണം കൊടുക്കുക, ജനങ്ങൾക്ക് നന്മ ചെയ്യുക , അനാഥയെ സംരക്ഷിക്കുക, അശരണരെ സഹായിക്കുക തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവരോടും സ്നേഹം പുലർത്തിയിരുന്നു എന്റെ പുണ്യ നബി.


കുട്ടികൾക്ക് ആനയായും പശുവായും നിന്നു കൊടുത്ത് കുട്ടികളെ ആനന്ദിപ്പിക്കുന്ന കളികൾ പോലും എന്റെ മുത്തിന്റെ ഡയറിയിൽ നിന്നന്യമല്ല എന്നത് എനിക്ക് വലിയ പാഠം നൽകുന്നു.


പുണ്യ നബി എന്നും നടന്നു പോകുന്ന വഴിയിൽ മുള്ളുകൾ, ചപ്പു ചവറുകൾ വിതറുകയും മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയും ചെയ്തിരുന്ന ജൂതപ്പെണ്ണിനസുഖമായപ്പോൾ

അവളെ സന്ദർശിച്ചു സുഖ വിവരങ്ങളന്വേഷിച്ചു പ്രാർത്ഥിച്ചു കൊടുത്തു മാതൃക കാട്ടിയ ഈ സ്നേഹ നിധിയെ കുറിച്ചിനിയെന്തെഴുതണം.


മാതാവിന്റെ കാലിനടിയിലാണ് സ്വർഗ്ഗമെന്നും പെൺ കുട്ടികളെ പോറ്റി വളർത്തി വിവാഹം ചെയ്താൽ സ്വർഗ്ഗം ലഭിക്കാൻ എളുപ്പമാണെന്നും സ്ത്രീകളെ അടിക്കരുതെന്നും അവരോട് പരുഷമായി പെരുമാറരുതെന്നും സ്ത്രീക്ക് സ്വത്തിൽ അവകാശമുണ്ടെന്നും പെൺകുട്ടികളെ കുഴിച്ചു മൂടിയ ജനതയെ അതിൽ നിന്നു പിന്തിരിപ്പിച്ച് അതിന്റെ ഭവിഷ്യത്തുകൾ മനസ്സിലാക്കി കൊടുത്തും സ്ത്രീകളുടെ സ്വാതന്ത്യത്തിനും ഉന്നതിക്കും എന്തു മാത്രം സ്വാധീനം ചെലുത്തി എന്റെ മുത്തു നബി.


പിതാവിനെ ബുദ്ധിമുട്ടിച്ചാൽ സ്വർഗ്ഗവാതിലുകളിലൂടെ പ്രവേശിക്കാൻ എളുപ്പമാവില്ല എന്ന സൂചന നൽകി പിതാക്കൾ സ്വർഗ്ഗത്തിന്റെ വാതിലുകൾ എന്ന് വിശേഷിപ്പിച്ച നബി അവരോട് നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് ഉണർത്തിയത് എത്ര സ്ഥലങ്ങളിലാണ്.



എന്റെ ഈ മദീനത്തെ പള്ളിയിൽ ഇഅതികാഫിരുന്ന് ഒറ്റക്കിരുന്നിബാദത്തെടുക്കുന്നതിനേക്കാൾ ആവശ്യക്കാരന്റെ അവശ്യ നിർവ്വഹണത്തിന്റെ അവന്റെ കൂടെ പോകലാണ് നിനക്കുത്തമം എന്ന് എന്നെ ധരിപ്പിച്ചു ഈ പുണ്യമാൻ.


വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കുവാനും അതിനെ സംരക്ഷിക്കുവാനും വെറുതെ വെട്ടി മുറിക്കരുതെന്നും പറഞ്ഞ നബി അതു കൊണ്ട് ലഭിക്കുന്ന പ്രതിഫലങ്ങളും പറഞ്ഞപ്പോൾ പ്രകൃതിയെ സ്നേഹിക്കുന്ന മുത്തു നബിയുടെ സ്നേഹ പ്രപഞ്ചത്തിന്റെ വിസ്മയം എന്നെ അത്ഭുതപ്പെടുത്തി.


ഇങ്ങനെ ലോകർക്ക് അനുഗ്രഹമായ് വന്ന എന്റെ മുത്തു നബിയുടെ ജന്മദിനമാ ഘോഷിക്കപ്പെടുന്ന ഈ സമയങ്ങളിൽ എന്റെ മനോ മുകുരങ്ങളിൽ തെളിഞ്ഞു വന്ന ചില വരികൾ ഞാൻ ഇവിടെ കുറിച്ചു വെന്നു മാത്രം.

📍📍📍📍📍📍📍📍📍📍

ഈ രാവുകളിൽ എന്റെ ഹബീബിന്റെ പ്രണയ ഗീതങ്ങൾ പാടി ഉറക്കമൊഴിയണം, വരികളിലൂടെ, മദ്ഹിൻ ഈരടികളിലൂടെ എനിക്കെന്റെ മദീനയിലെ മലർവാടിയിലേക്ക് പറക്കണം.

🌹🌹🌹🌹🌹🌹🌹🌹🌹🌹


ജീവിതത്തിന്റെ പിരിമുറുക്കങ്ങൾക്കഭയമായ് മങ്കൂസിന്റെ വരികൾ കൊണ്ട് എന്റെ രാവുകൾ ധന്യമാക്കണം.

🌻🌻🌻🌻🌻🌻🌻🌻


മദീനയുടെ മണവാളൻ ഉണർന്നിരിക്കുമ്പോൾ ആശിഖീങ്ങളേ നിങ്ങളുടെ കൺ പോളകൾ എങ്ങനെ നിദ്രയിലേക്കു മയങ്ങും.

📍📍📍📍📍📍📍📍📍

പാടാം, നമുക്ക് മുത്തിന്റെ മലർമണികൾ ......


അണയാം നമുക്ക് മദീന പൂമുറ്റത്തേക്ക് ....


കിന്നാരം പറയാം മദീനയുടെ മാണിക്യക്കല്ലിനോട് ...


ഹൃദയം പകുത്തു കൊടുക്കാം

എന്റെ ഹബീബിന് ....



وضم الاله اسم النبي الى اسمه

اذقال في الخمس المؤذن أشهد

وشق له من اسمه ليجله

فذوالعرش محمود وهذا محمد


💐💐💐💐💐💐💐💐💐