ഈ തറാവീഹ് അവരുടെ തറാവീഹല്ല
✒️മഈനുദ്ദീൻ ബാഖവി മുണ്ടംപറമ്പ്
(OSA CO-ORDINATOR)
2.5.2021
*നമ്മൾ എന്തുകൊണ്ടാണ് തറാവീഹ് നിസ്ക്കാരം ഇശാ നിസ്ക്കരിക്കും പോലെ നിർവ്വഹിക്കാത്തത് ?*
അല്ലങ്കിൽ, നമ്മൾ എന്തു കൊണ്ടാണ് ഇശാ നിസ്ക്കാരം തറാവീഹ് നിസ്ക്കരിക്കും പോലെ നിർവ്വഹിക്കാത്തത് ?
മദീനയിലെ പല തറാവീഹുകൾ ഒരു ഇമാമിന് കീഴിൽ ഏകോപിപ്പിച്ചപ്പോൾ, മനോഹരമായ ഈ കാഴ്ച കണ്ട ഉമർ(റ) പറഞ്ഞത്ര
نعمت البدعة هذه
"ഇത്,എത്ര നല്ല പരിഷ്കാര"മെന്ന്
എന്നാൽ,
മഹാനായ ഉമർ(റ) ഇന്നത്തെ നമ്മുടെ തറാവീഹ് നിസ്ക്കാരം കാണുകയാണെങ്കിൽ
-,بئست البدعة هذه -
"വളരെ മോശപ്പെട്ട പരിഷ്ക്കാരം"എന്നാവും കമൻ്റ് ചെയ്യുക.
എല്ലാ നിലക്കും നമ്മുടെ തറാവീഹിൻ്റെ കഥ അങ്ങനെയാണല്ലോ.
സുന്നത്തുകളെല്ലാം പാലിച്ച് നിസ്ക്കരിക്കുന്നവരും പള്ളിയിലെ തറാവീഹിൽ കൂടുമ്പോൾ ഇമാമിന് പിന്നിൽ ഓട്ടം പിടിക്കേണ്ട ഗതികേടിലാണല്ലോ.
ഉമർ (റ)ൻ്റെ പരിഷ്ക്കാരം നിസ്ക്കാരത്തിന് പരിക്ക് പറ്റാത്ത രീതിയിലായിരുന്നു
കഷ്ടിച്ച് അത്താഴം കഴിക്കാൻ മാത്രം സമയമുള്ളപ്പോഴാണ് അവർ തറാവീഹ് കഴിഞ്ഞ് വിടണഞ്ഞിരുന്നത്.
നമ്മളോ ?
അവർ തുടങ്ങുന്ന നേരം നമ്മുടെ ഫിനീഷിംങ്ങ് ടൈം ആയിരിക്കും
⭕️⭕️⭕️
തറാവീഹ് എന്ന വാക്കിനർത്ഥം വിശ്രമങ്ങൾ എന്നാണ്.
ഏതാണ്ട് സ്വുബ്ഹ് വരെ നീളുന്ന ഖിയാമും ഖിറാഅത്തുമുള്ള നിസ്ക്കാരത്തിൽ ക്ഷീണം തീർക്കാൻ ഓരോ നാലു റകഅത്ത് കഴിയുമ്പോഴും അവർ അൽപ്പം വിശ്രമിച്ചിരുന്നത്ര.
ഇതാണ് വിശ്രമങ്ങളുള്ള നിസ്ക്കാരം എന്ന് പേര് വരാൻ കാരണം.
നമ്മുടേത് ശരിക്കും
വിശ്രമരഹിത നിസ്ക്കാരമാണ് .റസ്റ്റ്ലസ് പ്രേ.
ചില സാധാരണക്കാരുടെ ഭാഷയിൽ "നമ്മളെ ഇമാമിൻ്റെ കൂടെ ബൈക്ക് എടുത്ത് വിട്ടാലും എത്തില്ല " എന്ന സ്ഥിതിയിലാണ് പള്ളികളിൽ നടക്കുന്ന മിക്ക
തറാവീഹുകളും.
തറാവീഹ് വേഗം തീരുന്ന പള്ളി നോക്കി പോവുന്ന മടിയൻമാരുടേയും
മഅമൂമുകളുടെ എണ്ണം കൂട്ടാൻ തറാവീഹ് 'അടിച്ചു വിടുന്ന' അവസരവാദി ഇമാമുമാരുടേതുമാണ് നമ്മളറിയുന്ന തറാവീഹ്.
⭕️⭕️⭕️
വിശ്വാസികളെ....
നമ്മൾ എന്തിന് ഇങ്ങനെയൊക്കെ കരാർ പണി പോലെ കഷ്ടപ്പെട്ട് നിസ്ക്കരിക്കണം !
ആർക്ക് വേണ്ടിയാണിത് ?
ഇതിൽ ശൈത്വാനിയ്യത്ത് കടന്നു കയറിയിട്ടുണ്ടന്നതിൽ ഒട്ടും സംശയം വേണ്ട.
തറാവീഹ് മുഴുവനും കിട്ടിയെന്ന് പെരുന്നാളിന് മേനിപറയാനല്ലാതെ ഇത് എന്തിന് പറ്റും!
⭕️⭕️⭕️
ഈ തിരുത്തിനെ കുറിപ്പുകാരൻ്റെ സ്വയം എഴുന്നള്ളിപ്പായി ആരും ചൊറിയാൻ വരേണ്ട.
ന്യായീകരണങ്ങൾ അസ്ഥാനത്താണ്.
🛑🛑🛑
ഇമാം സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് (റ) പറയുന്നു:
"വാചികവും കർമ്മപരവുമായ നിസ്ക്കാരത്തിൻ്റെ ധാരാളം നിർബന്ധ ഘടകങ്ങളെ നഷടപ്പെടുത്തിക്കൊണ്ടുള്ള ചില വിവര ദോഷികളുടെ തറാവീഹിലെ ലളിതവൽക്കരണം എത്രമാത്രം കഷ്ടമാണ് !
പടച്ചവൻ്റെ അടുക്കൽ ഇവർ നിസ്ക്കരിച്ചവരല്ല,
അതിനാൽ അതിൻ്റെ കൂലി അവർക്കില്ല,
എന്നാലോ അവരുടെ ഭാഷയിൽ അവർ നിസ്ക്കരിക്കാത്തവരാണോ ,അതുമല്ല,
നിസ്ക്കരിക്കരിച്ചിരുന്നില്ലെങ്കിൽ വീഴ്ച സമ്മതിച്ച് നിസ്ക്കരിച്ചുവെന്ന് അവർ പൊങ്ങച്ചപ്പെടാതിരിക്കുകയെങ്കിലും ചെയ്തേനേ...
കഷ്ടം! പരിതാപകരം !"
(തർഷീഹ് - സയ്യിദ് അഹ്മദ് സഖാഫ്,പേജ് 100)
⭕️⭕️⭕️
ഇമാം നവവി (റ)പ്രസിദ്ധമായ അദ്കാറിൽ എഴുതുന്നു.
وصفة نفس الصلاة كصفة باقي الصلوات على ما تقدم بيانه، ويجئ فيها جميع الأذكار المتقدمة كدعاء الافتتاح، وإستكمال الأذكار الباقية، واستيفاء التشهد، والدعاء بعده، وغير ذلك مما تقدم،
وهذا وإن كان ظاهرا معروفا، فإنما نبهت عليه لتساهل أكثر الناس فيه، وحذفهم أكثر الأذكار، والصواب ما سبق.
( എല്ലാ നിസ്ക്കാരങ്ങളെയും പോലെ തന്നെയാണ് തറാവീഹും നിർവ്വഹിക്കേണ്ടത്.
എല്ലാ ദിക്റുകളും ദുആ ഉകളും തറാവീഹിലും വേണം.
ദുആഉൽ ഇഫ്തിതാഹ്, ബാക്കിയുള്ള ദിക്റുകൾ പൂർത്തിയാക്കി ചെയ്യൽ, തശഹുദ് -അത്തഹിയ്യാത്ത് -മുഴുവൻ ഓതൽ , ശേഷമുള്ള ദുആ.. എല്ലാം കൊണ്ടുവരണം.
ഇതൊക്കെ അറിയുന്നതും വ്യക്തവുമാണെങ്കിലും ഞാനിത് പ്രത്യേകം ഉണർത്താൻ കാരണം, അധിക പേരും ഇവ്വിഷയത്തിൽ കാണിക്കുന്ന അലസതയാണ്.
ഞാൻ ഈ പറഞ്ഞതാണ് ശരി)
(അദ്കാർ അന്നവവി:പേജ്: 166)
⭕️⭕️⭕️
പ്രിയപ്പെട്ട സാധാരണക്കാരേ..
വെട്ടിച്ചുരുക്കി പേരിലൊതുങ്ങുന്ന തറാവീഹാണോ നമുക്ക് വേണ്ടത് ?
വജ്ജഹ്തുവോ പകരം ദിക്റോ ഇല്ലാത്ത,
ഫാതിഹയും സൂറത്തും ഒറ്റ ശ്വാസത്തിൽ വിഴുങ്ങുന്ന,
റുകൂഉം സുജൂദും ഒരു ബോഡി ചലനം മാത്രമാവുന്ന,
ദിക്റുകളും അത്തഹിയ്യാത്തും മുഴുമിപ്പിക്കാത്ത,
അടക്കവും ഒതുക്കവും ഇല്ലാത്ത,
തുടക്കവും വഖ്ഫുമില്ലാത്ത,
വക്കും മൂലയും പൊട്ടിയ
നിസ്ക്കാരമാണോ
പരിശുദ്ധ റമളാനിൽ നമുക്ക് പടച്ചവന് കാഴ്ചവെക്കാനുള്ളത് !
സ്വലാത്തിലെ ഏറ്റവും ശ്രേഷ്ടമായ ഇബ്രാഹീമിച്ച സ്വലാത്ത് പോവട്ടെ, ഫർളായ സ്വലാത്ത് തന്നെ ചെല്ലുന്നുണ്ടോ എന്ന് തന്നെ ചില സൂപ്പർഫാസ്റ്റ് നിസ്ക്കാരം കണ്ടാൽ തോന്നാറുണ്ട്.
⭕️⭕️⭕️
നിസ്ക്കാരത്തിൻ്റെ അകത്തെ മർമ്മ പ്രധാനമായ സുന്നത്തുകൾ കൊണ്ടുവരാതെ പുറത്ത് കുറെ സ്വല്ലൂ അലന്നബിയ്യ് ... വിളിച്ച് ഒച്ച വെക്കുന്നതിലൊന്നും വലിയ കാര്യമല്ല.
ഓതുന്നത് എത്ര കുറഞ്ഞാലും ഉള്ളത് വൃത്തിയിലും സാവകാശത്തിലും ചെയ്യുക എന്നതാണ് പ്രധാനം.
⭕️⭕️⭕️
എങ്ങനെ ചുരുങ്ങിയ നിലയിൽ ശരാശരിയിൽ തറാവീഹ് നിസ്ക്കരിക്കാമെന്ന് അടുത്ത് ഫെയ്സ് ബുക്ക് പോസ്റ്റിൽ വിവരിക്കാം... ഇൻ ഷാ അല്ലാഹ്..
⭕️⭕️⭕️
കാട്ടിക്കൂട്ടലിൽ കൂടാതെ ഒറ്റക്ക് നിസ്ക്കരിക്കുന്നതിനെ കുറിച്ചോ ,രണ്ടാമതൊരു ജമാഅത്ത് നടത്തുന്നതിനെ കുറിച്ചോ ചിന്തിക്കാൻ സമയം വൈകിയിരിക്കുന്നു.
നബി (സ്വ) സുന്നത്ത് തിരികെ കൊണ്ടുവരാൻ അങ്ങനെയൊക്കെ ചെയ്യേണ്ടി വരും.
ഇമാം മഖ്സ്വൂദായ സുന്നത്തുകൾ ഉപേക്ഷിച്ചാൽ പോലും ജമാഅത്ത് ഒഴിവാക്കാൻ ശറഇൽ നിർദ്ദേശമുണ്ടല്ലോ.
ഇതിന് പള്ളി കമ്മിറ്റിയുടെ അനുമതിയൊന്നും ആവശ്വമില്ല.
ജനറൽ ബോഡിയും വിളിക്കേണ്ട.
കായിക ക്ഷമതയില്ലാത്ത നിസ്‌ക്കാരത്തിൻ്റെ പേരിൽ ഉസ്താദിനെ പിരിച്ചുവിടാതിരുന്നാൽ മതി.
വിഷമുള്ള കമ്മറ്റിയും ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉണ്ടാവാറുണ്ടല്ലോ
⭕️⭕️⭕️
പ്രിയപ്പെട്ട മടിയൻമരെ....
റമളാനും തറാവീഹും കഠിനാദ്ധ്വാനികളുടേതാണ്.
മടിയൻമാർ ഭക്തൻമാരെ (കുറച്ചു പേരെ കാണൂ ) ടാർജറ്റ് ചെയ്യുന്ന അവസ്ഥയുണ്ടാവരുത്.
സുന്നത്തുകൾ പാലിച്ചുകൊണ്ട് പള്ളിയിൽ തറാവീഹ് നിസ്ക്കാരം നടക്കട്ടെ..
നിങ്ങൾ, കുഴങ്ങുമ്പോൾ ഇടക്കു വെച്ച് നിറുത്തി പള്ളിച്ചെരുവിൽ പോയി വിശ്രമിച്ചോളൂ..
എടുത്തതിൻ്റെ കൂലി നിങ്ങൾക്കും പടച്ചോൻ തരും.
നിങ്ങൾക്കും തറാവീഹ് (വിശ്രമം) ആയല്ലോ
മറ്റുള്ളവർക്ക് അധികകൂലി കിട്ടുന്നത് തടയാതിരിക്കാനെ നിങ്ങൾ ശ്രദ്ധിക്കേണ്ടൂ..
⭕️⭕️⭕️
ചുരുക്കത്തിൽ ഇന്ന് കാണുന്ന പല തറാവീഹുകളും
നോമ്പു തുറക്കുമ്പോൾ കുത്തിനിറച്ച വയറ് ഒന്നു പാകപ്പെടുത്തിയെടുക്കാൻ വേണ്ടിയുള്ള നാമമാത്ര നിസ്ക്കാരമാണ്, ഒരു തരം
വ്യാഴാമം.
അതുകൊണ്ടാണ്, നാം തറാവീഹ് നിസ്ക്കാരം ഇശാ നിസ്ക്കരിക്കും പോലെയും,ഇശാ നിസ്ക്കാരം തറാവീഹ് നിസ്ക്കരിക്കും പോലെ നിസ്ക്കരിക്കാത്തതും.
എല്ലാ സുന്നത്തുകളും ഫർള് നിസ്ക്കരിക്കും പോലെ ചിലർ നിസ്ക്കരിക്കാത്തതും അതുകൊണ്ട് തന്നെ.
ശുഭം