സത്യം കണ്ടെത്താൻ നമ്മൾ രണ്ടു പേർ വേണം: ഒരാൾ അത് ഉച്ചരിക്കാനും, മറ്റൊരാൾ അത് മനസ്സിലാക്കാനും.
[ 1926 ൽ ഖലീൽ ഗിബ്രാൻ എഴുതിയ സാൻഡ് ആൻഡ് ഫോമ് എന്ന പുസ്തകത്തിൽ നിന്ന് ]
ഒരിക്കൽ ഞാൻ എന്റെ കൈക്കുമ്പിളിൽ കോടമഞ്ഞ് നിറച്ചു. എന്നിട്ട് ഞാൻ അത് തുറന്നുനോക്കി, അപ്പോൾ കണ്ടതോ! കോടമഞ്ഞ് ഒരു പുഴുവായി മാറിയിരിക്കുന്നു. പിന്നെയും ഞാൻ എന്റെ കൈക്കുമ്പിൾ അടച്ചു, വീണ്ടും തുറന്നു, അതാ... അവിടെ ഒരു പക്ഷി ഇരിക്കുന്നു. വീണ്ടും ഞാൻ എന്റെ കൈക്കുമ്പിൾ അടക്കുകയും, തുറക്കുകയും ചെയ്തു. അപ്പോൾ, ആ കുഴിഞ്ഞ ഭാഗത്ത് വിഷാദമുഖിയായ ഒരു മനുഷ്യൻ മുകളിലേക്ക് നോക്കി നിൽക്കുന്നു. പിന്നെയും ഞാൻ കൈക്കുമ്പിൾ അടച്ചു, വീണ്ടും തുറന്നപ്പോൾ മൂടൽമഞ്ഞല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അതിമധുരമായ ഒരു പാട്ട് ഞാൻ കേട്ടു.
[ സാൻഡ് ആൻഡ് ഫോമ് ]
നിങ്ങൾ ഒരു മത്സ്യത്തെ ചോദിക്കുമ്പോൾ, സർപ്പത്തെ തരുന്ന ഒരാൾക്ക്, നൽകാൻ സർപ്പങ്ങളല്ലാതെ മറ്റൊന്നും ഉണ്ടാകില്ല. പിന്നെ അത് അവരുടെ ഭാഗത്ത് നിന്നുള്ള ഔദാര്യമായി മാറുന്നു.
[ സാൻഡ് ആൻഡ് ഫോമ് ]
ഏഴ് നൂറ്റാണ്ടുകൾക്കു മുമ്പ് ആഴമുള്ള താഴ്വരയിൽ നിന്ന് ഏഴ് വെളുത്ത പ്രാവുകൾ ഉയർന്നു, അവ പർവതത്തിന്റെ വെളുത്ത മഞ്ഞ് മൂടിയ കൊടുമുടിയിലേക്ക് പറന്നു. ഈ പലായനം വീക്ഷിച്ച ഏഴുപേരിൽ ഒരാൾ പറഞ്ഞു, "ഏഴാമത്തെ പ്രാവിന്റെ ചിറകിൽ ഒരു കറുത്ത പൊട്ട് കാണുന്നു" എന്ന്.
ഇന്ന്, ആ താഴ്വരയിലെ ആളുകൾ മഞ്ഞുമലയിലെ കൊടുമുടിയിലേക്ക് പറന്ന ഏഴ് കറുത്ത പ്രാവുകളെ കുറിച്ച് സംസാരിക്കുന്നു.
[ സാൻഡ് ആൻഡ് ഫോമ് ]
ജീവിതം, ഹൃദയത്തിൽ നിന്ന് പാടുന്ന ഒരു ഗായികയെ കണ്ടെത്താതെ വരുമ്പോൾ, തന്റെ മനസ്സിനെ തുറന്ന് കാട്ടുന്ന ഒരു തത്വചിന്തകനെ സൃഷ്ടിക്കുന്നു.
[ സാൻഡ് ആൻഡ് ഫോമ് ]