إِنَّ رَبَّكُمُ ٱللَّهُ ٱلَّذِی خَلَقَ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضَ فِی سِتَّةِ أَیَّامࣲ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ یُغۡشِی ٱلَّیۡلَ ٱلنَّهَارَ یَطۡلُبُهُۥ حَثِیثࣰا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَ ٰتِۭ بِأَمۡرِهِۦۤۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَـٰلَمِین
"തീർച്ചയായും നിങ്ങളുടെ രക്ഷിതാവായ അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസങ്ങളിലായി പടച്ചവനാകുന്നു. പിന്നീട് അവൻ അർശിന്മേൽ ആരോഹണം ചെയ്തു."
(സൂറത്തുൽ അഅ്റാഫ്: 54)
പ്രപഞ്ചസൃഷ്ടിപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. അർശും പേനയും ലൗഹുൽ മഹ്ഫൂളും നിലവിൽ വന്നുകഴിഞ്ഞു. ഇനി നാം ജീവിക്കുന്ന ഈ ഭൗതിക പ്രപഞ്ചത്തിന്റെ (Physical Universe) സൃഷ്ടിപ്പാണ് നടക്കുന്നത്.
സൃഷ്ടിപ്പിന്റെ ദൈർഘ്യം: ആറ് ദിവസങ്ങൾ
സൃഷ്ടാവായ അല്ലാഹുവിന് കേവലം "Kun" (ഉണ്ടാകൂ) എന്ന ഒറ്റ വാക്കിനാൽ നിമിഷനേരം കൊണ്ട് ഈ പ്രപഞ്ചത്തെ പടക്കാൻ കഴിയുമായിരുന്നു. എന്നാൽ അവൻ അത് ആറ് ദിവസങ്ങളിലായി ക്രമീകരിച്ചു. ഇവിടെയാണ് അല്ലാഹുവിന്റെ 'ഹിക്മത്ത്' (Wisdom) നാം കാണുന്നത്. ഇത് തന്റെ സൃഷ്ടികൾക്ക് Order പഠിപ്പിച്ചു കൊടുക്കാനാണെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു.
ഏതാണ് ആ ദിവസങ്ങൾ?
ഇമാം ഇബ്നു കസീർ (റ) ഉദ്ധരിക്കുന്ന സ്വഹീഹായ റിപ്പോർട്ടുകൾ പ്രകാരം, ഞായറാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ആറ് ദിവസങ്ങളിലായാണ് ആകാശഭൂമികൾ പടക്കപ്പെട്ടത്. ശനിയാഴ്ച സൃഷ്ടിപ്പൊന്നും നടന്നിട്ടില്ല. ( ബൈബിളിൽ പറയുന്ന പോലെ 6 ദിവസം കൊണ്ട് സൃഷ്ടിച്ച ദൈവം വിശ്രമിച്ച 7 ആം നാൾ അല്ല ഇത്, അല്ലാഹു കുറാനിൽ പറയുന്ന പോലെB“തീർച്ചയായും ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുള്ളതിനെയും നാം ആറു ദിവസങ്ങളിലായി പടച്ചു. നമുക്ക് യാതൊരു ക്ഷീണവും ബാധിച്ചിട്ടുമില്ല." (ഖുർആൻ 50:38)
ഇതിൽ വെള്ളിയാഴ്ചയ്ക്കാണ് ഏറ്റവും വലിയ പ്രത്യേകതയുള്ളത്. കാരണം, അതേ വെള്ളിയാഴ്ചയിലാണ് സൃഷ്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠരിൽ പെട്ട ആദം (അ) പടക്കപ്പെടുന്നത്.
സൃഷ്ടിപ്പിന്റെ ക്രമം
ഭൂമിയാണോ അതോ ആകാശമാണോ ആദ്യം പടക്കപ്പെട്ടത് എന്നതിൽ ഖുർആനിക സൂക്തങ്ങൾ മുൻനിർത്തി ഇബ്നു കസീർ (റ) വ്യക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.
1. ആദ്യം ഭൂമിയുടെ സൃഷ്ടിപ്പാണ് ആരംഭിച്ചത്.
2. അതിനുശേഷമാണ് ആകാശത്തെ ഏഴു തട്ടുകളായി ( Seven Heavens) അല്ലാഹു ക്രമീകരിച്ചത്.
3. പിന്നീട് ഭൂമിയിലെ പർവ്വതങ്ങളും വിഭവങ്ങളും ഉറപ്പിച്ചു.
ഈ ആറ് ദിവസങ്ങൾ നമ്മുടെ ഇന്നത്തെ 24 മണിക്കൂർ ദിവസങ്ങളാണോ അതോ സുദീർഘമായ കാലഘട്ടങ്ങളാണോ എന്നതിൽ ചർച്ചകളുണ്ട്. എങ്കിലും, പ്രമാണങ്ങളെ അതിന്റെ ബാഹ്യാർത്ഥത്തിൽ സ്വീകരിക്കുക എന്ന അഥരി രീതി പ്രകാരം, ഇവ അല്ലാഹു നിശ്ചയിച്ച ആറ് ദിവസങ്ങൾ തന്നെയാണ്. അല്ലാഹുവിന്റെ അടുക്കൽ ഒരു ദിവസം എന്നാൽ നമ്മൾ എണ്ണുന്ന ആയിരം വർഷങ്ങൾക്ക് തുല്യമാവാം.
ഈ ആറ് ദിവസങ്ങളിൽ നടന്ന ഓരോ പടപ്പുകളെക്കുറിച്ചും, പ്രത്യേകിച്ച് ഭൂമിയിലെ പർവ്വതങ്ങളും സസ്യജാലങ്ങളും വിന്യസിക്കപ്പെട്ടതിനെക്കുറിച്ചും നമുക്ക് അടുത്ത ഭാഗത്തിൽ വിശദമായി നോക്കാം.