وَقُلۡنَا یَـٰۤـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ وَكُلَا مِنۡهَا رَغَدًا حَیۡثُ شِئۡتُمَا وَلَا تَقۡرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِینَ﴿ ٣٥ ﴾
അല്ലാഹു തആല പറയുന്നു:
"നാം പറഞ്ഞു: ആദമേ, നീയും നിന്റെ ഇണയും സ്വർഗ്ഗത്തിൽ താമസിക്കുക. അവിടെ നിങ്ങൾക്കിഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുക. എന്നാൽ ഈ വൃക്ഷത്തെ നിങ്ങൾ സമീപിക്കരുത്. എങ്കിൽ നിങ്ങൾ അക്രമികളിൽ പെട്ടവരായിത്തീരും."* *(സൂറത്തുൽ ബഖറ: 35)
ഇബ്ലീസിന്റെ പുറത്താക്കലിന് ശേഷം, സ്വർഗ്ഗത്തിലെ ശാന്തമായ അന്തരീക്ഷത്തിൽ ആദം (عَلَيْهِ ٱلسَّلَامُ ) മിന് കൂട്ടായി അല്ലാഹു ഹവ്വാ (അ) വിനെ പടച്ചു. ആദം (അ) ഉറങ്ങിക്കിടക്കുമ്പോൾ അദ്ദേഹത്തിന്റെ ഇടതുവശത്തെ വാരിയെല്ലിൽ നിന്നാണ് ഹവ്വാ (അ) വിനെ പടച്ചതെന്ന് ഇബ്നു കസീർ (റ) വിവരിക്കുന്നു.
• സ്വർഗ്ഗത്തിലെ ജീവിതം
വിശപ്പോ ദാഹമോ ക്ഷീണമോ ഇല്ലാത്ത, സങ്കടങ്ങൾ തീണ്ടാത്ത ആ മഹാസൗഭാഗ്യത്തിൽ അവർ കഴിഞ്ഞുകൂടി. ഒരേയൊരു നിരോധനം മാത്രമേ അവർക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളൂ *ആ പ്രത്യേക വൃക്ഷം*. ഈ വിലക്ക് അല്ലാഹുവിന്റെ ഒരു പരീക്ഷണമായിരുന്നു. എല്ലാം അനുവദിച്ച നാഥൻ ഒന്നുമാത്രം തടഞ്ഞപ്പോൾ, അത് മനുഷ്യന്റെ അനുസരണ അളക്കാനുള്ള ഒരു ഒരു മാർഗമായി മാറി.
• ഇബ്ലീസിന്റെ പക
സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇബ്ലീസിന്റെ ഉള്ളിലെ പക കെട്ടടങ്ങിയിരുന്നില്ല. തന്റെ നാശത്തിന് കാരണക്കാരനായ ആദമിനെ എങ്ങനെയെങ്കിലും അവിടെ നിന്ന് പുറത്താക്കണമെന്നത് അവന്റെ വാശിയായിരുന്നു. അവൻ അവർക്ക് മുന്നിൽ ഒരു ഗുണകാംക്ഷിയെപ്പോലെ വരികയും, ആ മരത്തിൽ നിന്ന് ഭക്ഷിച്ചാൽ *നിങ്ങൾക്ക് നിത്യജീവൻ ലഭിക്കുമെന്നും നിങ്ങൾ മലക്കുകളായി മാറുമെന്നും* പറഞ്ഞ് അവരെ മോഹിപ്പിച്ചു.
• ഭൂമിയിലേക്കുള്ള പതനം
ആ പ്രലോഭനത്തിൽ അവർ വീണുപോവുകയും ആ വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തു. എന്നാൽ ഉടനടി തങ്ങളുടെ നഗ്നത വെളിവായതോടെ അവർ സ്വർഗ്ഗത്തിലെ ഇലകൾ കൊണ്ട് അത് മറയ്ക്കാൻ ശ്രമിച്ചു. അല്ലാഹുവിന്റെ കൽപ്പന ലംഘിച്ചതിനെത്തുടർന്ന് അല്ലാഹു അവരോട് പറഞ്ഞു: "നിങ്ങൾ എല്ലാവരും ഇവിടെ നിന്ന് ഇറങ്ങിപ്പോകുവിൻ. നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുക്കളായിരിക്കും." അങ്ങനെ ആദം (അ) മിനെയും ഹവ്വാ (അ) വിനെയും ഇബ്ലീസിനെയും അല്ലാഹു ഭൂമിയിലേക്ക് ഇറക്കി.
The Great Discussion
ഇമാം ഇബ്നു കസീർ (റ) തന്റെ ഗ്രന്ഥത്തിൽ ഒരു ചർച്ചയ്ക്ക് തുടക്കമിടുന്നുണ്ട്. ഈ സംഭവത്തെക്കുറിച്ച് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ സ്വാഭാവികമായും ചില ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം:
1. ആദം (അ) താമസിച്ചിരുന്ന ആ സ്വർഗ്ഗം ഏതാണ്? അത് ആകാശങ്ങൾക്ക് മുകളിലുള്ള, വിശ്വാസികൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട അതേ 'ജന്നത്തുൽ മഅ്വ' തന്നെയാണോ?
2. അതോ, ഭൂമിയിൽ തന്നെയുള്ള ഉയർന്ന ഒരു പ്രദേശത്ത് അല്ലാഹു അവർക്കായി ഒരുക്കിയ സവിശേഷമായ ഒരു പൂന്തോട്ടമായിരുന്നോ അത്?
3. ഇബ്ലീസിനെ അല്ലാഹു സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയതാണല്ലോ, പിന്നെ എങ്ങനെയാണ് അവന് വീണ്ടും അവിടെ പ്രവേശിച്ച് ആദം (عَلَيْهِ ٱلسَّلَامُ ) മിനെ വഴിതെറ്റിക്കാൻ കഴിഞ്ഞത്?
ഈ ചോദ്യങ്ങൾ ഇസ്ലാമിക Theology യിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നവയാണ്. വിവിധ പണ്ഡിതന്മാർ ഇതിന് നൽകിയ വിശദീകരണവും, ഇബ്നു കസീർ (റ) തന്റെ വിശകലനത്തിലൂടെ എവിടെയാണ് എത്തിച്ചേരുന്നത് എന്നും നമുക്ക് അടുത്ത ഭാഗത്തിൽ വിശദമായി പരിശോധിക്കാം.