എല്ലാ വർഷവും ഒക്ടോബർ 15 ന് മുൻ പ്രസിഡന്റ് എ പി ജെ അബ്ദുൾ കലാമിന്റെ ജന്മദിനത്തിൽ ലോക വിദ്യാർത്ഥി ദിനം ആഘോഷിക്കുന്നു. ഡോ. കലാം ഒരു സമർപ്പിത അദ്ധ്യാപകനായിരുന്നു, മറ്റെന്തിനെക്കാളും മുൻപായി ആ വേഷത്തിൽ സ്വയം തിരിച്ചറിഞ്ഞതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്. 2010 ൽ ഐക്യരാഷ്ട്രസഭ ഒക്ടോബർ 15 “ലോക വിദ്യാർത്ഥി ദിനം” പ്രഖ്യാപിച്ചു.
ഡോ. എ.പി.ജെ. അബ്ദുൽ കലാം' ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) 'അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുൽ കലാം' (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം , ബഹിരാകാശഗവേഷണകേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.