-പ്രശ്രയം  - ആത്മാരാമന്‍ 


ആത്മാരാമന്റെ പ്രശ്രയം എന്ന മലയാള കവിതാ പഠനങ്ങളുടെ ശേഖരം വിഷ്ണുനാരായണന്‍ നമ്പൂതിരി ബാലചന്ദ്രന്‍ ചുള്ളിക്കാടിനു് ആദ്യ പ്രതി നല്‍കി തിരുവനന്തപരത്തു് വഴുതക്കാട്ടു് ഓപ്പണ്‍ സേ്പസില്‍ ദക്ഷിണേന്ത്യാ പഠനകേന്ദ്രം സംഘടിപ്പിച്ച ചടങ്ങില്‍ (08.02.2016) പ്രസിദ്ധീകരിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ സുഗതകുമാരി, ജിജി തോംസണ്‍, ജി ശങ്കര്‍, ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി, ആര്യാംബിക തുടങ്ങിയവര്‍ പങ്കെടുത്തു.

'കഴിഞ്ഞ കുറെ കൊല്ലങ്ങളായി നമ്മുടെ സാഹിത്യ സംസ്കാരിക രംഗങ്ങളില്‍ തെളിഞ്ഞ ഏറ്റവും ദീപ്തമായ മിഴിയത്രേ ആത്മാരാമന്‍ എന്ന കൃഷ്ണകുമാറിന്റേതു്. എന്നാലും എഴുത്തു കുറവു്. പ്രസംഗം നേരെ പകര്‍ത്തി പ്രബന്ധമാക്കാവുന്ന സൂക്ഷ്മതയോടെയാവും. അതും പക്ഷേ പ്രബന്ധരൂപം പ്രാപിക്കാറില്ല. സംഗതിവശാല്‍ പ്രാപിച്ചുപോയവയില്‍ നിന്നു് ഏതാനും ചിലതു തിരഞ്ഞെടുത്തു് ഒരു പുസ്തകം ഇറക്കുക എന്ന ആശയം ഇതാ ഇവിടെ, എങ്ങനെയോ ആത്മാരാമനില്‍ പ്രവര്‍ത്തിച്ചു.നമ്മുടെ സാഹിത്യത്തില്‍, ഈയിടെ ഏറെയേറെ പ്രബലമാവുന്ന കെട്ടിക്കാഴ്ചകള്‍ക്കും കൂത്താട്ടകൂക്കും എതിരെ ഉയരുമ്പോള്‍ ആത്മാരാമന്റെ സ്വരം നിശിതമോ ഉദ്ധതം തന്നെയോ ആവാന്‍ സങ്കോചിക്കാറില്ല.

എന്നാല്‍ ആ സ്വരത്തില്‍ നിന്നു് അപ്പോഴും നിസ്രുതമാവുന്നതു്, യഥാര്‍ത്ഥം എന്നു താന്‍ വിശ്വസിക്കുന്ന മൂല്യങ്ങളോടും മികവുകളോടും പുലര്‍ത്തുന്ന പ്രശ്രയമത്രേ.പ്രശ്രയത്തിനു്, പക്ഷേ, മറ്റൊരാപത്തു പിണയാം: സമീപനവും അപഗ്രഥനവും പ്രതീതിബദ്ധമാവുക എന്നതുതന്നെ. ഇതു ഞാന്‍ സ്വയം അനുഭവത്തെ സാക്ഷ്യമാക്കി സ്വരൂപിക്കുന്ന നിഗമനമാണു് എന്നു വെച്ചോളൂ. അപ്പോള്‍ ഉരുത്തിരിയുക വിമര്‍ശനമല്ല; പിന്നെയോ, അങ്ങേയറ്റം വിടവനുവദിച്ചുകൊണ്ടു പറയുമ്പോള്‍ പോലും, വെറും ആസ്വാദനമാവാം. ആസ്വാദനത്തിന്റെ അംശം ഈ പുസ്തകത്തിലെ പ്രബന്ധങ്ങളിലും അന്യൂനം തന്നെ. അപ്പോഴും അതു പ്രമാണനിഷ്ഠവും വിവേകസിദ്ധവും ആണു് എന്നതത്രേ വിശേഷം.

ഏതു വിലയിരുത്തലിനും ഇത്രയേറെ വിഭവങ്ങളുടെ പിന്‍ബലം നല്കുക എന്ന പാഠവിശകലനരീതി നമ്മുടെ സാഹിത്യത്തില്‍ ഇന്നു വിരളമാവുകയല്ലേ? അതിനെതിരെ, അനുവാചകന്റെ സംവേദനത്തിനു് ശിക്ഷണവും സ്വച്ഛതയും വാഗ്ദാനം ചെയ്യുന്നു എന്നതുതന്നെ ഈ പ്രബന്ധങ്ങളുടെ വൈഭവം. അതു വഴി, കവിതയുടെ സന്നിധിയില്‍ നീതിയും വിധേയതയും വികസിപ്പിക്കുന്ന സാഹിത്യസംസ്കാരത്തെ ഈ പുസ്തകം സ്വാഭാവികമായി പോഷിപ്പിക്കുന്നു'.
                                                    - കെ.പി. ശങ്കരന്‍