യോഗ സാധകര്‍ക്കായി ഹംസവിദ്യാഗുരുകുലം പ്രസിദ്ധീകരിക്കുന്ന ഹംസസന്ദേശം എന്ന മാസികയിലെ പ്രസക്തഭാഗങ്ങള്‍ യോഗസാധകര്ക്കായി ഇവിടെ പ്രസിദ്ധീകരിക്കുന്നു.
ഭാരതം ലോകത്തിനുനല്കിയ മഹത്തായ സംഭാവനയാണ് യോഗശാസ്ത്രം. അനശ്വരതയും ആരോഗ്യവും ശാന്തിയും കൈവരിക്കുവാനുള്ള മാര്‍ഗ്ഗമായാണ് പതഞ്ജലി മഹര്‍ഷി ഇത് ചിട്ടപ്പെടുത്തിയത്. "യോഗശ്ചിത്തവൃത്തി നിരോധ" എന്നാ സൂത്രവാക്യത്തിലൂടെ ശരീരത്തിനും മനസ്സിനും സൌമ്യവും ദീപ്തവുമായ ജീവിതക്രമം ആചാര്യന് വാഗ്ദാനം ചെയ്യുന്നു.
അഗസ്ത്യമഹര്‍ഷിയുടേയും, ദത്താത്രേയമഹര്ഷിയുടേയും ആദിനാധന്റെയും, കാലാങ്കിനാഥന്റെയും, ഭോഗര്ഷിയുടേയും, വ്യാഘ്രപാദമഹര്ഷിയുടേയും, ഖരമഹര്ഷിയുടേയും ഒക്കെ മുനികുല പരമ്പരയില്‍പ്പെടുന്നവരാണ് ഹംസവിദ്യാര്ത്ഥികള്. കലിയുഗത്തിനുയോജ്യമായ ഒരു പാഠ്യപദ്ധതി രൂപീകരിച്ചതിനാല്‍ ദത്താത്രേയമഹര്ഷിപ്രത്യേക പരിഗണന അര്‍ഹിക്കുന്നു. കാശിയില്‍ ദാത്താത്രേയപീഠം സ്ഥാപിച്ച ഭൈരവാനന്ദസ്വാമികള് 19-20 നൂറ്റാണ്ടില്‍ ഹംസയോഗ പുനരുദ്ധാരകനായി രംഗപ്രവേശം ചെയ്തു. ഹംസസസാധനയുടെ നിഷ്കളാചാര്യനായിരുന്ന ശ്രീ. ശിവാനന്ദ പരമഹംസരും സ്വാമിയുടെ സമകാലീനനായിരുന്നു. വര്‍ത്തമാനകാല ഹംസയോഗ പരിശീലകര്‍ ഈ രണ്ട് മഹാത്മാക്കളുടേയും പാരമ്പര്യം ഉള്‍ക്കൊണ്ട് അതിപ്രാചീനവും, സകല ശാസ്ത്രങ്ങളുടേയും ഉന്നത സോപാനമലങ്കരിക്കുന്നതുമായ ഹംസവിദ്യ സമയാചാരികളായി അഭ്യസിക്കുന്നവരാണ്.
സമയമതാചാര്യനായ ശ്രീവിദ്യോപാസകനായിരുന്ന സ്വാമി ശ്രീയുത് ഭൈരവാനന്ദ യോഗീന്ദ്രനാഥ് കൃസ്തുവര്‍ഷം 1862 ഫെബ്രുവരിയില്‍ (കൊ. വ.1037 കുംഭമാസത്തിലെ ചോതി നക്ഷത്രം) ആലപ്പുഴയിലെ മുല്ലയ്ക്കല് തറവാട്ടില്‍ ജനിച്ചു. പൂര്‍വ്വാശ്രമ നാമം പത്മനാഭപിള്ള. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം തിരുവിതാംകൂര്‍ വനംവകുപ്പില്‍ റയിഞ്ചാര് ആയി ജോലികിട്ടി. തുടര്‍ന്നു തിരുവനന്തപുരത്തേക്ക് താമസം മാറ്റി. യോഗിനി പാര്‍വ്വതിയമ്മ എന്നാ പേരില്‍ പില്ക്കാലത്ത് അറിയപ്പെട്ടിരുന്ന സാധ്വിയെ വിവാഹം കഴിച്ച് വഞ്ചിയൂരില്‍ സ്ഥലം വാങ്ങി വീടുപണിത് കുടുംബജീവിതം ആരംഭിച്ചു. ഇവര്‍ക്ക് ഒരു മകനും രണ്ട് പെണ്മക്കളും പിറന്നു. പുത്രന് യുവാവായിരുന്നപ്പോള്‍ തന്നെ മരിച്ചുപോയി. പത്മനാഭപിള്ള കുടുംബസമേതം വഞ്ചിയൂരില്‍നിന്നും കഴക്കൂട്ടത്തിനടുത്തുള്ള കുമളിക്കരയിലേക്ക് താമസം മാറ്റി. ഇവിടെയായിരുന്നു ഋഷ്യശൃംഗമഹര്ഷിയുടെ പൂര്‍വ്വാശ്രമം നിന്നിരുന്നത്.
നിരവധി യോഗികള്‍ക്ക് ജന്മംനല്കിയ ഒരു കുടുംബത്തിലായിരുന്നു സ്വാമി ജനിച്ചത്. സ്വാമിയുടെ ജേഷ്ടനും സംന്യാസി ആയിരുന്നു. പൂര്വ്വാശ്രമത്തില്വച്ചുതന്നെ ഭൈരവാനന്ദണ്ടാസ്വാമി ആഗമങ്ങളും, ഷഡ് ദര്‍ശനങ്ങളും, തന്ത്രശാസ്ത്രങ്ങളും, വേദവേദാന്തങ്ങളും സ്വായത്തമാക്കിയിരുന്നു. ഇരുപത്തിമൂന്ന് ഭാഷകള്‍ അറിയാമായിരുന്ന അദ്ദേഹം അവകാളിലോക്കെ രചിക്കപ്പെട്ടിരുന്ന അനേകം ദാര്‍ശനിക ഗ്രന്ഥങ്ങള്‍ പഠിച്ച ഒരു മഹാപണ്ഡിതനായിരുന്നു. എങ്കിലും യഥാര്‍ത്ഥ വിദ്യ തനിക്ക് ലഭിച്ചിട്ടില്ല എന്നൊരു ഉള്‍വിളി എല്ലായ്പ്പോഴും സ്വാമി അനുഭവിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ തമിഴ് നാട്ടിലെ മധുരക്കടുതുവച്ച് ഒരു ഭിക്ഷാടനസംഘത്തെ കണ്ടുമുട്ടുവാന്‍ ഇടവന്നു. അഗസ്ത്യമഹര്‍ഷിയുടെ പരമ്പരയില്‍പ്പെട്ട ഒരു മഹാഗുരുവും ശിഷ്യന്മാരുമടങ്ങുന്ന സംഘമായിരുന്നു അവര്‍. മഹായോഗീശ്വരനായിരുന്ന ഗുരുവിന് പത്മനാഭാപിള്ളയുടെ അന്തരാത്മാവിനെ മനസ്സിലാക്കുവാന്‍ പ്രയാസമുണ്ടായില്ല. അദ്ദേഹം പത്മനാഭപിള്ളക്ക് യഥാര്‍ത്ഥ യോഗദീക്ഷ കൊടുത്ത് നാട്ടിലേക്ക് പറഞ്ഞയച്ചു. അദ്ദേഹം ജോലി ചെയ്തുകൊണ്ടും, ഗൃഹസ്ഥനായുള്ള കടമകള്‍ നിറവേറ്റിക്കൊണ്ടും ഉന്നതമായ ഉപാസനാമാര്‍ഗ്ഗം പരിശീലിച്ചുകൊണ്ടിരുന്നു. ഇടക്കിടക്ക് ഗുരുവുമായി ബന്ധപ്പെട്ടുകൊണ്ടുമാണിരുന്നത് . ക്രമേണ അദ്ദേഹം യോഗവിദ്യയുടെ അതീവ രഹസ്യങ്ങളായ പടവുകള്‍ എല്ലാം കടന്ന് ഉന്നതനായ ഒരു യോഗീശ്വരനായിതീര്ന്നു. തുടര്‍ന്ന് പത്മനാഭപിള്ളയെ അവധൂതാധികാരം നല്കി ഹംസയോഗം പ്രചരിപ്പിക്കുന്നതിനായി ഗുരു നിയോഗിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും വിദ്യ അഭ്യസിക്കുവാനായി ആളുകള്‍ അദ്ദേഹത്തെ തേടിയെത്തി. പത്മനാഭപിള്ള ജോലി രാജിവച്ച് യോഗാശ്രമം സ്വീകരിച്ച് ഭൈരവാനന്ദഭിക്ഷു എന്നപേരില്‍ പ്രസിദ്ധനായി.
സ്വാമി അരൂഢസമാധി പൂര്‍ത്തിയാക്കിയത് ഒറ്റപ്പാലത്തുള്ള ഒരു ശിഷ്യന്റെ തറവാടായ കുമ്പിത്തൊടി വീടില് വച്ചാണ്. ഇന്‍ഡ്യയിലെല്ലായിടത്തും സഞ്ചരിച്ച് ഹംസവിദ്യ പ്രചരിപ്പിച്ച ഭൈരവാനന്ദഭിക്ഷു അഞ്ഞൂറിലധികം കേന്ദ്രങ്ങളില്‍ വച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് അജപാഗായത്രിയും, സമയാചാരപ്രകാരം ഷോഡശാക്ഷരിയാകുന്ന ശ്രീവിദ്യാമന്ത്രവും ഉപദേശിച്ച് പരിശീലനം നല്കി. ഹംസയോഗത്തെ കലിയുഗാനുരൂപമായി നിലനിര്‍ത്തിയ ദത്താത്രേയമഹര്‍ഷിയെ മാനസഗുരുവായി ഭൈരവാനന്ദസ്വാമി അംഗീകരിച്ചു. കാശിയില്‍ ദത്താത്രേയപീഠം സ്ഥാപിച്ച് മൂന്നുവര്‍ഷം അതിന്റെ പരമാചാര്യനായി സേവനമനുഷ്ടിച്ചതിനുശേഷം പീഠത്തിന്റെ ഭരണം ശിഷ്യരെ ഏല്പിച്ച് കേരളത്തിലേക്ക് മടങ്ങി.
ക്രി. വ. 1922 (കൊ.വ. 1097) ല്‍ തമിഴ്നാട്ടിലെ മുന്നുകുഴിയില്വച്ച് മുനികുലപരമ്പരകളില് പെട്ട യോഗീശ്വരന്മാരുടെ സത്സംഗം നടന്നു. ആ മഹാസമ്മേളനത്തിന്റെ തീരുമാനപ്രകാരം ഭൈരവാനന്ദഭിക്ഷുവിനെ മുനികുലപരമ്പരകളുടെ കുലഗുരുവായി ശ്രീയുത് ഭൈരവാനന്ദ യോഗീന്ദ്രനാഥ് എന്നാ പേരുനല്കി അവരോധിച്ചു. സത്സംഗത്തില്‍ പങ്കെടുത്തിരുന്ന ഏറ്റവും മുതിര്‍ന്ന യോഗിവര്യന് അമര്‍നാഥില്‍ നിന്നും എത്തിച്ചേര്‍ന്ന ആ മഹാത്മാവ് ആത്മനാധഥ് ശിവയോഗി ആയിരുന്നു. അദ്ദേഹമാണ് ഭൈരവാനന്ദസ്വാമിയെ കുലഗുരുവായി അവരോധിച്ച് അഭിഷേകം ചെയ്തത്. സമ്മേളനത്തിന്റെ അവശ്യപ്രകാരം ഹംസയോഗചന്ദ്രിക എന്ന സംസ്കൃതഗ്രന്ഥം സ്വാമി രചിച്ചു. പിന്നീട് അദ്ദേഹംതന്നെ ഇത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചു. സ്വാമി ശ്രീയുത് ഭൈരവാനന്ദ യോഗീന്ദ്രനാഥ് ദാര്‍ശനികതയുടെ അഗാധതയില്‍ മുങ്ങിത്തപ്പി രചിച്ച മറ്റു ഗ്രന്ഥങ്ങള്‍ ഹംസയോഗചന്ദ്രിക ഭാഗം 2, ഹിന്ദുമതതത്വചന്ദ്രിക ഭാഗം 1,2, നിത്യബോധചന്ദ്രിക, ഗൂപികാവിദ്യ, അഗസ്ത്യമഹര്‍ഷിയുടെ ജീവചരിത്രം, അന്തര്മുഖപ്രാണായാമം, കല്പ്പവിധി, രസചന്ദ്രികാ രാജവൈദ്യം എന്നിവയാണ്.
87-ആമത്തെ വയസ്സില്‍ മഹാസമാധി പ്രാപിക്കുവാന്‍ തീരുമാനിച്ച സ്വാമി തന്റെ ഉപാസനാമൂര്‍ത്തിയായ ശ്രീവിദ്യയോട് അനുവാദം വാങ്ങിയശേഷം കുംഭമാസത്തിലെ പൂരാടം നക്ഷത്രം യോജിച്ച ദിവസമായി തിരഞ്ഞെടുത്തു. 1949 ഫെബ്രുവരിയില്‍ (കൊ.വ.1124 കുംഭം) കൃത്യസമയത്തുതന്നെ ശിഷ്യന്മാരുടേയും, ബന്ധുക്കളുടെയും, ഭക്തന്മാരുടേയും സാന്നിദ്ധ്യത്തില്‍ സമയാചാരത്തിലെ മഹാ ഋഷിയായ ആ ശ്രീവിദ്യോപാസകന്സമാധിപദം പ്രാപിച്ചു. കുമളിക്കരയിലെ ഉമാമഹേശ്വരീമഠം ഹംസവിദ്യാഗുരുകുലത്തില് വച്ചുതന്നെയാണ് അദ്ദേഹം സമാധിയായത്.
x x x