ജയ്‌പൂര്‍ സ്‌ഫോടനം: തകരുന്നത്‌ മിഥ്യകള്‍
ഹമീദ് ചേന്നമംഗലൂര്‍

മെയ് 31, 2008

രണ്ടു വ്യാഴവട്ടക്കാലമായി ഇന്ത്യയില്‍ ഇടയ്‌ക്കിടെയുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ ഏറ്റവും ഒടുവിലേത്തതാണ്‌ മെയ്‌ 13 ന്‌ രാജസ്ഥാന്‍റെ തലസ്ഥാനനഗരിയില്‍ നടന്ന സ്‌ഫോടന പരമ്പര. അറുപതിലധികം പേരുടെ ജീവനപഹരിക്കുകയും നുറുകണക്കിനാളുകളെ ജീവച്ഛവങ്ങളാക്കുകയും ചെയ്‌ത ഈ ഭീകരാക്രമണം അവസാനത്തേതാണെന്ന്‌ ആരും കരുതില്ല. ദേശീയവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ രാജ്യത്തിന്‍റെ വ്യത്യസ്‌ത കോണുകളില്‍ ഇനിയും ഇത്‌ പോലുള്ള ആക്രമണങ്ങള്‍ അരങ്ങേറുമെന്ന്‌ തന്നെ വേണം കരുതാന്‍. 1992 തൊട്ട്‌ തുടങ്ങിയ ഭീകരാക്രമണങ്ങള്‍ക്ക്‌ തടയിടാന്‍ ഇതുവരെ ഭരണകര്‍ത്താക്കള്‍ക്ക്‌ സാധിച്ചില്ലെങ്കില്‍, ഒറ്റരാത്രികൊണ്ട്‌ അവയ്‌ക്കറുതി വരുത്താന്‍ അവര്‍ക്ക്‌ സാധിക്കുമെന്നത്‌ വെറും വ്യാമോഹം മാത്രമാവും.

ഇസ്ലാമിനു പകരം ഇസ്ലാമിസം എന്ന മതമൗലിക രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമാണ്‌ ഭീകരവാദികളെ ഭരിക്കുന്നത്‌ എന്നാണിത്‌ തെളിയിക്കുന്നത്‌. അതുകൊണ്ടുതന്നെ ഭീകരതയ്‌ക്കെതിരില്‍ പ്രമേയങ്ങളോ പ്രസ്‌താവനകളോ ഇറക്കുകയല്ല, ഇസ്ലാമിസം എന്ന പ്രത്യയശാസ്‌ത്രത്തിന്‍റെ അന്തസ്സാരവിഹീനതയും മനുഷ്യത്വവിരുദ്ധതയും തുറന്നുകാട്ടുന്ന പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിരന്തരം മുഴുകുകയാണ്‌ സമാധാനകാംക്ഷികളായ മുസ്ലിം മതപണ്ഡിത വര്‍ഗ്ഗം ചെയ്യേണ്ടത്‌.

ഭീകരാക്രമണങ്ങള്‍ക്കു ഉടന്‍ പരിഹാരം കാണാന്‍ അധികാരം കൈയാളുന്നവര്‍ക്കു കഴിയുമോ എന്നതല്ല ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്‌. ഭീകരാക്രമണം സംബന്ധിച്ച്‌ പലരും വെച്ചുപുലര്‍ത്തുന്ന ധാരണകളുടെ ശരിതെറ്റുകളിലേയ്‌ക്ക്‌ ഒന്നെത്തിനോക്കാനുള്ള ശ്രമം മാത്രമാണീ കുറിപ്പ്‌. സൈനിക സ്വേച്ഛാധിപത്യത്തില്‍ നിന്ന്‌ ജനാധിപത്യപ്രക്രിയയിലേയ്‌ക്കുള്ള പാകിസ്‌താന്‍റെ പരിവര്‍ത്തനം ഉപവന്‍കരയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകുമെന്ന്‌ നിരീക്ഷിച്ചവര്‍ ധാരാളമുണ്ട്‌. സൈനികമേധാവിയായിരുന്ന പര്‍വേസ്‌ മുഷറഫിനെക്കാള്‍ കാര്യക്ഷമമായി തീവ്രവാദ - ഭീകരവാദശൃംഖലകളെ തളയ്‌ക്കാര്‍ ജനാധിപത്യത്തിന്‍റെ വക്താക്കളായ പുതിയ ഭരണസാരഥികള്‍ക്കു സാധിക്കുമെന്നും അതിനുള്ള ഇച്ഛാശക്തി അവര്‍ പ്രകടിപ്പിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ രണ്ടുമാസം മുമ്പ്‌ പാകിസ്‌താനില്‍ തിരഞ്ഞെടുപ്പു വഴി അധികാരത്തില്‍ പ്രവേശിച്ചവരുടെ ചെയ്‌തികള്‍ ഒട്ടും ആശാവഹമല്ല. തടവില്‍ കഴിഞ്ഞിരുന്ന പല ഭീകരവാദികളേയും സ്വതന്ത്രരാക്കുകയാണ്‌ പുതിയ ഭരണകൂടം പാകിസ്‌താനില്‍ ചെയ്‌തത്‌.

ഉദാഹരണങ്ങള്‍ ശ്രദ്ധിക്കാം. എന്തൊക്കെപ്പറഞ്ഞാലും, പര്‍വേസ്‌ മുഷറഫ്‌ ഭീകരപ്രവര്‍ത്തകര്‍ക്കു കടിഞ്ഞാണിടാനുള്ള നീക്കങ്ങള്‍ പലതും നടത്തിയിരുന്നു എന്നത്‌ അനിഷേധ്യമാണ്‌. എന്നാല്‍, പുതിയ ഭരണകൂടം ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ്‌ അസ്‌ഹറെ ഗൃഹതടങ്കലില്‍ നിന്ന്‌ മോചിതനാക്കി; നിരോധിത സംഘടനയായിരുന്ന `ലഷ്‌കറെ ത്വയ്യിബ' യോട്‌ മൃദുസമീപനം സ്വീകരിക്കാന്‍ തുടങ്ങി; താലിബാനുമായി സഹകരണാത്മക സമീപനത്തിന്‍റെ വാതില്‍ തുറന്നു; അല്‍ ഖ്വെയ്‌ദയുമായി ബന്ധമുള്ള മൗലാനാ സൂഫിമുഹമ്മദിനെ ജയിലില്‍ നിന്ന്‌ മോചിപ്പിച്ചു. ഹിസ്‌ബുല്‍ മുജാഹിദീന്‍ എന്ന മറ്റൊരു ഭീകരവാദഗ്രുപ്പിനുള്ള സാമ്പത്തികസഹായം പുനരാരംഭിച്ചു. എല്ലാറ്റിനുമുപരി, പാകിസ്‌താനില്‍ മുമ്പ്‌ നിലവിലിരുന്നതും പര്‍വേസിന്‍റെ കാലത്ത്‌ ക്ഷയിച്ചതുമായ സൈനിക-മത മൗലിക ബന്ധം ഇപ്പോള്‍ അവിടെ വീണ്ടും ശക്തിപ്രാപിക്കാന്‍ തുടങ്ങുകയും ചെയ്‌തിരിക്കുന്നു. അയല്‍ രാഷ്‌ട്രമായ പാകിസ്‌താനില്‍ ജനാധിപത്യം പുനഃസ്ഥാപിതമായാല്‍ അവിടെ പ്രവര്‍ത്തിക്കുകയും ഇന്ത്യയിലേക്ക്‌ ഭീകരവാദം കയറ്റുമതി നടത്തുകയും ചെയ്യുന്ന ജിഹാദി സംഘടനകള്‍ നിര്‍വീര്യമാകുമെന്ന മിഥ്യയാണ്‌ ഇതുവഴി തകര്‍ക്കപ്പെടുന്നത്‌.

പാകിസ്‌താനില്‍ നിന്നുള്ളവരായാലും ബംഗ്ലാദേശില്‍ നിന്നുള്ളവരായാലും ഇന്ത്യയ്‌ക്കകത്ത്‌ നിന്നു തന്നെയുള്ളവരായാലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭീകരവാദികള്‍ക്കു അഴിഞ്ഞാടാനാവില്ലെന്ന മറ്റൊരു മിഥ്യയും ഇവിടെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഈ അബദ്ധധാരണയുടെ വാഹകരും പ്രചാരകരും, സ്വഭാവികമായി, സംഘപരിവാറുകാര്‍ തന്നെയാണ്‌. കഴിഞ്ഞ നാലുവര്‍ഷമായി ബി ജെ പിയടക്കമുള്ള ഹൈന്ദവവലതുപക്ഷസംഘടനകള്‍ പറഞ്ഞുവന്നത്‌ കോണ്‍ഗ്രസ്സും അതുപോലുള്ള പാര്‍ട്ടികളും ഭരിക്കുന്നിടത്തേ ഭീകരവാദികളുടെ താന്തോന്നിത്തം നടക്കൂ എന്നായിരുന്നു. ജിഹാദി സംഘടനകളോട്‌ കോണ്‍ഗ്രസ്‌ സ്വീകരിക്കുന്ന മൃദുസമീപനമാണ്‌ അതിനു കാരണമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്‌തിരുന്നു.

ഗുജറാത്തില്‍ അക്ഷര്‍ധാം ക്ഷേത്രപരിസരത്ത്‌ നടന്ന ഭീകരാക്രമണത്തിനു ശേഷം ആ സംസ്ഥാനത്ത്‌ ഭീകരവിളയാട്ടം നടക്കാതെ പോയത്‌ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന്‍റെ കര്‍മകുശലതയുടെയും ഭീകരരെ നേരിടാനുള്ള ഇച്ഛാശക്തിയുടെയും തെളിവായി സംഘപരിവാര്‍ ചൂണ്ടിക്കാട്ടിയത്‌ മറക്കാറായിട്ടില്ല. ഭരിക്കുന്നത്‌ ബി ജെ പി യാണെങ്കില്‍ എത്ര ശക്തരായ തീവ്രവാദ - ഭീകരവാദശൃംഖലകളെയും നിസ്‌തേജരാക്കാന്‍ ആ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്‌ സാധിക്കുമെന്നായിരുന്നു പരിവാറിന്‍റെ അവകാശവാദം. ജയ്‌പൂരിലെ സ്‌ഫോടനങ്ങളിലൂടെ പ്രസ്‌തുത അവകാശവാദവും തകര്‍ന്നുതരിപ്പണമായിരിക്കുന്നു. ബി ജെ പി ഭരിക്കുന്ന രാജസ്ഥാനില്‍ പന്ത്രണ്ട്‌ മിനിറ്റിനകം ഏഴിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ ഭീകരവാദികള്‍ക്കു മുമ്പില്‍ ബി ജെ പി ഭരണകൂടം എത്ര അശക്തമാണെന്ന തിക്തവസ്‌തുതയാണ്‌ അനാവരണം ചെയ്‌തിരിക്കുന്നത്‌.

ഇവിടെ ഒരു സംശയം അപ്രസക്തമല്ല. വാസ്‌തവത്തില്‍ ജിഹാദിസ്റ്റുകള്‍ക്കെതിരാണോ ബി ജെ പി? കേരളത്തില്‍ ജിഹാദിസത്തിന്‍റെ പ്രമുഖ ഇരയായിരുന്നു ചേകന്നൂര്‍ മൗലവി. 1993 ല്‍ ഉന്മൂലനം ചെയ്യപ്പെട്ട ആ മതപണ്‌ഡിതന്‍റെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ബി ജെ പി ശ്രമിക്കുമെന്ന പ്രതീക്ഷ പലര്‍ക്കുമുണ്ടായിരുന്നു. പക്ഷേ 1998 ല്‍ കേന്ദ്രത്തില്‍ ഭരണകക്ഷിയായി മാറിയ ബി ജെ പി ചേകുന്നൂര്‍ വിത്ത ശക്തികളായ മതതീവ്രവാദ സ്വരൂപത്തിന്‍റെ ചുമലുകളില്‍ കൈവെച്ചുനടക്കുന്ന നാണംകെട്ട ദൃശ്യത്തിനാണ്‌ പിന്നീട്‌ മാലോകര്‍ സാക്ഷിയായത്‌. ജിഹാദിസ്റ്റുകളോടുള്ള ബി ജെ പി യുടെ രോഷം വിരുദ്ധ ശക്തിക്കു മുന്നില്‍ പമ്പകടക്കുമെന്ന്‌ ആ സംഭവം തെളിയിച്ചു.

ഊര്‍ജസ്വലമായ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അഭാവമാണ്‌ ഭീകരര്‍ക്കു തുണയാകുന്നത്‌ എന്നതത്രേ മറ്റൊരു മിഥ്യ. ഇന്ത്യയുടേതിനേക്കാള്‍ ശതമടങ്ങ്‌ ഊര്‍ജസ്വലമായ രഹസ്യാന്വേഷണ ഏജന്‍സികള്‍ സക്രിയമായ അമേരിക്കയിലാണ്‌ സപ്‌തംബര്‍ 11 സംഭവിച്ചതെന്നോര്‍ക്കണം. മികച്ച രഹസ്യാന്വേഷകസംഘങ്ങളാല്‍ സമ്പന്നമായ ബ്രിട്ടനിലും റഷ്യയിലുമൊക്കെ പല തവണ ചാവേര്‍ ആക്രമണങ്ങളുണ്ടായ കാര്യവും മറന്നുകൂടാ. രഹസ്യാന്വേഷണ വിംഗിന്‍റെ കാര്യക്ഷമത, സംശയമില്ല, അതിപ്രധാനമാണ്‌. പക്ഷേ അത്‌ മാത്രം പോരാ ഭീകരശൃംഖലകളെ നേരിടാന്‍. അതിപ്രബലമായ സാമ്പത്തിക സ്രോതസ്സുകളാണ്‌ ഇന്ത്യയടക്കം ലോകത്തിന്‍റെ വ്യത്യസ്‌ത ഭാഗങ്ങളില്‍ ഭീകരവാദികളെ നിലനിര്‍ത്തുന്നത്‌. ഈ ധനപ്രവാഹത്തിന്‍റെ നിയന്ത്രണമല്ല, നിര്‍മൂലനം തന്നെ വേണം ഭീകരവാദികളുടെ വേരറുക്കാന്‍.

മതം തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരാണെന്ന ഉപരിപ്ലവ പ്രസ്‌താവനകള്‍ വഴി ഭീകരതയെ ചെറുക്കാനാകുമെന്ന ധാരണയും ചിലര്‍ പുലര്‍ത്തുന്നുണ്ട്‌. അതുകൊണ്ടും പ്രയോജനമൊന്നുമില്ലെന്നാണ്‌ ജയ്‌പൂര്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത `ഇന്ത്യന്‍ മുജാഹിദീ'ന്‍റെ ഇ- മെയില്‍ സന്ദേശം നല്‍കുന്ന സൂചന. കഴിഞ്ഞ ഫെബ്രുവരിയില്‍ ഭീകരവാദത്തെ അപലപിക്കുന്ന പ്രമേയം പാസ്സാക്കിയ യു പിയിലെ ദാറുല്‍ ഉലൂം മതപണ്‌ഡിതരെ പട്ടികള്‍, ഭീരുക്കള്‍, ഹിന്ദുമതത്തിന്‍റെ പാവകള്‍ എന്നൊക്കെയാണ്‌ ഇന്ത്യന്‍ മുജാഹിദീന്‍ അവരുടെ ഇ-മെയില്‍ കുറിപ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. തങ്ങളുടെ ചെയ്‌തികള്‍ക്കെല്ലാം ഇസ്ലാമിന്‍റെ പ്രമാണികഗ്രന്ഥങ്ങളുടെ പിന്‍ബലമുണ്ടെന്ന്‌ അവര്‍ ഉറപ്പിച്ചുപറയുകയും ചെയ്‌തിട്ടുണ്ട്‌. ഇസ്ലാമിനു പകരം ഇസ്ലാമിസം എന്ന മതമൗലിക രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമാണ്‌ ഭീകരവാദികളെ ഭരിക്കുന്നത്‌ എന്നാണിത്‌ തെളിയിക്കുന്നത്‌. അതുകൊണ്ടുതന്നെ ഭീകരതയ്‌ക്കെതിരില്‍ പ്രമേയങ്ങളോ പ്രസ്‌താവനകളോ ഇറക്കുകയല്ല, ഇസ്ലാമിസം എന്ന പ്രത്യയശാസ്‌ത്രത്തിന്‍റെ അന്തസ്സാരവിഹീനതയും മനുഷ്യത്വവിരുദ്ധതയും തുറന്നുകാട്ടുന്ന പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിരന്തരം മുഴുകുകയാണ്‌ സമാധാനകാംക്ഷികളായ മുസ്ലിം മതപണ്ഡിത വര്‍ഗ്ഗം ചെയ്യേണ്ടത്‌.