By നിഷാദ് പൊന്നാങ്കണ്ടി
ഓലമേഞ്ഞ ഒറ്റക്കെട്ടിടത്തിൽനിന്ന് ബഹുനിലക്കെട്ടിടവും രാജ്യാന്തരനിലവാരവുമുള്ള മികവിന്റെ കേന്ദ്രമാകുകയാണ് മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. ആധുനികീകരിച്ച ക്ലാസ് മുറികളാണ് ഒരുക്കുന്നത്.
ഒറ്റപ്പെട്ടുകിടക്കുന്ന കൂളിക്കുന്നിൽ 1957-ലാണ് ഗവ. സ്കൂൾ സ്ഥാപിച്ചത്. നാട്ടുകാരുടെ സഹായത്തോടെ കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ ഒറ്റക്കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന പി.ടി. ഭാസ്കരപ്പണിക്കരാണ്.
നാലായിരത്തിലേറെ വിദ്യാർഥികൾ
വിദ്യാലയത്തിൽ ഇന്ന് 87 ക്ലാസുകളിലായി നാലായിരത്തിലേറെ കുട്ടികൾ പഠിക്കുന്നു. മേപ്പയ്യൂരിൽനിന്നുമാത്രമല്ല സമീപത്തെ ഏഴുപഞ്ചായത്തുകളിൽനിന്നും കുട്ടികളെത്തുന്നു.
1989-ൽ ആരംഭിച്ച വി.എച്ച്.എസ്.സി. വിഭാഗത്തിൽ ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് പെരിഫെറൽസ്, ഗാർഡനർ, ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ, ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ എന്നിങ്ങനെ നാല് എൻ.എസ്.ക്യു.എഫ്. കോഴ്സുകളാണുള്ളത്.
1996-ൽ ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്സ്, സയൻസ് വിഭാഗങ്ങളിലായി അഞ്ച് ബാച്ചുകളുണ്ട്.
ജില്ലയിൽ സർക്കാർ സ്കൂളുകളിൽ ഏറ്റവുംകൂടുതൽ വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത് ഇവിടെയാണ്. കഴിഞ്ഞ തവണ 851 വിദ്യാർഥികൾ പരീക്ഷയെഴുതി. വിജയം 99.6 ശതമാനം. ഫുൾ എ പ്ലസുകൾ 100 എണ്ണം. കലാ-കായിക മത്സരങ്ങളിലും ശാസ്ത്രോത്സവത്തിലും ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടമാണിവിടത്തെ കുട്ടികൾ കരസ്ഥമാക്കുന്നത്.
പി.ടി.എ.യുടെയും നാട്ടുകാരുടെയും കലവറയില്ലാത്ത പിന്തുണയാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്. പുതിയ കെട്ടിടസമുച്ചയം സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താൻ വലിയ പിന്തുണയാണ് സർക്കാർ നൽകുന്നത്. പുതിയ കെട്ടിടങ്ങളുടെ നിർമാണം ഏതാണ്ട് പൂർത്തിയായി.
മുൻ എം.എൽ.എ. കെ. കുഞ്ഞമ്മതിന്റെ ആസ്തി വികസനഫണ്ടിൽനിന്ന് അനുവദിച്ച രണ്ടുകോടി രൂപയുപയോഗിച്ച് 15 ക്ലാസ് മുറികൾ സജ്ജമായി.
സംസ്ഥാനസർക്കാർ പ്ലാൻ ഫണ്ടിൽനിന്നുള്ള അഞ്ചുകോടിയുടെ രണ്ടുകെട്ടിടങ്ങൾ, കിഫ്ബിയിൽനിന്ന് അനുവദിച്ച അഞ്ചുകോടിയുടെ രണ്ടുകെട്ടിടങ്ങൾ എന്നിവയുടെ നിർമാണം പൂർത്തിയായി.
ജില്ലാപഞ്ചായത്ത് നൽകിയ 85 ലക്ഷം രൂപയുടെ കെട്ടിടനിർമാണം പുരോഗമിക്കുന്നു. അറ്റകുറ്റപ്പണികൾക്കായി ജില്ലാ പഞ്ചായത്ത് 65 ലക്ഷം രൂപ നൽകിയിരുന്നു. വി.എച്ച്.എസ്.ഇ. വിഭാഗത്തിന് കെട്ടിടംപണിയാൻ 2.07 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
സ്പോർട്സ് കോംപ്ലക്സ്
സംസ്ഥാനസർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്നത് 10 കോടിയുടെ സ്പോർട്സ് കോംപ്ലക്സാണ്.
ഒന്നാംഘട്ടമായി ലഭിച്ച ആറരക്കോടിയുടെ പ്രവൃത്തി ആരംഭിച്ചു. മൂന്നരക്കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. 100 മീറ്ററിന്റെയും 200 മീറ്ററിന്റെയും സിന്തറ്റിക് ട്രാക്ക്, ക്രിക്കറ്റ്, ഹോക്കി, ഫുട്ബോൾ മൾട്ടി പർപ്പസ് ഗ്രൗണ്ട്, വോളിബോൾ, ബാഡ്മിമിന്റൺ, ബാസ്കറ്റ് ബോൾ, സിന്തറ്റിക് കോർട്ട്, മൾട്ടി ജിം, ടേബിൾ ടെന്നീസ് ഹാൾ, ചെസ് ഹാൾ, ഗാലറി, പ്ലേ പാർക്ക്, സ്പോർട്സ് ഹോസ്റ്റൽ, സാൻഡ് കോർട്ട് എന്നിവ ഉൾപ്പെട്ടതാണിത്.
മികച്ച ലാബ് സൗകര്യം
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസർ ടെക്നോളജി, ഇലക്ട്രോണിക്സ്, ത്രീഡി പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിന് 1500 ചതുരശ്ര അടി തറവിസ്തീർണമുണ്ട് അടൽ ടിങ്കറിങ് ലാബിൽ. അടൽ ലാബ് ആരംഭിച്ച ജില്ലയിലെ ആദ്യ സ്കൂളും ഇതാണ്.
വൈദ്യുതിയിലും സ്വയംപര്യാപ്തത
സ്കൂളിനാവശ്യമായ മുഴുവൻ വൈദ്യുതിയും ഉത്പാദിപ്പിക്കാൻ കഴിയുന്ന സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്. 10 കിലോവാട്ടിന്റെ സൗരോർജപ്ലാന്റ് നിർമിച്ചത് ജില്ലാപഞ്ചായത്ത് നൽകിയ ഫണ്ട് ഉപയോഗിച്ചാണ്.
അനുബന്ധപ്രവർത്തനങ്ങളിലും മികവ്
എൻ.സി.സി., എസ്.പി.സി., ജെ.ആർ.സി., സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ്. തുടങ്ങിയ വിഭാഗങ്ങളും സജീവമായുണ്ടിവിടെ. 500 വിദ്യാർഥികൾക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാലയും പുതുതായി നിർമിച്ചിട്ടുണ്ട്.